Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-നെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘റിപ്പബ്ലിക് പ്ലീനറി ഉച്ചകോടി 2025’-ൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, താഴേത്തട്ടിലുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധേയമായ ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നതിനുമുള്ള റിപ്പബ്ലിക് ടിവിയുടെ നൂതന സമീപനത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ യുവാക്കൾ ദേശീയ സംവാദത്തിൽ ഏർപ്പെടുമ്പോൾ, അത് ആശയങ്ങൾക്ക് പുതുമ കൊണ്ടുവരുമെന്നും പരിസ്ഥിതിയെ ആകെ അവരുടെ ഊർജത്താൽ നിറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ ഈ ഊർജം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തടസ്സങ്ങളെയും മറികടക്കാനും അതിരുകൾക്കതീതമായി സഞ്ചരിക്കാനും യുവാക്കളുടെ പങ്കാളിത്തം സഹായിക്കുമെന്നും, എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനും എല്ലാ ലക്ഷ്യസ്ഥാനത്തും എത്തിച്ചേരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉച്ചകോടിക്കായി പുതിയ ആശയം രൂപപ്പെടുത്തിയ റിപ്പബ്ലിക് ടിവിയെ അദ്ദേഹം അഭിനന്ദിക്കുകയും വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്ന ആശയം ശ്രീ മോദി ആവർത്തിച്ചു.

“ലോകം ഇപ്പോൾ ഈ നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായി അംഗീകരിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങളും വിജയങ്ങളും ആഗോളതലത്തിൽ പുതിയ പ്രതീക്ഷകൾക്ക് തിരികൊളുത്തി” – ശ്രീ മോദി പറഞ്ഞു. ഒരിക്കൽ സ്വയം മുങ്ങിത്താഴുന്ന രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള വളർച്ചയെ നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാവിയുടെ ദിശ ഇന്നത്തെ പ്രവർത്തനങ്ങളിൽനിന്നും നേട്ടങ്ങളിൽനിന്നും വ്യക്തമാണെന്നും, സ്വാതന്ത്ര്യം ലഭിച്ച് 65 വർഷങ്ങൾക്ക് ശേഷവും ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ മാത്രമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി, ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്.

18 വർഷം മുമ്പ്, 2007ൽ ഇന്ത്യയുടെ വാർഷിക ജിഡിപി ഒരു ട്രില്യൺ അമേരിക്കൻ ഡോളറിലെത്തിയ സാഹചര്യം ഓർമിപ്പിച്ച്, അക്കാലത്ത് ഒരു വർഷം മുഴുവൻ ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഒരു ട്രില്യൺ അമേരിക്കൻ ഡോളറായിരുന്നുവെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ന്, ഒരു പാദത്തിൽ തന്നെ അതേ അളവിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഇത് ഇന്ത്യ പുരോഗമിക്കുന്നതിന്റെ വേഗതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യ 25 കോടി പേരെ ദാരിദ്ര്യത്തിൽനിന്നു വിജയകരമായി മുക്തരാക്കിയെന്ന് എടുത്തുകാട്ടി, കഴിഞ്ഞ ദശകത്തിൽ കൈവരിച്ച ഗണ്യമായ മാറ്റങ്ങൾക്കും ഫലങ്ങൾക്കും അദ്ദേഹം ഉദാഹരണങ്ങളേകി. ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് നൽകുന്ന ഒരു രൂപയിൽ 15 പൈസ മാത്രം ദരിദ്രരിലേക്ക് എത്തിയ കാലത്തെക്കുറിച്ചും 85 പൈസ അഴിമതി മൂലം നഷ്ടപ്പെട്ട കാലത്തെക്കുറിച്ചും ശ്രീ മോദി ഓർമിപ്പിച്ചു. ഇതിനു വിപരീതമായി, കഴിഞ്ഞ ദശകത്തിൽ, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (ഡിബിടി) വഴി 42 ലക്ഷം കോടിയിലധികം രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറി, മുഴുവൻ തുകയും ഗുണഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കി.

