പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ‘ET നൗ ആഗോള വ്യവസായ ഉച്ചകോടി 2025’നെ അഭിസംബോധന ചെയ്തു. കഴിഞ്ഞ തവണ ‘ET നൗ ഉച്ചകോടി’യിൽ, മൂന്നാം ഊഴത്തിൽ ഇന്ത്യ പുതിയ വേഗത്തിൽ പ്രവർത്തിക്കുമെന്നു വിനയപൂർവം പ്രസ്താവിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ഈ വേഗത ഇപ്പോൾ പ്രകടമാണെന്നും രാജ്യത്തുനിന്നു പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വികസിത ഭാരതത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കു വലിയ പിന്തുണ നൽകിയതിന് ഒഡിഷ, മഹാരാഷ്ട്ര, ഹരിയാണ, ന്യൂഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ രാജ്യത്തെ പൗരന്മാർ എങ്ങനെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു എന്നതിന്റെ അംഗീകാരമായാണ് ഇതിനെ അദ്ദേഹം വിലയിരുത്തിയത്.
“പ്രധാന രാജ്യങ്ങളോ ആഗോള വേദികളോ ഏതുമാകട്ടെ, അവയിലെല്ലാം ഇന്ന് ഇന്ത്യയിലുള്ള ആത്മവിശ്വാസം എന്നത്തേക്കാളും ശക്തമാണ്” – ഫ്രാൻസ്-അമേരിക്ക സന്ദർശനം കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയ ശ്രീ മോദി പറഞ്ഞു. പാരിസിൽ നടന്ന നിർമിതബുദ്ധി പ്രവർത്തന ഉച്ചകോടിയിലും ഈ വികാരം പ്രതിഫലിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, ആഗോള ഭാവിചർച്ചകളുടെ കേന്ദ്രബിന്ദുവാണ് ഇന്ത്യ; ചില കാര്യങ്ങളിൽ രാജ്യം മുന്നിലുമാണ്” – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ നടന്ന പരിഷ്കാരങ്ങളുടെ പുതിയ വിപ്ലവത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സമ്പദ്‌വ്യവസ്ഥകളിൽ ഇടംനേടിയെന്നു ശ്രീ മോദി പറഞ്ഞു. ഇതു വികസിത ഭാരതത്തിന്റെ വികസനവേഗതയെ സൂചിപ്പിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതു ജനങ്ങൾ ഉടൻ കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ പോലുള്ള യുവരാജ്യത്തിന് ആവശ്യമായ വേഗതയാണിതെന്നു പറഞ്ഞ അദ്ദേഹം, ഇന്ത്യ ഈ വേഗതയിൽ മുന്നോട്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടി.
കഠിനാധ്വാനം ചെയ്യാൻ ആഗ്രഹിക്കാത്ത മാനസികാവസ്ഥയോടെ മുൻ ഗവണ്മെന്റുകൾ പരിഷ്കാരങ്ങൾ ഒഴിവാക്കിയിരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യയിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ പൂർണബോധ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന പരിഷ്കാരങ്ങൾ രാജ്യത്തു കാര്യമായ മാറ്റങ്ങൾ എങ്ങനെ കൊണ്ടുവരുമെന്നു ചർച്ചചെയ്യുന്നതു വളരെ അപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശമനോഭാവത്തിന്റെ ഭാരത്തിൽ ജീവിക്കുന്നത് ഇന്ത്യയിൽ ശീലമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനുശേഷവും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകൾ മുന്നോട്ടുകൊണ്ടുപോകുന്നതു തുടർന്നു. ‘നീതി വൈകൽ എന്നാൽ നീതി നിഷേധിക്കലാണ്’ തുടങ്ങിയ വാക്യങ്ങൾ വളരെക്കാലമായി കേട്ടിരുന്നെങ്കിലും ഈ പ്രശ്നം പരിഹരിക്കുന്നതിനു വ്യക്തമായ നടപടികൾ സ്വീകരിച്ചില്ല. കാലക്രമേണ ജനങ്ങൾ ഇത്തരം കാര്യങ്ങളുമായി വളരെയധികം പൊരുത്തപ്പെട്ടതിനാൽ മാറ്റത്തിന്റെ ആവശ്യകത അവർ ശ്രദ്ധിച്ചില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. നല്ല കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കാൻ അനുവദിക്കാത്ത ആവാസവ്യവസ്ഥ നിലവിലുണ്ടെന്നും അത്തരം ചർച്ചകൾ തടയാൻ ഊർജം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിൽ, ക്രിയാത്മക കാര്യങ്ങളെക്കുറിച്ചു ചർച്ചകളും സംവാദങ്ങളും നടത്തേണ്ടതു നിർണായകമാണെന്നു ശ്രീ മോദി പറഞ്ഞു. എന്നിരുന്നാലും, നിഷേധാത്മക കാര്യങ്ങൾ പറയുന്നതോ നിഷേധാത്മകത പ്രചരിപ്പിക്കുന്നതോ ജനാധിപത്യപരമായി കണക്കാക്കപ്പെടുന്നുവെന്ന ആഖ്യാനം സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നും, അതേസമയം ക്രിയാത്മക കാര്യങ്ങൾ ചർച്ചചെയ്താൽ ജനാധിപത്യം ദുർബലമാണെന്നു മുദ്രകുത്തപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാനസികാവസ്ഥയിൽനിന്നു പുറത്തുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളനിവാഴ്ച ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ പൗരന്മാരെ ശിക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു 1860 മുതൽ അടുത്തകാലംവരെ ഇന്ത്യയിൽ നിലനിന്നിരുന്ന ശിക്ഷാ നിയമങ്ങൾ എന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ശിക്ഷയിൽ വേരൂന്നിയ സംവിധാനത്തിനു നീതി ലഭ്യമാക്കാൻ കഴിയില്ലെന്നും ഇതു വലിയ കാലതാമസത്തിലേക്കു നയിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഏഴെട്ടുമാസംമുമ്പു പുതിയ ഇന്ത്യൻ നീതിന്യായ സംവിധാനം നടപ്പാക്കിയശേഷം, ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, എഫ്‌ഐആറിൽനിന്നു ശിക്ഷയായ ജീവപര്യന്തം തടവു വിധിക്കുന്നതുവരെ, മൂന്നുപേരെ കൊലപ്പെടുത്തിയ കേസ് വെറും 14 ദിവസത്തിനുള്ളിൽ പരിഹരിച്ചു. അതുപോലെ, പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ കൊലപാതകക്കേസിന് 20 ദിവസത്തിനുള്ളിൽ പരിസമാപ്തിയായി. ഗുജറാത്തിൽ 2024 ഒക്ടോബർ ഒമ്പതിനു രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗക്കേസിൽ ഒക്ടോബർ 26നു കുറ്റപത്രം സമർപ്പിച്ചതായും കോടതിയിന്നു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിൽനിന്നുള്ള മറ്റൊരു ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെട്ട കുറ്റകൃത്യത്തിൽ, കുറ്റവാളിയെ കോടതി 25 വർഷം തടവിനു ശിക്ഷിച്ചു. കേസിൽ ഡിജിറ്റൽ തെളിവുകൾ നിർണായക പങ്കുവഹിച്ചു. മറ്റൊരു കേസിൽ, മുമ്പു മറ്റൊരു സംസ്ഥാനത്തു കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട ബലാത്സംഗ-കൊലപാതകക്കേസ് പ്രതിയെ കണ്ടെത്താൻ ഇ-പ്രിസൺ മൊഡ്യൂൾ സഹായിച്ചു. ഇത് അതിവേഗ അറസ്റ്റിലേക്കു നയിച്ചു. ഇപ്പോൾ പൗരന്മാർക്കു സമയബന്ധിതമായി നീതി ലഭിക്കുന്ന നിരവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വത്തവകാശവുമായി ബന്ധപ്പെട്ടു നടപ്പാക്കിയ പ്രധാന പരിഷ്കാരത്തെക്കുറിച്ചു പറയവേ, ഏതു രാജ്യത്തും സ്വത്തവകാശത്തിന്റെ അഭാവം പ്രധാന വെല്ലുവിളിയാണെന്നു സൂചിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പഠനം ശ്രീ മോദി പരാമർശിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾക്കു നിയമപരമായ സ്വത്തവകാശ രേഖകളില്ലെന്നും, സ്വത്തവകാശം ഉണ്ടായിരിക്കുന്നതു ദാരിദ്ര്യം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഗവണ്മെന്റുകൾക്ക് ഈ സങ്കീർണതകളെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ, അത്തരം വെല്ലുവിളി നിറഞ്ഞ ജോലികൾ ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമീപനം രാജ്യത്തെ കെട്ടിപ്പടുക്കുകയോ നയിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിത്വ യോജന ആരംഭിച്ചതായും രാജ്യത്തെ മൂന്നു ലക്ഷത്തിലധികം ഗ്രാമങ്ങൾ ഡ്രോൺ സർവേകൾക്കു വിധേയമാക്കിയതായും 2.25 കോടിയിലധികം പേർക്കു സ്വത്തവകാശപത്രികകൾ ലഭിച്ചതായും ശ്രീ മോദി പറഞ്ഞു. സ്വാമിത്വ യോജനയാൽ ഗ്രാമപ്രദേശങ്ങളിൽ 100 ലക്ഷം കോടി രൂപയുടെ വസ്തുവകകൾ തിരിച്ചറിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്വത്തു മുമ്പു നിലവിലുണ്ടായിരുന്നു; പക്ഷേ, സ്വത്തവകാശത്തിന്റെ അഭാവം കാരണം സാമ്പത്തിക വികസനത്തിന് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വത്തവകാശത്തിന്റെ അഭാവത്താൽ ഗ്രാമീണർക്കു ബാങ്കുകളിൽനിന്നു വായ്പ ലഭിച്ചിരുന്നില്ലെന്നു ശ്രീ മോദി പറഞ്ഞു. ഈ പ്രശ്നം ഇപ്പോൾ ശാശ്വതമായി പരിഹരിച്ചുവെന്നും ഇന്ന്, സ്വാമിത്വ യോജന സ്വത്തവകാശപത്രികകളിലൂടെ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്രദമാകുന്നുവെന്നു രാജ്യമെമ്പാടുനിന്നും നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വത്തവകാശപത്രിക ലഭിച്ച രാജസ്ഥാനിൽനിന്നുള്ള സ്ത്രീയുമായി അടുത്തിടെ നടത്തിയ സംഭാഷണം പ്രധാനമന്ത്രി പങ്കുവച്ചു. 20 വർഷമായി കുടുംബം ചെറിയ വീട്ടിലാണു താമസിക്കുന്നത്. സ്വത്തവകാശപത്രിക ലഭിച്ചശേഷം, ബാങ്കിൽനിന്ന് ഏകദേശം എട്ടു ലക്ഷം രൂപയുടെ വായ്പ അവർക്കു ലഭിച്ചു. ഈ പണം ഉപയോഗിച്ച് അവർ കട തുടങ്ങി. ഇപ്പോൾ ആ വരുമാനം കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനു സഹായിക്കുന്നു. മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സംഭവം വിവരിച്ച അദ്ദേഹം, ഒരു ഗ്രാമീണൻ സ്വത്തവകാശപത്രിക ഉപയോഗിച്ചു ബാങ്കിൽനിന്ന് 4.5 ലക്ഷം രൂപയുടെ വായ്പയെടുത്തു ഗതാഗതവ്യവസായത്തിനായി വാഹനം വാങ്ങിയതായി ചൂണ്ടിക്കാട്ടി. മറ്റൊരു ഗ്രാമത്തിൽ, കർഷകൻ ഭൂമിയിൽ ആധുനിക ജലസേചനസൗകര്യങ്ങൾ സ്ഥാപിക്കാൻ സ്വത്തവകാശപത്രിക ഈടായി നൽകി വായ്പയെടുത്തു. ഈ പരിഷ്കാരങ്ങളിലൂടെ ഗ്രാമങ്ങളും ദരിദ്രരും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തിയ നിരവധി ഉദാഹരണങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി. സാധാരണഗതിയിൽ പത്രങ്ങളിലും ടിവി ചാനലുകളിലും വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കാത്ത പരിഷ്കരണത്തിന്റെയും പ്രവർത്തനത്തിന്റെയും പരിവർത്തനത്തിന്റെയും യഥാർഥ ഗാഥകളാണിവയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സ്വാതന്ത്ര്യാനന്തരം, മോശം ഭരണം കാരണം രാജ്യത്തെ നിരവധി ജില്ലകൾ വികസനമില്ലാതെ കിടക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം അവയെ പിന്നാക്കം നിൽക്കുന്നതായി മുദ്രകുത്തി അഅവയെ വിധിക്ക് വിടുകയായിരുന്നുവെന്ന് പറഞ്ഞു. ആരും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകാതെ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളുടെ ഭാഗമായി അവിടേക്ക് നിയമിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “100-ലധികം ജില്ലകളെ വികസനം കാംക്ഷിക്കുന്ന ജില്ലകളായി പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ ഈ സമീപനം മാറ്റി”, പ്രധാനമന്ത്രി പറഞ്ഞു. സൂക്ഷ്മതലത്തിൽ ഭരണം മെച്ചപ്പെടുത്തുന്നതിനായി ഈ ജില്ലകളിലേക്ക് യുവ ഉദ്യോഗസ്ഥരെ അയക്കുകയും, ഈ ജില്ലകൾ പിന്നിലായതിന്റെ കാരണങ്ങൾ കണ്ടെത്തിക്കൊണ്ട് അവർ ദൗത്യ അടിസ്ഥാനത്തിൽ മുൻനിര ഗവണ്മെന്റ് പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, ഈ വികസനം കാംക്ഷിക്കുന്ന ജില്ലകളിൽ പലതും പ്രചോദനാത്മക ജില്ലകളായി മാറിയിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. 2018-ൽ അസമിലെ ബാർപേട്ടയിലെ പ്രാഥമിക വിദ്യാലയങ്ങളിൽ 26% മാത്രമേ ശരിയായ വിദ്യാർത്ഥി-അധ്യാപക അനുപാതം ഉണ്ടായിരുന്നുള്ളൂവെന്നും അത് ഇപ്പോൾ 100% ആയതായും ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി. ബീഹാറിലെ ബെഗുസാരായിയിൽ പൂരക പോഷകാഹാരം ലഭിക്കുന്ന ഗർഭിണികളുടെ എണ്ണം 21% ആയിരുന്നുവെന്നും യുപിയിലെ ചന്ദൗലിയിൽ ഇത് 14% ആയിരുന്നുവെന്നും, ഇന്ന് രണ്ട് ജില്ലകളും ഈ മേഖലയിൽ 100% വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ രോഗപ്രതിരോധ കാമ്പെയ്‌നുകളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുപിയിലെ ശ്രാവസ്തിയിൽ അത് 49% ൽ നിന്ന് 86% ആയി വർദ്ധിച്ചപ്പോൾ, തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഇത് 67% ൽ നിന്ന് 93% ആയി ഉയർന്നു. അത്തരം വിജയങ്ങൾ മനസ്സിലാക്കിക്കൊണ്ട് , രാജ്യത്തെ 500 ബ്ലോക്കുകൾ ഇപ്പോൾ അഭിലാഷ ബ്ലോക്കുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മേഖലകളിൽ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ പതിറ്റാണ്ടുകളുടെ ബിസിനസ് പരിചയത്തെ അംഗീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം അവരുടെ ആഗ്രഹങ്ങളുടെ പട്ടികയുടെ ഭാഗമായിരുന്നതെങ്ങനെയെന്ന് ഓർമ്മിപ്പിക്കുകയും കഴിഞ്ഞ 10 വർഷത്തിനിടയിൽ കൈവരിച്ച പുരോഗതി ഊന്നിപ്പറയുകയും ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയിലായിരുന്നുവെന്നും ബാങ്കിംഗ് സംവിധാനം ദുർബലമായിരുന്നുവെന്നും ബാങ്കിംഗ് സംവിധാനം ലഭ്യമല്ലാതിരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉണ്ടായിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. “ഏറ്റവും വെല്ലുവിളി നിറഞ്ഞ വായ്പാ ലഭ്യതയുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ”, അദ്ദേഹം കൂട്ടിച്ചേർത്തു. ” ബാങ്കിംഗ് സംവിധാനം ലഭ്യമല്ലാത്തവർക്ക് അത് ലഭ്യമാക്കുക, സുരക്ഷിതരല്ലാത്തവരെ സുരക്ഷിതരാക്കുക, ഫണ്ടില്ലാത്തവർക്ക് ധനസഹായം നൽകുക”, തുടങ്ങിയവയായിരുന്നു ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ തന്ത്രമെന്ന് ശ്രീ മോദി വിശദീകരിച്ചു. സാമ്പത്തിക ഉൾപ്പെടുത്തൽ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും, ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലും 5 കിലോമീറ്റർ ചുറ്റളവിൽ ഒരു