Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്തു. ‘വികസിത ഭാരതം 2024’നായി അതിജീവനശേഷിയുള്ള ഗ്രാമീണ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണു മഹോത്സവത്തിന്റെ പ്രമേയം. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി സന്തോഷകരമായ 2025 ആശംസിച്ചു. വർഷാരംഭത്തിൽ ഗ്രാമീണ ഭാരത മഹോത്സവത്തിന്റെ മഹത്തായ സംഘാടനം ഇന്ത്യയുടെ വികസന യാത്രയുടെ നേർക്കാഴ്ച നൽകുകയും അതിന്റെ സ്വത്വം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി സംഘടിപ്പിച്ച നബാർഡിനേയും മറ്റു പങ്കാളികളേയും അദ്ദേഹം അഭിനന്ദിച്ചു.

ഗ്രാമങ്ങളിൽ ജനിച്ചു വളർന്ന നമുക്കു ഗ്രാമങ്ങളുടെ സാധ്യതകൾ അറിയാമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ ജീവിക്കുന്നവരിൽ കുടികൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിൽ വസിച്ചവർക്കു ഗ്രാമത്തിന്റെ യഥാർഥ ജീവിതം എങ്ങനെ നയിക്കണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലളിതമായ ചുറ്റുപാടുകളുള്ള ചെറുപട്ടണത്തിൽ കുട്ടിക്കാലം ചെലവഴിക്കാൻ കഴിഞ്ഞതു ഭാഗ്യമാണെന്നു ശ്രീ മോദി പറഞ്ഞു. പിന്നീട്, പട്ടണം വിട്ടപ്പോൾ നാട്ടിൻപുറങ്ങളിലാണു സമയം ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ സാധ്യതകളെക്കുറിച്ചും എനിക്കറിയാം” – പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമത്തിലെ ജനങ്ങൾ കഠിനാധ്വാനികളാണെങ്കിലും, മൂലധനത്തിന്റെ അഭാവത്താൽ അവർക്കു ശരിയായ അവസരങ്ങൾ നഷ്ടപ്പെടുന്നതായി കുട്ടിക്കാലംമുതൽ താൻ നിരീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണർക്കു വിവിധ മേഖലകളിൽ വൈവിധ്യമാർന്ന ശക്തിയുണ്ടെങ്കിലും അവരുടെ അടിസ്ഥാനസൗകര്യങ്ങൾ നിറവേറ്റാനുള്ള അന്വേഷണത്തിൽ അതു നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിക്ഷോഭം, വിപണിപ്രവേശനമില്ലായ്മ തുടങ്ങി വിവിധ വെല്ലുവിളികൾ കർഷകർ അഭിമുഖീകരിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇവയെല്ലാം കണ്ടതോടെ അവർ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ മനസു പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ മേഖലയിൽ ഇന്നു നടക്കുന്ന വികസനപ്രവർത്തനങ്ങൾ ഗ്രാമങ്ങളിൽനിന്നുള്ള പാഠങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 മുതൽ ഗ്രാമീണ ഇന്ത്യയെ സേവിക്കുന്നതിനായി താൻ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. “ഗ്രാമീണ ഇന്ത്യയിലെ ജനങ്ങൾക്കു മാന്യമായ ജീവിതം ഉറപ്പാക്കുക എന്നതാണ് എന്റെ ഗവൺമെന്റിന്റെ മുൻഗണന” – പ്രധാനമന്ത്രി പറഞ്ഞു. ശാക്തീകരിക്കപ്പെട്ട ഗ്രാമീണ ഇന്ത്യ ഉറപ്പാക്കുക, ഗ്രാമീണർക്കു ധാരാളം അവസരങ്ങൾ നൽകുക, കുടിയേറ്റം കുറയ്ക്കുക, ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുക എന്നിവയാണു തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ ഗവണ്മെന്റ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ ഭാരത യജ്ഞത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ശൗചാലയം നൽകിയെന്നും പിഎം ആവാസ് യോജനയുടെ ഭാഗമായി ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകിയെന്നും ജൽ ജീവൻ ദൗത്യത്തിലൂടെ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിനു വീടുകൾക്കു സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം ഉറപ്പാക്കിയെന്നും ശ്രീ മോദി പറഞ്ഞു.