പത്തുവർഷംമുമ്പ് ഇന്ത്യ സൗരോർജത്തിൽ പിന്നിലായിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, “ഇന്ന് സൗരോർജശേഷിയിൽ 30 മടങ്ങു വർധന കൈവരിച്ച ഇന്ത്യ മികച്ച അഞ്ചു രാജ്യങ്ങളിൽ ഒന്നാണെന്നും, സോളാർ മൊഡ്യൂൾ നിർമാണം 30 മടങ്ങു വർധന രേഖപ്പെടുത്തിയിട്ടുണ്ടെ”ന്നും വ്യക്തമാക്കി. പത്തു വർഷം മുമ്പ് ഹോളി വാട്ടർ ഗണ്ണുകൾ പോലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ പോലും ഇറക്കുമതി ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി മൂന്നിരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുമ്പ് ഇന്ത്യ സൈന്യത്തിനായി റൈഫിളുകൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 20 മടങ്ങ് വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്കുൽപ്പാദകരാഷ്ട്രമായും, രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാവായും, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായും മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേ കാലയളവിൽ, അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ഇന്ത്യയുടെ മൂലധനച്ചെലവ് അഞ്ചു മടങ്ങു വർധിച്ചുവെന്നും രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായെന്നും, പ്രവർത്തനക്ഷമമായ എയിംസുകളുടെ എണ്ണം മൂന്നിരട്ടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ മെഡിക്കൽ കോളേജുകളുടെയും മെഡിക്കൽ സീറ്റുകളുടെയും എണ്ണം ഇരട്ടിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്നത്തെ ഇന്ത്യ ബൃഹത്തായ രീതിയിൽ ചിന്തിക്കുന്നു; അഭിലാഷകരമായ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു; ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു” – അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാനസികാവസ്ഥയ്ക്കു മാറ്റം വന്നതിനാലും ഇന്ത്യ വലിയ അഭിലാഷങ്ങളുമായി മുന്നോട്ടു പോകുന്നതിനാലുമാണ് ഇത് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ്, നിലവിലെ സ്ഥിതിഗതികൾ അംഗീകരിക്കുക എന്നതായിരുന്നു മാനസികാവസ്ഥ. എന്നാൽ ഇപ്പോൾ, ആർക്കാണ് ഫലങ്ങൾ നൽകാൻ കഴിയുകയെന്ന് ജനങ്ങൾക്കറിയാം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്നതുമുതൽ വന്ദേ ഭാരത് സൗകര്യവും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആവശ്യപ്പെടുന്നതുവരെ ജനങ്ങളുടെ അഭിലാഷങ്ങൾ എങ്ങനെ വികസിച്ചു എന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. മുൻകാല ഗവണ്മെന്റുകൾ ജനങ്ങളുടെ അഭിലാഷങ്ങൾ തകർത്തു. അത് അവരുടെ പ്രതീക്ഷകൾ കുറയ്ക്കുന്നതിലേക്ക് അവരെ നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇന്ന്, സാഹചര്യവും മാനസികാവസ്ഥയും അതിവേഗം മാറി. വികസിത ഭാരതം എന്ന ലക്ഷ്യത്താലാണു ജനങ്ങൾ നയിക്കപ്പെടുന്നത്.

