Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുതിയ ജമ്മു റെയിൽവേ ഡിവിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിൻ്റെ തറക്കല്ലിടലും തെലങ്കാനയിലെ ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജി ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന പ്രധാനമന്ത്രി, അദ്ദേഹത്തിൻ്റെ പാഠങ്ങളും ജീവിതവും ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രത്തിൻ്റെ കാഴ്ചപ്പാടിന് പ്രചോദനം നൽകുന്നുവെന്ന് ഊന്നിപ്പറഞ്ഞു. കണക്റ്റിവിറ്റിയിലെ ഭാരതത്തിൻ്റെ അതിവേഗ പുരോഗതിയെ പ്രശംസിച്ചുകൊണ്ട്, 2025-ൻ്റെ തുടക്കം മുതൽ ഇന്ത്യ അതിൻ്റെ മെട്രോ റെയിൽ ശൃംഖല 1000 കിലോമീറ്ററിലധികം വികസിപ്പിച്ച്, അതിൻ്റെ സംരംഭങ്ങൾ ത്വരിതപ്പെടുത്തുകയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഇന്നലെ നടന്ന ഡൽഹി മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം അടുത്തിടെ ഡൽഹി-എൻസിആറിൽ നടന്ന നമോ ഭാരത് ട്രെയിനിൻ്റെ ഉദ്ഘാടനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ജമ്മു കശ്മീർ, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ ആരംഭിച്ച പദ്ധതികൾ രാജ്യത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ വലിയ കുതിപ്പ് സാധ്യമാക്കുമെന്നും, രാഷ്ട്രം മുഴുവൻ പടിപടിയായി ഒരുമിച്ച് മുന്നേറുന്നു എന്നതിൻ്റെ മറ്റൊരു സാക്ഷ്യമാണ് ഇന്നത്തെ പരിപാടിയെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.  ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രം വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ഈ സംഭവവികാസങ്ങളിൽ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ഇന്ത്യയിലെ എല്ലാ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.

സമർപ്പിത ചരക്ക് ഇടനാഴി പോലുള്ള ആധുനിക റെയിൽ ശൃംഖലകളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ പ്രത്യേക ഇടനാഴികൾ സാധാരണ ട്രാക്കുകളിലെ സമ്മർദ്ദം കുറയ്ക്കുമെന്നും അതിവേഗ ട്രെയിനുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം റെയിൽവേയും പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. മെട്രോകൾക്കും റെയിൽവേക്കുമായി ആധുനിക കോച്ചുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു, സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു, റെയിൽവേ സ്റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ, ഒരു ഉൽപ്പന്നം’ സ്റ്റാളുകൾ സ്ഥാപിക്കുന്നു. ഈ സംരംഭങ്ങളെല്ലാം റെയിൽവേ മേഖലയിൽ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. “കഴിഞ്ഞ ദശകത്തിൽ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ റെയിൽവേയിൽ സ്ഥിരം സർക്കാർ ജോലികൾ നേടിയിട്ടുണ്ട്. പുതിയ ട്രെയിൻ കോച്ചുകൾ നിർമ്മിക്കുന്ന ഫാക്ടറികളിലെ അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം മറ്റ് മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്നു,” ശ്രീ മോദി കൂട്ടിച്ചേർത്തു.

റെയിൽവേയുമായി ബന്ധപ്പെട്ട പ്രത്യേക വൈദഗ്ധ്യം കണക്കിലെടുത്ത് രാജ്യത്തെ ആദ്യത്തെ ഗതി-ശക്തി സർവകലാശാലയും സ്ഥാപിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റെയിൽവേ ശൃംഖല വികസിക്കുമ്പോൾ, ജമ്മു, കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ലേ-ലഡാക്ക് തുടങ്ങിയ പ്രദേശങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ ഡിവിഷനുകളും ആസ്ഥാനങ്ങളും സ്ഥാപിക്കപ്പെടുന്നു. ഇന്ന് രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ പാതയിലൂടെ  റെയിൽവേ അടിസ്ഥാന വികസനത്തിൽ ജമ്മു കശ്മീർ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലത്തിൻ്റെ പൂർത്തീകരണം ലേ-ലഡാക്കിലെ ജനങ്ങൾക്ക് സൗകര്യം പ്രദാനം ചെയ്യും വിധം ഈ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. 

രാജ്യത്തെ ആദ്യത്തെ കേബിൾ അധിഷ്ഠിത റെയിൽവേ പാലമായ അൻജി ഖാഡ് പാലവും ഈ പദ്ധതിയുടെ ഭാഗമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ചെനാബ് പാലവും അൻജി ഖാഡ് പാലവും എഞ്ചിനീയറിംഗ് മേഖലയിലെ സാമ്പത്തിക പുരോഗതിയിലേക്കും സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും സമാനതകളില്ലാത്ത ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സമൃദ്ധമായ പ്രകൃതിവിഭവങ്ങളാലും വലിയ കടൽത്തീരത്താലും അനുഗൃഹീതമാണ് ഒഡീഷയെന്നും അന്താരാഷ്ട്ര വ്യാപാരത്തിന് കാര്യമായ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏഴ് ഗതി ശക്തി കാർഗോ ടെർമിനലുകൾ സ്ഥാപിക്കുന്നതിനൊപ്പം 70,000 കോടിയിലധികം രൂപയുടെ നിരവധി റെയിൽവേ പദ്ധതികൾ സംസ്ഥാനത്ത് നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു, ഇത് വ്യാപാര-വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നു. ഒഡീഷയിലെ രായഗഡ റെയിൽവേ ഡിവിഷന് ഇന്ന് തറക്കല്ലിട്ടതായി ശ്രീ മോദി പ്രസ്താവിച്ചു, ഇത് ടൂറിസം, ബിസിനസ്, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തും, പ്രത്യേകിച്ച് ആദിവാസി കുടുംബങ്ങൾ കൂടുതലുള്ള തെക്കൻ ഒഡീഷയിൽ.

