Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ സിൽവാസ്സയിൽ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ സിൽവാസ്സയിൽ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു കേന്ദ്രഭരണപ്രദേശത്ത് 2580 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സിൽവാസ്സയിലെ നമോ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മേഖലയുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം നൽകിയതിന് കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ അർപ്പണബോധമുള്ള തൊഴിലാളികളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളോടുള്ള ഊഷ്മളതയും ദീർഘകാലബന്ധവും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ഈ മേഖല കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിന്റെ സാധ്യതകളെ ആധുനികവും പുരോഗമനപരവുമായ സ്വത്വമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

“സിൽവാസ്സയുടെ പ്രകൃതിസൗന്ദര്യവും അതിലെ ജനങ്ങളുടെ സ്നേഹവും, അതുപോലെ ദാദ്ര-നഗർ ഹവേലിയും, ദമൻ-ദിയുവും നിങ്ങളുമായുള്ള എന്റെ ബന്ധം എത്ര കാലമായി നിലനിൽക്കുന്നുവെന്ന് ഏവർക്കും അറിയാം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ബന്ധം, ഞാൻ ഇവിടെ വരുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന സന്തോഷം, നിങ്ങൾക്കും എനിക്കും മാത്രമേ അത് മനസ്സിലാകൂ” – ശ്രീ മോദി കൂട്ടിച്ചേർത്തു. ആദ്യമായി സന്ദർശിച്ചപ്പോൾ ഈ പ്രദേശം വളരെ വ്യത്യസ്തമായിരുന്നുവെന്നും, ഒരു ചെറിയ തീരദേശമേഖലയിൽ എന്തു ചെയ്യാനാകുമെന്നു ഏവരും ചോദിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഈ സ്ഥലത്തെ ജനങ്ങളിലും അവരുടെ കഴിവുകളിലും തനിക്ക് എല്ലായ്പോഴും വിശ്വാസമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഈ വിശ്വാസം പുരോഗതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്നും, സിൽവാസ്സയെ കോസ്‌മോപൊളിറ്റൻ നഗരമാക്കി മാറ്റിയെന്നും, എല്ലാ നാട്ടുകാർക്കും പുതിയ അവസരങ്ങളോടെ അഭിവൃദ്ധി സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആദ്യകാലത്തു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന സിംഗപ്പൂരിന്റെ ഉദാഹരണവും ശ്രീ മോദി പങ്കുവച്ചു. സിംഗപ്പൂരിന്റെ പരിവർത്തനം അവിടത്തെ ജനങ്ങളുടെ കരുത്തുറ്റ ഇച്ഛാശക്തിയാലാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായി സമാന ദൃഢനിശ്ചയം സ്വീകരിക്കാൻ കേന്ദ്രഭരണപ്രദേശത്തെ പൗരന്മാരെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. താൻ അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അവർക്ക് ഉറപ്പുനൽകി. പക്ഷേ മുന്നോട്ടു പോകുന്നതിന് അവരും മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ദാദ്ര-നഗർ ഹവേലിയും ദമൻ-ദിയുവും കേന്ദ്രഭരണപ്രദേശം മാത്രമല്ല, അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും ഉറവിടം കൂടിയാണ്. അതിനാലാണ് ഈ മേഖലയെ സമഗ്ര വികസനത്തിന് പേരുകേട്ട മാതൃകാ സംസ്ഥാനമാക്കി നാം മാറ്റുന്നത്” – ശ്രീ മോദി പറഞ്ഞു. അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, ആധുനിക ആരോഗ്യസേവനങ്ങൾ, ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ, വിനോദസഞ്ചാരം, നീലസമ്പദ്‌വ്യവസ്ഥ, വ്യാവസായിക പുരോഗതി, യുവാക്കൾക്കുള്ള പുതിയ അവസരങ്ങൾ, വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയാൽ ഈ മേഖല എങ്ങനെ അംഗീകരിക്കപ്പെടണമെന്നതു താൻ വിഭാവനം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലും കേന്ദ്രഗവണ്മെന്റിന്റെ പിന്തുണയോടെയും ഈ മേഖല ആ ലക്ഷ്യങ്ങളിലേക്ക് അതിവേഗം മുന്നേറുകയാണെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടയിൽ വികസനത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. വികസനത്തിന്റെ കാര്യത്തിൽ ഈ മേഖല ഇപ്പോൾ ദേശീയ ഭൂപടത്തിൽ വേറിട്ട സ്വത്വത്തോടെ ഉയർന്നുവരുന്നു. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്, ജൽ ജീവൻ ദൗത്യം, ഭാരത്‌നെറ്റ്, പിഎം ജൻ ധൻ യോജന, പിഎം ജീവൻ ജ്യോതി ബീമ, പിഎം സുരക്ഷാ ബീമ തുടങ്ങിയ വിവിധ ഗവണ്മെന്റ് പദ്ധതികൾ ജനങ്ങൾക്ക്, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും ഗണ്യമായ നേട്ടങ്ങൾ നൽകിയിട്ടുണ്ട്.

