Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്​നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്‌വാഡ് രാജ്യത്തെ പട്ടണമായ വഡ്​നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അ‌നുസ്മരിച്ചു. വഡ്​നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അ‌ദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്​നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.  ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥിജീവിതത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, ആരും ശ്രദ്ധിക്കാത്ത ശരാശരി വിദ്യാർത്ഥിയായാണ് അ‌ദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ അധ്യാപകനായ വെൽജിഭായ് ചൗധരി തന്റെ കഴിവുകൾ കണ്ടെത്തുകയും പലപ്പോഴും മോദിയുടെ പിതാവിനോട് പ്രതീക്ഷകൾ പ്രകടിപ്പിക്കുകയും ചെയ്തു. മോദി കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കിയെങ്കിലും പിന്നീട് സ്വന്തം ലോകത്തേക്കു സഞ്ചരിച്ചുവെന്ന്  വെൽജിഭായ് ചൂണ്ടിക്കാട്ടി. തന്റെ അധ്യാപകർ തന്നോട് വളരെ സ്നേഹമുള്ളവരായിരുന്നെന്നും എന്നാൽ മത്സരങ്ങളിൽ താൽപ്പര്യമില്ലായിരുന്നെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അധികം പരിശ്രമിക്കാതെ പരീക്ഷകളിൽ വിജയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്നും വിവിധ പ്രവർത്തനങ്ങളിൽ കൂടുതൽ ചായ്‌വു കാണിച്ചുവെന്നും പറഞ്ഞു. പുതിയ കാര്യങ്ങൾ വേഗത്തിൽ കണ്ടെത്തുകയും വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണ് തന്റെ സ്വഭാവമെന്ന് അദ്ദേഹം പറഞ്ഞു.

വളരെ ചെറുപ്പത്തിൽ വീട് വിട്ടിറങ്ങിയുള്ള തന്റെ അ‌തുല്യമായ യാത്രയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. അ‌തിലൂടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം നഷ്ടപ്പെടാൻ ഇടയായി. മുഖ്യമന്ത്രിയായപ്പോൾ, പഴയ സഹപാഠികളെ വീണ്ടും കാണാനും, 30-35 ഓളം സുഹൃത്തുക്കളെ മുഖ്യമന്ത്രിയുടെ ഭവനത്തിലേക്ക് ക്ഷണിക്കാനും  ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ അവർ തന്നെ അവരുടെ പഴയ സുഹൃത്ത് എന്നതിനേക്കാൾ മുഖ്യമന്ത്രിയായാണ് കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വിദ്യാഭ്യാസത്തിന് സംഭാവന നൽകിയ എല്ലാ അധ്യാപകരെയും പരസ്യമായി ആദരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഏറ്റവും പ്രായം കൂടിയ അധ്യാപകൻ റാസ്ബിഹാരി മണിഹാർ ഉൾപ്പെടെ ഏകദേശം 30-32 അധ്യാപകരെ ആദരിക്കുന്നതിനായി അദ്ദേഹം മഹത്തായ പരിപാടി സംഘടിപ്പിച്ചു. ആ സമയം അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ഈ പരിപാടിയിൽ ഗവർണറും ഗുജറാത്തിലെ മറ്റ് ആദരണീയ വ്യക്തികളും പങ്കെടുത്തു. കൂടാതെ, വീണ്ടും ബന്ധപ്പെടാനും പരസ്പരം പരിചയപ്പെടാനും അദ്ദേഹം തന്റെ വിപുലമായ കുടുംബത്തെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ക്ഷണിച്ചു. ആർ.എസ്.എസിലെ തന്റെ ആദ്യ നാളുകളിൽ തനിക്ക് ഭക്ഷണം നൽകിയ കുടുംബങ്ങളെയും അദ്ദേഹം ക്ഷണിച്ചു. ഈ നാല് സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കടപ്പാടും തന്റെ വേരുകളുമായി ബന്ധം നിലനിർത്താനുള്ള ആഗ്രഹവും പ്രതിഫലിപ്പിക്കുന്നതാണ് ഇവയെല്ലാം.

​മാർഗനിർദേശക തത്വശാസ്ത്രങ്ങളൊന്നും താൻ പിന്തുടരുന്നില്ലെന്നും ഉയർന്ന മാർക്ക് നേടാൻ ശ്രമിക്കാതെ പരീക്ഷ പാസാകുന്നതിൽ സംതൃപ്തനാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാടകം പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ സ്വയമേവ ഏർപ്പെടുകയും ചെയ്യുന്ന തന്റെ പ്രവണതയും പ്രധാനമന്ത്രി പരാമർശിച്ചു. തന്റെ കായികക്ഷമതാ പരിശീലന അധ്യാപകനായ ശ്രീ പാർമറിനെക്കുറിച്ചുള്ള കഥ അദ്ദേഹം പങ്കുവച്ചു. അദ്ദേഹം പതിവായി മല്ലകാമ്പും ഗുസ്തിയും പരിശീലിക്കാൻ തന്നെ പ്രേരിപ്പിച്ചു. പരിശ്രമിച്ചിട്ടും അദ്ദേഹം പ്രൊഫഷണൽ കായികതാരമായില്ല. ഒടുവിൽ ഈ ശ്രമം അ‌വസാനിപ്പിച്ചു.

