Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ (24 ജനുവരി 2025) ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനിടെ, പങ്കെടുത്ത പലരും പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ‘ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി പ്രകടമാക്കുന്നു’ എന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.

ബിഹാറിലെ മുംഗേറില്‍ നിന്നു പരിപാടിയിൽ ഭാഗമായ വ്യക്തിയുമായി സംവദിക്കവേ, യോഗയുടെ പേരില്‍ ലോകമെമ്പാടും മുംഗേര്‍ പ്രശസ്തമാണെന്നും ഇപ്പോള്‍ ലോകം മുഴുവന്‍ യോഗയെ സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി മുംഗേറിനോടുള്ള തന്റെ ആദരം അറിയിച്ചു.

ശുചിത്വ ഭാരത യജ്ഞം, ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയ സംരംഭങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുക മാത്രമല്ല, യുവാക്കളെ ആകര്‍ഷിക്കാനും സഹായിച്ചിട്ടുണ്ടെന്ന് പങ്കെടുത്ത മറ്റൊരു വ്യക്തി പറഞ്ഞു. എല്ലാവരും കാന്തം പോലെ പ്രധാനമന്ത്രിയിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും അത്തരം വ്യക്തിത്വമുള്ള പ്രധാനമന്ത്രിയെ ലഭിക്കുന്നത് രാജ്യത്തിന് അഭിമാനകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 140 കോടി ഇന്ത്യക്കാരും ശുചിത്വം നിലനിര്‍ത്താന്‍ ദൃഢനിശ്ചയം ചെയ്താല്‍ ഇന്ത്യ എപ്പോഴും ശുചിത്വപൂർണമായി തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.

ഒഡിഷയില്‍ നിന്നുള്ള മറ്റൊരാള്‍ വിജയത്തിന്റെ യഥാർഥ നിര്‍വചനം ശ്രീ മോദിയോടു ചോദിച്ചപ്പോള്‍ ഒരിക്കലും പരാജയം അംഗീകരിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരാജയത്തെ അംഗീകരിക്കുന്നവര്‍ ഒരിക്കലും വിജയം നേടില്ലെന്നും എന്നാല്‍ അതില്‍നിന്നു പാഠം പഠിക്കുന്നവര്‍ ഉന്നതിയിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും പരാജയത്തെ ഭയപ്പെടരുതെന്നും, മറിച്ച് അതില്‍നിന്നു പഠിക്കാനുള്ള മനോഭാവം ഉണ്ടായിരിക്കണമെന്നും പരാജയത്തില്‍നിന്നു പഠിക്കുന്നവര്‍ ആത്യന്തികമായി ഉന്നതിയിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

താങ്കളെ പ്രചോദിപ്പിക്കുന്നതും ഊർജസ്വലവുമാക്കുന്നത് എന്താണെന്ന് പങ്കെടുത്ത വ്യക്തി ചോദിച്ചപ്പോൾ ‘നിങ്ങളെപ്പോലുള്ള യുവാക്കളെ കണ്ടുമുട്ടുന്നത് എനിക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കര്‍ഷകരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവര്‍ എത്ര മണിക്കൂര്‍ ജോലിചെയ്യുന്നുവെന്ന് തനിക്ക് മനസ്സിലാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു; സൈനികരെ ഓര്‍ക്കുമ്പോള്‍, അവര്‍ എത്ര മണിക്കൂര്‍ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും അവരെ നിരീക്ഷിക്കുകയും അവരെപ്പോലെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ നമുക്കും വിശ്രമിക്കാനുള്ള അവകാശമില്ലെന്ന് തോന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അര്‍പ്പണബോധത്തോടെ അവർ തങ്ങളുടെ കടമകള്‍ നിറവേറ്റുമ്പോള്‍, രാജ്യത്തെ 140 കോടി പൗരന്മാരും നിറവേറ്റാനുള്ള കടമകള്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തെ ഉണരുന്ന ശീലം ജീവിതത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ എന്‍സിസി കേഡറ്റായിരുന്നതും, ക്യാമ്പുകള്‍ക്കിടയില്‍ നേരത്തെ ഉണരുന്ന ശീലവും തന്നെ അച്ചടക്കം പഠിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നും നേരത്തെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന തന്റെ ശീലം വിലപ്പെട്ട സ്വത്താണെന്നും ലോകം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് നിരവധി കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ ഉണരുന്ന ശീലം നിലനിര്‍ത്താന്‍ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു; കാരണം ഇത് അവര്‍ക്ക് വളരെ ഉപയോഗപ്രദമാകും.

