Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവ്‌സാരിയിൽ ‘ലഖ്പതി ദീദി’കളുമായി സംവദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ നവ്‌സാരിയിൽ ‘ലഖ്പതി ദീദി’കളുമായി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വനിതാദിനത്തിൽ ഗുജറാത്തിലെ നവ്‌സാരിയിൽ ‘ലഖ്പതി ദീദി’കളുമായി ഹൃദയസ്പർശിയായ ആശയവിനിമയം നടത്തി. സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകൾ സമൂഹത്തിനു നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ലോകം ഇന്നു വനിതാദിനം ആഘോഷി‌ക്കുമ്പോൾ, നമ്മുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അതാരംഭിക്കുന്നതു ‘മാതൃദേവോ ഭവ’ എന്ന നിലയിൽ അമ്മയെ ആദരിക്കുന്നതിൽനിന്നാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മെ സംബന്ധിച്ചിടത്തോളം, വർഷത്തിലെ ഓരോ ദിവസവും ‘മാതൃദേവോ ഭവ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലഖ്പതി ദീദി’കളിൽ ഒരാൾ ശിവാനി മഹിളാമണ്ഡലിൽ ജോലി ചെയ്യുന്ന അനുഭവം പങ്കുവച്ചു. അവിടെ അവർ സൗരാഷ്ട്രയുടെ സാംസ്കാരിക കരകൗശല പ്രവർത്തനമായ മുത്തുകോർക്കലിൽ വ്യാപൃതരാണ്. ഈ ജോലിക്കായി അവിടെ നാനൂറിലധികം സഹോദരിമാരുണ്ടെന്ന് അവർ പറഞ്ഞു. മറ്റു സഹോദരിമാർ വിപണന-കണക്കെടുപ്പു പ്രവൃത്തികൾ ചെയ്യുന്നു. വിപണനസംഘം സംസ്ഥാനത്തിനു പുറത്തേക്കു പോകാറുണ്ടോ എന്നു പ്രധാനമന്ത്രി ആരാഞ്ഞു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പോകുന്നുവെന്ന് അവർ മറുപടി നൽകി. വിജയംവരിച്ച മറ്റൊരു ‘ലഖ്പതി ദീദി’യായ പാരുൾ ബഹനെക്കുറിച്ചും അവർ പറഞ്ഞു. പാരുൾ ബഹൻ 40,000ത്തിലധ‌ികം രൂപയാണു സമ്പാദിക്കുന്നത്. ഇതു ‘ലഖ്പതി ദീദി’കളു​ടെ നേട്ടങ്ങൾ വരച്ചുകാട്ടുന്നു. മൂന്നുകോടി ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കുക എന്ന സ്വപ്നമാണു തനിക്കുള്ളതെന്നു പറഞ്ഞ ശ്രീ മോദി, അഞ്ചുകോടിയിലെത്താൻ അവർക്കു കഴിയുമെന്നു വിശ്വസിക്കുന്നതായും വ്യക്തമാക്കി.

65 വനി‌തകൾക്കൊപ്പം, കൽക്കണ്ടത്തിൽനിന്നുള്ള സിറപ്പ് ഉൽപ്പാദനവുമായി മുന്നോട്ടുപോകുന്ന കാര്യം മറ്റൊരു ‘ലഖ്പതി‌ ദീദി’ പങ്കുവച്ചു. അതിലൂടെ 25 മുതൽ 30 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവു നേടാനാകുന്നുവെന്നും അവർ പറഞ്ഞു. നിസ്സഹായരായ സ്ത്രീകൾക്കു പിന്തുണയേകാനും അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസമേകാനും ഗവണ്മെന്റ് ഒരുക്കിത്തന്ന സംവിധാനം സഹായിച്ചുവെന്നും അവർ പറഞ്ഞു. അവരുടെ പ്രയത്നങ്ങളെക്കുറിച്ചു കൂടുതൽ പറഞ്ഞ ‘ലഖ്പതി ദീദി’, വിപണനപ്രവൃത്തികൾക്കായി വാഹനം സ്വന്തമാക്കാനും അവർക്കു കഴിഞ്ഞതായി വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിന്റെയോ പ്രധാനമന്ത്രിപദത്തിന്റെയോ ഭാരമേതുമില്ലാതെയാണു ‘ലഖ്പതി ദീദി’കളുടെ സ്റ്റാളുകൾ സന്ദർശിച്ചതെന്നു പറഞ്ഞ ശ്രീ മോദി, ഇതു തനിക്കു സാധാരണമാണെന്നും പറഞ്ഞു.