രാഷ്ട്രീയക്കാരന്റെ കഴിവായി കണക്കാക്കാവുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഒരു രാഷ്ട്രീയക്കാരനാകുന്നതും രാഷ്ട്രീയത്തിൽ വിജയിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് ശ്രീ മോദി മറുപടി നൽകി. രാഷ്ട്രീയത്തിൽ വിജയിക്കുന്നതിന് സമർപ്പണം, പ്രതിബദ്ധത, ജനങ്ങളുടെ സന്തോഷങ്ങളോടും ദുഃഖങ്ങളോടും സഹാനുഭൂതി എന്നിവ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധിപത്യം പുലർത്തുന്ന നേതാവാകുന്നതിനുപകരം ഒരു നല്ല ടീം പ്ലെയർ ആകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ തന്നെ നിരവധി വ്യക്തികൾ ഈ ലക്ഷ്യത്തിന് സംഭാവന നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തര നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ നിന്ന് ഉയർന്നുവന്നത് സമൂഹത്തോടുള്ള അ‌ഗാധമായ അ‌ർപ്പണബോധത്തോടെയാണ്  അദ്ദേഹം പറഞ്ഞു. “മികച്ച വ്യക്തികൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് അഭിലാഷത്തോടെയല്ല, ദൗത്യത്തോടെയാണ്” –  ശ്രീ മോദി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി,  ഗാന്ധിജിയുടെ ജീവിതവും പ്രവൃത്തികളും രാഷ്ട്രത്തിനാകെ പ്രചോദനം നൽകിയതായി ശ്രീ മോദി പറഞ്ഞു. വാചാലമായ പ്രസംഗങ്ങളേക്കാൾ പ്രധാനം ഫലപ്രദമായ ആശയവിനിമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹിംസയ്ക്കുവേണ്ടി വാദിക്കുമ്പോൾ തന്നെ, ഉയരമുള്ള ഒരു വടി കൊണ്ടുനടക്കുന്നതിന്റെ വൈരുദ്ധ്യം പോലുള്ള തന്റെ പ്രവൃത്തികളിലൂടെയും ചിഹ്നങ്ങളിലൂടെയും കരുത്തുറ്റ സന്ദേശങ്ങൾ പകർന്നുനൽകുന്നതിനുള്ള ഗാന്ധിജിയുടെ കഴിവിനെ അദ്ദേഹം എടുത്തുകാട്ടി. പ്രൊഫഷണൽ ​വൈദഗ്ധ്യങ്ങളെയോ വാക്ചാതുര്യത്തെയോ മാത്രം ആശ്രയിക്കുന്നതിനുപകരം, അ‌ർപ്പണബോധത്തോടെയും ഫലപ്രദമായ ആശയവിനിമയത്തിലൂടെയും ജീവിതം നയിക്കുന്നതിലൂടെയാണ് രാഷ്ട്രീയത്തിൽ യഥാർത്ഥ വിജയം കൈവരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അഭിലാഷമെന്നതിനേക്കാൾ ഒരു ലക്ഷം യുവാക്കൾ  ദൗത്യനിർവ്വഹണപരമായ സമീപനത്തോടെ രാഷ്ട്രീയത്തിൽ ചേരേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ആവർത്തിച്ചു. സംരംഭകർ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, രാഷ്ട്രീയത്തിന് ആത്മത്യാഗവും രാഷ്ട്രത്തിന് പ്രഥമ സ്ഥാനം നൽകലും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന് മുൻഗണന നൽകുന്നവരെ സമൂഹം അംഗീകരിക്കുന്നുവെന്നും രാഷ്ട്രീയ ജീവിതം എളുപ്പമല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രീയത്തിൽ ജീവിതം ബുദ്ധിമുട്ടേറിയ​താണെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി തവണ മന്ത്രിയായിരുന്നിട്ടും ലളിതമായ ജീവിതം നയിച്ച അശോക് ഭട്ട് എന്ന അ‌ർപ്പണ ബോധമുള്ള തൊഴിലാളിയെക്കുറിച്ചുള്ള കഥ പ്രധാനമന്ത്രി പങ്കുവച്ചു. അർദ്ധരാത്രിയിൽ പോലും ശ്രീ ഭട്ട് എപ്പോഴും സഹായിക്കാൻ തയ്യാറായിരുന്നെന്നും വ്യക്തിപരമായ നേട്ടങ്ങളില്ലാതെ സേവന ജീവിതം നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ സമർപ്പണത്തിന്റെയും നിസ്വാർത്ഥതയുടെയും പ്രാധാന്യം ഈ ഉദാഹരണം അടിവരയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്നത് തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് പോരാടുന്നതിനല്ല, മറിച്ച് സാധാരണക്കാരുടെ ഹൃദയം കീഴടക്കുന്നതിനാണെന്നും, അതിനായി ഏവരും അവർക്കിടയിൽ ജീവിക്കുകയും അവരുടെ ജീവിതവുമായി ബന്ധപ്പെടുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

​”എന്റെ ജീവിതമാണ് എന്റെ ഏറ്റവും വലിയ അധ്യാപകൻ” – സാഹചര്യങ്ങൾ ജീവിതം എങ്ങനെ രൂപപ്പെടുത്തിയെന്ന ചോദ്യത്തിനു ശ്രീ മോദി പ്രതികരിച്ചു. വെല്ലുവിളി നിറഞ്ഞ ബാല്യത്തെ “പ്രതികൂല സർവകലാശാല” എന്ന് അ‌ദ്ദേഹം പരാമർശിച്ചു. വെള്ളത്തിനായി കിലോമീറ്ററുകൾ നടന്ന തന്റെ സംസ്ഥാനത്തെ സ്ത്രീകളുടെ പോരാട്ടങ്ങൾ കണ്ടതാണ് സ്വാതന്ത്ര്യാനന്തരം ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയ്ക്ക് പ്രചോദനമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതികളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നില്ലെങ്കിലും, രാഷ്ട്രത്തിന് പ്രയോജനകരമായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് താൻ സ്വയം സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലയളവിലെ തന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ അദ്ദേഹം പങ്കുവെച്ചു: അക്ഷീണം പ്രവർത്തിക്കുക, വ്യക്തിപരമായ നേട്ടം തേടരുത്, മനഃപൂർവ്വമുള്ള തെറ്റുകൾ ഒഴിവാക്കുക. തെറ്റുകൾ മനുഷ്യസഹജമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ മികച്ച ഉദ്ദേശ്യത്തോടെ പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രസംഗം അനുസ്മരിച്ച ശ്രീ മോദി, കഠിനാധ്വാനത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും, സ്വന്തം സ്വത്വത്തിനായി ഒന്നും ചെയ്യില്ലെന്നും, ദുരുദ്ദേശ്യത്തോടെ തെറ്റുകൾ വരുത്തില്ലെന്നും, ഈ മൂന്ന് നിയമങ്ങളാണ് തന്റെ ജീവിതത്തിന്റെ മന്ത്രമായി കണക്കാക്കുന്നതെന്നും പറഞ്ഞു.

