പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 230ലധികം ജില്ലകളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക്, വിദൂരദൃശ്യസംവിധാനത്തിലൂടെ, സ്വാമിത്വ പദ്ധതിയുടെ കീഴിൽ 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഇന്നു വിതരണം ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങൾക്കും ഗ്രാമീണമേഖലകൾക്കും ഇന്നു ചരിത്രദിനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും പൗരന്മാർക്കും ഈ വേളയിൽ അദ്ദേഹം ആശംസകൾ നേർന്നു.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രോപ്പർട്ടി കാർഡുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഞ്ചുവർഷംമുമ്പാണു സ്വാമിത്വ പദ്ധതി ആരംഭിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ വസ്തു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഘരോനി, അധികാർ അഭിലേഖ്, പ്രോപ്പർട്ടി കാർഡ്, മാൽമത്ത പത്രക്, ആവാസീയ ഭൂമി പട്ട തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ 5 വർഷത്തിനിടെ 1.5 കോടിയിലധികം പേർക്ക് സ്വാമിത്വ കാർഡുകൾ നൽകി” – ശ്രീ മോദി പറഞ്ഞു. ഇന്നത്തെ പരിപാടിയിൽ, 65 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഈ കാർഡുകൾ ലഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമിത്വ പദ്ധതിപ്രകാരം ഗ്രാമങ്ങളിലെ ഏകദേശം 2.25 കോടി പേർക്ക് ഇപ്പോൾ അവരുടെ വീടുകൾക്കുള്ള നിയമപരമായ രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
21-ാം നൂറ്റാണ്ട് കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ആരോഗ്യ പ്രതിസന്ധികൾ, പകർച്ചവ്യാധികൾ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് പരാമർശിച്ച പ്രധാനമന്ത്രി, ലോകം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി സ്വത്തവകാശവും നിയമപരമായ സ്വത്തവകാശ രേഖകളുടെ അഭാവവുമാണെന്ന് എടുത്തുപറഞ്ഞു. വിവിധ രാജ്യങ്ങളിലെ പലർക്കും അവരുടെ സ്വത്തിന് ശരിയായ നിയമപരമായ രേഖകളില്ലെന്ന് വെളിപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ പഠനം പ്രധാനമന്ത്രി ഉദ്ധരിച്ചു. ദാരിദ്ര്യം കുറയ്ക്കുന്നതിന് ജനങ്ങൾക്കു സ്വത്തവകാശം ഉണ്ടായിരിക്കണമെന്നതിന് ഐക്യരാഷ്ട്രസഭ ഊന്നൽ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വത്തവകാശ വെല്ലുവിളിയെക്കുറിച്ച് പുസ്തകം എഴുതിയ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്റെ കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. ഗ്രാമീണരുടെ ഉടമസ്ഥതയിലുള്ള ചെറിയ അളവിലുള്ള സ്വത്ത് പലപ്പോഴും ‘നിർജീവ മൂലധന’മാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനർഥം സ്വത്ത് ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ലെന്നും അത് കുടുംബത്തിന്റെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നില്ലെന്നുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വത്തവകാശങ്ങളുടെ ആഗോള വെല്ലുവിളിയിൽനിന്ന് ഇന്ത്യ മുക്തമല്ലെന്ന് ശ്രീ മോദി പറഞ്ഞു. ദശലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടായിരുന്നിട്ടും, ഗ്രാമവാസികൾക്ക് പലപ്പോഴും നിയമപരമായ രേഖകൾ ഇല്ലായിരുന്നു. ഇത് തർക്കങ്ങൾക്കും കരുത്തരുടെ നിയമവിരുദ്ധമായ അധിനിവേശത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായ രേഖകളില്ലാതെ ബാങ്കുകളും അത്തരം സ്വത്തുക്കളിൽ നിന്ന് അകലം പാലിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിന് മുൻ ഗവണ്മെന്റുകൾ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014-ൽ, സ്വാമിത്വ യോജനയിലൂടെ സ്വത്ത് രേഖകളുമായി