മഹദ്‌വ്യക്തികളില്‍നിന്നു പഠിക്കുക എന്ന കാര്യത്തിൽ, ഛത്രപതി ശിവാജി മഹാരാജ് ഉള്‍പ്പെടെ എല്ലാവരില്‍നിന്നും നാം പാഠമുൾക്കൊള്ളേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൂതകാലത്തിലെ മഹാന്മാരായ നേതാക്കളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെയും ആ പാഠങ്ങള്‍ ഇന്ന് രാഷ്ട്രത്തെ സേവിക്കുന്നതിന് പ്രയോഗിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക് ദിന പരിപാടിയുടെ തയ്യാറെടുപ്പുകള്‍ക്കിടയില്‍ മറ്റുള്ളവരില്‍നിന്നു പഠിച്ച കാര്യങ്ങളെക്കുറിച്ച് പങ്കെടുത്ത വ്യക്തിയോടു പ്രധാനമന്ത്രി ചോദിച്ചു. സൗഹൃദം കെട്ടിപ്പടുക്കുകയും വിവിധ പങ്കാളികളുമായി ഇടപഴകുകയും ഒരുമിച്ച് ഏകീകൃത ഇന്ത്യ രൂപീകരിക്കുകയും ചെയ്യുമെന്ന് അവര്‍ മറുപടി നല്‍കി. എല്ലാ തരത്തിലുമുള്ള പൊരുത്തപ്പെടുത്തലുകള്‍ നടത്തുന്നതിന് ഇത് ധാരാളം കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുത്തത് സ്വയം സ്വതന്ത്രയാകാന്‍ തന്നെ പഠിപ്പിച്ചുവെന്ന് കശ്മീരി പണ്ഡിത് കുടുംബത്തില്‍ നിന്നുള്ള യുവപങ്കാളി പറഞ്ഞപ്പോള്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. മുമ്പൊരിക്കലും വീട്ടുജോലികള്‍ ചെയ്തിട്ടില്ലെങ്കിലും, ഇവിടെ എല്ലാം സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് പ്രധാന അനുഭവമാണെന്ന് അവര്‍ എടുത്തുപറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയാല്‍ പഠനത്തോടൊപ്പം വീട്ടുജോലികളിൽ അമ്മയെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

കുടുംബമെന്നത് നമ്മോടൊപ്പം വീട്ടില്‍ താമസിക്കുന്നവര്‍ മാത്രമല്ല, ഇവിടത്തെ ജനങ്ങളും – സുഹൃത്തുക്കളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വലിയ കുടുംബമാണ് എന്നതാണ് ഇവിടെ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്നെന്ന് പരിപാടിയിൽ പങ്കെടുത്ത ചെറുപ്പക്കാരൻ പറഞ്ഞത് പ്രധാനമന്ത്രിയെ ആഴത്തില്‍ സ്പര്‍ശിച്ചു.