“ഇന്ന്, ഒ‌ന്നര ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യമന്ദിരങ്ങളിലൂടെ ജനങ്ങൾക്ക് ആരോഗ്യസൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്” – പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ടെലിമെഡിസിൻ, ഗ്രാമങ്ങളിൽ മികച്ച ഡോക്ടർമാരുടെയും ആശുപത്രികളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ-സഞ്ജീവനിവഴി ഗ്രാമപ്രദേശങ്ങളിലെ കോടിക്കണക്കിനുപേർ ടെലിമെഡിസിൻ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 മഹാമാരിക്കാലത്ത്, ഇന്ത്യയുടെ ഗ്രാമങ്ങൾ അതെങ്ങനെ നേരിടുമെന്നു ലോകം ആശ്ചര്യപ്പെട്ടിരുന്നുവെന്നു ശ്രീ മോദി പറഞ്ഞു. എന്നിരുന്നാലും, എല്ലാ ഗ്രാമങ്ങളിലെയും അവസാന വ്യക്തിയിലും പ്രതിരോധകുത്തിവയ്പ് എത്തുന്നുവെന്നു ഗവണ്മെന്റ് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുന്നതിനു ഗ്രാമീണ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന സാമ്പത്തിക നയങ്ങൾക്കു രൂപം നൽകേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ഗ്രാമത്തിലെ ഓരോ വിഭാഗത്തിനും ഗവണ്മെന്റ് പ്രത്യേക നയങ്ങൾ രൂപവൽക്കരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. കുറച്ചു ദിവസംമുമ്പ്, പിഎം വിള ഇൻഷുറൻസ് പദ്ധതി ഒരു വർഷത്തേക്കുകൂടി നീട്ടുന്നതിനു മന്ത്രിസഭ അംഗീകാരം നൽകിയതായും ഡിഎപി സബ്‌സിഡി തുടരാൻ തീരുമാനിച്ചതായും ശ്രീ മോദി പറഞ്ഞു. ഗവൺമെന്റിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും തീരുമാനങ്ങളും ഗ്രാമീണ ഇന്ത്യക്കു പുതിയ ഊർജം പകരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമവാസികൾക്കു പരമാവധി സാമ്പത്തിക സഹായം നൽകി കൃഷിയിൽ വ്യാപൃതരാകാൻ അവരെ പ്രാപ്തരാക്കുക, പുതിയ തൊഴിലവസരങ്ങളും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. പിഎം കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് ഏകദേശം 3 ലക്ഷം കോടി രൂപയുടെ ധനസഹായം ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവർഷത്തിനിടെ കാർഷിക വായ്പകളുടെ തുക 3.5 മടങ്ങു വർധിച്ചതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കന്നുകാലി-മത്സ്യ കർഷകർക്ക് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ടെന്നും സൂചിപ്പിച്ചു. കൂടാതെ, രാജ്യത്തെ 9000-ലധികം കർഷക ഉൽപ്പാദക സംഘടനകൾക്കു (FPO) സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തുവർഷമായി നിരവധി വിളകൾക്കുള്ള താങ്ങുവില ഗവണ്മെന്റ് തുടർച്ചയായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിത്വ യോജന പോലുള്ള യജ്ഞങ്ങളുടെ സമാരംഭവും ശ്രീ മോദി എടുത്തുകാട്ടി. അതിലൂടെ ഗ്രാമീണർക്കു സ്വത്തുരേഖകൾ ലഭ്യമാക്കി. കഴിഞ്ഞ പത്തുവർഷമായി എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായ്പാബന്ധിത ഈടു പദ്ധതിയിൽനിന്ന് എംഎസ്എംഇകൾ പ്രയോജനം നേടിയിട്ടുണ്ടെന്നും ഒരു കോടിയിലധികം ഗ്രാമീണ എംഎസ്എംഇകൾ അതിന്റെ നേട്ടങ്ങൾ കൊയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്ര യോജന, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിൽനിന്ന് ഇന്നു ഗ്രാമീണ യുവാക്കൾക്കു പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിൽ സഹകരണ സംഘങ്ങളുടെ സുപ്രധാന സംഭാവന പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സഹകരണത്തിലൂടെ ഇന്ത്യ സമൃദ്ധിയുടെ പാതയിലാണെന്നും ഇതിനായാണു 2021-ൽ സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷകർക്കും ഗ്രാമീണർക്കും അവരുടെ ഉൽപ്പന്നങ്ങൾക്കു മികച്ച മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഏകദേശം 70,000 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) കമ്പ്യൂട്ടർവൽക്കരിക്കുന്നുണ്ടെന്നും അതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