ബന്ധപ്പെട്ട വെല്ലുവിളി നേരിടാൻ ഗവണ്മെന്റ് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സംവേദനക്ഷമമായ ആയ ഒരു ഗവണ്മെന്റിനും ഗ്രാമീണരെ ഇത്രയും ദുരിതത്തിലാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമിത്വ യോജനയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമങ്ങളിലെ വീടുകളും ഭൂമിയും ചിത്രീകരിച്ചു രേഖപ്പെടുത്തുന്നതും ഗ്രാമീണർക്കു വാസസ്ഥലങ്ങൾക്കുള്ള നിയമപരമായ രേഖകൾ നൽകുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്ന് പറഞ്ഞു. ഈ പദ്ധതിയുടെ നേട്ടങ്ങൾ ഇപ്പോൾ ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമിത്വ യോജനയുടെ ഗുണഭോക്താക്കളുമായി മുമ്പു നടത്തിയ സംഭാഷണത്തിൽ, ഈ പദ്ധതി ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവർ പരാമർശിച്ചതായി വ്യക്തമാക്കിയ ശ്രീ മോദി, അവരുടെ സ്വത്തുക്കൾക്ക് ഇപ്പോൾ ബാങ്കുകളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അവരുടെ സംതൃപ്തിയും സന്തോഷവും പ്രകടമാണെന്നും ചൂണ്ടിക്കാട്ടി. ഇത് വലിയ അനുഗ്രഹമായി കണക്കാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയിൽ 6 ലക്ഷത്തിലധികം ഗ്രാമങ്ങളുണ്ട്. അവയിൽ പകുതിയോളം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയായി” – പ്രധാനമന്ത്രി പറഞ്ഞു. നിയമപരമായ രേഖകൾ ലഭിച്ച ശേഷം, ലക്ഷക്കണക്കിന് ജനങ്ങൾ അവരുടെ സ്വത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് അവരുടെ ഗ്രാമങ്ങളിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗുണഭോക്താക്കളിൽ പലരും ചെറുകിട-ഇടത്തരം കർഷക കുടുംബങ്ങളാണെന്നും, അവർക്ക് ഈ പ്രോപ്പർട്ടി കാർഡുകൾ സാമ്പത്തിക സുരക്ഷയുടെ പ്രധാന ഉറപ്പായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായ അധിനിവേശങ്ങളും ദീർഘമായ കോടതി തർക്കങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദളിത്-പിന്നാക്ക-ഗോത്ര കുടുംബങ്ങളെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിയമപരമായ അംഗീകാരം ലഭിക്കുന്നതോടെ അവർ ഇപ്പോൾ ഈ പ്രതിസന്ധിയിൽ നിന്ന് മുക്തരാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ഗ്രാമങ്ങളിലും പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ, അത് 100 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്ന കണക്ക് അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഗണ്യമായ മൂലധനം കൂട്ടിച്ചേർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഗ്രാമസ്വരാജ് നടപ്പാക്കാൻ നമ്മുടെ ഗവൺമെന്റ് ആത്മാർഥമായി പ്രവർത്തിക്കുന്നു” – ശ്രീ മോദി പറഞ്ഞു. സ്വാമിത്വ യോജന ഗ്രാമവികസന ആസൂത്രണത്തിലും നിർവഹണത്തിലും ഗണ്യമായ പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തമായ ഭൂപടങ്ങളും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അറിവും ഉണ്ടെങ്കിൽ, വികസന പ്രവർത്തന ആസൂത്രണം കൃത്യമാകുമെന്നും, മോശം ആസൂത്രണം മൂലമുണ്ടാകുന്ന പാഴാക്കലുകളും തടസ്സങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭൂമിയും മേച്ചിൽപ്പുറങ്ങളും തിരിച്ചറിയുന്നത് പോലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങൾ സ്വത്തവകാശം പരിഹരിക്കുമെന്നും അതു ഗ്രാമപഞ്ചായത്തുകളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രോപ്പർട്ടി കാർഡുകൾ ഗ്രാമങ്ങളിലെ ദുരന്തനിവാരണയത്നങ്ങൾ മെച്ചപ്പെടുത്തുമെന്നും, തീപിടിത്തം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ സംഭവങ്ങളിൽ നഷ്ടപരിഹാരം തേടുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ സംബന്ധിച്ച് ഭൂമി തർക്കങ്ങൾ സാധാരണമാണെന്നും ഭൂരേഖകൾ ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അതിനായി പലപ്പോഴും ഉദ്യോഗസ്ഥരെ ഒന്നിലധികം തവണ സന്ദർശിക്കേണ്ടിവരുമെന്നും ഇത് അഴിമതിയിലേക്ക് നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്തുവരികയാണെന്ന് വ്യക്തമാക്കി. ഗ്രാമവികസനത്തിനുള്ള അടിസ്ഥാന സംവിധാനങ്ങളാണ് സ്വാമിത്വയും ഭൂ-ആധാറും എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഏകദേശം 23 കോടി ഭൂ-ആധാർ നമ്പറുകൾ വിതരണം ചെയ്തുകൊണ്ട് ഭൂ-ആധാർ, ഭൂമി സംബന്ധിച്ച് ഒരു സവിശേഷ തിരിച്ചറിയൽ നൽകുന്നുവെന്നും ഇത് പുരയിടങ്ങൾ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 7-8 വർഷത്തിനിടയിൽ, ഏകദേശം 98% ഭൂരേഖകളും ഡിജിറ്റൈസ് ചെയ്‌തിട്ടുള്ളതായും മിക്ക ഭൂപടങ്ങളും ഇപ്പോൾ ഡിജിറ്റലായി ലഭ്യമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ ദർശനത്തിന്റെ യഥാർത്ഥ നടപ്പാക്കൽ കഴിഞ്ഞ ദശകത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമായും ഗ്രാമങ്ങളിലെ 2.5 കോടിയിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും 10 കോടിയിലധികം കുടുംബങ്ങൾക്ക് ശൗചാലയങ്ങളും ഗ്രാമങ്ങളിൽ അധിവസിക്കുന്ന 10 കോടിയിലധികം വനിതകൾക്ക് ഉജ്ജ്വലാ പദ്ധതി വഴി ഗ്യാസ് കണക്ഷനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12 കോടിയിലധികം കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭിച്ചിട്ടുണ്ടെന്നും 50 കോടിയിലധികം ആളുകൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും അവ പ്രധാനമായും ഗ്രാമങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.5 ലക്ഷത്തിലധികം ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചതും ഗ്രാമങ്ങളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഗ്രാമീണർക്ക്, പ്രത്യേകിച്ച് ദളിത്, പിന്നോക്ക, ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും ഇപ്പോൾ ഈ കുടുംബങ്ങളാണ് ഇത്തരം സൗകര്യങ്ങളുടെ പ്രാഥമിക ഗുണഭോക്താക്കളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗ്രാമങ്ങളിലെ റോഡുകൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ദശകത്തിൽ നടത്തിയ അഭൂതപൂർവമായ ശ്രമങ്ങളെ എടുത്തുകാട്ടിക്കൊണ്ട് 2000-ൽ അടൽ ജിയുടെ ഗവണ്മെന്റ് ആരംഭിച്ച ഗ്രാം സഡക് യോജനയിലൂടെ ഗ്രാമങ്ങളിൽ ഏകദേശം 8.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചുവെന്നും, അതിൽ പകുതിയും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിർമ്മിച്ചവയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. വിദൂര അതിർത്തി ഗ്രാമങ്ങളിൽ ഗതാഗതബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള വൈബ്രന്റ് വില്ലേജ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതും ഒരു മുൻഗണനയായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, 2014-ന് മുമ്പ് 100-ൽ താഴെ പഞ്ചായത്തുകളിൽ മാത്രമേ ബ്രോഡ്‌ബാൻഡ് ഫൈബർ കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂവെന്നും, എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 2 ലക്ഷത്തിലധികം പഞ്ചായത്തുകളെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇതേ കാലയളവിൽ ഒരു ലക്ഷത്തിൽ താഴെയായിരുന്ന ഗ്രാമങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളുടെ എണ്ണം ഇപ്പോൾ 5 ലക്ഷത്തിലധികമായി വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് നഗരങ്ങളിൽ മാത്രം കണ്ടിരുന്ന ആധുനിക സുഖസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനെയാണ് ഈ വസ്തുതകൾ പ്രതിനിധീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, ഗ്രാമങ്ങളിലെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമങ്ങൾക്കും കർഷകർക്കും വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങളോടെയാണ് 2025 ആരംഭിച്ചതെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ പുരോഗതി എടുത്തുപറഞ്ഞു. ഈ പദ്ധതിയിൻ കീഴിൽ കർഷകർക്ക് ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചു. ആഗോളതലത്തിൽ ഉയർന്ന വിലയുള്ള ഡിഎ പി വളവുമായി ബന്ധപ്പെട്ട മറ്റൊരു തീരുമാനവും അദ്ദേഹം എടുത്തുപറഞ്ഞു. കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളം ഉറപ്പാക്കാൻ ഗവണ്മെന്റ് ആയിരക്കണക്കിന് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു. കഴിഞ്ഞ ദശകത്തിൽ, കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളം നൽകുന്നതിനായി ഏകദേശം 12 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്നും, 2014 ന് മുമ്പുള്ള ദശകത്തിൽ ചെലവഴിച്ചതിന്റെ ഇരട്ടിയോളം തുകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ ഏകദേശം 3.5 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ടെന്നും ഇത് കർഷകരുടെ ക്ഷേമത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
“വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വനിതകളുടെ പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് കഴിഞ്ഞ ദശകത്തിൽ എല്ലാ പ്രധാന പദ്ധതികളിലെയും കേന്ദ്രബിന്ദുവായത് സ്ത്രീ ശാക്തീകരണമാണ്”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. ബാങ്ക് സഖി, ബീമ സഖി തുടങ്ങിയ സംരംഭങ്ങൾ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ലഖ്പതി ദീദി പദ്ധതി 1.25 കോടിയിലധികം സ്ത്രീകളെ ലക്ഷാധിപതികളാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമിത്വ പദ്ധതി സ്ത്രീകളുടെ സ്വത്തവകാശം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, പല സംസ്ഥാനങ്ങളും പ്രോപ്പർട്ടി കാർഡുകളിൽ ഭർത്താക്കന്മാർക്കൊപ്പം അവരുടെ ഭാര്യമാരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി അടിവരയിട്ടു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, ദരിദ്രർക്ക് നൽകുന്ന മിക്ക വീടുകളും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിത്വ യോജന ഡ്രോണുകൾ സ്ത്രീകൾക്ക് സ്വത്തവകാശം ഉറപ്പാക്കാൻ സഹായിക്കുന്നുണ്ടെന്ന യാദൃശ്ചികതയും അദ്ദേഹം എടുത്തുപറഞ്ഞു. സ്വാമിത്വ പദ്ധതിയിലെ മാപ്പിംഗ് ജോലികൾ ഡ്രോണുകൾ ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും, നമോ ഡ്രോൺ ദീദി യോജന പ്രകാരം, ഗ്രാമീണ സ്ത്രീകൾ ഡ്രോൺ പൈലറ്റുമാരായി മാറുകയും കൃഷിയിൽ സഹായിക്കുകയും അധിക വരുമാനം നേടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാമിത്വ യോജന ഗ്രാമീണരെ ശാക്തീകരിച്ചുവെന്നും ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ പരിവർത്തനം ചെയ്യാൻ സാഹചര്യമൊരുക്കിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളും ദരിദ്ര ജനതയും കൂടുതൽ ശക്തരാകുമ്പോൾ, വികസിത ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രാമങ്ങളുടെയും ദരിദ്രരുടെയും പ്രയോജനത്തിനായി കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച നടപടികൾ 25 കോടി ജനങ്ങളെ ദാരിദ്ര്യം മറികടക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സ്വാമിത്വ പോലുള്ള പദ്ധതികൾ ഗ്രാമങ്ങളെ വികസനത്തിന്റെ ശക്തമായ കേന്ദ്രങ്ങളാക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് ശ്രീ മോദി തന്റെ പ്രസംഗം ഉപസംഹരിച്ചത്.
നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ, ജമ്മു & കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാർ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രിയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുമായ ശ്രീ രാജീവ് രഞ്ജൻ സിംഗ്, മറ്റ് നിരവധി പ്രമുഖർ എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടിയിൽ പങ്കെടുത്തു.
പശ്ചാത്തലം
ഗ്രാമങ്ങളിലെ ജനവാസ മേഖലകളിൽ സ്വന്തമായി വീടുള്ളവർക്ക് ഏറ്റവും പുതിയ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് സർവ്വേ നടത്തി, ‘അവകാശ രേഖ’ നൽകിക്കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വർദ്ധിപ്പിക്കുക എന്ന ദർശനത്തോടെയാണ് പ്രധാനമന്ത്രി സ്വാമിത്വ പദ്ധതി ആരംഭിച്ചത്.
സ്വത്തുക്കളുടെ സമ്പാദനം സുഗമമാക്കുന്നതിനും ബാങ്കുകൾ വഴി സ്ഥാപനപരമായ വായ്പ പ്രാപ്തമാക്കുന്നതിനും സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെ സ്വത്തുക്കളുടെയും സ്വത്തുനികുതിയുടെയും മികച്ച വിലയിരുത്തൽ സുഗമമാക്കുന്നതിനും സമഗ്രമായ ഗ്രാമതല ആസൂത്രണം പ്രാപ്തമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
ലക്ഷ്യമിട്ട 92% ഗ്രാമങ്ങൾ ഉൾപ്പെടെ 3.17 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയായി. ഇതുവരെ 1.53 ലക്ഷത്തിലധികം ഗ്രാമങ്ങൾക്കായി ഏകദേശം 2.25 കോടി പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പദ്ധതി പൂർണതയിലെത്തിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രോൺ സർവേ പൂർത്തിയായി.
Speaking at the distribution of property cards under SVAMITVA scheme. https://t.co/9J04CE9iiA
— Narendra Modi (@narendramodi) January 18, 2025
हमने स्वामित्व योजना शुरू की।
हमने तय किया कि ड्रोन की मदद से देश के गांव-गांव में घरों की… जमीनों की मैपिंग कराई जाएगी… गांव के लोगों को उनकी आवासीय संपत्ति के कागज दिए जाएंगे: PM @narendramodi
— PMO India (@PMOIndia) January 18, 2025
आज हमारी सरकार पूरी ईमानदारी से ग्राम स्वराज को जमीन पर उतारने का प्रयास कर रही है।
स्वामित्व योजना से गांव के विकास की प्लानिंग और उस पर अमल अब काफी बेहतर हो रहा है: PM @narendramodi
— PMO India (@PMOIndia) January 18, 2025
विकसित भारत के निर्माण में नारीशक्ति की बहुत बड़ी भूमिका है।
इसलिए बीते दशक में हमने माताओं-बेटियों के सशक्तिकरण को, हर बड़ी योजना के केंद्र में रखा है: PM @narendramodi
— PMO India (@PMOIndia) January 18, 2025
-NK-
Speaking at the distribution of property cards under SVAMITVA scheme. https://t.co/9J04CE9iiA
— Narendra Modi (@narendramodi) January 18, 2025
हमने स्वामित्व योजना शुरू की।
— PMO India (@PMOIndia) January 18, 2025
हमने तय किया कि ड्रोन की मदद से देश के गांव-गांव में घरों की... जमीनों की मैपिंग कराई जाएगी... गांव के लोगों को उनकी आवासीय संपत्ति के कागज दिए जाएंगे: PM @narendramodi
आज हमारी सरकार पूरी ईमानदारी से ग्राम स्वराज को जमीन पर उतारने का प्रयास कर रही है।
— PMO India (@PMOIndia) January 18, 2025
स्वामित्व योजना से गांव के विकास की प्लानिंग और उस पर अमल अब काफी बेहतर हो रहा है: PM @narendramodi
विकसित भारत के निर्माण में नारीशक्ति की बहुत बड़ी भूमिका है।
— PMO India (@PMOIndia) January 18, 2025
इसलिए बीते दशक में हमने माताओं-बेटियों के सशक्तिकरण को, हर बड़ी योजना के केंद्र में रखा है: PM @narendramodi