എല്ലായ്‌പ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വിലപ്പെട്ട പാഠമാണിതെന്നും ആ ചെറുപ്പക്കാരൻ പറഞ്ഞു. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവം ഉള്‍ക്കൊള്ളുക എന്നത് ഈ അനുഭവത്തില്‍ നിന്നുള്ള സുപ്രധാന പാഠമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരോട് അവരെ തെരഞ്ഞെടുത്തതിനെക്കുറിച്ച് അല്ലെങ്കിൽ തെരഞ്ഞെടുക്കാത്തതിനെക്കുറിച്ച് ശ്രീ മോദി ചോദിച്ചപ്പോൾ, തെരഞ്ഞെടുക്കപ്പെടുന്നതും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നതും വ്യത്യസ്തമായ കാര്യമാണെന്ന് ഒരാൾ മറുപടി നൽകി. എന്നാൽ ശ്രമം നടത്തുന്നതുതന്നെ പ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫലം എന്തുതന്നെയായാലും നിങ്ങളിൽനിന്നുള്ള ഏറ്റവും മികച്ചതു നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ശ്രീ മോദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഒരുമാസം ഇവിടെ ചെലവഴിച്ചവരോട്, നമ്മെ വികസിത ഭാരതത്തിലേക്കു നയിക്കുന്ന സാങ്കേതികവിദ്യയും ഡിജിറ്റൽ ഇന്ത്യയും കാരണമാണു സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലേതുപോലെ താങ്ങാനാകുന്ന നിരക്കിൽ ഡേറ്റ ലഭ്യമായ രാജ്യങ്ങൾ ലോകത്തുതന്നെ വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, രാജ്യത്തെ അങ്ങേയറ്റം ദരിദ്രർക്കു പോലും വിദൂരദൃശ്യസംവിധാനത്തിലൂടെ അവരുടെ പ്രിയപ്പെട്ടവരുമായി സുഖമായി സംസാരിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര പേർ യുപിഐയും ഡിജിറ്റൽ പണമിടപാടു സൗകര്യവും ഉപയോഗിക്കുന്നുവെന്ന് ആരാഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പുതിയ തലമുറ അവരുടെ കീശയിൽ പണം കൊണ്ടുനടക്കുന്നതായി തോന്നുന്നില്ലെന്നും പറഞ്ഞു.

മുമ്പു ലഭിക്കാത്തതും എൻ‌സി‌സിയിൽനിന്നു ലഭിച്ചതുമായ വിലപ്പെട്ട വശങ്ങൾ എന്തൊക്കെയാണെന്നു ശ്രീ മോദി ചോദിച്ചപ്പോൾ, കൃത്യനിഷ്ഠ, സമയപരിപാലനം, നേതൃത്വം എന്നിവയാണെന്ന് ഒരാൾ മറുപടി നൽകി. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കൽ, പരിസര ശുചിത്വം പാലിക്കൽ തുടങ്ങിയ പൊതുസേവനങ്ങളാണ് എൻസിസിയിൽനിന്നു പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നു മറ്റൊരാൾ പറഞ്ഞു. ഇന്ത്യാ ഗവൺമെന്റിന്റെ MY ഭാരത് അഥവാ ‘മേരാ യുവ ഭാരത്’ സംവിധാനം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മൂന്നു കോടിയിലധികം യുവതീയുവാക്കൾ ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യയെക്കുറിച്ചുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, ഉപന്യാസരചന, പ്രസംഗ മത്സരങ്ങൾ എന്നിവയുൾപ്പെടെ, പങ്കെടുത്തവർ ഗണ്യമായ സംഭാവനകളേകിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ഏകദേശം 30 ലക്ഷം പേർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. MY ഭാരത് പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യാൻ ശ്രീ മോദി ആശയവിനിമയത്തിൽ പങ്കെടുത്തവരോട് അഭ്യർഥിച്ചു.

2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി (വികസിത ഭാരതം) മാറ്റുക എന്ന ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ലക്ഷ്യത്തെക്കുറിച്ചു ചർച്ചചെയ്യവേ, 140 കോടി പൗരന്മാർ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ ദൃഢനിശ്ചയം ചെയ്താൽ, ലക്ഷ്യം കൈവരിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “നമ്മുടെ കടമകൾ നിറവേറ്റുന്നതിലൂടെ, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമുക്കു പ്രധാന ശക്തിയായി മാറാൻ കഴിയും” എന്ന് അദ്ദേഹം പറഞ്ഞു.