ആദർശവാദത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുവേ,  തന്റെ മാർഗ്ഗനിർദ്ദേശ തത്വം എല്ലായ്പ്പോഴും “രാഷ്ട്രം ആദ്യം” എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗതവും പ്രത്യയശാസ്ത്രപരവുമായ അതിരുകൾ മറികടക്കുന്ന ഈ പ്രത്യയശാസ്ത്രം, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നെങ്കിൽ പുതിയ ആശയങ്ങൾ സ്വീകരിക്കാനും പഴയ ആശയങ്ങൾ ഉപേക്ഷിക്കാനും തനിക്ക് അവസരം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “രാഷ്ട്രം ആദ്യം” എന്നതാണ് തന്റെ അചഞ്ചലമായ മാനദണ്ഡമെന്ന് അദ്ദേഹം പറഞ്ഞു. സ്വാധീനമുള്ള രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്രത്തേക്കാൾ ആദർശവാദത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രത്യയശാസ്ത്രം അനിവാര്യമാണെങ്കിലും, അർത്ഥവത്തായ രാഷ്ട്രീയ സ്വാധീനത്തിന് ആദർശവാദം നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ സ്വാതന്ത്ര്യം എന്ന പൊതു ലക്ഷ്യത്തിലേക്ക് ഒത്തുചേർന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുജീവിതത്തിലെ പരിഹാസങ്ങളെയും അനാവശ്യ വിമർശനങ്ങളെയും യുവ രാഷ്ട്രീയക്കാർ എങ്ങനെ നേരിടണമെന്ന് ചോദിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന സംവേദനക്ഷമതയുള്ള വ്യക്തികൾ രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഒരു ജനാധിപത്യത്തിൽ, ആരോപണങ്ങളും പ്രത്യാരോപണങ്ങളും അംഗീകരിക്കണം. എന്നാൽ ഒരാൾ ശരിയുടെ ഭാഗമെങ്കിൽ, അ‌യാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രീ-സോഷ്യൽ മീഡിയ രാഷ്ട്രീയം പോസ്റ്റ്-സോഷ്യൽ മീഡിയ രാഷ്ട്രീയം എന്നിവ രാഷ്ട്രീയക്കാരിൽ ചെലുത്തുന്ന സ്വാധീനവും സാമൂഹ്യമാധ്യമം  ഉപയോഗിക്കാനുള്ള യുവ രാഷ്ട്രീയക്കാർക്കുള്ള ഉപദേശവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കവേ, ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കക്കുന്നതും അതിലൂടെ വിമർശിക്കപെടുന്നതിനെയും എങ്ങനെ കാണുന്നുവെന്നുള്ള ചോദ്യത്തിന്  രസകരമായ ഒരു കഥ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഒരു വ്യക്തിയ്ക്ക് സത്യവും ശുദ്ധമനസ്സാക്ഷിയുമുള്ളിടത്തോളം കാലം വിമർശനങ്ങളെ പറ്റി വിഷമിക്കേണ്ട കാര്യമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അപമാനങ്ങളിൽ തളരാതെ നിന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള  കഥ പ്രധാനമന്ത്രി വിവരിക്കുകയും താനും സമാനമായ ചിന്താഗതിയാണ് സ്വീകരിച്ചതെന്ന് അഭിപ്രായപ്പെടുകായും ചെയ്തു.  പൊതുജീവിതത്തിൽ സംവേദനക്ഷമതയുടെ ആവശ്യകത ഊന്നിപറഞ്ഞ പ്രധാനമന്ത്രി, അതില്ലാതെ ഒരാൾക്ക് ജനങ്ങളെ ആത്മാർത്ഥമായി സേവിക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ചു. രാഷ്ട്രീയരംഗത്തും തൊഴിലിടങ്ങളിലും ഉൾപ്പെടെ എല്ലാ മേഖലകളിലും വിമർശനങ്ങളും വിയോജിപ്പുകളും സാധാരണമാണെന്നും അവ അംഗീകരിച്ചുകൊണ്ടുവേണം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ സാമൂഹ്യ മാധ്യമത്തിന്റെ പരിവർത്തനാത്മകമായ ശക്തി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുൻകാലങ്ങളിൽ വിവര ലഭ്യതയ്ക്കായി വളരെ കുറച്ച് ഉറവിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് വിവിധ മാർഗങ്ങളിലൂടെ  വസ്തുതകൾ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സത്യം അറിയാനും വിവരങ്ങൾ പരിശോധിക്കാനും വ്യക്തികളെ അനുവദിക്കുന്ന ജനാധിപത്യത്തിൻ്റെ ഒരു പ്രധാന ഉപകരണമായി സാമൂഹ്യ മാധ്യമം  മാറിയിരിക്കുന്നു”, ശ്രീ മോദി പറഞ്ഞു. ഇന്നത്തെ യുവാക്കൾ സാമൂഹ്യ മാധ്യമത്തിലൂടെ, പ്രത്യേകിച്ച് ബഹിരാകാശ പര്യവേക്ഷണം പോലുള്ള മേഖലകളിൽ വിവരങ്ങൾ സജീവമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഗഗൻയാൻ ദൗത്യം പോലുള്ള സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം പിന്തുടരുന്ന യുവാക്കളിൽ ചന്ദ്രയാൻ്റെ വിജയം ഒരു പുതിയ ചൈതന്യം ഉണർത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയ്‌ക്കുള്ള ശക്തമായ ഉപകരണമാണ് സോഷ്യൽ മീഡിയ എന്ന് സോഷ്യൽ മീഡിയയുടെ പ്രയോജനത്തെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിലെ തൻ്റെ ആദ്യ നാളുകളെ കുറിച്ച് പരാമർശിച്ചുകൊണ്ട് , സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവിന് മുമ്പ് വിമർശനങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും സാധാരണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇന്ന് വിവിധ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യത സത്യാന്വേഷണത്തിനും വിവര സ്ഥിരീകരണത്തിനും വിശാലമായ വേദി പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ വിലപ്പെട്ട വിഭവമായി മാറിയ സാമൂഹ്യ മാധ്യമത്തിന് ജനാധിപത്യത്തെയും യുവാക്കളെയും ശാക്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉത്കണ്ഠയുടെ പ്രശ്‌നത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് , താനുൾപ്പെടെ എല്ലാവരും അത് അനുഭവിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോരുത്തരും ഉത്കണ്ഠ നിയന്ത്രിക്കുന്ന രീതി വ്യത്യസ്തമാണെന്നും ഓരോ വ്യക്തിക്കും അത് കൈകാര്യം ചെയ്യാനുള്ള കഴിവും സ്വന്തം ശൈലിയും ഉണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. 2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പും ഗോധ്ര സംഭവവും ഉൾപ്പെടെയുള്ള വ്യക്തിപരമായ വിഷയങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ തൻ്റെ വികാരങ്ങളും ഉത്തരവാദിത്തങ്ങളും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് അത് എടുത്തുകാട്ടുന്നതായി വ്യക്തമാക്കി. വ്യക്തികൾ അവരവരുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാഭാവിക മാനുഷിക പ്രവണതകൾക്ക് അതീതമായി നിലകൊള്ളേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അനാവശ്യ സമ്മർദ്ദം ഒഴിവാക്കി, പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷകളെ സമീപിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. അത്  നിത്യജീവിതത്തിൻ്റെ ഒരു ഭാഗമായി കണക്കാക്കാൻ അദ്ദേഹം അവരോടാവശ്യപ്പെട്ടു.