പൗരന്മാർക്കുണ്ടാകുന്ന തടസ്സങ്ങളും പ്രതിബന്ധങ്ങളും നീങ്ങുമ്പോൾ ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശക്തി വർധിക്കുമെന്നു പറഞ്ഞ ശ്രീ മോദി, ഇത് പൗരന്മാരുടെ കഴിവുകൾ വർധിപ്പിക്കുകയും ആകാശം പോലും ചെറുതാണെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. മുൻ ഗവണ്മെന്റുകൾ കൊണ്ടുവന്ന തടസ്സങ്ങൾ ഈ ഗവണ്മെന്റ് തുടർച്ചയായി നീക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബഹിരാകാശ മേഖലയുടെ ഉദാഹരണം ഉദ്ധരിച്ച്, മുമ്പ് എല്ലാം ഐഎസ്ആർഒയുടെ കീഴിലായിരുന്നുവെന്ന് പറഞ്ഞു. ഐഎസ്ആർഒ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, രാജ്യത്തെ ബഹിരാകാശ ശാസ്ത്രത്തിന്റെയും സംരംഭകത്വത്തിന്റെയും സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തിയില്ല. ബഹിരാകാശ മേഖല ഇപ്പോൾ നൂതനാശയ ഉപജ്ഞാതാക്കളായ യുവാക്കൾക്കായി തുറന്നിട്ടിട്ടുണ്ടെന്നും, അതിന്റെ ഫലമായി രാജ്യത്ത് 250-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്റ്റാർട്ടപ്പുകൾ ഇപ്പോൾ വിക്രം-എസ്, അഗ്നിബാൻ പോലുള്ള റോക്കറ്റുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഭൂപടങ്ങൾ സൃഷ്ടിക്കാൻ മുമ്പ് ഗവണ്മെന്റ് അനുമതി ആവശ്യമുള്ള ഭൂപടനിർമാണമേഖലയാണുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഈ നിയന്ത്രണം നീക്കം ചെയ്തു. ഇന്ന്, ഭൗമസ്ഥലപര ചിത്രീകരണ ഡേറ്റ പുതിയ സ്റ്റാർട്ടപ്പുകൾക്ക് വഴിയൊരുക്കുന്നു. വിവിധ നിയന്ത്രണങ്ങളോടെ ആണവോർജ മേഖല മുമ്പ് ഗവണ്മെന്റ് നിയന്ത്രണത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വർഷത്തെ ബജറ്റിൽ, ഈ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ ശേഷി വർധിപ്പിക്കുന്നതിന് വഴിയൊരുക്കിയെന്നും പറഞ്ഞു.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിഷ്ക്രിയമായിക്കിടക്കുന്ന 100 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സാധ്യതകൾ ഉണ്ടെന്നും, നിയമപരമായ രേഖകളും ശരിയായ മാപ്പിംഗും ഇല്ലാത്ത വീടുകളുടെ രൂപത്തിലാണ് ഈ സാധ്യത നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് ഗ്രാമവാസികൾക്ക് ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിന് തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിൽ മാത്രമുള്ളതല്ലെന്നും, പല വൻകിട രാജ്യങ്ങളിലും പൗരന്മാർക്ക് ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സ്വത്തവകാശം നൽകുന്ന രാജ്യങ്ങളിലെ ജിഡിപിയിൽ ഗണ്യമായ വർദ്ധനവ് കാണുന്നുണ്ടെന്ന് അന്താരാഷ്ട്ര സംഘടനകൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ ഗ്രാമീണ വീടുകൾക്ക് സ്വത്തവകാശം നൽകുന്നതിനായി സ്വാമിത്വ പദ്ധതി ആരംഭിച്ചിട്ടുണ്ട്, ഗ്രാമങ്ങളിലെ ഓരോ വീടും സർവേ ചെയ്യാനും മാപ്പ് ചെയ്യാനും ഡ്രോണുകൾ ഉപയോഗിക്കുന്നു”, രാജ്യത്തുടനീളം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്നും, 2 കോടിയിലധികം പ്രോപ്പർട്ടി കാർഡുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് പ്രോപ്പർട്ടി കാർഡുകളുടെ അഭാവം ഗ്രാമങ്ങളിൽ നിരവധി തർക്കങ്ങൾക്കും കോടതി കേസുകൾക്കും കാരണമായതായും അവ ഇപ്പോൾ പരിഹരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രോപ്പർട്ടി കാർഡുകൾ ഉപയോഗിച്ച് ഗ്രാമവാസികൾക്ക് ഇപ്പോൾ ബാങ്ക് വായ്പകൾ നേടാൻ കഴിയുന്നുണ്ടെന്നും ഇത് ബിസിനസ്സുകൾ ആരംഭിക്കാനും സ്വയംതൊഴിൽ ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ നൽകിയ ഉദാഹരണങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ രാജ്യത്തെ യുവാക്കളാണെന്ന് ശ്രീ മോദി പറഞ്ഞു. “ഇന്നത്തെ ഇന്ത്യയുടെ വികസിത് ഭാരത്, എക്സ് -ഫാക്ടർ എന്നിവയിൽ യുവാക്കൾ ഏറ്റവും വലിയ പങ്കാളികളാണ്, അതിൽ  എക്സ് എന്നാൽ പരീക്ഷണം (Experimentation), മികവ് (Excellence) വികാസം (Expansion) എന്നിവയാണ്”, അദ്ദേഹം വ്യക്തമാക്കി. പഴഞ്ചൻ രീതികൾക്കപ്പുറം ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലൂടെയും 140 കോടി ഇന്ത്യക്കാർക്കായി നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെയും യുവാക്കൾ പുതിയ പാതകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കി. രാജ്യത്തെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകാൻ യുവാക്കൾക്ക് കഴിയുമെന്നും എന്നാൽ ഈ സാധ്യതകൾ മുമ്പ് ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്മെന്റ് ഇപ്പോൾ എല്ലാ വർഷവും സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ സംഘടിപ്പിക്കാറുണ്ടെന്നും ഇതുവരെ 10 ലക്ഷം യുവാക്കൾ അതിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു.  ഭരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഈ യുവ പങ്കാളികൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അതിൽ ഏകദേശം 2,500 പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ടിവിയും ഹാക്കത്തൺ സംസ്കാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

