പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 230ലധികം ജില്ലകളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക്, വിദൂരദൃശ്യസംവിധാനത്തിലൂടെ, സ്വാമിത്വ പദ്ധതിയുടെ കീഴിൽ 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഇന്നു വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അറിയാൻ അഞ്ചുഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു.
മധ്യപ്രദേശിലെ സെഹോറിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീ മനോഹർ മേവാഡയുമായി സംവദിക്കവേ, സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവം പങ്കിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വസ്തുവിന്റെ രേഖകൾ ഉപയോഗിച്ചെടുത്ത വായ്പ എങ്ങനെ സഹായകമായെന്നും അതു ജീവിതത്തിൽ എന്തു മാറ്റങ്ങൾ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി ശ്രീ മനോഹറിനോടു ചോദിച്ചു. ക്ഷീരഫാമിനായി 10 ലക്ഷം വായ്പയെടുത്തതായും അതു വ്യവസായം ആരംഭിക്കാൻ തന്നെ സഹായിച്ചതായും ശ്രീ മനോഹർ വിശദീകരിച്ചു. താനും മക്കളും, ഭാര്യപോലും, ക്ഷീരഫാമിൽ ജോലി ചെയ്യുന്നുണ്ടെന്നും അത് അധിക വരുമാനം നേടിത്തന്നുവെന്നും അദ്ദേഹം പരാമർശിച്ചു. വസ്തുവിന്റെ രേഖകൾ കൈവശമുള്ളതിനാൽ ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നത് എളുപ്പമാക്കിയെന്നും ശ്രീ മനോഹർ പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ വരുമാനം വർധിപ്പിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഓരോ പൗരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയും ജീവിതത്തിൽ ആശ്വാസം നേടുകയും ചെയ്യുക എന്നതിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ വിപുലീകരണമാണു സ്വാമിത്വ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന്, രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീമതി രചനയുമായി പ്രധാനമന്ത്രി സംവദിച്ചു. പദ്ധതിയെക്കുറിച്ചുള്ള അനുഭവത്തെപ്പറ്റി പ്രധാനമന്ത്രി ചോദിച്ചപ്പോൾ, വസ്തുവിന്റെ രേഖകളൊന്നുമില്ലാതെയാണ് 20 വർഷമായി തന്റെ ചെറിയ വീട്ടിൽ താമസിച്ചിരുന്നതെന്ന് അവർ പറഞ്ഞു. സ്വാമിത്വ പദ്ധതി പ്രകാരം 7.45 ലക്ഷം രൂപ വായ്പയെടുത്തു കട ആരംഭിച്ചതായും അത് അധിക വരുമാനം നേടിത്തന്നതായും അവർ പറഞ്ഞു. 20 വർഷമായി ഈ വീട്ടിൽ താമസിച്ചിട്ടും വസ്തുവിന്റെ രേഖകൾ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്, രേഖകൾ കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് അവർ പറഞ്ഞു. സ്വാമിത്വ പദ്ധതിയിലൂടെ ലഭിച്ച മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ, ശുചിത്വ ഭാരതം പദ്ധതിയുടെ ഗുണഭോക്താവാണെന്നും പിഎം മുദ്ര പദ്ധതിപ്രകാരം 8 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ആജീവിക പദ്ധതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ആയുഷ്മാൻ പദ്ധതിയിലൂടെ കുടുംബം പ്രയോജനം നേടുന്നുണ്ടെന്നും അവർ അറിയിച്ചു. മകളെ ഓസ്ട്രേലിയയിലേക്ക് ഉന്നത പഠനത്തിന് അയയ്ക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി അവർക്ക് ആശംസകൾ നേർന്നു. മകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്വാമിത്വ പദ്ധതി അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, പൗരന്മാരുടെ അഭിലാഷങ്ങൾക്കു ചിറകുകൾ നൽകി ശാക്തീകരിക്കുകയും ചെയ്യുന്നു എന്ന വികാരത്തെ അദ്ദേഹം അഭിനന്ദിച്ചു. ഏതൊരു പദ്ധതിയുടെയും യഥാർഥ വിജയം ജനങ്ങളുമായി ബന്ധപ്പെടാനും അവരെ ശക്തിപ്പെടുത്താനുമുള്ള കഴിവിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം അനുഭവം പങ്കുവച്ചതിനു ശ്രീമതി രചനയോട് അദ്ദേഹം നന്ദി പറഞ്ഞു. ഗവണ്മെന്റ് നൽകുന്ന അവസരങ്ങളിൽനിന്നു പ്രയോജനം നേടാൻ മറ്റു ഗ്രാമീണരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീ റോഷൻ സാംഭ പാട്ടിലുമായി ശ്രീ മോദി സംവദിച്ചു. കാർഡ് എങ്ങനെ ലഭിച്ചുവെന്നും അത് എങ്ങനെ സഹായകമായി എന്നും അതിൽനിന്ന് എന്തു നേട്ടമുണ്ടായി എന്നും വിശദീകരിക്കാൻ അദ്ദേഹം ശ്രീ റോഷനോട് ആവശ്യപ്പെട്ടു. ഗ്രാമത്തിൽ തനിക്കു പഴയ വലിയ വീടുണ്ടെന്നും, വീടു പുനർനിർമിക്കാനും കൃഷിക്കു ജലസേചനം മെച്ചപ്പെടുത്താനുമായി 9 ലക്ഷം രൂപയുടെ വായ്പ നേടാൻ പ്രോപ്പർട്ടി കാർഡ് സഹായിച്ചുവെന്നും ശ്രീ റോഷൻ പ്രധാനമന്ത്രിയെ അറിയിച്ചു. തന്റെ വരുമാനത്തിലും വിളവിലും ഗണ്യമായ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. അതു തന്റെ ജീവിതത്തിൽ സ്വാമിത്വ പദ്ധതി ചെലുത്തിയ ഗുണപരമായ സ്വാധീനം എടുത്തുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാമിത്വ കാർഡുപയോഗിച്ചു വായ്പ എളുപ്പത്തിൽ ലഭിക്കുമോ എന്നു പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, രേഖകളിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും വായ്പ നേടുന്നതു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും ശ്രീ റോഷൻ പറഞ്ഞു. എന്നാലിപ്പോൾ, വായ്പ ലഭിക്കാൻ മറ്റു രേഖകളുടെ ആവശ്യമില്ലെന്നും സ്വാമിത്വ കാർഡ് മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമിത്വ പദ്ധതിക്കു ശ്രീ മോദിയോട് നന്ദി പറഞ്ഞ ശ്രീ റോഷൻ, പച്ചക്കറികളും മൂന്നു വിളകളും താൻ കൃഷി ചെയ്യുന്നുണ്ടെന്നും അതു ലാഭം നൽകുന്നുവെന്നും വായ്പ എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ തന്നെ പ്രാപ്തനാക്കുന്നുവെന്നും പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ മറ്റു പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി അന്വേഷിച്ചപ്പോൾ, പിഎം ഉജ്വല പദ്ധതി, പിഎം സമ്മാൻ നിധി പദ്ധതി, പിഎം വിള ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഗുണഭോക്താവാണു താനെന്നു ശ്രീ റോഷൻ പറഞ്ഞു. തന്റെ ഗ്രാമത്തിലെ നിരവധി പേർക്കു സ്വാമിത്വ പദ്ധതിയിൽനിന്നു ധാരാളം പ്രയോജനം ലഭിക്കുന്നുണ്ടെന്നും സ്വന്തമായി ചെറുകിട വ്യവസായവും കൃഷിയും നടത്തുന്നതിന് എളുപ്പത്തിൽ വായ്പ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വാമിത്വ പദ്ധതി ജനങ്ങളെ എത്രമാത്രം സഹായിക്കുന്നുണ്ട് എന്നു കാണുന്നതു സന്തോഷകരമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾ വീടുകൾ നിർമിക്കുകയും വായ്പത്തുക കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തലയ്ക്കു മുകളിൽ ഒരു കൂരയുണ്ടാകുന്നതു ഗ്രാമങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഇപ്പോൾ അവരുടെ വ്യക്തിപരവും സാമൂഹികവും ദേശീയവുമായ അഭിവൃദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കകളിൽനിന്നു