Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത് ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂറത് ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സൂറത്തിലെ ലിംബായത്തിൽ സൂറത് ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞത്തിനു തുടക്കംകുറിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി വിതരണം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സൂറത് നഗരത്തിന്റെ സവിശേഷ മനോഭാവം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നഗരത്തിന്റെ പ്രവർത്തനങ്ങളുടെയും ജീവകാരുണ്യത്തിന്റെയും കരുത്തുറ്റ അടിത്തറ എടുത്തുപറഞ്ഞു. കൂട്ടായ പിന്തുണയിലൂടെയും ഏവരുടെയും വളർച്ച ആഘോഷിക്കുന്നതിലൂടെയും നിർവചിക്കപ്പെടുന്നതിനാൽ നഗരത്തിന്റെ സത്ത വിസ്മരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

പരസ്പരപിന്തുണയുടെയും പുരോഗതിയുടെയും സംസ്കാരത്തിനു പേരുകേട്ടതാണു സൂറത്തെന്നു ശ്രീ മോദി പറഞ്ഞു. ജനങ്ങൾ ഏവരുടെയും പ്രയോജനത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നു. സൂറത്തിന്റെ ഓരോ കോണിലും ഈ മനോഭാവം ദൃശ്യമാണ്. ഈ മനോഭാവത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കരുത്തേകുകയും ചെയ്യൽ, നഗരത്തിലെ ഏവരുടെയും ഐക്യവും വളർച്ചയും പരിപോഷിപ്പിക്കൽ എന്നിവയാണ് ഇന്നത്തെ പരിപാടി ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഗുജറാത്തിലെയും ഇന്ത്യയിലെയും പ്രമുഖ നഗരമാണു സൂറത്. ഇപ്പോൾ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഭക്ഷണവും പോഷകാഹാരസുരക്ഷയും ഉറപ്പാക്കുന്നതിൽ ഈ നഗരം നേതൃത്വം വഹിക്കുന്നു. നഗരത്തിലെ ഭക്ഷ്യസുരക്ഷ പരിപൂർണതായജ്ഞം രാജ്യത്തുടനീളമുള്ള മറ്റു ജില്ലകൾക്കു പ്രചോദനമായി വർത്തിക്കും” – ശ്രീ മോദി കൂട്ടിച്ചേർത്തു.

ആരെയും ഒഴിവാക്കുന്നില്ലെന്നും ആരും വഞ്ചിക്കപ്പെടുന്നില്ലെന്നും വിവേചനം ഇല്ലെന്നും ഈ യജ്ഞം ഉറപ്പാക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. പ്രീണനത്തിനപ്പുറം ഏവരെയും തൃപ്തിപ്പെടുത്തുക എന്ന ഉദാത്തമായ മനോഭാവത്തിൽ ഇതു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ഗവണ്മെന്റ് ഗുണഭോക്താവിന്റെ പടിവാതിൽക്കൽ എത്തുമ്പോൾ, ആരും ഒഴിവാക്കപ്പെടില്ല. ഏവർക്കും പ്രയോജനമേകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ, വ്യവസ്ഥയെ ചൂഷണംചെയ്യാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തുന്നു” – ശ്രീ മോദി കൂട്ടിച്ചേർത്തു.

