പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 98-ാം അഖില ഭാരതീയ മറാഠി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന മറാഠി ഭാഷയുടെ മഹത്തായ പരിപാടിയിലേക്ക് എല്ലാ മറാഠികളെയും അദ്ദേഹം സ്വാഗതം ചെയ്തു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഭാഷയിലോ പ്രദേശത്തിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ലെന്നും മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും സാംസ്കാരിക പൈതൃകവും സ്വാതന്ത്ര്യസമരത്തിന്റെ സത്തയും സമ്മേളനത്തിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1878-ലെ ആദ്യ പതിപ്പു മുതൽ ഇന്നുവരെയുള്ള അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഇന്ത്യയുടെ 147 വർഷത്തെ യാത്രയ്ക്കു സാക്ഷ്യം വഹിച്ചുവെന്നു പരാമർശിച്ച അദ്ദേഹം, ശ്രീ മഹാദേവ് ഗോവിന്ദ് റാനഡെ, ശ്രീ ഹരി നാരായൺ ആപ്‌ടെ, ശ്രീ മാധവ് ശ്രീഹരി അണെ, ശ്രീ ശിവറാം പരാഞ്ജ്‌പെ, ശ്രീ വീർ സാവർക്കർ തുടങ്ങിയ നിരവധി പ്രതിഭകൾ സമ്മേളനത്തിനു നേതൃത്വം നൽകിയിട്ടുണ്ടെന്നു പറഞ്ഞു. ഈ അഭിമാനകരമായ പാരമ്പര്യത്തിന്റെ ഭാഗമാകാൻ ശ്രീ ശരദ് പവാർ ക്ഷണിച്ചതിൽ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാ മറാഠിപ്രേമികളെയും ഈ പരിപാടിയുടെ പേരിൽ ആശംസകൾ അറിയിച്ചു.
ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാദിനമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മറാഠി ഭാഷയെക്കുറിച്ചു ചിന്തിക്കുമ്പോൾ ജ്ഞാനേശ്വര മഹർഷിയുടെ വാക്യങ്ങൾ ഓർമ വരുന്നതു സ്വാഭാവികമാണെന്ന് അഭിപ്രായപ്പെട്ടു. ജ്ഞാനേശ്വര മഹർഷിയുടെ വാക്യം ചൊല്ലി, മറാഠി ഭാഷ അമൃതിനേക്കാൾ മധുരമുള്ളതാണെന്നും അതിനാൽ മറാഠി ഭാഷയോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും വളരെ വലുതാണെന്നും ശ്രീ മോദി വിശദീകരിച്ചു. മറാഠി പണ്ഡിതരെപ്പോലെ പ്രാവീണ്യമില്ലായിരുന്നെങ്കിലും, മറാഠി പഠിക്കാൻ താൻ എപ്പോഴും നിരന്തരം ശ്രമിക്കുന്നുവെന്നു പ്രധാനമന്ത്രി വിനയപൂർവം പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികം, പുണ്യശ്ലോക് അഹില്യബായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികം, ബാബാസാഹേബ് അംബേദ്കറുടെ പരിശ്രമത്തിലൂടെ സൃഷ്ടിക്കപ്പെട്ട നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം എന്നിവയ്ക്കു രാജ്യം സാക്ഷ്യം വഹിക്കുന്ന സുപ്രധാന സമയത്താണു സമ്മേളനം നടക്കുന്നതെന്നു ശ്രീ മോദി പറഞ്ഞു. ഒരു നൂറ്റാണ്ടുമുമ്പ്, മഹാരാഷ്ട്രയുടെ മണ്ണിൽ പ്രമുഖനായ മറാഠി വ്യക്തി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) വിത്തുകൾ വിതച്ചതിൽ അഭിമാനം പ്രകടിപ്പിച്ച ശ്രീ മോദി, ഇന്ന് അതു വിശാലമായ വൃക്ഷമായി വളർന്ന് അതിന്റെ ശതാബ്ദിവർഷം ആഘോഷിക്കുന്നുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ 100 വർഷമായി, വേദങ്ങൾമുതൽ വിവേകാനന്ദൻവരെയുള്ള ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്കാരവും ആർഎസ്‌എസ് സാംസ്കാരികശ്രമങ്ങളിലൂടെ പുതിയ തലമുറയിലേക്കു കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിനുവേണ്ടി ജീവിക്കാൻ കഴിഞ്ഞത്, ലക്ഷക്കണക്കിനുപേർക്കൊപ്പം തനിക്കും ലഭിച്ച ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മറാഠി ഭാഷയുമായും പാരമ്പര്യവുമായും ബന്ധപ്പെടാൻ ആർഎസ്‌എസിലൂടെയാണ് തനിക്ക് അവസരം ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് മറാഠിക്ക് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായും ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറാഠി സംസാരിക്കുന്ന 12 കോടിയിലധികംപേർ പതിറ്റാണ്ടുകളായി ഈ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദൗത്യം നിർവഹിക്കാൻ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു.
“ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല, നമ്മുടെ സംസ്കാരത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഒന്നാണത്” – പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. ഭാഷകൾ ജനിക്കുമ്പോൾ തന്നെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെയും രാജ്യത്തെയും നിരവധി വ്യക്തികളുടെ ചിന്തകൾക്ക് മറാഠി ആവിഷ്കാരം നൽകിയിട്ടുണ്ടെന്നും, നമ്മുടെ സാംസ്കാരിക വികസനത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മറാഠി ഒരു സമ്പൂർണ ഭാഷയാണ്. അതു ധീരത, സൗന്ദര്യം, സംവേദനക്ഷമത, സമത്വം, ഐക്യം, ആത്മീയത, ആധുനികത എന്നിവ ഉൾക്കൊള്ളുന്നു” – മറാഠി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സമർഥ് രാംദാസ് ജിയുടെ വാക്കുകൾ ഉദ്ധരിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠിയിൽ ഭക്തി, ശക്തി, ബുദ്ധി എന്നിവ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് ആത്മീയ ഊർജം ആവശ്യമുള്ളപ്പോൾ, മഹാരാഷ്ട്രയിലെ മഹദ്‌സന്ന്യാസിമാർ ഋഷിമാരുടെ ജ്ഞാനം മറാഠിയിൽ ലഭ്യമാക്കിയതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. മറാഠിയിലെ ഭക്തിപ്രസ്ഥാനത്തിലൂടെ സമൂഹത്തിനു പുതിയ ദിശാബോധമേകിയ ജ്ഞാനേശ്വര മഹർഷി, തുക്കാറാം മഹർഷി, രാംദാസ് മഹർഷി, നാംദേവ് മഹർഷി, തുക്ഡോജി മഹാരാജ് മഹർഷി, ഗാഡ്ഗെ ബാബ, ഗോര കുംഭാർ, ബഹിണാബായി എന്നിവരുടെ സംഭാവനകൾ അദ്ദേഹം എടുത്തുകാട്ടി. ആധുനിക കാലത്ത്, ശ്രീ ഗജാനൻ ദിഗംബർ മാഡ്‌ഗുൽക്കറുടെയും ശ്രീ സുധീർ ഫഡ്കെയുടെയും ഗീത് രാമായണത്തിന്റെ സ്വാധീനവും പ്രധാനമന്ത്രി എടുത്തുകാട്ടി.
നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിന്റെ കാലത്ത്, മറാഠി ഭാഷ അധിനിവേശ ശക്തികളിൽനിന്നുള്ള മോചനത്തിന്റെ വിളംബരമായി മാറിയെന്നു പറഞ്ഞ പ്രധാനമന്ത്രി, ശത്രുക്കളെ ശക്തമായി എതിർത്ത ഛത്രപതി ശിവാജി മഹാരാജ്, സംഭാജി മഹാരാജ്, ബാജിറാവു പേഷ്വ തുടങ്ങിയ മറാഠാ യോദ്ധാക്കളുടെ വീര്യത്തെക്കുറിച്ചും പരാമർശിച്ചു. സ്വാതന്ത്ര്യസമരത്തിൽ, വാസുദേവ്ബൽവന്ത് ഫഡ്കെ, ലോകമാന്യ തിലക്, വീർ സാവർക്കർ തുടങ്ങിയ പോരാളികൾ ബ്രിട്ടീഷുകാരെ തകർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ സംഭാവനകളിൽ മറാഠി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസരിയും മറാത്തയും പോലുള്ള പത്രങ്ങൾ, കവി ഗോവിന്ദാഗ്രജിന്റെ കരുത്തുറ്റ കവിതകൾ, രാം ഗണേഷ് ഗഡ്കരിയുടെ നാടകങ്ങൾ എന്നിവ ദേശീയതയുടെ ചൈതന്യത്തെ പരിപോഷിപ്പിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ലോകമാന്യ തിലക് മറാഠിയിൽ ഗീതാരഹസ്യം എഴുതിയതായും അതു രാജ്യത്തുടനീളം പുതിയ ഊർജം പകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മറാഠി ഭാഷയും സാഹിത്യവും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങൾക്കു സാമൂഹ്യവിമോചനത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു” – ശ്രീ മോദി പറഞ്ഞു. ജോതിബ ഫുലെ, സാവിത്രീബായി ഫുലെ, മഹർഷി കർവെ, ബാബാസാഹേബ് അംബേദ്കർ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളും മറാഠിയിൽ നവയുഗ ചിന്തയെ വളർത്തിയെടുത്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറാഠി ഭാഷ രാജ്യത്തിന് സമ്പന്നമായ ദളിത് സാഹിത്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക ചിന്താഗതി കാരണം മറാഠി സാഹിത്യം ശാസ്ത്രകഥാസാഹിത്യവും സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ആയുർവേദം, ശാസ്ത്രം, യുക്തി എന്നിവയിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ച ശ്രീ മോദി, ഈ സംസ്കാരം എല്ലായ്പ്പോഴും പുതിയ ആശയങ്ങളെയും കഴിവുകളെയും ക്ഷണിച്ചിട്ടുണ്ടെന്നും അത് മഹാരാഷ്ട്രയുടെ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ സാമ്പത്തിക തലസ്ഥാനമായി മുംബൈ ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയെക്കുറിച്ച് പറയുമ്പോൾ, സിനിമകളെ പരാമർശിക്കാതെ സാഹിത്യത്തെക്കുറിച്ചുള്ള ചർച്ച പൂർത്തിയാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സിനിമകളെയും ഹിന്ദി സിനിമയെയും ഉയർത്തിക്കാട്ടിയത് മഹാരാഷ്ട്രയും മുംബൈയുമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശിവാജി സാവന്തിന്റെ മറാഠി നോവലിലൂടെ സംഭാജി മഹാരാജിന്റെ വീര്യം പരിചയപ്പെടുത്തിയ ‘ഛാവ’ എന്ന സിനിമ ഇപ്പോൾ നേടുന്ന ജനപ്രീതി അദ്ദേഹം ചൂണ്ടിക്കാട്ടി.
കവി കേശവ്സുതിന്റെ വാക്കുകൾ ഉദ്ധരിച്ച്, പഴയ ചിന്തകളിൽ സ്തംഭിച്ചു നിൽക്കാൻ കഴിയില്ലെന്നും മനുഷ്യ നാഗരികതയും ചിന്തകളും ഭാഷയും നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നാണെന്നും അതു നിരന്തരം പരിണമിച്ചുവെന്നും പുതിയ ആശയങ്ങൾ സ്വീകരിച്ചുവെന്നും മാറ്റങ്ങളെ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിശാലമായ ഭാഷാ വൈവിധ്യം ഈ പരിണാമത്തിന്റെ തെളിവാണെന്നും ഐക്യത്തിനുള്ള അടിത്തറയായി വർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിവേചനമില്ലാതെ തന്റെ കുട്ടികൾക്ക് പുതിയതും വിശാലവുമായ അറിവ് നൽകുന്ന അമ്മയുമായി ഭാഷയെ താരതമ്യം ചെയ്ത്, മറാഠി ഈ വൈവിധ്യത്തിന് ഉദാഹരണമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഭാഷ എല്ലാ ആശയങ്ങളെയും എല്ലാ വികാസങ്ങളെയും സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറാഠി സംസ്കൃതത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നും പ്രാകൃതഭാഷയിൽനിന്ന് കാര്യമായ സ്വാധീനമുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. മനുഷ്യചിന്തയെ വിശാലമാക്കിയ മഹദ്‌ചിന്തകരുടെയും എഴുത്തുകാരുടെയും സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. സംസ്കൃത ഗീതയെ വ്യാഖ്യാനിക്കുകയും മറാഠിയിലൂടെ അത് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്ത ലോകമാന്യ തിലകിന്റെ ഗീതാരഹസ്യം അദ്ദേഹം പരാമർശിച്ചു. സംസ്കൃതത്തെക്കുറിച്ചുള്ള മറാഠി വ്യാഖ്യാനത്തോടുകൂടിയ ജ്ഞാനേശ്വരി ഗീത പണ്ഡിതർക്കും സന്ന്യാസിമാർക്കും ഗീത മനസ്സിലാക്കുന്നതിനുള്ള മാനദണ്ഡമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. മറാഠി മറ്റ് ഇന്ത്യൻ ഭാഷകളാൽ സമ്പുഷ്ടമാക്കപ്പെടുകയും അവയെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ആനന്ദമഠം’ പോലുള്ള കൃതികൾ മറാഠിയിലേക്ക് വിവർത്തനം ചെയ്ത ഭാർഗവ്‌റാം വിഠ്ഠൽ വർരേക്കർ, പന്ന ധായിയുടെയും ദുർഗ്ഗാവതിയുടെയും റാണി പദ്മിനിയുടെയും ജീവിതം അടിസ്ഥാനമാക്കിയുള്ള കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വിന്ദ കരന്ദീക്കർ തുടങ്ങിയ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യൻ ഭാഷകൾക്ക് ഒരിക്കലും പരസ്പര ശത്രുത ഉണ്ടായിരുന്നില്ല; പകരം, അവർ എല്ലായ്പ്പോഴും പരസ്പരം സ്വീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്തു” – അദ്ദേഹം പറഞ്ഞു.
ഭാഷയുടെ പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ നമ്മുടെ ഭാഷകളുടെ പൊതുവായ പൈതൃകം പ്രതിരോധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭാഷകളെ സമ്പന്നമാക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തിന് ഊന്നൽ നൽകി. അത്തരം തെറ്റിദ്ധാരണകളിൽ നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് രാജ്യത്തെ എല്ലാ ഭാഷകളെയും മുഖ്യധാരാ ഭാഷകളായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറാഠി ഉൾപ്പെടെ എല്ലാ പ്രധാന ഭാഷകളിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ യുവാക്കൾക്ക് ഇപ്പോൾ മറാഠിയിൽ ഉന്നത വിദ്യാഭ്യാസവും എൻജിനിയറിങ്- വൈദ്യശാസ്ത്ര പഠനങ്ങളും നടത്താൻ കഴിയുമെന്ന് ശ്രീ മോദി പരാമർശിച്ചു. ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ അഭാവം പ്രതിഭകളെ അവഗണിക്കുന്ന മനോഭാവം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“സാഹിത്യം സമൂഹത്തിന് കണ്ണാടിയും വഴികാട്ടിയുമാണ്” – ശ്രീ മോദി പറഞ്ഞു. രാജ്യത്തെ സാഹിത്യസമ്മേളനത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഗോവിന്ദ് റാനഡെ, ഹരിനാരായണൻ ആപ്ടെ, ആചാര്യ അത്രെ, വീർ സാവർക്കർ തുടങ്ങിയ മഹാരഥർ സ്ഥാപിച്ച ആദർശങ്ങൾ അഖില ഭാരതീയ മറാഠി സാഹിത്യ മഹാമണ്ഡലം മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2027-ൽ സാഹിത്യ സമ്മേളനത്തിന്റെ പാരമ്പര്യം 150 വർഷം പൂർത്തിയാക്കുമെന്നും അത് നൂറാമത് സാഹിത്യ സമ്മേളനത്തെ അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അവസരത്തെ സവിശേഷമാക്കാനും ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കാനും അദ്ദേഹം എല്ലാവരോടും അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മറാഠി സാഹിത്യത്തെ സേവിക്കുന്ന നിരവധി യുവാക്കളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ കഴിവുകൾ തിരിച്ചറിയാൻ അവർക്ക് വേദി നൽകുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഭാഷിണി പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സംരംഭങ്ങളിലൂടെയും മറാഠി പഠനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. യുവാക്കൾക്കിടയിൽ മറാഠി ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിക്കാൻ അദ്ദേഹം നിർദേശിച്ചു. മറാഠി സാഹിത്യത്തിൽ നിന്നുള്ള ഈ ശ്രമങ്ങളും പ്രചോദനങ്ങളും വികസിത ഭാരതത്തിനായി 140 കോടി പൗരന്മാരെ ഊർജസ്വലരാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാദേവ് ഗോവിന്ദ് റാനഡെ, ഹരിനാരായണൻ ആപ്‌ടെ, മാധവ് ശ്രീഹരി അണെ, ശിവറാം പരാഞ്ജ്പെ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ മഹത്തായ പാരമ്പര്യം തുടരാൻ എല്ലാവരോടും അഭ്യർത്ഥിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ്; പാർലമെന്റ് അംഗം (രാജ്യസഭ) ശ്രീ ശരദ് പവാർ; 98-ാമത് സമ്മേളനത്തിന്റെ അധ്യക്ഷ ഡോ. താര ഭവാൽക്കർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഫെബ്രുവരി 21 മുതൽ 23 വരെ നടക്കുന്ന 98-ാമത് അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനത്തിൽ വൈവിധ്യമാർന്ന പാനൽ ചർച്ചകൾ, പുസ്തക പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രമുഖ സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മറാഠി സാഹിത്യത്തിന്റെ കാലാതീതമായ പ്രസക്തിയെ ആഘോഷിക്കുന്ന സമ്മേളനത്തിൽ ഭാഷാ സംരക്ഷണം, വിവർത്തനം, സാഹിത്യകൃതികളിൽ ഡിജിറ്റലൈസേഷന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ നടക്കുന്ന സംവാദങ്ങളിലൂടെ അതിന്റെ സമകാലിക പ്രസക്തി പര്യവേക്ഷണം ചെയ്യും.
71 വർഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് നടക്കുന്ന മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുണെയിൽനിന്ന് ഡൽഹിയിലക്ക് പ്രതീകാത്മക സാഹിത്യ ട്രെയിൻ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ ഐക്യത്തിന്റെ ചൈതന്യം പ്രകടമാക്കുന്ന ട്രെയിൻ യാത്രയിൽ 1200 പേരുടെ പങ്കാളിത്തമുണ്ട്. 2600-ലധികം കവിതാ സമർപ്പണങ്ങൾ, 50 പുസ്തക പ്രകാശനങ്ങൾ, 100 പുസ്തക സ്റ്റാളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള വിശിഷ്ട പണ്ഡിതർ, എഴുത്തുകാർ, കവികൾ, സാഹിത്യപ്രേമികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
Addressing the 98th Akhil Bharatiya Marathi Sahitya Sammelan in New Delhi. https://t.co/AgVAi7GVGj
— Narendra Modi (@narendramodi) February 21, 2025
हमारी भाषा हमारी संस्कृति की संवाहक होती है: PM @narendramodi pic.twitter.com/UwwMwurkyN
— PMO India (@PMOIndia) February 21, 2025
मराठी एक सम्पूर्ण भाषा है। pic.twitter.com/ROhES7EjcX
— PMO India (@PMOIndia) February 21, 2025
महाराष्ट्र के कितने ही संतों ने भक्ति आंदोलन के जरिए मराठी भाषा में समाज को नई दिशा दिखाई: PM @narendramodi pic.twitter.com/WttQQLtz83
— PMO India (@PMOIndia) February 21, 2025
भारतीय भाषाओं में कभी कोई आपसी वैर नहीं रहा। pic.twitter.com/QeaFNFHQsd
— PMO India (@PMOIndia) February 21, 2025
***
SK