സ്വന്തം അനുഭവങ്ങൾ പങ്കുവച്ച മറ്റൊരു ‘ലഖ്പതി ദീദി’, കഠിനപ്രയത്നത്തിലൂടെ അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ‘കോടിപതി’യായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയവഴി കാട്ടിത്തന്നതിനു പ്രധാനമന്ത്രിയോട് അവർ നന്ദി പറഞ്ഞു. രണ്ടുലക്ഷം രൂപയോളം സമ്പാദിക്കുന്നുവെന്നു വ്യക്തമാക്കിയ ‘ഡ്രോൺ ദീദി’യും അനുഭവങ്ങൾ പങ്കുവച്ചു. സൈക്കിളോടിക്കാൻ അറിയാതിരുന്നിട്ടും ഡ്രോൺ പൈലറ്റായി മാറിയ ഒരു സ്ത്രീയുടെ അനുഭവം വിവരിച്ചാണു പ്രധാനമന്ത്രി ഇതിനോടു പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു പരിശീലനം നേടിയ ആ സ്ത്രീയെ ‘പൈലറ്റ്’ എന്നാണു ബന്ധുക്കളും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നതെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഡ്രോൺ ദീദി’യാകാനുള്ള അവസരമൊരുക്കി, തന്നെ ‘ലഖ്പതി ദീദി’യാക്കി മാറ്റിയതിനു പ്രധാനമന്ത്രിക്ക് അവർ നന്ദി പറഞ്ഞു. ‘ഡ്രോൺ ദീദി’കൾ ഇപ്പോൾ ഓരോ ഗ്രാമത്തിന്റെയും സവിശേഷതയാണെന്നു ശ്രീ മോദി പറഞ്ഞു.

ഏകദേശം നാലഞ്ചുലക്ഷം രൂപയുടെ പ്രതിമാസഇടപാടുകൾ നടത്തുന്ന ‘ബാങ്ക് സഖി’യുമായാണു പ‌ിന്നീടു ശ്രീ മോദി ആശയവിനിമയം നടത്തിയത്. താൻ ഇപ്പോൾ ‘ലഖ്പതി ദീദി’യായി മാറിയതുപോലെ മറ്റു സ്ത്രീകളെയും ‘ലഖ്പതി ദീദി’കളാക്കണമെന്നു മറ്റൊരു സ്ത്രീ ആഗ്രഹം പ്രകടിപ്പിച്ചു.

ഓൺലൈൻ വ്യവസായ മാതൃകകളിലേക്കു പ്രവേശിക്കണമെന്നു പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനു ഗവണ്മെന്റിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. താഴേത്തട്ടിൽ നിരവധി വനിതകൾ സമ്പാദ്യം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ സ്​ത്രീകൾ വീട്ടുജോലികളിൽ ഒതുങ്ങിക്കഴിയുന്നവരല്ലെന്നും സുപ്രധാന സാമ്പത്തികശക്തിയാണെന്നും ലോകം അറിയേണ്ടതുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ ഗ്രാമീണ വനിതകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയുമായി സ്ത്രീകൾ അതിവേഗം പൊരുത്തപ്പെടുന്നുണ്ടെന്നു ശ്രീ മോദി നിരീക്ഷിച്ചു. ഡ്രോൺ പ്രവർത്തിപ്പിക്കാൻ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ‘ഡ്രോൺ ദീദി’കൾ പഠിച്ചുവെന്നും അവർ ആത്മാർഥമായി പരിശീലനം നടത്തിയെന്നും മനസിലാക്കാനായതായി അദ്ദേഹം പറഞ്ഞു. പോരാടാനും സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും സ്വത്തു സമ്പാദിക്കാനുമുള്ള ഇന്ത്യയിലെ വനിതകളുടെ അന്തർലീനമായ ശക്തി അദ്ദേഹം ഉയർത്തിക്കാട്ടി. ഈ കരുത്തു രാജ്യത്തിനു വലിയ തോതിൽ പ്രയോജനപ്പെടുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

 

Do watch this very special interaction with Lakhpati Didis, who epitomise confidence and determination! #WomensDay pic.twitter.com/lUvyIxjpOu

— Narendra Modi (@narendramodi) March 8, 2025

 

***

SK