മോശം സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാനുള്ള തൻ്റെ വീക്ഷണം പങ്കുവെച്ചുകൊണ്ട്, താൻ ഇന്ന് നിൽക്കുന്ന  സ്ഥാനത്ത് എത്തിച്ചേരാൻ ഒരിക്കലും ഒരു ആസൂത്രണവും നടത്തിയിട്ടില്ലെന്നും തൻ്റെ ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റുന്നതിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ശ്രീ മോദി വ്യക്തമാക്കി. വിജയമോ പരാജയമോ എന്ന ചിന്തകൾ തൻ്റെ മനസ്സിനെ കീഴടക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുന്നതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ചാന്ദ്രയാൻ-2 വിക്ഷേപണത്തിൻ്റെ പരാജയം എടുത്തുപറയുകയും, ആ അവസരത്തിൽ  ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്  പ്രതീക്ഷയോടെ ശ്രമം തുടരാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തതായി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ അപകട സാധ്യത ഏറ്റെടുക്കേണ്ടതിന്റെയും യുവ നേതാക്കളെ പിന്തുണച്ചുകൊണ്ട്  രാജ്യത്തിനായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രീയത്തിന് മാന്യത കൽപ്പിക്കുകയും നല്ല ആളുകളെ അതിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയ ശുദ്ധീകരണത്തിന് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അജ്ഞാതമായ ഭയാശങ്കകൾ മറികടക്കാൻ യുവ നേതാക്കളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ഭാവി അവരുടെ കൈകളിലാണെന്ന് ഊന്നിപ്പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും ജനാധിപത്യത്തിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

രാഷ്ട്രീയരംഗം ഒരു “മോശപ്പെട്ട സ്ഥാനം” ആണെന്ന ധാരണയെ കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയം എന്നത് തെരഞ്ഞെടുപ്പും ജയവും തോൽവിയും മാത്രമല്ല, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നയരൂപീകരണവും ഭരണവും കൂടി ഉൾക്കൊള്ളുന്നതാണെന്ന്  ശ്രീ മോദി വ്യക്തമാക്കി. സാഹചര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നല്ല നയങ്ങളുടെയും അവ നടപ്പിലാക്കുന്നതിൻ്റെയും പ്രാധാന്യത്തെ എടുത്തുകാട്ടിക്കൊണ്ട്, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ മാർഗനിർദേശപ്രകാരം വികസിപ്പിച്ച പിഎം ജൻമൻ യോജന എന്ന പദ്ധതിയുടെ ഉദാഹരണം ശ്രീ മോദി പങ്കുവെച്ചു. ഈ ഉദ്യമം രാഷ്ട്രീയ നേട്ടമുണ്ടാക്കില്ലെങ്കിലും, 250 സ്ഥലങ്ങളിലായി 25 ലക്ഷം ആളുകളുടെ ജീവിതത്തിൽ ഇത് ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നത് കാര്യമായ അനുകൂല മാറ്റങ്ങളിലേക്ക് നയിക്കുമെന്നും അത് സഫലീകരണവും സംതൃപ്തിയും നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തിരിച്ചടികളുടെയും പരാജയങ്ങളുടെയും അനുഭവങ്ങൾ പങ്കുവച്ച ശ്രീ മോദി, സാമ്പത്തിക പരിമിതികൾ കാരണം ഒരു സൈനിക സ്കൂളിൽ ചേരാനുള്ള തൻ്റെ ബാല്യകാല ആഗ്രഹം സഫലീകരിക്കാൻ സാധിക്കാത്ത കാര്യം വിവരിച്ചു. രാമകൃഷ്ണ മിഷനിൽ ചേരാൻ ശ്രമിച്ചിട്ടും പൂർത്തീകരിക്കപ്പെടാതെ പോയ സന്യാസ ജീവിതം നയിക്കാനുള്ള തൻ്റെ ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു. തിരിച്ചടികൾ ജീവിതത്തിൻ്റെ ഭാഗമാണെന്നും അത് വ്യക്തിഗത വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നൽകുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തോൽവികളിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് താൻ ആർഎസ്എസിൽ ആയിരിക്കുമ്പോൾ ഡ്രൈവിങ്ങിനിടെയുണ്ടായ പിഴവിൽ നിന്ന് പഠിച്ച ഒരു പാഠം അദ്ദേഹം പങ്കുവച്ചു. തൻ്റെ വ്യക്തിത്വത്തെയും ജീവിതത്തോടുള്ള സമീപനത്തെയും രൂപപ്പെടുത്തിയ കംഫർട്ട് സോണിന് പുറത്താണ് താൻ എപ്പോഴും ജീവിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കംഫർട്ട് സോൺ ഒഴിവാക്കുന്നത് പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും റിസ്ക് എടുക്കുന്നത് വിജയം നേടുന്നതിന് നിർണായകമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരാളുടെ ആത്യന്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുഖസൗകര്യങ്ങൾ തടസ്സമാകുമെന്നും വളർച്ചയ്ക്കും പുരോഗതിക്കും കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അപകടസാധ്യത ഏറ്റെടുക്കാനുള്ള തൻ്റെ കഴിവിനെക്കുറിച്ചും കാലക്രമേണ അത് എങ്ങനെ വികസിച്ചുവെന്നും വിശദമാക്കിയ പ്രധാനമന്ത്രി, റിസ്ക് എടുക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് വളരെ വലുതാണെന്നും അദ്ദേഹം ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകിയിട്ടില്ലെന്നും ഈ നിർഭയ മനോഭാവം മടികൂടാതെ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നുവെന്നും എടുത്തുപറഞ്ഞു. സ്വയം ചിന്തിക്കാനും തന്നോട് തന്നെ സംവദിക്കാനുമായി വിദൂര സ്ഥലങ്ങളിൽ ഒറ്റയ്ക്ക് സമയം ചെലവഴിച്ചിരുന്നതായും ആ അവസരം തനിക്ക് ഇപ്പോൾ  നഷ്ടപ്പെട്ടിരിക്കുകയാണെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. 