നമ്മിൽ ആരാണു നമ്മുടെ അമ്മമാരെ അഗാധമായി സ്നേഹിക്കുന്നതെന്നും ഭൂമി മാതാവിനെ അത്രയധികം സ്നേഹിക്കുന്നതെന്നും പങ്കെടുത്തവരോടു ചോദിച്ച ശ്രീ മോദി, നമ്മുടെ അമ്മമാരോടും ഭൂമി മാതാവിനോടുമുള്ള ആദരം പ്രകടിപ്പിക്കുന്ന ‘ഏക് പേഡ് മാ കേ നാം’ എന്ന പരിപാടിയെക്കുറിച്ചു വിശദീകരിച്ചു. എല്ലാവരും അമ്മയുടെ പേരിൽ ഒരു മരം നടണമെന്നും അത് ഒരിക്കലും ഉണങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രവൃത്തിയുടെ ആദ്യ ഗുണഭോക്താവു ഭൂമി മാതാവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കെടുത്ത അരുണാചൽ പ്രദേശ് സ്വദേശിയുമായി സംവദിച്ച ശ്രീ മോദി, അരുണാചൽ പ്രദേശിന്റെ അതുല്യ സവിശേഷത സൂര്യന്റെ ആദ്യ കിരണങ്ങൾ ഇന്ത്യയിൽ പതിക്കുന്ന സ്ഥലം അതാണ് എന്നതാണെന്ന് എടുത്തുപറഞ്ഞു. അരുണാചൽ പ്രദേശിൽ ഏവരും “റാം റാം” അല്ലെങ്കിൽ “നമസ്തേ” എന്നതിനുപകരം “ജയ് ഹിന്ദ്” എന്നു പറഞ്ഞാണു പരസ്പരം അഭിവാദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പരാമർശിച്ചു. അരുണാചൽ പ്രദേശിലെ ജനങ്ങളുടെ വൈവിധ്യം, കല, പ്രകൃതിസൗന്ദര്യം, സ്നേഹം എന്നിവ അനുഭവിക്കാൻ പ്രധാനമന്ത്രി ഏവരെയും പ്രോത്സാഹിപ്പിച്ചു. മിസോറം, മണിപ്പുർ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അസം, മേഘാലയ എന്നിവയുൾപ്പെടെ അഷ്ടലക്ഷ്മിയുടെ മുഴുവൻ പ്രദേശങ്ങളും സന്ദർശിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കാണാനായി ഒരുപാടു കാര്യങ്ങളുണ്ടെന്നും രണ്ടോ മൂന്നോ മാസം പോലും അതിനു മതിയാകില്ലെന്നും അദ്ദേഹം പരാമർശിച്ചു.