സ്മാർട്ട് സിറ്റി ദൗത്യം, സമഗ്രശിക്ഷ, പിഎം മുദ്ര യോജന തുടങ്ങിയ സംരംഭങ്ങളിൽ 100% പരിപൂർണത കൈവരിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗവണ്മെന്റിന്റെ പദ്ധതികളിൽനിന്ന് ഓരോ പൗരനും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, ഈ ക്ഷേമ പദ്ധതികളുമായി ഗവണ്മെന്റ് ഇതാദ്യമായി ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, വ്യാവസായിക വികസനം എന്നിവയിൽ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു എന്നിവയുടെ പരിവർത്തനം പ്രധാനമന്ത്രി എടുത്തുകാട്ടി. മുമ്പ് ഈ മേഖലയിലെ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകേണ്ടിവന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് ഈ മേഖലയിൽ ദേശീയ തലത്തിലുള്ള ആറു സ്ഥാപനങ്ങളുണ്ട്. നമോ മെഡിക്കൽ കോളേജ്, ഗുജറാത്ത് ​ദേശീയ നിയമ സർവകലാശാല, ഐഐഐടി ദിയു, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ദമൻ എൻജിനിയറിങ് കോളേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങൾ സിൽവാസ്സയെയും ഈ മേഖലയെയും പുതിയ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റി. “യുവാക്കൾക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നതിനായി, ഈ സ്ഥാപനങ്ങളിൽ അവർക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാഠി എന്നീ നാല് വ്യത്യസ്ത മാധ്യമങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന മേഖലയാണിതെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ, ഇവിടത്തെ പ്രൈമറി-ജൂനിയർ സ്കൂളുകളിലെ കുട്ടികൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പഠിക്കുന്നതെന്നു പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്” – ശ്രീ മോദി കൂട്ടിച്ചേർത്തു.

അടുത്തകാലത്തായി, ഈ മേഖലയിൽ ആധുനിക ആരോഗ്യപരിരക്ഷാസേവനങ്ങൾ ഗണ്യമായി വികസിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “2023 ൽ, ഇവിടെ നമോ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഇതോടൊപ്പം, 450 കിടക്കകളുള്ള പുതിയ ആശുപത്രിയും ഇന്ന് ഉദ്ഘാടനം ചെയ്തു. സിൽവാസ്സയിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഈ മേഖലയിലെ ഗോത്രസമൂഹത്തിന് വളരെയധികം ഗുണം ചെയ്യും” – ശ്രീ മോദി പറഞ്ഞു.

ജൻ ഔഷധി ദിനമാണ് ഇന്ന് എന്നതിനാൽ, ഇന്നത്തെ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടി. ജൻ ഔഷധി താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിനു കീഴിൽ, ഗുണനിലവാരമുള്ള ആശുപത്രികൾ, ആയുഷ്മാൻ ഭാരതിന് കീഴിൽ സൗജന്യ ചികിത്സ, ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ചെലവുകുറഞ്ഞ മരുന്നുകൾ എന്നിവ ഗവണ്മെന്റ് നൽകുന്നു. രാജ്യത്തുടനീളമുള്ള 15,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ 80% വരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാഗ്ദാനം ചെയ്യുന്നു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏകദേശം 40 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രയോജനപ്പെടുന്നു. ഭാവിയിൽ രാജ്യവ്യാപകമായി 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാനാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. “ഈ സംരംഭം ആരംഭിച്ചതിനുശേഷം, താങ്ങാനാകുന്ന നിരക്കിൽ ഏകദേശം 6500 കോടി രൂപയുടെ മരുന്നുകൾ ആവശ്യക്കാർക്ക് നൽകിയിട്ടുണ്ട്. ഇത് ദരിദ്രരുടെയും ഇടത്തരക്കാരുടെയും 30,000 കോടിയിലധികം രൂപ ലാഭിക്കാൻ സഹായിച്ചു. ഈ സംരംഭം ഗുരുതരമായ നിരവധി രോഗങ്ങളുടെ ചികിത്സ താങ്ങാനാകുന്ന നിരക്കിലാക്കി. സാധാരണ പൗരന്മാരുടെ ആവശ്യങ്ങളോടുള്ള ഗവണ്മെന്റിന്റെ സംവേദനക്ഷമതയാണ് ഇതു പ്രകടമാക്കുന്നത്” – ശ്രീ മോദി പറഞ്ഞു.

ജീവിതശൈലി രോഗങ്ങളെ, പ്രത്യേകിച്ച് വലിയൊരു ആരോഗ്യ ഭീഷണിയായി മാറിയിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയായ പൊണ്ണത്തടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 2050 ആകുമ്പോഴേക്കും 440 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം മൂലമുള്ള ക്ലേശം അനുഭവിക്കുമെന്ന് പ്രവചിക്കുന്ന ഒരു സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം പരാമര്‍ശിച്ചു. ”ഓരോ മൂന്നു പേരിലും ഒരാള്‍ പൊണ്ണത്തടി മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഈ ആശങ്കാജനകമായ കണക്ക് സൂചിപ്പിക്കുന്നത്. ഇത് ജീവന് ഭീഷണിയായ ഒരു അവസ്ഥയായി മാറാന്‍ സാദ്ധ്യതയുമുണ്ട്”, ശ്രീ മോദി പറഞ്ഞു.

ഇതിനെ ചെറുക്കുന്നതിനായി അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാവരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാചക എണ്ണയുടെ ഉപഭോഗം ഓരോ മാസവും 10% കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഉന്നിപ്പറഞ്ഞ അദ്ദേഹം ദൈനംദിന പാചകത്തില്‍ 10% എണ്ണ കുറച്ച് ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും ദിവസേന കുറച്ചു കിലോമീറ്ററുകള്‍ നടക്കുന്നതു പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പതിവായി ഉള്‍പ്പെടുത്തുന്നതിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ”ഒരു വികസിത രാഷ്ട്രത്തിന്റെ വീക്ഷണം കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യമുള്ള ഒരു രാഷ്്രടത്തിന് മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ”, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുണ്ടായ വ്യാവസായിക വളര്‍ച്ച ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. സമീപകാല ബജറ്റില്‍ സമാരംഭം കുറിച്ച മിഷന്‍ മാനുഫാക്ചറിംഗ് മുന്‍കൈയിലൂടെ, ഈ മേഖലയ്ക്ക് ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂറുകണക്കിന് പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചു, നിലവിലുള്ള നിരവധി വ്യവസായങ്ങള്‍ വികസിച്ചു, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളും ആകര്‍ഷിക്കാനായി. ഈ വ്യവസായങ്ങള്‍ പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ സമൂഹത്തിനും സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. ”പട്ടിക ജാതി-വര്‍ഗ്ഗ (എസ്.സി, എസ.്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്നതിനായി ഗിര്‍ ആദര്‍ശ് ജീവിക യോജന നടപ്പിലാക്കിയിട്ടുണ്ട്, അതേസമയം തന്നെ ചെറുകിട ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിലൂടെ പുതിയ സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു”, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
തൊഴിലവസരത്തിനുള്ള ഒരു സുപ്രധാന സ്രോതസ്സായി വിനോദസഞ്ചാരം ഉയര്‍ന്നു വന്നിട്ടുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. മേഖലയിലെ കടല്‍തീരങ്ങളും സമ്പന്നമായ പൈതൃകവും ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാം സേതു, നമോ പാത, ദാമനിലെ ടെന്റ് സിറ്റി, പ്രശസ്തമായ നൈറ്റ് മാര്‍ക്കറ്റ് (നിശാചന്ത) തുടങ്ങിയ വികസനങ്ങള്‍ ഈ മേഖലയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഇവിടെ ഒരു വലിയ പക്ഷിസങ്കേതം സ്ഥാപിച്ചിട്ടുണ്ടെന്നും ദുധാനിയില്‍ ഒരു പരിസ്ഥിതി റിസോര്‍ട്ടിന് വേണ്ടിയുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ദിയുവില്‍ തീരദേശ ഉല്ലാസനടത്തത്തിനും ( പ്രൊമെനേഡും) സമുദ്രതീര വികസനത്തിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ”2024-ലെ ദിയു ബീച്ച് ഗെയിംസ് ബീച്ച് സ്‌പോര്‍ട്‌സിലുള്ള (കടല്‍തീര കായികവിനോദങ്ങള്‍) താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ദിയുവിലെ ഘോഗ്ല ബീച്ചിനെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. കൂടാതെ, അറബി കടലിന്റെ മനോഹരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഈ മേഖലയെ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിന് ദിയുവില്‍ ഒരു കേബിള്‍ കാര്‍ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്”, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ബന്ധിപ്പിക്കലിലു ണ്ടായിട്ടുള്ള പുരോഗതി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദാദ്രയ്ക്ക് സമീപം ഒരു ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നുണ്ടെന്നും മുംബൈ-ഡല്‍ഹി എക്‌സ്പ്രസ് വേ കടന്നുപോകുന്നത് സില്‍വാസയിലൂടെയാണെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട്, നിരവധി കിലോമീറ്റര്‍ പുതിയ റോഡുകളാണ് നിര്‍മ്മിച്ചത്, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന 500 കിലോമീറ്ററിലധികം വരുന്ന റോഡ് പണികള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. ” ഉഡാന്‍ പദ്ധതിയില്‍ നിന്നും ഈ മേഖലയ്ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്, ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രാദേശിക വിമാനത്താവളം നവീകരിക്കുകയുമാണ്. മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്”, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവ വികസനത്തിന്റേയും സദ്ഭരണത്തിന്റേയും സുഗമമായ ജീവിതത്തിന്റെയും മാതൃകകളായി മാറുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മുന്‍കാലങ്ങളില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് പലതവണ ഗവണ്‍മെന്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട മിക്ക ജോലികളും മൊബൈല്‍ ഫോണിലെ ഒരു ക്ലിക്കിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന ഗോത്രമേഖലകള്‍ക്ക് ഈ പുതിയ സമീപനം വളരെയധികം ഗുണം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ഉടനടി അവ പരിഹരിക്കുന്നതിനുമായി ഗ്രാമങ്ങളില്‍ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്ക് ശ്രീ പ്രഫുല്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ സംഘത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി മേഖലയുടെ വികസനത്തിനായി ഗവണ്‍മെന്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ”ഇന്ന് സമാരംഭം കുറിച്ച വിജയകരമായ വികസന പദ്ധതികള്‍ക്ക് ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ കേന്ദ്രഭരണ പ്രദേശത്തെ പൗരന്മാന്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും, പ്രകടിപ്പിച്ച സ്‌നേഹത്തിനും, ബഹുമാനത്തിനും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു”, പ്രധാനമന്ത്രി ഉപസംഹരിച്ചു.

പശ്ചാത്തലം
രാജ്യത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനാണ് പ്രധാനമന്ത്രി പ്രഥമ ശ്രദ്ധ നല്‍കുന്നത്. അതിനനുസൃതമായി സില്‍വാസ്സയിലെ നമോ ആശുപത്രി (ഘട്ടം 1) അദ്ദേഹം ഉദ്ഘാടനം ചെയ്തു. 460 കോടിയിലധികം രൂപ ചിലവില്‍ നിര്‍മ്മിച്ച 450 കിടക്കകളുള്ള ഈ ആശുപത്രി, കേന്ദ്രഭരണ പ്രദേശത്തെ ആരോഗ്യ സേവനങ്ങളെ ഗണ്യമായ തോതില്‍ ശക്തിപ്പെടുത്തും. മേഖലയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് ഇതിലൂടെ അത്യാധുനിക വൈദ്യസഹായം ലഭ്യമാകുകയും ചെയ്യും.

കേന്ദ്രഭരണ പ്രദേശത്തെ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സില്‍വാസ്സയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ ഗ്രാമീണ റോഡുകളും മറ്റ് റോഡ് അടിസ്ഥാന സൗകര്യങ്ങളും, സ്‌കൂളുകള്‍, ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍, പഞ്ചായത്തിന്റെയും മറ്റ് ഭരണ നിര്‍വഹണ സംവിധാനങ്ങളുടെയും കെട്ടിടങ്ങള്‍, അങ്കണവാടി കേന്ദ്രങ്ങള്‍, ജലവിതരണ, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും മറ്റുള്ളവയ്‌ക്കൊപ്പം ഇതില്‍ ഉള്‍പ്പെടുന്നു. ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുക, വ്യാവസായിക വളര്‍ച്ച അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മേഖലയിലെ പൊതുജനക്ഷേമ മുന്‍കൈകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

ചെറിയ ഡയറി ഫാമുകള്‍ സ്ഥാപിച്ചും തങ്ങളുടെ ജീവിതത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ വരുത്തിയും മേഖലയിലെ പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ്ഗ (എസ്.ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), ന്യൂനപക്ഷങ്ങള്‍, ദിവ്യാംഗജന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മെച്ചപ്പെടുത്തുക എന്നതാണ് ഗിര്‍ ആദര്‍ശ് ആജീവിക യോജനയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ സഹ ധനസഹായത്തോടെ, സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്ത വണ്ടികള്‍ നല്‍കികൊണ്ട് തെരുവു കച്ചവടക്കാരായ സ്ത്രീകളുടെ അഭിവൃദ്ധി ഉറപ്പാക്കാനുള്ള ഒരു മുന്‍കൈയാണ് സില്‍വാന്‍ ദീദി പദ്ധതി.

-SK-