“കഴിഞ്ഞ ദശകത്തിൽ, രാജ്യം നവീകൃത ഭരണത്തിലേക്ക് മാറി, ഫലമില്ലാതിരുന്ന ഭരണത്തെ ഫലപ്രദ ഭരണമായി പരിവർത്തനം ചെയ്തിരിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് പദ്ധതികൾ നിലവിലുണ്ടായിരുന്നിട്ടും അവയിൽ നിന്ന് പ്രയോജനം ലഭിക്കുന്നത്  ഇത് ആദ്യമാണെന്ന് ആളുകൾ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള വ്യത്യാസം അവസാന ഗുണഭോക്താവിലും വരെ ആനുകൂല്യങ്ങൾ എത്തിക്കുന്നതിൽ ഉറപ്പായതാണ്, അദ്ദേഹം പറഞ്ഞു. മുമ്പ്, ദരിദ്രർക്കുള്ള വീടുകൾ അനുവദിച്ചിരുന്നത് കടലാസിൽ മാത്രം ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോൾ വീടുകൾ നിലത്ത് നിർമ്മിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, വീടുനിർമ്മാണത്തിലെ മുഴുവൻ പ്രക്രിയയും ഗവണ്മെന്റ് നിയന്ത്രിതമാണെന്നും, രൂപകൽപ്പനയും നിർമ്മാണ വസ്തുക്കൾ തീരുമാനിക്കുന്നതും ഗവണ്മെന്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിലൂടെ വീടിന്റെ രൂപകൽപ്പന തീരുമാനിക്കാൻ അവർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനപങ്കാളിത്തത്തോടെ രാജ്യമെമ്പാടും പാർപ്പിടങ്ങളുടെ രൂപകൽപ്പനയ്ക്കായി മത്സരങ്ങൾ നടത്തിയിരുന്നുവെന്നും ഇത് വീട് നിർമ്മാണത്തിന്റെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പ്, പൂർത്തിയാകാത്ത വീടുകളാണ് കൈമാറിയിരുന്നതെങ്കിൽ, ഇപ്പോൾ, ഗവണ്മെന്റ് ശുദ്ധജല കണക്ഷനുകളും ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് കണക്ഷനുകളും സൗഭാഗ്യ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷനുകളും ലഭ്യമാക്കിക്കൊണ്ട് പൂർത്തീകരിച്ച സ്വപ്നതുല്യമായ വീടുകളാണ് നൽകുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “നമ്മൾ നാല് മതിലുകൾ പണിയുക മാത്രമല്ല, വീടുകൾക്ക് ജീവൻ നൽകുകയും ചെയ്തു”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യത്തിന്റെ വികസനത്തിൽ ദേശീയ സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അടിവരയിട്ടു. മുമ്പ്, ബോംബ് സ്ഫോടന പരമ്പരകളുടെ ബ്രേക്കിങ് ന്യൂസും സ്ലീപ്പർ സെൽ നെറ്റ്‌വർക്കുകളിലെ പ്രത്യേക പരിപാടികളും ടിവിയിൽ സാധാരണമായിരുന്നുവെന്നും എന്നാൽ ഇന്ന്, ഇത്തരം സംഭവങ്ങൾ ടിവി സ്ക്രീനുകളിലും ഭാരതഭൂമിയിലും കാണാനില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നക്‌സലിസം ഇപ്പോൾ അന്ത്യശ്വാസംവലിക്കുകയാണെന്നും നക്സൽ  ബാധിത ജില്ലകളുടെ എണ്ണം നൂറിൽ നിന്ന് രണ്ട് ഡസനിലധികം ആയി കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “രാഷ്ട്രം ആദ്യം” എന്ന മനോഭാവത്തോടെ പ്രവർത്തിച്ചും ഈ മേഖലകളിൽ ഭരണം അടിസ്ഥാന തലത്തിലേക്ക് എത്തിച്ചുമാണ് ഇത് നേടിയെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ ജില്ലകളിലെ  ആയിരക്കണക്കിന് കിലോമീറ്റർ റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമ്മാണവും 4G മൊബൈൽ നെറ്റ്‌വർക്കുകളുടെ വ്യാപ്തിയും എടുത്തുപറഞ്ഞ ശ്രീ മോദി അതിന്റെ ഗുണഫലങ്ങൾ ദൃശ്യമാണെന്നും വ്യക്തമാക്കി.

