പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ്” – ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
“ഇന്ന് 120-ലധികം രാജ്യങ്ങൾ ഭാരത് ടെക്സിൽ പങ്കെടുക്കുന്നു” – ശ്രീ മോദി പറഞ്ഞു. ഓരോ പ്രദർശകനും 120-ലധികം രാജ്യങ്ങളുമായി ഇടപെടാൻ കഴിയുമെന്നും അത് അവരുടെ ബിസിനസ്സ് പ്രാദേശികതലത്തിൽ നിന്ന് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വിപണികൾ തേടുന്ന സംരംഭകർക്ക് വിവിധ ആഗോള വിപണികളുടെ സാംസ്കാരിക ആവശ്യങ്ങളെക്കുറിച്ച് മികച്ച പരിചയം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രദർശനം സന്ദർശിച്ചത് അനുസ്മരിച്ച അദ്ദേഹം, നിരവധി സ്റ്റാളുകൾ സന്ദർശിക്കുകയും സംരംഭകരുമായി സംവദിക്കുകയും ചെയ്തതായി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഭാരത് ടെക്സിൽ ചേർന്നതിന്റെ അനുഭവങ്ങൾ പലരും പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെ വലിയ തോതിൽ സ്വന്തമാക്കുകയും അവരുടെ ബിസിനസ്സ് വികസിപ്പിക്കുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടി. ഈ പരിപാടി ടെക്സ്റ്റൈൽ മേഖലയിലെ നിക്ഷേപങ്ങൾ, കയറ്റുമതി, മൊത്തത്തിലുള്ള വളർച്ച എന്നിവയെ ഗണ്യമായി ഉത്തേജിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ടെക്സ്റ്റൈൽ മേഖലയിലെ സംരംഭകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അതുവഴി തൊഴിലവസരങ്ങളും മറ്റും സൃഷ്ടിക്കുന്നതിനും കച്ചവടം വികസിപ്പിക്കാൻ സഹായിക്കണമെന്ന് ശ്രീ മോദി ബാങ്കിങ് മേഖലയോട് അഭ്യർത്ഥിച്ചു.
“ഭാരത് ടെക്സ് നമ്മുടെ പരമ്പരാഗത വസ്ത്രങ്ങളിലൂടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്നു”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും ഇന്ത്യയിൽ പരമ്പരാഗത വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖ്‌നൗവി ചികൻകാരി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ബാന്ധനി, ഗുജറാത്തിൽ നിന്നുള്ള പടോള, വാരാണസിയിൽ നിന്നുള്ള ബനാറസി പട്ട്, തെക്ക് നിന്നുള്ള കാഞ്ചീവരം പട്ട്, ജമ്മു കശ്മീരിൽ നിന്നുള്ള പശ്മിന തുടങ്ങിയ വിവിധ തരം വസ്ത്രങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. നമ്മുടെ തുണിവ്യവസായത്തിന്റെ വൈവിധ്യവും തനിമയും പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുമുള്ള പരിപാടികൾക്ക് ഇത് ഉചിതമായ സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൃഷിയിടം, നാര്, തുണിത്തരങ്ങൾ, ഫാഷൻ, വിദേശം എന്നിങ്ങനെ തുണിവ്യവസായത്തിന്റെ അഞ്ച് ഘടകങ്ങൾ കഴിഞ്ഞ വർഷം ചർച്ച ചെയ്തതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ കാഴ്ചപ്പാട് ഇന്ത്യക്കു ദൗത്യമായി മാറുകയാണെന്നും കർഷകർ, നെയ്ത്തുകാർ, രൂപകൽപ്പന ചെയ്യുന്നവർ, വ്യാപാരികൾ എന്നിവർക്ക് പുതിയ വളർച്ചാ വഴികൾ തുറക്കുമെന്നും അഭിപ്രായപ്പെട്ടു. “കഴിഞ്ഞ വർഷം തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ ഇന്ത്യ 7% വർധനയാണു ദർശിച്ചത്. ഇപ്പോൾ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഇന്ത്യ” – അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തുണിത്തര കയറ്റുമതി 3 ലക്ഷം കോടി രൂപയിലെത്തിയെന്നും 2030 ഓടെ ഇത് 9 ലക്ഷം കോടി രൂപയായി ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ ശ്രമങ്ങളുടെയും നയങ്ങളുടെയും ഫലമാണ് തുണിത്തര മേഖലയിലെ വിജയം എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ തുണിത്തര മേഖലയിലെ വിദേശ നിക്ഷേപം ഇരട്ടിയായി എന്ന് വ്യക്തമാക്കി. “രാജ്യത്തെ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് തുണിത്തര വ്യവസായം. ഇത് ഇന്ത്യയുടെ ഉൽപ്പാദനമേഖലയിലേക്ക് 11% സംഭാവന ചെയ്യുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ മാനുഫാക്ചറിംഗ് പദ്ധതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിക്ഷേപങ്ങളും വളർച്ചയും കോടിക്കണക്കിന് തുണിത്തര തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ തുണിത്തര മേഖലയുടെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതും സാധ്യതകൾ മനസ്സിലാക്കുന്നതും ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിലെ ശ്രമങ്ങളും നയങ്ങളും ഈ വർഷത്തെ ബജറ്റിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിശ്വസനീയമായ പരുത്തി വിതരണം ഉറപ്പാക്കുന്നതിനും ഇന്ത്യൻ പരുത്തിയെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുന്നതിനും മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിനും, പരുത്തി ഉൽപ്പാദനക്ഷമതയ്ക്കുള്ള ദൗത്യം പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക തുണിത്തരങ്ങൾ പോലുള്ള വളർന്നുവരുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും തദ്ദേശീയ കാർബൺ ഫൈബറും അതിന്റെ ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉയർന്ന നിലവാരമുള്ള കാർബൺ ഫൈബർ നിർമ്മിക്കുന്നതിലേക്ക് ഇന്ത്യ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, തുണിത്തര മേഖലയ്ക്ക് ആവശ്യമായ നയപരമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഈ വർഷത്തെ ബജറ്റിൽ എംഎസ്എംഇകളുടെ വർഗ്ഗീകരണ മാനദണ്ഡങ്ങളുടെ വിപുലീകരണവും വായ്പ ലഭ്യത വർദ്ധിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. എംഎസ്എംഇകളിൽ നിന്ന് 80% സംഭാവനയുള്ള ടെക്സ്റ്റൈൽ മേഖലയ്ക്ക് ഈ നടപടികൾ വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“ഏതൊരു മേഖലയും മികവ് പുലർത്തുന്നത് വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയുള്ളപ്പോൾ ആണ്; ടെക്സ്റ്റൈൽ വ്യവസായത്തിലും വൈദഗ്ദ്ധ്യം നിർണായക പങ്ക് വഹിക്കുന്നു” – ശ്രീ മോദി പറഞ്ഞു. വൈദഗ്ധ്യമുള്ള പ്രതിഭാസഞ്ചയം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്ത്, നൈപുണ്യ വികസനത്തിനായുള്ള മികവിന്റെ ദേശീയ കേന്ദ്രങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. മൂല്യ ശൃംഖലയ്ക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ സമർഥ് പദ്ധതി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. സാങ്കേതികവിദ്യയുടെ യുഗത്തിൽ കൈത്തറി കരകൗശലവിദ്യയുടെ ആധികാരികത നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. കൈത്തറി കരകൗശല വിദഗ്ധരുടെ കഴിവുകളും അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണികളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനിടയിൽ, കൈത്തറി പ്രോത്സാഹിപ്പിക്കുന്നതിനായി 2400-ലധികം വലിയ വിപണന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു. കൈത്തറി ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ഇത് ആയിരക്കണക്കിന് കൈത്തറി ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാൻ കാരണമായി. കൈത്തറി ഉൽപ്പന്നങ്ങൾക്ക് ജിഐ ടാഗിങ്ങിന്റെ പ്രധാന നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഭാരത് ടെക്സ് പരിപാടിയിൽ ടെക്സ്റ്റൈൽസ് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചത് ടെക്സ്റ്റൈൽ മേഖലയ്ക്കായി യുവജനങ്ങളിൽ നിന്ന് നൂതനമായ സുസ്ഥിര പരിഹാരങ്ങൾ കൊണ്ടുവന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യമെമ്പാടുമുള്ള യുവ പങ്കാളികൾ ഈ ചലഞ്ചിൽ സജീവമായി പങ്കെടുത്തതായും വിജയികളെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതായും ചൂണ്ടിക്കാട്ടി. യുവാക്കളായ ഈ നൂതനാശയ ഉപജ്ഞാതാക്കളെ പിന്തുണയ്ക്കാൻ തയ്യാറുള്ള സ്റ്റാർട്ടപ്പുകളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് സ്റ്റാർട്ടപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പിച്ച് ഫെസ്റ്റിന് ഐഐടി മദ്രാസ്, അടൽ ഇന്നൊവേഷൻ മിഷൻ, നിരവധി പ്രമുഖ സ്വകാര്യ ടെക്സ്റ്റൈൽ സംഘടനകൾ എന്നിവയുടെ പിന്തുണ അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ടെക്നോ-ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പുകൾ മുന്നോട്ട് കൊണ്ടുവരാനും പുതിയ ആശയങ്ങളിൽ പ്രവർത്തിക്കാനും ശ്രീ മോദി യുവാക്കളെ പ്രോത്സാഹിപ്പിച്ചു. പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് ടെക്സ്റ്റൈൽ വ്യവസായത്തിന് ഐഐടികൾ പോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആധുനിക ഫാഷൻ പ്രവണതകൾക്കൊപ്പം പരമ്പരാഗത വസ്ത്രധാരണത്തെയും പുതിയ തലമുറ കൂടുതൽ വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതിനാൽ, ആഗോളതലത്തിൽ പുതിയ തലമുറയെ ആകർഷിക്കുന്നതിനായി പാരമ്പര്യത്തെ നവീകരണവുമായി സംയോജിപ്പിക്കേണ്ടതിന്റെയും പരമ്പരാഗത വസ്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ പുറത്തിറക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ പ്രവണതകൾ കണ്ടെത്തുന്നതിലും പുതിയ ശൈലികൾ സൃഷ്ടിക്കുന്നതിലും സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു, ഇതിൽ നിർമിതബുദ്ധി പ്രധാന പങ്ക് വഹിക്കുന്നു. പരമ്പരാഗത ഖാദി പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ തന്നെ, ഫാഷൻ ട്രെൻഡുകളും നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ പോർബന്ദറിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത് ‘രാഷ്ട്രത്തിനായുള്ള ഖാദി’ എന്ന നിലയിലായിരുന്നു ഖാദി. എന്നാൽ ഇപ്പോൾ അത് ‘ഫാഷനായുള്ള ഖാദി’ എന്നായിരിക്കണമെന്നു പരാമർശിച്ച ശ്രീ മോദി, ഖാദിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായി അറിയപ്പെടുന്ന പാരീസിലേക്കുള്ള തന്റെ സമീപകാല സന്ദർശനത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിൽ സുപ്രധാന പങ്കാളിത്തങ്ങൾ രൂപപ്പെട്ട കാര്യം ശ്രീ മോദി പങ്കുവെച്ചു.പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഫാഷൻ ലോകത്തെയും സ്വാധീനിക്കുന്ന സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ആഗോള ധാരണയ്ക്ക് ഊന്നൽ നൽകിയതായും അദ്ദേഹം എടുത്തുപറഞ്ഞു. “ലോകം പരിസ്ഥിതിക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള ഫാഷൻ എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നു, ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ നേതൃത്വം നൽകാൻ കഴിയും” എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഖാദി, ഗോത്രജനത നിർമിക്കുന്ന തുണിത്തരങ്ങൾ, പ്രകൃതിദത്ത ചായങ്ങളുടെ ഉപയോഗം തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, സുസ്ഥിരത