തെലങ്കാനയിലെ ചാർലപ്പള്ളി പുതിയ ടെർമിനൽ സ്റ്റേഷൻ ഇന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട്, ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിച്ച് പ്രാദേശിക വികസനം ത്വരിതപ്പെടുത്താനുള്ള അതിൻ്റെ സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റേഷൻ ഈ മേഖലയുടെ വികസനം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ്റെ പ്ലാറ്റ്‌ഫോമുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളെക്കുറിച്ചും ശ്രീ മോദി എടുത്തുപറഞ്ഞു, “ഇത് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്.” ഈ പുതിയ ടെർമിനൽ സെക്കന്തരാബാദ്, ഹൈദരാബാദ്, കാച്ചിഗുഡ എന്നിവിടങ്ങളിലെ നിലവിലുള്ള സ്റ്റേഷനുകളിലെ സമ്മർദ്ദം ലഘൂകരിക്കുമെന്നും ജനങ്ങൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം പദ്ധതികൾ ജീവിത സൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ വിശാലമായ അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങളുമായി യോജിച്ചുകൊണ്ട്  ബിസിനസ്സ് എളുപ്പത്തിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യ നിലവിൽ അതിവേഗ പാതകൾ, ജലപാതകൾ, മെട്രോ ശൃംഖലകൾ എന്നിവയുൾപ്പെടെ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 150 ആയി ഉയർന്നുവെന്നും രാജ്യത്തെ 5 നഗരങ്ങളിൽ നിന്ന് 21 നഗരങ്ങളിലേക്ക് മെട്രോ സർവീസുകൾ വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഈ പദ്ധതികൾ വികസിത ഇന്ത്യയിലേക്കുള്ള ഒരു വലിയ റോഡ്മാപ്പിൻ്റെ ഭാഗമാണ്, അത് ഇപ്പോൾ ഈ രാജ്യത്തെ ഓരോ പൗരൻ്റെയും ദൗത്യമാണ്.”

ഭാരതത്തിൻ്റെ വളർച്ചയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഒരുമിച്ച്, ഈ വളർച്ച ഇനിയും ത്വരിതപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ഈ നാഴികക്കല്ലുകളിൽ അദ്ദേഹം ഇന്ത്യയിലെ പൗരന്മാരെ അഭിനന്ദിക്കുകയും രാഷ്ട്രനിർമ്മാണത്തിനുള്ള ​ഗവൺമെന്റിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

കേന്ദ്ര റെയിൽവേ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമ ശാസ്ത്ര സഹമന്ത്രി, പിഎംഒ ഡോ. ജിതേന്ദ്ര സിംഗ്, കേന്ദ്ര മന്ത്രി ശ്രീ. വി. സോമണ്ണ, സഹമന്ത്രി ശ്രീ രവ്നീത് സിംഗ് ബിട്ടു, കേന്ദ്ര മന്ത്രി ബന്ദി സഞ്ജയ് കുമാർ, ഒഡീഷ ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ,  തെലങ്കാന ഗവർണർ ശ്രീ ഹരി ബാബു കമ്പംപതി, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ, ശ്രീ മനോജ് സിൻഹ, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള, തെലങ്കാന മുഖ്യമന്ത്രി ശ്രീ എ രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം

മേഖലയിലെ കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, പുതിയ ജമ്മു റെയിൽവേ ഡിവിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിൻ്റെ തറക്കല്ലിടലും തെലങ്കാനയിലെ ചാർലപ്പള്ളി ന്യൂ ടെർമിനൽ സ്റ്റേഷൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പത്താൻകോട്ട് – ജമ്മു – ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള, ഭോഗ്പൂർ സിർവാൾ – പത്താൻകോട്ട്, ബട്ടാല – പത്താൻകോട്ട്, പത്താൻകോട്ട് മുതൽ ജോഗീന്ദർ നഗർ വരെയുള്ള ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 742.1 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു റെയിൽവേ ഡിവിഷൻ സൃഷ്ടിക്കുന്നത് ജമ്മു കശ്മീരിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും കാര്യമായ പ്രയോജനം ചെയ്യും. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തലിനായി ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷത്തിന്റെ പൂർത്തീകരണമാണ്. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യ വികസനം, ടൂറിസം പ്രോത്സാഹിപ്പിക്കുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

തെലങ്കാനയിലെ മേഡ്ചൽ-മൽകാജ്ഗിരി ജില്ലയിലുള്ള ചാർലപ്പള്ളി പുതിയ ടെർമിനൽ സ്റ്റേഷൻ രണ്ടാം എൻട്രിക്കുള്ള സൗകര്യത്തോടെ 413 കോടി രൂപ ചെലവിൽ ഒരു പുതിയ കോച്ചിംഗ് ടെർമിനലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. മികച്ച യാത്രാ സൗകര്യങ്ങളുള്ള ഈ പരിസ്ഥിതി സൗഹൃദ ടെർമിനൽ, സെക്കന്തരാബാദ്, ഹൈദരാബാദ്, കാച്ചെഗുഡ തുടങ്ങിയ നഗരത്തിലെ നിലവിലുള്ള കോച്ചിംഗ് ടെർമിനലുകളിലെ തിരക്ക് കുറയ്ക്കും.

ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ രായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് ഒഡീഷ, ആന്ധ്രാപ്രദേശ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

 

 

***

SK