ഭക്ഷ്യസുരക്ഷ പരിപൂർണതാസമീപനത്തിനു കീഴിൽ, സൂറത് ഭരണസമിതി രണ്ടരലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരിൽ നിരവധി വയോധികർ, വിധവകളായ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരും ഉൾപ്പെടുന്നു. ഈ പുതിയ കുടുംബാംഗങ്ങൾക്ക് ഇപ്പോൾ സൗജന്യറേഷനും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിക്കും. ഈ സുപ്രധാന സംരംഭത്തിൽ ഉൾപ്പെട്ട എല്ലാ പുതിയ ഗുണഭോക്താക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഭക്ഷണത്തെക്കുറിച്ചു വേവലാതിപ്പെടുന്ന പാവപ്പെട്ടവരുടെ വേദന പുസ്തകങ്ങളിൽനിന്നു പഠിക്കേണ്ട ഒന്നല്ല; മറിച്ച്, തനിക്ക് അനുഭവിക്കാൻ കഴിയുന്ന ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “അതുകൊണ്ടാണു കഴിഞ്ഞ വർഷങ്ങളിൽ, ആവശ്യമുള്ളവർക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ഈ ആശങ്ക പരിഹരിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യഥാർഥ പങ്കാളിയും സേവകനുമായി ഗവണ്മെന്റ് പാവപ്പെട്ടവർക്കൊപ്പം നിലകൊണ്ടു” – ശ്രീ മോദി പറഞ്ഞു. കോവിഡ്-19 മഹാമാരിക്കാലത്ത്, രാജ്യത്തിന് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ളപ്പോൾ, പാവപ്പെട്ടവരുടെ അടുക്കളകൾ എന്നും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണു പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലുതും സവിശേഷവുമായ ഈ പദ്ധതി ഇപ്പോഴും തുടരുന്നു. കൂടുതൽ ഗുണഭോക്താക്കൾക്കു പ്രയോജനം ലഭിക്കുന്നതിനായി വരുമാനപരിധി വർധിപ്പിച്ച്, ഗുജറാത്ത് ഗവണ്മെന്റ് പദ്ധതി വിപുലീകരിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദരിദ്രരുടെ അടുക്കളകൾ പ്രകാശപൂരിതമാണെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിവർഷം ഏകദേശം 2.25 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.

ഇന്ത്യയുടെ വികസനത്തിലേക്കുള്ള യാത്രയിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടിയ പ്രധാനമന്ത്രി, പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനു രാജ്യത്തെ ഓരോ കുടുംബത്തിനും മതിയായ പോഷകാഹാരം നൽകുക എന്നതാണു ഗവണ്മെന്റിന്റെ ലക്ഷ്യമെന്നു പറഞ്ഞു. “പ്രധാനമന്ത്രി പോഷൺ പദ്ധതിപ്രകാരം ഏകദേശം 12 കോടി സ്കൂൾ കുട്ടികൾക്കു പോഷകാഹാരം നൽകുന്നു. ‘സക്ഷം’ അങ്കണവാടി പരിപാടി കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും ഗർഭിണികളുടെയും പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, പിഎം മാതൃവന്ദന പദ്ധതിപ്രകാരം ഗർഭിണികൾക്കു പോഷകാഹാരത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നു” – ശ്രീ മോദി പറഞ്ഞു.

പോഷകാഹാരം കേവലം ഭക്ഷണത്തിനപ്പുറമാണെന്നും ശുചിത്വം അനിവാര്യഘടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വം നിലനിർത്തുന്നതിനുള്ള സൂറത്തിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. “രാജ്യത്തെ ഓരോ നഗരവും ഗ്രാമവും മാലിന്യം ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണു ഗവണ്മെന്റ് നിരന്തരം ശ്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ രോഗങ്ങൾ കുറയ്ക്കാൻ ശുചിത്വഭാരതയജ്ഞം സഹായിച്ചിട്ടുണ്ടെന്ന് ആഗോള സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്” – ശ്രീ മോദി കൂട്ടിച്ചേർത്തു. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ സി ആർ പാട്ടിൽ നയിച്ച “ഹർ ഘർ ജൽ” യജ്ഞത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതു വിവിധ രോഗങ്ങൾ കുറയുന്നതിനു കാരണമായി.

ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം സുഗമമാക്കിയ ഗവണ്മെന്റിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ ഗണ്യമായ സ്വാധീനം ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇന്ന്, അർഹരായ ഗുണഭോക്താക്കൾക്ക് അവരുടെ റേഷൻ മുഴുവനും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തുവർഷംമുമ്പ് ആ സാധ്യത ഇല്ലായിരുന്നു. അഞ്ചുകോടിയിലധികം വ്യാജ റേഷൻ കാർഡ് ഉടമകളെ ഗവണ്മെന്റ് നീക്കം ചെയ്യുകയും റേഷൻ വിതരണസംവിധാനത്തെയാകെ ആധാർ കാർഡുമായി കൂട്ടിയിണക്കുകയും ചെയ്തു. സൂറത്തിലെ കുടിയേറ്റത്തൊഴിലാളികൾ നേരിടുന്ന പ്രശ്നവും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മുമ്പ്, മറ്റു സംസ്ഥാനങ്ങളിൽ അവരുടെ റേഷൻ കാർഡുകൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. “ഒരു വ്യക്തിയുടെ റേഷൻ കാർഡ് എവിടെ നിന്നുള്ളതാണെങ്കിലും, രാജ്യത്തുടനീളമുള്ള ഏതു നഗരത്തിലും അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ‘ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്’ പദ്ധതി അവതരിപ്പിച്ചത്. യഥാർഥ ഉദ്ദേശ്യത്തോടെ നയങ്ങൾക്കു രൂപംനൽകുമ്പോൾ അവ പാവപ്പെട്ടവർക്കു പ്രയോജനം ചെയ്യും. സൂറത്തിലെ നിരവധി തൊഴിലാളികൾ ഇപ്പോൾ ഈ പദ്ധതിയിൽനിന്നു പ്രയോജനം നേടുന്നത് ഇക്കാര്യം തെളിയിക്കുന്നു” – ശ്രീ മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദശകത്തിൽ ദരിദ്രരെ ദൗത്യ അടിസ്ഥാനത്തിൽ ശാക്തീകരിക്കാൻ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങൾ പ്രധാനമന്ത്രി വിശദമാക്കി. ദരിദ്രർക്ക് ഒരിക്കലും സഹായത്തിനായി യാചിക്കേണ്ടിവരില്ല എന്ന് ഉറപ്പാക്കാൻ അവർക്കുചുറ്റും സുരക്ഷാ വലയം സൃഷ്ടിച്ചിട്ടുള്ളതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. കോൺക്രീറ്റ് വീടുകൾ, ശൗചാലയങ്ങൾ, ഗ്യാസ് കണക്ഷനുകൾ, പൈപ്പ് വെള്ള കണക്ഷനുകൾ എന്നിവ ലഭ്യമാക്കുന്നത്  ദരിദ്രരിൽ പുതിയ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. ദരിദ്ര കുടുംബങ്ങൾക്കായി ആവിഷ്കരിച്ച ഇൻഷുറൻസ് പദ്ധതികളിലൂടെ ഏകദേശം 60 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കി. “ദരിദ്ര കുടുംബങ്ങൾക്ക് മുമ്പ് ലഭ്യമല്ലാതിരുന്ന അപകട ഇൻഷുറൻസ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇന്ന്, 36 കോടിയിലധികം ആളുകൾ ഗവണ്മെന്റിന്റെ ഇൻഷുറൻസ് പദ്ധതികളിൽ ചേർന്നിട്ടുണ്ട്. ദരിദ്ര കുടുംബങ്ങൾക്ക് 16,000 കോടി രൂപയിലധികം നഷ്ടപരിഹാരം നൽകി ദുരിത ഘട്ടങ്ങളിൽ അവരെ സഹായിച്ചു” ശ്രീ മോദി എടുത്തുപറഞ്ഞു.