വനാന്തരങ്ങളിൽനിന്ന് നക്സൽ തീവ്രവാദം തുടച്ചുനീക്കാൻ ഗവൺമെന്റിന്റെ നിർണായകമായ നടപടികൾക്ക് കഴിഞ്ഞുവെന്നും, എന്നാൽ ഇപ്പോൾ അത് നഗര കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഒരിക്കൽ ഗാന്ധിയൻ ആശയങ്ങളെയും ഇന്ത്യയുടെ പാരമ്പര്യത്തെയും പിന്തുടർന്നുവന്ന രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ നഗര നക്സൽവാദികൾ കയറിക്കൂടിയതായി അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ അർബൻ നക്സലുകളുടെ ശബ്ദവും ഭാഷയും കേൾക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് അവരുടെ ആഴത്തിൽ വേരൂന്നിയ സാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെയും പൈതൃകത്തിന്റെയും കടുത്ത എതിരാളികളാണ് അർബൻ നക്സലുകൾ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അർബൻ നക്സലുകളെ തുറന്നുകാട്ടുന്നതിൽ ശ്രീ അർണബ് ഗോസ്വാമി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും വികസനവും പൈതൃകവും ശക്തിപ്പെടുത്തേണ്ടത് വികസിത ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും ഊന്നിപ്പറയുകയും ചെയ്തു. നഗര നക്സലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഇന്നത്തെ ഇന്ത്യ എല്ലാ വെല്ലുവിളികളെയും നേരിട്ട് പുതിയ ഉയരങ്ങളിലെത്തുകയാണ്”, റിപ്പബ്ലിക് ടിവി നെറ്റ്‌വർക്ക് “രാഷ്ട്രം ആദ്യം” എന്ന മനോഭാവത്തോടെ മാധ്യമപ്രവർത്തനത്തിന് ഔന്നത്യം നൽകുന്നത് തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. വികസിത ഇന്ത്യയുടെ അഭിലാഷങ്ങളെ റിപ്പബ്ലിക് ടിവിയുടെ പ്രവർത്തങ്ങൾ തുടർന്നും ഉത്തേജിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചത്.

 

 

***

NK