1980-കളിൽ മരുഭൂമിയിൽ തങ്ങി, ആത്മീയ ഉണർവ് അനുഭവിച്ച അത്തരത്തിലുള്ള ഒരു അനുഭവം പരാമർശിച്ചുകൊണ്ട്, മികച്ച വിനോദസഞ്ചാര ഗ്രാമമായി ആഗോള അംഗീകാരം നേടിയ ഒരു പ്രധാന ടൂറിസം പരിപാടിയായി മാറിയ റൺ ഉത്സവ് ആവിഷ്‌ക്കരിക്കാൻ ഇത് തന്നെ പ്രേരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. രാഷ്ട്രീയത്തിലും സംരംഭകത്വത്തിലും വളർച്ചയ്ക്കും പുരോഗതിക്കും സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടക്കുന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അപകടസാധ്യതകൾ ഏറ്റെടുക്കുന്നതും വെല്ലുവിളികളെ മുഖാമുഖം നേരിടുന്നതും മികച്ച നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യക്തിബന്ധങ്ങളെ പരാമർശിച്ചുകൊണ്ട്, മാതാപിതാക്കളെ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വികാരങ്ങളെക്കുറിച്ച് ശ്രീ മോദി തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ചെറുപ്രായത്തിൽ തന്നെ വീടുവിട്ടിറങ്ങിയ തനിക്ക് പരമ്പരാഗതമായ അടുപ്പവും ബന്ധങ്ങളും  നഷ്ടമായെന്നും എന്നാൽ തൻ്റെ അമ്മയുടെ നൂറാം ജന്മദിനത്തിൽ അവർ “ജ്ഞാനത്തോടെ പ്രവർത്തിക്കുക, പരിശുദ്ധിയോടെ ജീവിക്കുക.” എന്നവിലപ്പെട്ട ഉപദേശം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമില്ലാതിരുന്നിട്ടും തൻ്റെ അമ്മ അഗാധമായ ജ്ഞാനം പകർന്നു നൽകിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമ്മയുമായി ആഴത്തിലുള്ള ഇടപഴകലുകൾ നഷ്‌ടമാക്കിയ അവസരങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് , അവർ എപ്പോഴും എന്റെ കർമ്മങ്ങൾ തുടരാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു.  മാതാപിതാക്കളുടെ നഷ്ടം വികാരങ്ങളുടെ സമ്മിശ്രണം കൊണ്ടുവരുന്നുവെന്നും എന്നാൽ അവർ പകർന്നുനൽകിയ ജ്ഞാനവും മൂല്യങ്ങളും ശാശ്വത നിധിയായി നിലനിൽക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയമേഖല ഒരു “മോശപ്പെട്ട സ്ഥലം” എന്ന ധാരണയെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, രാഷ്ട്രീയക്കാരുടെ പ്രവൃത്തികളാണ് അതിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ഊന്നിപ്പറഞ്ഞു. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആദർശവാദികൾക്കുള്ള ഇടമാണ് രാഷ്ട്രീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യവും സമർപ്പണവും സമൂഹം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിച്ചുകൊണ്ട് തുശ്ചമായ പണം ഉപയോഗിച്ച് സ്വതന്ത്ര തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഒരു പ്രാദേശിക ഡോക്ടറെക്കുറിച്ച് കുട്ടിക്കാലം മുതലേ താൻ കേട്ട ഒരു കഥ പ്രധാനമന്ത്രി പങ്കുവെച്ചു. രാഷ്ട്രീയത്തിൽ ക്ഷമയും പ്രതിബദ്ധതയും അനിവാര്യമാണെന്നും അത് തിരഞ്ഞെടുപ്പിൻ്റെ കണ്ണിലൂടെ മാത്രം കാണരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങളിലും നയരൂപീകരണത്തിലും ഏർപ്പെടേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റിക്കൊണ്ട് ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുകയും ഭൂകമ്പ പുനരധിവാസത്തിനായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും ചെയ്ത, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഉദാഹരണങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഗ്രാമങ്ങൾ വീണ്ടും സന്ദർശിക്കാനും ഗ്രാമീണ ജീവിതത്തിൻ്റെ യാഥാർത്ഥ്യവുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ പ്രവർത്തനത്തിൻ്റെ സ്വാധീനം മനസ്സിലാക്കാനും ഉദ്യോഗസ്‌ഥരെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഉദ്യമവും പ്രധാനമന്ത്രി പങ്കുവെച്ചു. കടുത്ത വാക്കുകളോ ശാസനകളോ അവലംബിക്കാതെ തന്നോടൊപ്പമുള്ളവരെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതാണ് ഭരണത്തോടുള്ള തൻ്റെ സമീപനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്” എന്ന ആശയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ന്ത്രിമാരുടെയോ ജീവനക്കാരുടെയോ എണ്ണം കുറയ്ക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും പകരം അത് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിലും ഉദ്യോഗസ്ഥ ഭരണ ഭാരം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ ഭാരം കുറയ്ക്കുന്നതിനായി രാജ്യത്തെ ഏകദേശം 40,000 നിബന്ധനകൾ ഒഴിവാക്കിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കാലഹരണപ്പെട്ട ഏകദേശം 1,500 നിയമങ്ങൾ നിർത്തലാക്കുകയും, ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്തകാര്യം അദ്ദേഹം പരാമർശിച്ചു. ഭരണം ലളിതമാക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഈ ശ്രമങ്ങൾ നിലവിൽ വിജയകരമായി നടപ്പാക്കി വരികയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യ സ്റ്റാക്ക് ഉദ്യമത്തെ പരാമർശിച്ചുകൊണ്ട്, UPI, eKYC, ആധാർ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ സംരംഭങ്ങളുടെ പരിവർത്തനാത്മകമായ  സ്വാധീനം ശ്രീ മോദി എടുത്തുകാട്ടി. ഈ സാങ്കേതികവിദ്യകൾ കർഷകരുടെ അക്കൗണ്ടുകളിലേക്ക് സഹായങ്ങൾ നേരിട്ട് കൈമാറ്റം ചെയ്യാനും അതുവഴി അഴിമതിയും ഫണ്ട് ചോർച്ചയും ഇല്ലാതാക്കാനും സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയുടെ  ഈ നൂറ്റാണ്ടിൽ, സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശേഷി പ്രകടിപ്പിക്കുന്ന യുപിഐ ഒരു ആഗോള വിസ്മയമായി മാറിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തായ്‌വാൻ സന്ദർശനത്തിനിടെ, ഉയർന്ന യോഗ്യതയുള്ള നേതാക്കളിൽ മതിപ്പുളവാക്കിയ ഒരു സംഭവവും പ്രധാനമന്ത്രി പങ്കുവച്ചു. ഇന്ത്യൻ യുവാക്കളും സമാന നിലവാരത്തിലുള്ള മികവ് കൈവരിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യയെക്കുറിച്ച് പഴയകാല ധാരണകൾ മാത്രമുള്ള ഒരു തായ്‌വാനീസ് വ്യാഖ്യാതാവുമായുള്ള സംഭാഷണവും അദ്ദേഹം വിവരിച്ചു. ആധുനിക ഇന്ത്യ സാങ്കേതിക വിദ്യയാൽ ശാക്തീകരിക്കപ്പെട്ടിരിക്കുകയാണെന്നും ഓരോ കുട്ടിയും കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു . ഇന്ത്യയുടെ ശക്തി ഇപ്പോൾ അതിൻ്റെ സാങ്കേതിക പുരോഗതിയിലാണെന്നും നവീനാശയങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ് പ്രത്യേക ഫണ്ടുകളും കമ്മീഷനുകളും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരാജയപ്പെട്ടാൽപോലും അവരെ പിന്തുണയ്ക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് റിസ്ക് ഏറ്റെടുക്കാൻ പ്രധാനമന്ത്രി യുവാക്കൾക്ക് പ്രോത്സാഹനം നൽകി.