ബാങ്ക് ശാഖയോ ബാങ്കിംഗ് പ്രതിനിധിയോ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ ബാങ്കിംഗ് സംവിധാനത്തിന് കീഴിൽ വായ്പ ലഭ്യമല്ലാതിരുന്ന വ്യക്തികൾക്ക് ഏകദേശം 32 ലക്ഷം കോടി രൂപ നൽകിയ മുദ്ര യോജനയുടെ ഉദാഹരണം അദ്ദേഹം വിവരിച്ചു. എംഎസ്എംഇകൾക്കുള്ള വായ്പകൾ വളരെ എളുപ്പമായിത്തീർന്നിട്ടുണ്ടെന്നും, കർഷകർക്ക് നൽകുന്ന വായ്പകൾ ഇരട്ടിയിലധികം വർദ്ധിച്ചിട്ടുണ്ടെന്നും തെരുവ് കച്ചവടക്കാർ പോലും എളുപ്പത്തിൽ ലഭ്യമായ വായ്പകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഗവണ്മെന്റ് വൻതോതിൽ വായ്പകൾ നൽകുമ്പോൾ ബാങ്കുകളുടെ ലാഭവും വർദ്ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പത്ത് വർഷം മുമ്പ് വലിയ തോതിലുള്ള ബാങ്ക് നഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും നിഷ്‌ക്രിയ ആസ്തികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന പത്രങ്ങളുടെ എഡിറ്റോറിയലുകളും സാധാരണമായിരുന്ന സാഹചര്യവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ഇന്ന്, പൊതുമേഖലാ ബാങ്കുകൾ ഏപ്രിൽ മുതൽ ഡിസംബർ വരെ, 1.25 ലക്ഷം കോടി രൂപയിലധികം ലാഭം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ശീർഷകങ്ങളിലെ മാറ്റം മാത്രമല്ല, ബാങ്കിംഗ് പരിഷ്കാരങ്ങളിൽ വേരൂന്നിയ ഒരു വ്യവസ്ഥാപിതമായ മാറ്റമാണെന്നും, ഇത് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങങ്ങളുടെ ശക്തിപ്പെടുത്തൽ തെളിയിക്കുന്നുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
“കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെന്റ് ‘ബിസിനസ് ഭയം’ എന്നത് ‘ബിസിനസ് ചെയ്യൽ എളുപ്പം’ ആക്കി മാറ്റി, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജിഎസ്ടി വഴി ഒരു ഒറ്റ വലിയ വിപണി സ്ഥാപിക്കുന്നതിലൂടെ വ്യവസായങ്ങൾക്ക് ലഭിച്ച നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ അടിസ്ഥാന സൗകര്യങ്ങളിൽ അഭൂതപൂർവമായ വികസനം ഉണ്ടായിട്ടുണ്ടെന്നും ഇത് ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവൺമെന്റ് നൂറുകണക്കിന് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കിയിട്ടുണ്ടെന്നും ജൻ വിശ്വാസ് 2.0 വഴി ഇപ്പോൾ അവ കൂടുതൽ കുറയ്ക്കുകയാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ഗവൺമെന്റ് ഇടപെടൽ കുറയ്ക്കുന്നതിന്, ഒരു ഡീറെഗുലേഷൻ കമ്മീഷൻ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവി തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പരിവർത്തനത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഒന്നാം വ്യാവസായിക വിപ്ലവകാലത്ത് ഇന്ത്യ കൊളോണിയൽ ഭരണത്തിന്റെ പിടിയിലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. രണ്ടാം വ്യാവസായിക വിപ്ലവകാലത്ത്, ലോകമെമ്പാടും പുതിയ കണ്ടുപിടുത്തങ്ങളും ഫാക്ടറികളും ഉയർന്നുവന്നപ്പോൾ, ഇന്ത്യയിലെ പ്രാദേശിക വ്യവസായങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അസംസ്കൃത വസ്തുക്കൾ രാജ്യത്ത് നിന്ന് കടത്തികൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനുശേഷവും ഈ അടുത്തകാലംവരെ സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം കമ്പ്യൂട്ടർ വിപ്ലവത്തിലേക്ക് നീങ്ങിയപ്പോൾ, ഇന്ത്യയിൽ, ഒരു കമ്പ്യൂട്ടർ വാങ്ങാൻ ഒരാൾക്ക് ലൈസൻസ് നേടേണ്ടതുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ആദ്യത്തെ മൂന്ന് വ്യാവസായിക വിപ്ലവങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് വലിയ നേട്ടമൊന്നും ഉണ്ടായില്ലെങ്കിലും, നാലാം വ്യാവസായിക വിപ്ലവത്തിൽ ലോകത്തിനൊപ്പം ചുവടുവെക്കാൻ രാജ്യം ഇപ്പോൾ സജ്ജമാണ് ”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
“ഒരു വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ സ്വകാര്യ മേഖലയെ നിർണായക പങ്കാളിയായി നമ്മുടെ ഗവൺമെന്റ് കണക്കാക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. നിരവധി യുവാക്കളും സ്റ്റാർട്ടപ്പുകളും ഗണ്യമായ സംഭാവനകൾ നൽകുന്ന ബഹിരാകാശ മേഖല പോലുള്ള നിരവധി പുതിയ സാദ്ധ്യതകൾ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലം വരെ പൊതുജനങ്ങൾക്ക് അപ്രാപ്യമായിരുന്ന ഡ്രോൺ മേഖല ഇപ്പോൾ യുവാക്കൾക്ക് വലിയ അവസരങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വാണിജ്യ കൽക്കരി ഖനന മേഖല സ്വകാര്യ സ്ഥാപനങ്ങൾക്ക് തുറന്നുകൊടുക്കുകയും, സ്വകാര്യ കമ്പനികൾക്കായി ലേലം ഉദാരവൽക്കരിക്കുകയും ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ നേട്ടങ്ങളിൽ സ്വകാര്യ മേഖല ഒരു പ്രധാന പങ്ക് വഹിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമീപകാല ബജറ്റിലെ ഒരു പ്രധാന മാറ്റം ആണവ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തതാണെന്നും അദ്ദേഹം അടിവരയിട്ടു.
ഇന്നത്തെ രാഷ്ട്രീയം പ്രകടനാധിഷ്ഠിതമായി മാറിയിരിക്കുന്നുവെന്നും, താഴെത്തട്ടിൽ ബന്ധപ്പെടുന്നവരും ഫലപ്രദമായ പ്രവർത്തനം നടത്തുന്നവരും മാത്രമേ നിലനിൽക്കൂ എന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങളോട് ഗവൺമെന്റ് സംവേദനക്ഷമതയുള്ളവരായിരിക്കണമെന്നും മുൻ നയരൂപകർത്താക്കൾക്ക് സംവേദനക്ഷമതയും ഇച്ഛാശക്തിയും ഇല്ലായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തങ്ങളുടെ ഗവൺമെന്റ് ജനങ്ങളുടെ പ്രശ്‌നങ്ങൾ സംവേദനക്ഷമതയോടെ മനസ്സിലാക്കിയിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിന് അഭിനിവേശത്തോടെയും ഉത്സാഹത്തോടെയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും ശാക്തീകരണത്തിലൂടെയും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ആഗോള പഠനങ്ങൾ ശ്രീ മോദി പരാമർശിച്ചു. ഈ വലിയ വിഭാഗം നവ മധ്യവർഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും, ഇപ്പോൾ അവർ ആദ്യമായി ഇരുചക്ര വാഹനം, കാർ, വീട് എന്നിവ സ്വപ്നം കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യവർഗത്തെ പിന്തുണയ്ക്കുന്നതിനായി, സമീപകാല ബജറ്റിൽ നികുതി ഇളവ് പരിധി ₹7 ലക്ഷത്തിൽ നിന്ന് ₹12 ലക്ഷമായി ഉയർത്തിയത് മുഴുവൻ മധ്യവർഗത്തെയും ശക്തിപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ നേട്ടങ്ങൾ സാധ്യമാകുന്നത്, മുൻകൈയെടുക്കുകയും സംവേദനക്ഷമതയുള്ളതുമായ ഒരു ഗവൺമെന്റ് ഉള്ളതിനാലാണ് ”, ശ്രീ മോദി പറഞ്ഞു.
