Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതംചെയ്ത മൗറീഷ്യസ് പ്രധാനമന്ത്രി രാംഗൂലം, പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ [GCSK]’ മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിക്കു നൽകുമെന്നു പ്രഖ്യാപിച്ചു. അസാധാരണമായ ഈ ബഹുമതിക്കു പ്രധാനമന്ത്രി അദ്ദേഹത്തോടു നന്ദി പറഞ്ഞു.

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഊഷ്മളതയ്ക്കും സൗഹൃദത്തിനും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജസ്വലവും സവിശേഷവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾക്കും, പ്രധാനമന്ത്രി നന്ദി പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി രാംഗൂലത്തിനും അദ്ദേഹത്തിന്റെ ഭാര്യ വീണ രാംഗൂലത്തിനും ശ്രീ മോദി ഒസിഐ കാർഡുകൾ കൈമാറി. മൗറീഷ്യസ് ജനതയ്ക്ക് അവരുടെ ദേശീയ ദിനാശംസകൾ നേർന്ന ശ്രീ മോദി, ഇരുരാജ്യങ്ങളുടെയും പൊതുവായ ചരിത്രപ്രയാണം അനുസ്മരിച്ചു. മൗറീഷ്യസിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സർ സീവൂസാഗുർ രാംഗൂലം, സർ അനെരൂദ് ജുഗ്നൗത്ത്, മണിലാൽ ഡോക്ടർ തുടങ്ങിയവർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതു ബഹുമതിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള വളരെയടുത്ത ബന്ധത്തിന്റെ അടിത്തറയായ പൊതുവായ പൈതൃകവും കുടുംബബന്ധങ്ങളും എടുത്തുകാട്ടിയ പ്രധാനമന്ത്രി, മൗറീഷ്യസിലെ ഇന്ത്യൻ വംശജരായ സമൂഹം അവരുടെ സാംസ്കാരികവേരുകൾ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതിനെ അഭിനന്ദിച്ചു. ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, മൗറീഷ്യസിനായുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അതിലൂടെ മൗറീഷ്യസിലെ ഇന്ത്യൻ വംശജരായ ഏഴാം തലമുറയിലെ ജനങ്ങൾക്ക് ഒസിഐ കാർഡുകൾ ലഭ്യമാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗിർമിടിയ പൈതൃകം പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിന്റെ വളരെയടുത്ത വികസനപങ്കാളിയാകാൻ കഴിഞ്ഞത‌ിൽ ഇന്ത്യക്ക് അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാഗർ കാഴ്ചപ്പാടിലും ഗ്ലോബൽ സൗത്തുമായുള്ള ഇടപെടലിലും ഇന്ത്യ-മൗറീഷ്യസ് സവിശേഷബന്ധം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ പൊതുവായ വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചു സംസാരിച്ച അദ്ദേഹം, അന്താരാഷ്ട്ര സൗരസഖ്യത്തിലും ആഗോള ജൈവ ഇന്ധന സഖ്യത്തിലും മൗറീഷ്യസിന്റെ പങ്കാളിത്തത്തെ അഭിനന്ദിച്ചു. ഈ സാഹചര്യത്തിൽ, ചരിത്രപ്രസിദ്ധമായ സർ സീവൂസാഗുർ രാംഗൂലം ബൊട്ടാണിക് ഗാർഡനിൽ തൈ നട്ടുപിടിപ്പിച്ച ‘ഏക് പേഡ് മാ കേ നാം’ സംരംഭത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ദിരാഗാന്ധി സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ (IGCIC), മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് (MGI), അണ്ണാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരർ അണിനിരന്ന ആകർഷകമായ സാംസ്കാരിക പരിപാടിയും ഇതോടൊപ്പം നടന്നു. 

 

 

***

SK