ഇന്ത്യയെക്കുറിച്ചുള്ള മെച്ചപ്പെട്ട ആഗോള ധാരണയെക്കുറിച്ച് ചർച്ചചെയ്ത പ്രധാനമന്ത്രി, ഇത് തൻ്റെ നേട്ടം മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണെന്ന്  ഊന്നിപ്പറഞ്ഞു. വിദേശയാത്ര നടത്തുന്ന ഓരോ ഇന്ത്യക്കാരനും രാജ്യത്തിൻ്റെ അംബാസഡറായി പ്രവർത്തിക്കുകയും അതിൻ്റെ  പ്രതിച്ഛായയ്ക്ക് അവരുടേതായ  സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും അവരുടെ ശക്തി പ്രയോജനപ്പെടുത്താനും നിതി ആയോഗിന് ലക്ഷ്യമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള തൻ്റെ  വിപുലമായ യാത്രകളേയും അതിൽ നിന്നുള്ള  അനുഭവങ്ങളേയും 
 പരാമർശിച്ച് ഇന്ത്യൻ പ്രവാസികളുടെ സാധ്യതകളെ താൻ എങ്ങനെയാണ്  തിരിച്ചറിഞ്ഞതെന്ന്  അദ്ദേഹം വാചാലനായി . ഈ അംഗീകാരം ഇന്ത്യയെ കൂടുതൽ ശക്തമായ ആഗോള അടയാളപ്പെടുത്തലിലേക്ക്  നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, ഉയർന്ന വിദ്യാഭ്യാസ നിലവാരം,  നിയമങ്ങൾ അനുസരിക്കുന്ന ഇന്ത്യക്കാരുടെ മനോഭാവം  എന്നിവ ആഗോളതലത്തിൽ നല്ല ധാരണയ്ക്ക് കാരണമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂട്ടായ ശക്തിയുടെ ഫലം  പ്രയോജനപ്പെടുത്തുക,ശുഭകരമായ ചിന്തകൾ  നിലനിർത്തുക, ശക്തമായ  ബന്ധങ്ങളും കൂട്ടായ്മകളും  കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയിലൂടെ സംരംഭകർക്ക് ഈ സമീപനത്തിൽ നിന്ന്  ധാരാളം പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംരംഭകത്വത്തിലും രാഷ്ട്രീയത്തിലും മത്സരത്തിൻ്റെ പ്രാധാന്യം ശ്രീ മോദി ഊന്നിപ്പറഞ്ഞു. 2005-ൽ അമേരിക്കൻ ഗവൺമെൻ്റ് തനിക്ക് വിസ നിഷേധിച്ചപ്പോൾ,പ്രസ്തുത നടപടിയിൽ  തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനും രാഷ്ട്രത്തിനും നേരെയുള്ള  അപമാനമായി അതിനെ കണ്ട  ഒരു സംഭവകഥ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ വിസകൾക്കായി ലോകം അണിനിരക്കുന്ന ഒരു ഭാവിയാണ് താൻ കാലേക്കൂട്ടി കണ്ടതെന്നും,ഇന്ന് 2025ൽ ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തൻ്റെ സമീപകാല കുവൈറ്റ് സന്ദർശനത്തിൻ്റെ ഉദാഹരണം പങ്കുവെച്ച്, ഇന്ത്യൻ യുവാക്കളുടെയും സാധാരണക്കാരുടെയും അഭിലാഷങ്ങളെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. തൻ്റെ ജില്ലയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്വപ്‌നം കണ്ട ഒരു തൊഴിലാളിയുമായി  താൻ നടത്തിയ സംഭാഷണം അദ്ദേഹം വിവരിച്ചു. ഇത്തരം അഭിലാഷങ്ങൾ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ ആത്മാവും അഭിലാഷവുമാണ് രാജ്യത്തിൻ്റെ പുരോഗതിക്ക് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 സമാധാനത്തിനായി നിരന്തരം വാദിച്ചതിലൂടെ ആഗോളതലത്തിൽ ഇന്ത്യ നേടിയെടുത്ത പ്രാമാണ്യവും  വിശ്വാസവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.ലോക കാര്യങ്ങളിൽ  ഇന്ത്യ നിഷ്പക്ഷമല്ല, മറിച്ച് സമാധാനത്തിന് അനുകൂലമാണ്. ഈ നിലപാട് റഷ്യ, ഉക്രെയ്ൻ, ഇറാൻ, പലസ്തീൻ, ഇസ്രായേൽ എന്നിവയുൾപ്പെടെ, എല്ലാ കക്ഷികളേയും  അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. COVID-19  മഹാമാരി സമയത്ത്  അയൽ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത് പോലുള്ള പ്രതിസന്ധികളിൽ ഇന്ത്യയുടെ സജീവമായ ശ്രമങ്ങൾ അദ്ദേഹം എടുത്തുകാണിച്ചു. പൗരന്മാരെ തിരികെ കൊണ്ടുവരിക എന്ന അപകടകരമായ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടി ,  ഇത് ജനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.നേപ്പാൾ ഭൂകമ്പസമയത്തെ  ഒരു സംഭവം പങ്കുവെച്ച് , അവിടെ പൗരന്മാരെ രക്ഷിക്കാനും തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും  അത്തരം ജീവൻരക്ഷാ ദൗത്യങ്ങളിൽ നികുതിയുടെ മൂല്യം മനസ്സിലാക്കി ഒരു ഡോക്ടർ അഭിനന്ദിച്ചതിനെയും പ്രധാനമന്ത്രി ഓർമിപ്പിച്ചു.ആഗോളതലത്തിൽ പൗരന്മാരെ സേവിക്കുന്നത് നന്മയുടെയും പാരസ്പര്യത്തിൻ്റെയും ബോധത്തെ ജ്വലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ബഹുമാനത്തിൻ്റെയും  വിശ്വാസത്തിൻ്റെയും ഉദാഹരണമായി,ഇസ്ലാമിക രാജ്യമായ അബുദാബിയിൽ ക്ഷേത്രം പണിയാൻ ഭൂമിയ്ക്കായുള്ള ഇന്ത്യയുടെ  അഭ്യർത്ഥന അനുവദിച്ച് കിട്ടിയതിനേയും  അദ്ദേഹം പരാമർശിച്ചു. ഈ സംരംഭം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പൗരന്മാർക്ക് സമാധാനത്തിനും പിന്തുണക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നുവെന്നും രാജ്യത്തിൻ്റെ വിശ്വാസ്യത ആഗോള തലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.