“വികസിത ഇന്ത്യയുടെ യഥാർത്ഥ അടിത്തറ വിശ്വാസമാണ്, ഈ ഘടകം ഓരോ പൗരനും, ഓരോ ഗവണ്മെന്റിനും, ഓരോ ബിസിനസ്സ് നേതാവിനും അത്യന്താപേക്ഷിതമാണ്”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. പൗരന്മാരിൽ ആത്മവിശ്വാസം വളർത്താൻ ഗവൺമെന്റ് പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂതനാശയങ്ങളുള്ളവർക്ക് അവരുടെ ആശയങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നുണ്ടെന്നും അതേസമയം ബിസിനസുകൾക്ക് സ്ഥിരതയുള്ളതും പിന്തുണയ്ക്കുന്നതുമായ നയങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിശ്വാസത്തെ ഇ ടി(ET) ഉച്ചകോടി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.
Speaking at the ET NOW Global Business Summit 2025. @ETNOWlive https://t.co/sE5b8AC9uO
— Narendra Modi (@narendramodi) February 15, 2025
Today, be it major nations or global platforms, the confidence in India is stronger than ever. pic.twitter.com/PSSrV0eu7h
— PMO India (@PMOIndia) February 15, 2025
The speed of development of a Viksit Bharat… pic.twitter.com/mGSK5BKXGo
— PMO India (@PMOIndia) February 15, 2025
Many aspirational districts have now transformed into inspirational districts of the nation. pic.twitter.com/BJ5jMICwaY
— PMO India (@PMOIndia) February 15, 2025
Banking the unbanked…
Securing the unsecured…
Funding the unfunded… pic.twitter.com/9GL9RuQzTf
— PMO India (@PMOIndia) February 15, 2025
We have transformed the fear of business into the ease of doing business. pic.twitter.com/JuQMI1HMRw
— PMO India (@PMOIndia) February 15, 2025
India missed the first three industrial revolutions but is ready to move forward with the world in the fourth. pic.twitter.com/hddH3jozrO
— PMO India (@PMOIndia) February 15, 2025
In India’s journey towards becoming a Viksit Bharat, our government sees the private sector as a key partner. pic.twitter.com/wMIERqTUW4
— PMO India (@PMOIndia) February 15, 2025
25 crore Indians have risen out of poverty in just 10 years. pic.twitter.com/0BRn0ncxBO
— PMO India (@PMOIndia) February 15, 2025
***
SK
Speaking at the ET NOW Global Business Summit 2025. @ETNOWlive https://t.co/sE5b8AC9uO
— Narendra Modi (@narendramodi) February 15, 2025
Today, be it major nations or global platforms, the confidence in India is stronger than ever. pic.twitter.com/PSSrV0eu7h
— PMO India (@PMOIndia) February 15, 2025
The speed of development of a Viksit Bharat... pic.twitter.com/mGSK5BKXGo
— PMO India (@PMOIndia) February 15, 2025
Many aspirational districts have now transformed into inspirational districts of the nation. pic.twitter.com/BJ5jMICwaY
— PMO India (@PMOIndia) February 15, 2025
Banking the unbanked…
— PMO India (@PMOIndia) February 15, 2025
Securing the unsecured…
Funding the unfunded… pic.twitter.com/9GL9RuQzTf
We have transformed the fear of business into the ease of doing business. pic.twitter.com/JuQMI1HMRw
— PMO India (@PMOIndia) February 15, 2025
India missed the first three industrial revolutions but is ready to move forward with the world in the fourth. pic.twitter.com/hddH3jozrO
— PMO India (@PMOIndia) February 15, 2025
In India's journey towards becoming a Viksit Bharat, our government sees the private sector as a key partner. pic.twitter.com/wMIERqTUW4
— PMO India (@PMOIndia) February 15, 2025
25 crore Indians have risen out of poverty in just 10 years. pic.twitter.com/0BRn0ncxBO
— PMO India (@PMOIndia) February 15, 2025