പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ബൃഹദ് ഝുമോയിർ പരിപാടിയായ ‘ഝുമോയിർ ബിനന്ദിനി 2025’ൽ പങ്കെടുത്തു. ഊർജവും ഉത്സാഹവും ആവേശവും നിറഞ്ഞ അന്തരീക്ഷമാണു പരിപാടിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേയിലത്തോട്ടങ്ങളുടെ സുഗന്ധവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഝുമോയിറിലെ എല്ലാ കലാകാരന്മാരുടെയും ശ്രദ്ധേയമായ ഒരുക്കങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഝൂമറുമായും തേയിലത്തോട്ട സംസ്കാരവുമായും ജനങ്ങൾക്കു പ്രത്യേക ബന്ധമുള്ളതുപോലെ, താനും സമാനമായ ബന്ധം പങ്കിടുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്നു ഝൂമർ നൃത്തം അവതരിപ്പിക്കുന്ന ഇത്രയധികം കലാകാരന്മാർ റെക്കോർഡു സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 11,000 കലാകാരന്മാർ ബിഹു നൃത്തം അവതരിപ്പിച്ചു റെക്കോർഡു സൃഷ്ടിച്ചവേളയിൽ 2023ൽ അസം സന്ദർശിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, അത് അവിസ്മരണീയമാണെന്നും സമാനമായ ആവേശോജ്വല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഉജ്വലമായ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച അസം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. തേയിലത്തോട്ട സമൂഹവും ഗോത്രവർഗക്കാരും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന അസമിനെ സംബന്ധിച്ച്, ഇന്ന് അഭിമാനകരമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സവിശേഷദിനത്തിൽ ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു.
ഇത്തരം മഹത്തായ പരിപാടികൾ അസമിന്റെ അഭിമാനത്തിന്റെ തെളിവു മാത്രമല്ല, ഇന്ത്യയുടെ മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിന്റെയും സംസ്കാരത്തിന്റെയും കാര്യത്തിൽ അസമും വടക്കുകിഴക്കൻ മേഖലയും അവഗണിക്കപ്പെട്ട കാലമുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇപ്പോൾ, താൻ തന്നെ വടക്കുകിഴക്കൻ സംസ്കാരത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ കാസീരംഗയിൽ താമസിച്ച് അവിടത്തെ ജൈവവൈവിധ്യം ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടുന്ന ആദ്യ പ്രധാനമന്ത്രിയാണു താനെന്ന് അദ്ദേഹം പരാമർശിച്ചു. ഏതാനും മാസം മുമ്പ്, അസമീസ് ഭാഷയ്ക്കു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായും, അസമിലെ ജനങ്ങൾ പതിറ്റാണ്ടുകളായി കാത്തിരുന്ന അംഗീകാരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരായ്ദിയോ മൊയ്ദാമിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അവരുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഗളർക്കെതിരെ അസമിന്റെ സംസ്കാരത്തെയും സ്വത്വത്തെയും പ്രതിരോധിച്ച, അസമിന്റെ അഭിമാനമായ ധീരയോദ്ധാവ് ലചിത് ബോർഫുകനെക്കുറിച്ചു സംസാരിച്ച ശ്രീ മോദി, ലചിത് ബോർഫുകന്റെ മഹത്തായ 400-ാം ജന്മവാർഷികാഘോഷം ഉയർത്തിക്കാട്ടുകയും റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹത്തിന്റെ ടാബ്ലോ ഉൾപ്പെടുത്തിയിരുന്നെന്നു