ഭക്ഷണ മുൻഗണനകളെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ച്, താൻ ഒരു ഭക്ഷണപ്രിയനല്ലെന്നും വിവിധ രാജ്യങ്ങളിൽ തനിക്ക് വിളമ്പുന്നതെന്തും ആസ്വദിക്കുമെന്നും ശ്രീ മോദി പ്രസ്താവിച്ചു. സംഘടനയുമായി  ചേർന്ന് പ്രവർത്തിച്ച കാലത്ത്, ഇന്ത്യയിലുടനീളമുള്ള മികച്ച റെസ്റ്റോറൻ്റുകളും വിഭവങ്ങളും നന്നായി അറിയാമായിരുന്ന അന്തരിച്ച ശ്രീ അരുൺ ജെയ്റ്റ്ലിയെ താൻ പലപ്പോഴും ആശ്രയിച്ചിരുന്നതായും അദ്ദേഹം ഓർമ്മിച്ചു.

സാഹചര്യങ്ങളും സ്ഥാനമാനങ്ങളും  മാറിയെങ്കിലും താൻ ഒരേ വ്യക്തിയായി തുടരുന്നുവെന്നും ഒന്നിലും ഒരു വ്യത്യസ്തത അനുഭവപ്പെടുന്നില്ലെന്നും താൻ ആരാണെന്നതിൻ്റെ സത്ത മാറിയിട്ടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പദവിയിലും ഉത്തരവാദിത്തങ്ങളിലും വന്ന മാറ്റം തൻ്റെ അടിസ്ഥാന മൂല്യങ്ങളെയും തത്വങ്ങളെയും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  തൻ്റെ ജോലിയോടുള്ള അതേ വിനയവും അർപ്പണബോധവും നിലനിർത്തിക്കൊണ്ട്, തൻ്റെ പദവിയിലെ മാറ്റങ്ങൾ  തൻ്റെ അടിത്തറയെ  ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പൊതുസംഭാഷണത്തെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെച്ച്, അനുഭവസമ്പത്ത് ഇതിൽ  ഒരു നിർണായക പങ്ക് വഹിക്കുന്നുവെന്ന്  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആളുകൾ അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്ന് സംസാരിക്കുമ്പോൾ, അവരുടെ വാക്കുകളും ഭാവങ്ങളും ആഖ്യാനവും സ്വാഭാവികവും  സ്വാധീനം ചെലുത്തുന്നവയായും മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഗുജറാത്തി ആയിരുന്നിട്ടും ഹിന്ദി നന്നായി സംസാരിക്കാനുള്ള തൻ്റെ കഴിവ്, റെയിൽവേ സ്റ്റേഷനുകളിൽ ചായ വിൽക്കുന്നതും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി ഇടപഴകുന്നതും പോലുള്ള തൻ്റെ ആദ്യകാല ജീവിതാനുഭവങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അടിസ്ഥാനപരമായി നിലകൊള്ളുന്നതും ഒരാളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നതും ഫലപ്രദമായ ആശയവിനിമയത്തിന് സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നതിലും യഥാർത്ഥ അനുഭവങ്ങൾ പങ്കുവെക്കുന്നതിലുമാണ് നല്ല പ്രസംഗത്തിൻ്റെ സത്തയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തെ  പരിണാമം ശ്രീ മോദി എടുത്തുകാട്ടി. ഇന്ത്യയിലെ യുവാക്കളുടെ ശക്തിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, ആദ്യ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ  നിന്നുള്ള ഒരു കഥ അദ്ദേഹം പങ്കുവെച്ചു.അവിടെ കൊൽക്കത്തയിൽ നിന്നുള്ള ഒരു യുവതി സ്റ്റാർട്ടപ്പുകളെ പരാജയത്തിലേക്കുള്ള പാതയാണെന്ന് വിശേഷിപ്പിച്ചു.  എന്നാൽ ഇന്ന് സ്റ്റാർട്ടപ്പുകൾ അന്തസ്സും വിശ്വാസ്യതയും നേടിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സംരംഭകത്വ മനോഭാവത്തെ വലിയ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് നയിക്കുന്നതെന്നും രാജ്യത്തെ യുവാക്കൾ ഇപ്പോൾ പരമ്പരാഗത ജോലികൾ തേടുന്നതിനുപകരം സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ കൂടുതൽ താത്പര്യം കാണിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗവൺമെൻ്റിൻ്റെ ഒന്നും രണ്ടും മൂന്നും കാലഘട്ടങ്ങളിലെ  വ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ വികസനത്തിനായുള്ള തൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെച്ചു. തൻ്റെ ആദ്യ ഗവണ്മെന്റിന്റെ കാലത്ത്  താനും ജനങ്ങളും പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നതായും ഡൽഹിയെ കൂടുതൽ  മനസ്സിലാക്കാൻ താൻ ശ്രമിച്ചിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തൻ്റെ ഒന്നും രണ്ടും ഗവണ്മെന്റുകളുടെ കാലത്ത് , മുൻകാല നേട്ടങ്ങൾ താരതമ്യം ചെയ്യുന്നതിലും പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ,മൂന്നാം വരവിൽ,അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് ഗണ്യമായി വികസിച്ചു. 