Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ – ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ – ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു


​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബജറ്റിനുശേഷമുള്ള, തൊഴിലിനെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു. വികസിത ഭാരതത്തിന്റെ രൂപരേഖ നിർവചിക്കുന്ന ‘ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നവീകരണത്തിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഈ വർഷത്തെ ബജറ്റ് ഈ വിഷയത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖയായി വർത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളം നിക്ഷേപങ്ങൾക്കു തുല്യമായ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിവികസനവും പ്രതിഭകളെ പരിപോഷിപ്പിക്കലും രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്നു പറഞ്ഞ ശ്രീ മോദി, വികസനത്തിന്റെ അടുത്ത ഘട്ടം ആവശ്യമുള്ളതിനാൽ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും മുന്നോട്ടുവരാനും എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് ഇത് അനിവാര്യമാണെന്നും ഓരോ സ്ഥാപനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

“വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യസംരക്ഷണം എന്നീ മൂന്നു സ്തംഭങ്ങളിലാണു ജനങ്ങളിൽ നിക്ഷേപിക്കുക എന്ന കാഴ്ചപ്പാടു നിലകൊള്ളുന്നത്” – ശ്രീ മോദി പറഞ്ഞു. നിരവധി പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം സുപ്രധാന പരിവർത്തനത്തിനു വിധേയമാകുകയാണെന്നു ശ്രീ മോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം, ഐഐടികളുടെ വികാസം, വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാങ്കേതികവിദ്യയുടെ സംയോജനം, നിർമിതബുദ്ധിയുടെ പൂർണശേഷി വിനിയോഗം തുടങ്ങിയ പ്രധാന സംരംഭങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ, 22 ഇന്ത്യൻ ഭാഷകളിലെ പഠന സാമഗ്രികളുടെ ലഭ്യത തുടങ്ങിയ ശ്രമങ്ങൾക്ക് അടിവരയിട്ട്, “ദൗത്യമാതൃകയിലുള്ള ഈ ശ്രമങ്ങൾ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ 21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ ആവശ്യങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു പ്രവർത്തിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്” എന്നു പ്രധാനമന്ത്രി പറഞ്ഞു.

2014 മുതൽ മൂന്നുകോടിയിലധികം യുവാക്കൾക്കു ഗവണ്മെന്റ് നൈപുണ്യപരിശീലനം നൽകിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആയിരം ഐടിഐകളുടെ നവീകരണവും മികവിന്റെ അഞ്ചുകേന്ദ്രങ്ങൾ സ്ഥാപിച്ചതും പരാമർശിച്ചു. വ്യവസായങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പരിശീലനത്തിലൂടെ യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ആഗോള വിദഗ്ധരുടെ സഹായത്തോടെ, ഇന്ത്യൻ യുവാക്കൾക്കു ലോകതലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭങ്ങളിൽ വ്യവസായത്തിന്റെയും വിദ്യാഭ്യാസമേഖലയുടെയും നിർണായക പങ്കിന് ഊന്നൽ നൽകിയ ശ്രീ മോദി, പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കാനും നിറവേറ്റാനും വ്യവസായങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനും, പ്രവൃത്തിപരിചയം നേടാനും, പ്രായോഗിക പഠനത്തിനുള്ള വേദികൾ പ്രാപ്യമാക്കാനും യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കൾക്കു പുതിയ അവസരങ്ങളും പ്രായോഗിക വൈദഗ്ധ്യവും നൽകുന്നതിനായി പിഎം ഇന്റേൺഷിപ്പ് പദ്ധതി ആരംഭിച്ചത് എടുത്തുകാട്ടിയ അദ്ദേഹം, ഈ സംരംഭത്തിൽ എല്ലാ തലങ്ങളിലും പരമാവധി വ്യവസായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി.

വൈദ്യശാസ്ത്ര മേഖലയെക്കുറിച്ചു പരാമർശിക്കവേ, ഈ ബജറ്റിൽ 10,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വൈദ്യശാസ്ത്ര മേഖലയിൽ 75,000 സീറ്റുകൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതായും ശ്രീ മോദി പരാമർശിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ടെലിമെഡിസിൻ സൗകര്യങ്ങൾ വിപുലീകരിക്കുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം ഏതു​ ​കോണിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു ഡേകെയർ ക്യാൻസർ സെന്ററുകൾ സ്ഥാപിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. ഈ സംരംഭങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ പരിവർത്തനാത്മക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങൾ യുവാക്കൾക്കു നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി, ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രയോജനങ്ങൾ പരമാവധിപേരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കി, ഈ സംരംഭങ്ങൾ വേഗത്തിൽ നടപ്പാക്കാൻ പങ്കാളികളോട് ആഹ്വാനം ചെയ്തു.