മുൻകാലങ്ങളിൽ, ബാങ്കുകൾ ഈടില്ലാതെ വായ്പകൾ നൽകാൻ വിസമ്മതിച്ചത് കാരണം സ്വന്തമായി ബിസിനസുകൾ ആരംഭിക്കുന്നതിൽ ദരിദ്രർ വലിയ വെല്ലുവിളികൾ നേരിട്ടിരുന്ന കാര്യം ശ്രീ നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. മുദ്ര യോജന ആരംഭിച്ചുകൊണ്ട് ദരിദ്രർക്കുള്ള വായ്പകൾക്ക് ഗ്യാരണ്ടി  നൽകാനുള്ള ഉത്തരവാദിത്തം താൻ വ്യക്തിപരമായി ഏറ്റെടുത്തതെങ്ങനെയെന്നും ശ്രീ മോദി വ്യക്തമാക്കി. “മുദ്ര യോജന പ്രകാരം, ദരിദ്രർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഏകദേശം 32 ലക്ഷം കോടി രൂപ യാതൊരു ഗ്യാരണ്ടിയും ഇല്ലാതെ വായ്പയായി നൽകിയിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ വ്യാപ്തിയെക്കുറിച്ച് പ്രതിപക്ഷത്തിന് യാതൊരു ധാരണയുമില്ലെങ്കിലും ഈ ഉദ്യമം ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