2047-ഓടെ വികസിത ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോടെ തൻ്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും വളർന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2047-ഓടെ വികസിത ഇന്ത്യ കൈവരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്  മൂന്നാം വരവിൽ തൻ്റെ കാഴ്ചപ്പാട് ഗണ്യമായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാർക്കും ശൗച്യാലയം , വൈദ്യുതി, പൈപ്പ് വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ 100% എത്തിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവ അവകാശങ്ങളാണെന്നും ഔദാര്യമല്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു .  വിവേചനമില്ലാതെ ഓരോ ഇന്ത്യക്കാരനും ഇവയുടെ  പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് യഥാർത്ഥ സാമൂഹിക നീതിയും മതേതരത്വവും കുടികൊള്ളുന്നതെന്ന്  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തൻ്റെ പ്രേരകശക്തി “ആഗ്രഹിക്കുന്ന ഇന്ത്യ” ആണെന്നും, 2047-ഓടെ സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കാൻ ലക്ഷ്യമിടുന്ന തൻ്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാവിയിലാണെന്നും അദ്ദേഹം അഭിമാനംകൊണ്ടു. തൻ്റെ മൂന്നാം വരവ് മുമ്പത്തേതിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി,ഉയർന്ന അഭിലാഷ ബോധവും ഒപ്പം ദൃഢനിശ്ചയവുമാണ് അതിന്റെ മുഖമുദ്രയെന്നും പ്രത്യേകം എടുത്തുപറഞ്ഞു.

അടുത്ത തലമുറയിലെ നേതാക്കളെ തയ്യാറാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗുജറാത്തിലെ തൻ്റെ ഭരണകാലത്ത് അടുത്ത 20 വർഷത്തേക്കുള്ള  നേതാക്കളെ പരിശീലിപ്പിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സ്വന്തം സംഘത്തെ  എത്ര നന്നായി സജ്ജരാക്കുന്നു എന്നതിലാണ് തൻ്റെ വിജയം അളക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭാവിയിലേക്ക് ശക്തവും കഴിവുറ്റതുമായ നേതൃത്വം ഉറപ്പാക്കുന്നതിന് യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

സ്ഥാനാർത്ഥിയാകാനുള്ള യോഗ്യതയും വിജയിയായ  രാഷ്ട്രീയക്കാരനാവാനുള്ള യോഗ്യതയും തമ്മിലുള്ള വ്യത്യാസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിനുള്ള അടിസ്ഥാന യോഗ്യതകൾ  വളരെ കുറവാണെങ്കിലും, ഒരു വിജയിയായ  രാഷ്ട്രീയക്കാരനാകാൻ അസാധാരണമായ ഗുണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയക്കാരൻ നിരന്തരം നിരീക്ഷണത്തിലാണെന്നും, ഒരു തെറ്റായ നടപടി വർഷങ്ങളുടെ കഠിനാധ്വാനത്തെ തുരങ്കം വയ്ക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 24 മണിക്കൂറും  അർപ്പണബോധവും, സർവ്വകലാശാലാ സർട്ടിഫിക്കറ്റുകൾ വഴി നേടിയെടുക്കാൻ കഴിയാത്ത ഗുണങ്ങളുടെ ആവശ്യകതയും  അദ്ദേഹം ഊന്നിപ്പറഞ്ഞു. യഥാർത്ഥ രാഷ്ട്രീയ വിജയത്തിന് സമാനതകളില്ലാത്ത പ്രതിബദ്ധതയും സമഗ്രതയും ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .ആശയവിനിമയം അവസാനിപ്പിച്ച്, ശ്രീ മോദി രാജ്യത്തെ യുവജനങ്ങളെയും സ്ത്രീകളെയും അഭിസംബോധന ചെയ്തുകൊണ്ട് , നേതൃത്വത്തിൻ്റെയും രാഷ്ട്രീയത്തിലെ പങ്കാളിത്തത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുകയും, പ്രാദേശിക ഭരണത്തിലെ 50% സംവരണം പ്രയോജനപ്പെടുത്താനും നേതൃപരമായ സ്ഥാനമാനങ്ങൾക്കായി സ്വയം തയ്യാറെടുക്കാനും നിയമനിർമ്മാണ സഭകളിലും പാർലമെൻ്റിലും നടപ്പാക്കാനുദ്ദേശിക്കുന്ന 33 % സംവരണം ഉപയോഗപ്പെടുത്താനും  യുവതികളെ പ്രോത്സാഹിപ്പിച്ചു. രാഷ്‌ട്രീയത്തെ നിഷേധാത്മകമായി കാണരുതെന്നും ദൗത്യനിർവഹണ സമീപനത്തോടെ പൊതുജീവിതത്തിൽ ഏർപ്പെടണമെന്നും പ്രധാനമന്ത്രി യുവാക്കളോട് അഭ്യർഥിച്ചു. സർഗ്ഗാത്മകവും പരിഹാരമാർഗ്ഗമുള്ളവരും രാജ്യത്തിൻ്റെ പുരോഗതിക്കായി അർപ്പണബോധമുള്ളവരുമായ നേതാക്കളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.  2047 ഓടെ ഇന്നത്തെ യുവാക്കൾ ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും  അവർ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമെന്നും  അദ്ദേഹം എടുത്തുപറഞ്ഞു. യുവജന പങ്കാളിത്തത്തിനായുള്ള തൻ്റെ ആഹ്വാനം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളിലേക്കും പുതിയ കാഴ്ചപ്പാടുകളും ഊർജവും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ വളർച്ചയെ നയിക്കുന്നതിലും ഇന്ത്യയുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിലും യുവ നേതാക്കളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

-SK-