എല്ലായ്പ്പോഴും ഇന്ത്യൻ തുണിത്തര പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരമ്പരാഗത സുസ്ഥിര സാങ്കേതിക വിദ്യകൾ ഇപ്പോൾ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നുണ്ടെന്നും, ഇത് കരകൗശല വിദഗ്ധർക്കും, നെയ്ത്തുകാർക്കും, വ്യവസായവുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇന്ത്യ അഭിവൃദ്ധിയുടെ കൊടുമുടിയിൽ ആയിരുന്നപ്പോൾ, തുണിത്തര വ്യവസായം ആ അഭിവൃദ്ധിയിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പുരോഗമിക്കുമ്പോൾ, തുണിത്തരങ്ങൾ വീണ്ടും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭാരത് ടെക്സ് പോലുള്ള പരിപാടികൾ ഈ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പരിപാടി എല്ലാ വർഷവും പുതിയ വിജയ റെക്കോർഡുകൾ സൃഷ്ടിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ്
അദ്ദേഹം തന്റെ പ്രസംഗം ഉപസഹരിച്ചത്
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഫെബ്രുവരി 14 മുതൽ 17 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബൃഹദ് ആഗോള പരിപാടിയായ ഭാരത് ടെക്സ് 2025, അസംസ്കൃത വസ്തുക്കൾ മുതൽ നിർമ്മിത ഉൽപ്പന്നങ്ങൾ വരെയുള്ള മുഴുവൻ തുണിത്തരങ്ങളുടെയും മൂല്യ ശൃംഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സവിശേഷ പരിപാടിയാണ്.
ടെക്സ്റ്റൈൽ വ്യവസായത്തിലെ ഏറ്റവും വലുതും സമഗ്രവുമായ പരിപാടിയായ ഭാരത് ടെക്സിൽ, രണ്ട് വേദികളിലായി മുഴുവൻ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയും പ്രദർശിപ്പിക്കുന്ന ഒരു മെഗാ എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട് . 70-ലധികം സമ്മേളന സെഷനുകൾ, റൗണ്ട് ടേബിളുകൾ, പാനൽ ചർച്ചകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ആഗോളതല സമ്മേളനവും പ്രത്യേക നൂതനാശയ- സ്റ്റാർട്ടപ്പ് പവലിയനുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനവും ഇതിന്റെ ഭാഗമാണ്. ഹാക്കത്തോണുകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റ്, ഇന്നൊവേഷൻ ഫെസ്റ്റുകൾ, പ്രമുഖ നിക്ഷേപകർ വഴി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന ടെക് ടാങ്കുകൾ, ഡിസൈൻ ചാലഞ്ചെസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഭാരത് ടെക്സ് 2025, നയആസൂത്രകരെയും ആഗോള സിഇഒമാരെയും 5000-ത്തിലധികം പ്രദർശകർ, 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6000 ഓളം അന്താരാഷ്ട്ര ഉപഭോക്താക്കൾ എന്നിവർക്ക് പുറമെ വിവിധ സന്ദർശകരെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്റർനാഷണൽ ടെക്സ്റ്റൈൽ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ (ITMF), ഇന്റർനാഷണൽ കോട്ടൺ അഡ്വൈസറി കമ്മിറ്റി (ICAC), EURATEX, ടെക്സ്റ്റൈൽ എക്സ്ചേഞ്ച്, യുഎസ് ഫാഷൻ ഇൻഡസ്ട്രി അസോസിയേഷൻ (USFIA) എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 25-ലധികം പ്രമുഖ ആഗോള ടെക്സ്റ്റൈൽ വിഭാഗങ്ങളും സംഘടനകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
***
SK
Earlier today, attended #BharatTex2025, which showcases India’s textile diversity. I talked about the strong potential of the textiles sector and highlighted our Government’s efforts to support the sector. pic.twitter.com/ah0ANZMCN1
— Narendra Modi (@narendramodi) February 16, 2025