പരാമർശിക്കുകയും ചെയ്തു. അസമിൽ ലചിത് ബോർഫുകന്റെ 125 അടി ഉയരമുള്ള വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗോത്രസമൂഹത്തിന്റെ പൈതൃകം ആഘോഷിക്കുന്നതിനായി ജൻജാതീയ ഗൗരവ് ദിനാഘോഷം ആരംഭിച്ചതായും അദ്ദേഹം പരാമർശിച്ചു. ഗോത്രവർഗ ധീരരുടെ സംഭാവനകൾ അനശ്വരമാക്കുന്നതിനായി, രാജ്യത്തുടനീളം ഗോത്ര മ്യൂസിയങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളുടെ ഗവണ്മെന്റ് അസമിനെ വികസിപ്പിക്കുകയും ‘തേയില ഗോത്ര’ സമൂഹത്തെ സേവിക്കുകയും ചെയ്യുന്നുവെന്നു പരാമർശിച്ച പ്രധാനമന്ത്രി, അസം ടീ കോർപ്പറേഷൻ തൊഴിലാളികൾക്കു വരുമാനം വർധിപ്പിക്കുന്നതിനായി ബോണസ് പ്രഖ്യാപിച്ചത് എടുത്തുപറഞ്ഞു. സാമ്പത്തിക ആശങ്കകൾ ലഘൂകരിക്കുന്നതിനു തേയിലത്തോട്ടങ്ങളിലെ ഏകദേശം ഒന്നരലക്ഷം സ്ത്രീകൾക്കു ഗർഭകാലസഹായമായി ₹15,000 ലഭിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കുടുംബങ്ങളുടെ ആരോഗ്യത്തിനായി അസം ഗവണ്മെന്റ് തേയിലത്തോട്ടങ്ങളിൽ 350-ലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേയിലഗോത്രത്തിലെ കുട്ടികൾക്കായി നൂറിലധികം മാതൃകാ തേയിലത്തോട്ട സ്കൂളുകൾ തുറന്നിട്ടുണ്ടെന്നും 100 സ്കൂളുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. തേയിലഗോത്രത്തിലെ യുവാക്കൾക്ക് ഒബിസി ക്വാട്ടയിൽ 3% സംവരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സ്വയംതൊഴിലിനായി അസം ഗവണ്മെന്റ് നൽകുന്ന 25,000 രൂപയുടെ സഹായത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. തേയില വ്യവസായത്തിന്റെയും തൊഴിലാളികളുടെയും വികസനം അസമിന്റെ മൊത്തത്തിലുള്ള വളർച്ചയെ നയിക്കുകയും വടക്കുകിഴക്കൻ മേഖലയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്യുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ വരാനിരിക്കുന്ന പ്രകടനത്തിന് അദ്ദേഹം മുൻകൂർ നന്ദി അറിയിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ ഡോ. എസ് ജയ്‌ശങ്കർ, ശ്രീ സർബാനന്ദ സോനോവാൾ, ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ, കേന്ദ്രസഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
അസമിലെ തേയില ഗോത്ര സമൂഹങ്ങളുടെ നാടോടി നൃത്തമാണു ഝുമോയിർ നൃത്തം. ഈ നൃത്തം ചെയ്യുന്ന 8000 കലാകാരന്മാർ പങ്കെടുക്കുന്ന മനോഹരമായ സാംസ്കാരികോത്സവമാണു ‘ഝുമോയിർ ബിനന്ദിനി (ബൃഹദ് ഝുമോയിർ) 2025’. ഇത് ഉൾക്കൊള്ളൽ, ഐക്യം, സാംസ്കാരിക അഭിമാനം എന്നിവയുടെ മനോഭാവം പ്രതിഫലിപ്പിക്കുകയും സമന്വയം പ്രോത്സാഹിപ്പിക്കുന്ന അസമിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. ബൃഹദ് ഝുമോയിർ പരിപാടി തേയിലവ്യവസായത്തിന്റെ 200 വർഷത്തെയും അസമിലെ വ്യവസായവൽക്കരണത്തിന്റെ 200 വർഷത്തെയും പ്രതീകപ്പെടുത്തുന്നു.
Delighted to be amongst the wonderful people of Assam at the vibrant Jhumoir Binandini programme. Grateful for the warmth and affection. https://t.co/fER1Jfg2cf
— Narendra Modi (@narendramodi) February 24, 2025
***
SK