എൻ‌എസ്‌എസ് സംഘത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ അവരുടെ പ്രദേശത്തു വ്യാപകമായി അംഗീകരിക്കപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ ഈ യൂണിറ്റ് നടത്തിയിട്ടുണ്ടോ എന്നു പ്രധാനമന്ത്രി ആരാഞ്ഞു. മുളകൊണ്ടുള്ള വസ്തുക്കൾ നിർമിക്കുന്നതിൽ പേരുകേട്ട ദുംകയിലെ മഹിരി സമൂഹത്തെ സഹായിക്കുക എന്നതു ശ്രദ്ധേയമായ ശ്രമമായിരുന്നെന്നു ചർച്ചയിൽ പങ്കെടുത്ത ഝാർഖണ്ഡ് സ്വദേശി പറഞ്ഞു. പ്രത്യേക കാലയളവിൽ മാത്രമാണ് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എന്നതിനാൽ ആ സമൂഹം വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ യൂണിറ്റ് അത്തരം കരകൗശല വിദഗ്ധരെ തിരിച്ചറിഞ്ഞ്, ചന്ദനത്തിരികൾ (അഗർബത്തി) നിർമിക്കുന്ന ഫാക്ടറികളുമായി കൂട്ടിയിണക്കിയെന്നും അദ്ദേഹം പറഞ്ഞു. അപൂർവവും മനോഹരവുമായ സുഗന്ധത്തിനു പേരുകേട്ട അഗർ മരം വളരുന്ന ത്രിപുരയിലെ അഗർത്തലയിലെ വനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ മരങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന എണ്ണ വളരെ വിലപ്പെട്ടതാണെന്നും ലോകത്തിലെ ഏറ്റവും വിലയേറിയ എണ്ണകളിൽ ഒന്നാണെന്നും അദ്ദേഹം പരാമർശിച്ചു. അഗറിന്റെ സമ്പന്നമായ സുഗന്ധം ഈ സുഗന്ധം ഉപയോഗിച്ച് ചന്ദനത്തിരികൾ നിർമിക്കുന്ന പാരമ്പര്യത്തിലേക്കു നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവണ്മെന്റിന്റെ ജിഇഎം (ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ്) പോർട്ടലിനെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കൾ പ്രാദേശിക കരകൗശല വിദഗ്ധരെയും ഉൽപ്പാദകരെയും പോർട്ടലിൽ അവരുടെ ഉൽപ്പന്നങ്ങൾ രജിസ്റ്റർ ചെയ്യാൻ സഹായിക്കണമെന്ന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉൽപ്പന്നങ്ങളും വിലകളും പട്ടികപ്പെടുത്തുന്നതിലൂടെ, ഗവൺമെന്റ് ആ ഇനങ്ങൾക്ക് ഓർഡറുകൾ നൽകാനുള്ള സാധ്യതയുണ്ടെന്നും അതുവഴി വേഗത്തിലുള്ള ഇടപാടുകൾ സാധ്യമാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഗ്രാമങ്ങളിലെ സ്വയംസഹായസംഘങ്ങളിൽ (എസ്എച്ച്ജി) നിന്നുള്ള മൂന്നു കോടി സ്ത്രീകളെ “ലഖ്പതി ദീദികളാ”ക്കി മാറ്റുക എന്ന തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചു. അവരുടെ എണ്ണം ഇതിനകം 1.3 കോടിയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അമ്മ തയ്യൽ പഠിച്ചുവെന്നും ഇപ്പോൾ നവരാത്രിയിൽ ധരിക്കുന്ന പരമ്പരാഗത ചാനിയകൾ നിർമിക്കുന്നുവെന്നും ചർച്ചയിൽ പങ്കെടുത്ത വ്യക്തി പറഞ്ഞു. ഈ ചാനിയകൾ വിദേശത്തേക്കുപോലും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു പ്രചോദനാത്മക മാതൃക സൃഷ്ടിക്കുന്നുവെന്നും “ലഖ്പതി ദീദി” പരിപാടിക്കു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സന്ദർശിക്കാനായതിലും പ്രധാനമന്ത്രിയെ കാണാനായതിലും നേപ്പാളിൽനിന്നുള്ള വ്യക്തി ആവേശം പ്രകടിപ്പിച്ചതറിഞ്ഞ പ്രധാനമന്ത്രി ആഹ്ലാദചിത്തനായി. തനിക്കു നൽകിയ സ്നേഹപൂർണമായ ആതിഥ്യമര്യാദയ്ക്ക് അവർ പ്രധാനമന്ത്രിക്കു നന്ദി പറയുകയും ചെയ്തു. മൗറീഷ്യസിൽനിന്നുള്ള മറ്റൊരു പങ്കാളി പറഞ്ഞത്, അവർ യാത്ര തിരിക്കുന്നതിന്റെ തലേന്ന്, മൗറീഷ്യസിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ തങ്ങളെ കാണുകയും ഇന്ത്യ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ്. ഇത് അവരുടെ “രണ്ടാമത്തെ വീടാ”ണെന്നും അവർ പരാമർശിച്ചു. ഇന്ത്യ അവരുടെ രണ്ടാമത്തെ വീടു മാത്രമല്ല, അവരുടെ പൂർവികരുടെ ആദ്യ വീടുകൂടിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിങ്, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തുടങ്ങിയ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.

-NK-