​കഴിഞ്ഞ ദശകത്തിൽ, സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾ ദീർഘവീക്ഷണത്താൽ നയിക്കപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ നഗര ജനസംഖ്യ ഏകദേശം 90 കോടിയിലെത്തുമെന്നു പ്രവചിക്കപ്പെടുന്നതായും ഇത് ആസൂത്രിത നഗരവൽക്കരണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നുവെന്നും അഭിപ്രായപ്പെട്ടു. ഭരണനിർവഹണം, അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് സ്ഥാപിക്കാനുള്ള സംരംഭം അദ്ദേഹം പ്രഖ്യാപിച്ചു. “സുസ്ഥിര നഗര ചലനാത്മകത, ഡിജിറ്റൽ സംയോജനം, കാലാവസ്ഥാ പുനരുജ്ജീവന പദ്ധതികൾ എന്നിവയ്ക്ക് ഇന്ത്യൻ നഗരങ്ങൾ അംഗീകരിക്കപ്പെടും” – പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയോട്, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്-വ്യാവസായിക മേഖലകളോട്, ആസൂത്രിത നഗരവൽക്കരണത്തിനു മുൻഗണന നൽകാനും മുന്നോട്ടു പോകാനും അദ്ദേഹം ആവശ്യപ്പെട്ടു. AMRUT 2.0, ജൽ ജീവൻ ദൗത്യം തുടങ്ങിയ കൂടുതൽ സംരംഭങ്ങളിൽ കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി.

സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ വിനോദസഞ്ചാരമേഖലയുടെ സാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ ശ്രീ മോദി, ഇന്ത്യയുടെ ജിഡിപിയുടെ 10% വരെ സംഭാവന ചെയ്യാനും കോടിക്കണക്കിനു യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിനോദസഞ്ചാരമേഖലയ്ക്കു കഴിയുമെന്ന് എടുത്തുപറഞ്ഞു. ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റിലുള്ള നിരവധി നടപടികൾ അദ്ദേഹം പരാമർശിച്ചു. “രാജ്യത്തുടനീളമുള്ള 50 സ്ഥലങ്ങൾ വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വികസിപ്പിക്കും” – ഈ സ്ഥലങ്ങളിലെ ഹോട്ടലുകൾക്ക് അടിസ്ഥാനസൗകര്യപദവി നൽകുന്നതു വിനോദസഞ്ചാരം സുഗമമാക്കുമെന്നും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹോംസ്റ്റേകളെ പിന്തുണയ്ക്കുന്നതിനായി മുദ്ര യോജന വിപുലീകരിക്കുന്നത് എടുത്തുകാട്ടിയ ശ്രീ മോദി, ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ‘ഹീൽ ഇൻ ഇന്ത്യ’, ‘ലാൻഡ് ഓഫ് ദ ബുദ്ധ’ പോലുള്ള സംരംഭങ്ങൾക്ക് ഊന്നൽ നൽകി. “ഇന്ത്യയെ ആഗോളവിനോദസഞ്ചാരത്തിന്റെയും രോഗശാന്തിയുടെയും കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോട്ടൽ-ഗതാഗത വ്യവസായങ്ങൾക്കപ്പുറം മറ്റു മേഖലകളിലേക്കും വിനോദസഞ്ചാരം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ നിക്ഷേപം നടത്താൻ ആരോഗ്യമേഖലയിലെ പങ്കാളികളോട് ആഹ്വാനം ചെയ്തു. യോഗയുടെയും വെൽനസ് ടൂറിസത്തിന്റെയും സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. വിദ്യാഭ്യാസ വിനോദസഞ്ചാരത്തിലെ വളർച്ചയ്ക്കുള്ള ഗണ്യമായ സാധ്യതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ ദിശയിലുള്ള വിശദമായ ചർച്ചകൾക്കായുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ഈ സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു കരുത്തുറ്റ മാർഗരേഖ വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“നൂതനാശയങ്ങളിലെ നിക്ഷേപങ്ങളാണു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത്” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്കു നിരവധി ലക്ഷം കോടി രൂപ സംഭാവന ചെയ്യാൻ നിർമിതബുദ്ധിക്കു കഴിവുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയിൽ ദ്രുതഗതിയിലുള്ള പുരോഗതിയുടെ ആവശ്യകതയുള്ളതായും അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധി-അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ബജറ്റിൽ ₹500 കോടി വകയിരുത്തിയതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഇന്ത്യയിൽ AI കഴിവുകൾ വികസിപ്പിക്കുന്നതിനായി ദേശീയ ലാർജ് ലാംഗ്വേജ് മാതൃക സ്ഥാപിക്കാനുള്ള പദ്ധതികളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ഈ മേഖലയിൽ ആഗോളതലത്തിൽ മുൻനിരയിൽ നിൽക്കാൻ സ്വകാര്യമേഖലയോട് അഭ്യർഥിച്ചു. “നിർമിതബുദ്ധിയിൽ സാമ്പത്തിക പ്രതിവിധികളേകാൻ കഴിയുന്ന വിശ്വസനീയവും സുരക്ഷിതവും ജനാധിപത്യപരവുമായ രാജ്യത്തിനായി ലോകം കാത്തിരിക്കുകയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഈ മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

​“ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു” എന്നു പറഞ്ഞ പ്രധാനമന്ത്രി, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ബജറ്റിൽ നിരവധി നടപടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുലക്ഷംകോടി രൂപയുടെ സഞ്ചിതനിധിക്ക് അംഗീകാരം നൽകിയതും അദ്ദേഹം പരാമർശിച്ചു. ‘ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ട്സു’ള്ള വളർന്നുവരുന്ന മേഖലകളിലെ നിക്ഷേപം ഇതു വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഐടികളിലും ഐഐഎസ്‌സിയിലും 10,000 ഗവേഷണ ഫെലോഷിപ്പുകൾ നൽകുമെന്നും ഇതു ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും കഴിവുള്ള യുവാക്കൾക്ക് അവസരങ്ങൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണം ത്വരിതപ്പെടുത്തുന്നതിൽ ദേശീയ ഭൗമസ്ഥലപര ദൗത്യത്തിന്റെയും ദേശീയ ഗവേഷണ ഫൗണ്ടേഷന്റെയും പങ്ക് പ്രധാനമന്ത്രി എടുത്തുകാട്ടി. ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നതിന് എല്ലാ തലങ്ങളിലും കൂട്ടായ ശ്രമങ്ങളുടെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

ഇന്ത്യയുടെ സമ്പന്നമായ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിൽ ജ്ഞാനഭാരതം ദൗത്യത്തിന്റെ പ്രാധാന്യം അടിവരയിട്ട്, ഈ ദൗത്യത്തിനു കീഴിൽ ഒരുകോടിയിലധികം കൈയെഴുത്തുപ്രതികൾ ഡിജിറ്റൽരൂപത്തിലാക്കുമെന്നു ശ്രീ മോദി പ്രഖ്യാപിച്ചു. ഇതു ദേശീയ ഡിജിറ്റൽ ശേഖരം സൃഷ്ടിക്കുന്നതിലേക്കു നയിക്കും. ലോകമെമ്പാടുമുള്ള പണ്ഡിതർക്കും ഗവേഷകർക്കും ഇന്ത്യയുടെ ചരിത്രപരവും പരമ്പരാഗതവുമായ അറിവും ജ്ഞാനവും പ്രാപ്യമാക്കാൻ ഈ ശേഖരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സസ്യ ജനിതക വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയ ജീൻ ബാങ്ക് സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഭാവിതലമുറകൾക്കു ജനിതക വിഭവങ്ങളും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ശ്രമങ്ങൾ വിപുലീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, വിവിധ സ്ഥാപനങ്ങളും മേഖലകളും ഈ സംരംഭങ്ങളിൽ സജീവമായി പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

2025 ഫെബ്രുവരിയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഐ‌എം‌എഫ് നടത്തിയ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉദ്ധരിച്ച്, 2015നും 2025നും ഇടയിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 66% വളർച്ച രേഖപ്പെടുത്തിയെന്നും, ഇത് 3.8 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ വളർച്ച നിരവധി പ്രധാന സമ്പദ്‌വ്യവസ്ഥകളെ മറികടക്കുന്നുവെന്നും ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കൽ തുടരുന്നതിനു ശരിയായ ദിശയിൽ ശരിയായ നിക്ഷേപങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. ഈ കാഴ്ചപ്പാടു കൈവരിക്കുന്നതിൽ ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ നിർണായക പങ്കിന് അദ്ദേഹം അടിവരയിട്ടു. എല്ലാ പങ്കാളികളുടെയും ശ്രദ്ധേയമായ സംഭാവനകളെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. പ്രവർത്തനങ്ങളിലെ തടസങ്ങൾ എന്ന പാരമ്പര്യം ഇല്ലാതായെന്നും പദ്ധതികളുടെയും സംരംഭങ്ങളുടെയും മികച്ച നടത്തിപ്പിനായി ഗവണ്മെന്റ് ഇപ്പോൾ ബജറ്റിനുമുമ്പും ബജറ്റിനുശേഷവുമുള്ള ചർച്ചകൾ പങ്കാളികളുമായി നടത്തുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, ‘ജനപങ്കാളിത്ത’ മാതൃക ഉയർത്തിക്കാട്ടി. വെബിനാറിലെ ഫലപ്രദമായ ചർച്ചകൾ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

പശ്ചാത്തലം

​തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതു ഗവണ്മെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി, തൊഴിൽവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവണ്മെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിവർത്തനാത്മക ബജറ്റ് പ്രഖ്യാപനങ്ങളെ കാര്യക്ഷമമായ ഫലങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതിനു ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്ന വെബിനാറുകൾ ഗവണ്മെന്റ്, വ്യവസായം, വിദ്യാഭ്യാസമേഖല, പൗരന്മാർ എന്നിവർക്കിടയിൽ സഹകരണം വളർത്തിയെടുക്കാൻ സഹായിക്കും. പൗരന്മാരെ ശാക്തീകരിക്കൽ, സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകൽ, നവീകരണം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ഈ ചർച്ചകൾ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും. സുസ്ഥിരവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയ്ക്കു വഴിയൊരുക്കൽ; സാങ്കേതികവിദ്യയിലും മറ്റു മേഖലകളിലും നേതൃത്വം; 2047 ഓടെ വികസിതഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന വൈദഗ്ധ്യവും ആരോഗ്യമുള്ള തൊഴിൽ ശക്തി എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഈ ചർച്ചകൾ.

-SK-