മുമ്പ് സാമ്പത്തിക സഹായം ലഭ്യമല്ലാതിരുന്ന തെരുവ് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രയാസങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ വ്യക്തികൾക്ക് പലപ്പോഴും സ്വകാര്യ പണമിടപാടുകാരിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നിരുന്നുവെന്നും അതൊക്കെയും  കടം വാങ്ങിയതിനേക്കാൾ കൂടുതൽ തിരിച്ചടയ്ക്കാൻ വേണ്ടിയായിരുന്നുവെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇപ്പോൾ ഗവൺമെന്റിന്റെ പിഎം സ്വാനിധി പദ്ധതി ഈ കച്ചവടക്കാർക്ക് ബാങ്ക് വായ്പകൾ ലഭ്യമാക്കി അവരെ സഹായിച്ചിട്ടുണ്ട്. അത്തരം തൊഴിലാളികൾക്കായി ഒരു പ്രത്യേക ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുമെന്ന ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനവും പ്രധാനമന്ത്രി ആവർത്തിച്ചു. “പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് പരിശീലനം, ആധുനിക ഉപകരണങ്ങൾ, അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം എന്നിവ നൽകി അവരെ പിന്തുണയ്ക്കുന്ന പിഎം വിശ്വകർമ യോജനയുടെ ആവിർഭാവം തുടങ്ങിയ ശ്രമങ്ങൾ, സമഗ്രമായ വളർച്ചയിലൂടെ രാജ്യ വികസനത്തിന് സംഭാവന നൽകുകയും കഴിഞ്ഞ ദശകത്തിൽ 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും ചെയ്തു ” ശ്രീ മോദി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന്, പ്രത്യേകിച്ചും ധാരാളം മധ്യവർഗ കുടുംബങ്ങൾ താമസിക്കുന്ന സൂറത്തിൽ, മധ്യവർഗ വിഭാഗം നൽകുന്ന ഗണ്യമായ സംഭാവന പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മധ്യവർഗത്തെ ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങളെക്കുറിച്ചും, ഈ വർഷത്തെ ബജറ്റിൽ നൽകിയ ആശ്വാസ നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇളവ് നൽകുന്നത് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചുവടുവയ്പ്പാണ്. കൂടാതെ, 12.87 ലക്ഷം രൂപ വരെ വരുമാനമുള്ള ഉദ്യോഗസ്ഥരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. എല്ലാ നികുതിദായകർക്കും പ്രയോജനപ്പെടുന്നതിനായി പുതിയ നികുതി സ്ലാബുകളും അവതരിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലുൾപ്പെടെ രാജ്യത്തുടനീളമുള്ള മധ്യവർഗ കുടുംബങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും മിച്ചംവയ്ക്കാൻ ഇത് സഹായിക്കുകയും അത് അവരുടെ മറ്റാവശ്യങ്ങൾക്കും കുട്ടികളുടെ ഭവിക്കുവേണ്ടിയും നിക്ഷേപിക്കാൻ കഴിയുകയും ചെയ്യും”, പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ഉള്ള സൂറത്ത് സംരംഭകത്വത്തിന്റെ കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എംഎസ്എംഇകൾക്ക് ഗണ്യമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. “എസ്‌സി/എസ്ടി, ദളിത്, ആദിവാസി, വനിതാ സംരംഭകർക്ക് എംഎസ്എംഇ മേഖലയിൽ അഭിവൃദ്ധി പ്രാപിക്കാൻ 2 കോടി രൂപ വരെയുള്ള വായ്പകൾ ബജറ്റിൽ പ്രഖ്യാപിച്ചു. സൂറത്തിലെയും ഗുജറാത്തിലെയും യുവാക്കൾ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്, അവരെ പിന്തുണയ്ക്കാൻ ഗവണ്മെന്റ് തയ്യാറുമാണ് ” ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിൽ, പ്രത്യേകിച്ച് തുണിത്തരങ്ങൾ, രാസവസ്തുക്കൾ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ സൂറത്തിന്റെ പ്രധാന പങ്ക് ശ്രീ മോദി അംഗീകരിച്ചു. നഗരത്തിലെ ഈ വ്യവസായങ്ങൾ വികസിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. “സൂറത്ത് വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ മന്ദിരം, വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ, ഡൽഹി-മുംബൈ അതിവേഗ പാത, വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ, സൂറത്ത് മെട്രോ പദ്ധതി എന്നിവ നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയും  രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഗതാഗതബന്ധമുള്ള നഗരങ്ങളിലൊന്നാക്കി സൂറത്തിനെ മാറ്റുകയും ചെയ്യും. “ഈ ഉദ്യമങ്ങൾ സൂറത്ത് നിവാസികളുടെ  ജീവിത നിലവാരം മെച്ചപ്പെടുത്തുകയും അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്യും”, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളമുള്ള സ്ത്രീകൾ നമോ ആപ്പിൽ അവരുടെ പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കിടണമെന്ന് ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രചോദനാത്മകരായ ചില വനിതകൾക്ക് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഗുജറാത്തിൽ, വനിതകളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം ഈ ദിനം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള അവസരമാണെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നവസാരിയിൽ സംഘടിപ്പിച്ചിട്ടുള്ള ഒരു പ്രധാന പരിപാടിയിൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സൂറത്തിലെ പരിപാടിയിൽ പങ്കെടുത്ത ധാരാളം വനിതകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചുകൊണ്ട്  ഈ പരിപാടിയിൽ നിന്ന് അവർക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൂറത്ത് ഒരു മിനി ഇന്ത്യയായും ആഗോളതലത്തിൽ ശ്രദ്ധേയമായ  നഗരമായും നിലനിൽക്കുന്നതിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു. സൂറത്തിലുള്ളവരെപ്പോലെ ഊർജ്ജസ്വലരും ചലനാത്മകരുമായ ജനങ്ങൾക്ക് എല്ലാം അസാമാന്യമായിരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നിലവിലുള്ള സംരംഭങ്ങളുടെ എല്ലാ ഗുണഭോക്താക്കളെയും അഭിനന്ദിച്ചുകൊണ്ടും  അവർക്ക് നിരന്തര വിജയവും പുരോഗതിയും നേർന്നുകൊണ്ടുമാണ് തന്റെ പ്രസംഗം ഉപസംഹരിച്ചത്.

പശ്ചാത്തലം
സൂറത്തിലെ ലിംബായത്തിൽ  സൂറത്ത് ഭക്ഷ്യസുരക്ഷാ സാച്ചുറേഷൻ കാമ്പെയ്ൻ പരിപാടിയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഗവണ്മെന്റ് നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനശിലകളിലൊന്നാണ് സ്ത്രീ ശാക്തീകരണം. പ്രധാനമന്ത്രിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന ഗവണ്മെന്റ് രാജ്യത്തിന്റെ സമഗ്ര വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

-NK-