മുക്തരാകുന്നതു രാജ്യത്തിനു വളരെയധികം ഗുണംചെയ്യുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒഡിഷയിലെ റായ്ഗഢിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീമതി ഗജേന്ദ്ര സംഗീതയുമായി സംവദിക്കവേ, സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവം പങ്കുവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ 60 വർഷമായി ശരിയായ രേഖകളില്ലാതിരുന്ന കാലത്തേക്കാൾ വലിയ മാറ്റമുണ്ടായെന്നും, ഇപ്പോൾ സ്വാമിത്വ കാർഡുകൾ വന്നതോടെ അവരുടെ ആത്മവിശ്വാസം വർധിച്ചുവെന്നും അതു സന്തോഷത്തിനു കാരണമായെന്നും അവർ പറഞ്ഞു. വായ്പയെടുത്തു തയ്യൽജോലി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നു കൂട്ടിച്ചേർത്ത അവർ, പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ജോലിയുടെയും വീടിന്റെയും വികസനത്തിന് ആശംസകൾ നേർന്ന ശ്രീ മോദി, വസ്തുവിന്റെ രേഖകൾ നൽകുന്നതിലൂടെ സ്വാമിത്വ യോജന പ്രധാന ആശങ്ക ലഘൂകരിച്ചുവെന്ന് എടുത്തുപറഞ്ഞു. അവർ സ്വയംസഹായസംഘത്തിലെ (SHG) അംഗമാണെന്നും ഗവണ്മെന്റ് സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമിത്വ യോജന മുഴുവൻ ഗ്രാമങ്ങളെയും പരിവർത്തനം ചെയ്യാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ സാംബയിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീ വരീന്ദർ കുമാറുമായി പ്രധാനമന്ത്രി സംവദിച്ചു. പദ്ധതിയെക്കുറിച്ചുള്ള അനുഭവത്തെപ്പറ്റി പ്രധാനമന്ത്രി ചോദിച്ചപ്പോൾ, താൻ ഒരു കർഷകനാണെന്നും, പ്രോപ്പർട്ടി കാർഡ് ലഭിച്ചതിൽ തനിക്കും കുടുംബത്തിനും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി തലമുറകളായി തങ്ങളുടെ ഭൂമിയിൽ താമസിക്കുകയാണെന്നും, ഇപ്പോൾ രേഖകൾ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോടു നന്ദി പറയവേ, 100 വർഷത്തിലേറെയായി ഗ്രാമത്തിൽ താമസിച്ചിട്ടും തന്റെ ഗ്രാമത്തിൽ ആർക്കും ഒരു രേഖയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കു ലഭിച്ച പ്രോപ്പർട്ടി കാർഡ് തന്റെ ഭൂമിതർക്കം പരിഹരിക്കാൻ സഹായിച്ചുവെന്നും, ഇപ്പോൾ ഭൂമി പണയപ്പെടുത്തി ബാങ്കിൽനിന്നു വായ്പ എടുക്കാൻ കഴിയുമെന്നും, ഇതു വീടിന്റെ അറ്റകുറ്റപ്പണികൾക്കും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമിത്വ പദ്ധതിപ്രകാരം ലഭിച്ച ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ, തന്റെ ഗ്രാമത്തിനു ലഭിച്ച പ്രോപ്പർട്ടി കാർഡുകൾ എല്ലാവർക്കും ഉടമസ്ഥാവകാശം വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ വലിയ അളവിൽ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുക്കാൻ ഗ്രാമീണർക്ക് അവരുടെ ഭൂമിയും സ്വത്തും പണയപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണർക്കുവേണ്ടി അദ്ദേഹം പ്രധാനമന്ത്രിയോട് ആത്മാർഥമായി നന്ദി പറഞ്ഞു. എല്ലാവരുമായും സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാമിത്വ പദ്ധതി കാർഡിനെ വെറും രേഖയായി മാത്രമല്ല, പുരോഗതിക്കുള്ള മാർഗമായും ജനങ്ങൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സ്വാമിത്വ സംരംഭം അവരുടെ വികസനത്തിനു വഴിയൊരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
-SK-