കൃഷിക്കു പുറമേ കൊല്ലപ്പണി, മരപ്പണി, മൺപാത്രനിർമാണം തുടങ്ങിയ വിവിധ പരമ്പരാഗത കലകളും വൈദഗ്ധ്യങ്ങളും നമ്മുടെ ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ടെന്നു ശ്രീ മോദി പറഞ്ഞു. ഈ തൊഴിലുകൾ ഗ്രാമീണ-പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കു ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെങ്കിലും മുമ്പ് ഇവ അവഗണിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിവുകൾ വർധിപ്പിക്കുന്നതിനും താങ്ങാനാകുന്ന സഹായങ്ങൾ നൽകുന്നതിനുമായി ലക്ഷക്കണക്കിനു വിശ്വകർമ കരകൗശലത്തൊഴിലാളി‌കൾക്കു പുരോഗതി കൈവരിക്കാൻ അവസരമൊരുക്കി വിശ്വകർമ യോജന നടപ്പാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഉദ്ദേശ്യങ്ങൾ ഉദാത്തമായിരിക്കുമ്പോൾ, ഫലങ്ങൾ തൃപ്തികരമാകും” – ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി നടത്തിയ കഠിനാധ്വാനത്തിന്റെ നേട്ടമാണു രാജ്യം ഇപ്പോൾ കൊയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011-നെ അപേക്ഷിച്ച്, ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗം ഏകദേശം മൂന്നിരട്ടിയായി വർധിച്ചുവെന്ന്, നിരവധി സുപ്രധാന വസ്തുതകൾ വെളിപ്പെടുത്തിയ സമീപകാലത്തെ വലിയ തോതിലുള്ള സർവേ ഉദ്ധരിച്ചു ശ്രീ മോദി പറഞ്ഞു. ഇതു ജനങ്ങൾ അവരുടെ ഇഷ്ടപ്പെട്ട ഇനങ്ങൾക്കായി കൂടുതൽ ചെലവഴിക്കുന്നതായാണു സൂചിപ്പിക്കുന്നത്. മുമ്പ്, ഗ്രാമീണർക്ക് അവരുടെ വരുമാനത്തിന്റെ 50 ശതമാനത്തിലധികം ഭക്ഷണത്തിനായി ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി, ഗ്രാമീണ മേഖലയിലെ ഭക്ഷണച്ചെലവ് 50 ശതമാനത്തിൽ താഴെയായി. ഇതിനർഥം, ജനങ്ങൾ ഇപ്പോൾ മറ്റ് ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമായി ചെലവഴിക്കുന്നുവെന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നുമാണ് – അദ്ദേഹം വിശദീകരിച്ചു.

നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ ഉപഭോഗത്തിലെ അന്തരം കുറഞ്ഞുവെന്നു വെളിപ്പെടുത്തുന്ന സർവേയിൽനിന്നുള്ള മറ്റൊരു സുപ്രധാന കണ്ടെത്തൽ എടുത്തുകാട്ടിയ പ്രധാനമന്ത്രി, നഗരങ്ങളിലെ വ്യക്തികൾക്കു ഗ്രാമങ്ങളിലുള്ളവരേക്കാൾ കൂടുതൽ ചെലവഴിക്കാൻ കഴിയുമെന്നു മുമ്പു വിശ്വസിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായ ശ്രമങ്ങൾ ഈ അസമത്വം കുറച്ചുവെന്നും അഭിപ്രായപ്പെട്ടു. ഗ്രാമീണ ഇന്ത്യയിൽനിന്നുള്ള നിരവധി വിജയഗാഥകൾ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ കാലത്ത് ഈ നേട്ടങ്ങൾ സാക്ഷാത്കരിക്കാമായിരുന്നുവെന്നും എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളായി ലക്ഷക്കണക്കിനു ഗ്രാമങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലാണു താമസിക്കുന്നതെന്നും മുൻ ഗവണ്മെന്റുകൾ അവരെ അവഗണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു ഗ്രാമങ്ങളിൽനിന്നുള്ള കുടിയേറ്റത്തിനും ദാരിദ്ര്യം വർധിപ്പിച്ചതിനും ഗ്രാമ-നഗര മേഖലകൾ തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നതിനും കാരണമായി. അതിർത്തിഗ്രാമങ്ങളെ രാജ്യത്തിന്റെ അവസാന ഗ്രാമങ്ങളായി മുൻകാലത്തു കണക്കാക്കിയിരുന്നു എന്ന ഉദാഹരണം ചൂണ്ടിക്കാട്ടി, തന്റെ ഗവണ്മെന്റ് അവയെ ആദ്യ ഗ്രാമങ്ങളായി കണക്കിലെടുത്തുവെന്നും അവയുടെ വികസനത്തിനായി ‘ഊർജസ്വല ഗ്രാമം’ പദ്ധതി ആരംഭിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. അതിർത്തിഗ്രാമങ്ങളുടെ വികസനം അവിടെ വസിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അവഗണിക്കപ്പെട്ടവർക്കാണ് ഇപ്പോൾ തന്റെ ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി വികസനം നിഷേധിക്കപ്പെട്ട പ്രദേശങ്ങൾക്കു തുല്യാവകാശം ഉറപ്പാക്കി, ഗോത്രമേഖലകളുടെ വികസനത്തിനായി പിഎം ജന്മൻ യോജന ആരംഭിച്ച കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ പത്തുവർഷമായി തന്റെ ഗവണ്മെന്റ് മുൻ ഗവണ്മെന്റുകളുടെ പല തെറ്റുകളും തിരുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമവികസനത്തിലൂടെ ദേശീയ വികസനം എന്ന തത്വവുമായാണു ഗവണ്മെന്റ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാൻ സാധിച്ചു. ഇതിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവരാണെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ ദാരിദ്ര്യം 2012-ൽ ഏകദേശം 26% ആയിരുന്നത് 2024-ൽ 5 ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പരാമർശിച്ചു. ദാരിദ്ര്യം തുടച്ചുനീക്കാൻ ചിലർ പതിറ്റാണ്ടുകളായി മുദ്രാവാക്യം വിളിച്ചിരുന്നുവെന്നു പറഞ്ഞ അദ്ദേഹം, എന്നാലിപ്പോഴാണു രാജ്യം യഥാർഥത്തിൽ ദാരിദ്ര്യം കുറയ്ക്കുന്നതിനു സാക്ഷ്യം വഹിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ സുപ്രധാന പങ്കിനും ഈ പങ്കു വിപുലപ്പെടുത്താനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾക്കും ഊന്നൽ നൽകിയ ശ്രീ മോദി, സ്ത്രീകൾ ഗ്രാമീണ ജീവിതത്തെ ബാങ്ക് സഖികളും ബീമാസഖികളുമായി പുനർനിർവചിക്കുകയും സ്വയംസഹായസംഘങ്ങളിലൂടെ പുതിയ വിപ്ലവം നയിക്കുകയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലെ 1.15 കോടി സ്ത്രീകൾ ‘ലഖ്പതി ദീദി’കളായി മാറിയെന്നും മൂന്നുകോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കാനാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിത്-പിന്നാക്ക-ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളിൽ അഭൂതപൂർവമായ ശ്രദ്ധ നൽകുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, മിക്ക ഗ്രാമങ്ങളും ഇപ്പോൾ ഹൈവേകൾ, അതിവേഗ പാതകൾ, റെയിൽവേ എന്നിവയുമായി കൂട്ടിയിണക്കിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ‘പ്രധാൻമന്ത്രി ഗ്രാം സഡക് യോജന’യ്ക്കു കീഴിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം നാലുലക്ഷം കിലോമീറ്റർ റോഡു നിർമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഗ്രാമങ്ങൾ 21-ാം നൂറ്റാണ്ടിലെ ആധുനിക ഗ്രാമങ്ങളായി മാറുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു. 94% ഗ്രാമീണ കുടുംബങ്ങൾക്കും ഇപ്പോൾ ടെലിഫോണുകളോ മൊബൈൽ ഫോണുകളോ ബാങ്കിങ് സേവനങ്ങളോ ലഭ്യമാണെന്നും യുപിഐ പോലുള്ള ലോകോത്തര സാങ്കേതികവിദ്യ ഗ്രാമങ്ങളിൽ ലഭ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു സേവന കേന്ദ്രങ്ങളുടെ എണ്ണം 2014നു മുമ്പ് ഒരുലക്ഷത്തിൽ താഴെയായിരുന്നത് ഇന്ന് അഞ്ചുലക്ഷമായി ഉയർന്നുവെന്നും ഡസൻകണക്കിനു ഗവണ്മെന്റ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ അടിസ്ഥാനസൗകര്യങ്ങൾ ഗ്രാമവികസനത്തെ ത്വരിതപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമങ്ങളെ രാജ്യത്തിന്റെ പുരോഗതിയിലേക്കു സമന്വയിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വയംസഹായസംഘങ്ങൾമുതൽ കിസാൻ ക്രെഡിറ്റ് കാർഡുകൾവരെയുള്ള വിവിധ സംരംഭങ്ങളുടെ വിജയത്തിൽ നബാർഡിന്റെ ഉന്നത ഭരണസംവിധാനത്തിന്റെ പ്രധാന പങ്കു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാജ്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ നബാർഡ് തുടർന്നും നിർണായക പങ്കുവഹിക്കുമെന്നു വ്യക്തമാക്കി. കർഷക ഉൽപ്പാദക സംഘടനകളുടെ (FPO) കരുത്തും കർഷകരുടെ ഉൽപ്പന്നങ്ങൾക്കു മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിൽ അവരുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. കൂടുതൽ FPO-കൾ സൃഷ്ടിക്കേണ്ടതിന്റെയും ആ ദിശയിൽ മുന്നോട്ടു പോകേണ്ടതിന്റെയും ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. നിലവിൽ കർഷകർക്ക് ഏറ്റവും ഉയർന്ന ആദായം നൽകുന്നതു പാലുൽപ്പാദനമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യവ്യാപകമായി അമുൽ പോലെ അഞ്ചോ ആറോ സഹകരണസ്ഥാപനങ്ങൾകൂടി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ദൗത്യമെന്ന നിലയിൽ രാജ്യം പ്രകൃതിദത്തകൃഷി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഈ സംരംഭത്തിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന്, സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുമായി (എംഎസ്എംഇ) സ്വയംസഹായസംഘങ്ങളെ കൂട്ടി‌യിണക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി എടുത്തുപറഞ്ഞു. ഈ ഉൽപ്പന്നങ്ങളുടെ ശരിയായ ബ്രാൻഡിങ്ങിന്റെയും വിപണനത്തിന്റെയും ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ജിഐ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പാക്കേജിങ്, ബ്രാൻഡിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ വരുമാനം വൈവിധ്യവൽക്കരിക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ജലസേചനം താങ്ങാനാകുന്നതാക്കി മാറ്റുക, കണികാജലസേചനം പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഗ്രാമീണ സംരംഭങ്ങൾ സൃഷ്ടിക്കുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു പ്രകൃതിദത്ത കൃഷിയുടെ നേട്ടങ്ങൾ പരമാവധി വർധിപ്പിക്കുക എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. ഈ ദിശയിൽ സമയബന്ധിതമായ ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ ഗ്രാമത്തിൽ നിർമിച്ച അമൃതസരോവരം മുഴുവൻ ഗ്രാമങ്ങളും കൂട്ടായി പരിപാലിക്കണമെന്നു ശ്രീ മോദി അഭ്യർഥിച്ചു. ഇപ്പോൾ നടക്കുന്ന ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ഈ ഉദ്യമത്തിൽ എല്ലാ ഗ്രാമീണരും പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഗ്രാമീണസ്വത്വത്തിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി. ജാതിയുടെ പേരിൽ സമൂഹത്തിൽ വിഷം പടർത്താനും സാമൂഹിക ഘടനയെ ദുർബലപ്പെടുത്താനും ചിലർ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ഗൂഢാലോചനകളെ പരാജയപ്പെടുത്താനും ഗ്രാമത്തിന്റെ പൊതുവായ സംസ്കാരം സംരക്ഷിക്കാനും അഭ്യർഥിച്ചു.

ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിനും അതിനുള്ള ഉറച്ച തീരുമാനങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും തുടർച്ചയായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. ഗ്രാമങ്ങളുടെ വികസനം വികസിത ഇന്ത്യ സാക്ഷാത്കരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ, സഹമന്ത്രി ശ്രീ പങ്കജ് ചൗധരി എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.

പശ്ചാത്തലം

ഗ്രാമീണ ഇന്ത്യയുടെ സംരംഭകത്വ മനോഭാവവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന മഹോത്സവം ജനുവരി 4 മുതൽ 9 വരെയാണ്. ‘വികസിത ഭാരതം 2047നായി അതിജീവനശേഷിയുള്ള ഗ്രാമീണ ഇന്ത്യ കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിന്റെ ആപ്തവാക്യം “ഗാവ് ബഢേ, തോ ദേശ് ബഢേ” എന്നതാണ്.

വിവിധ ചർച്ചകൾ, ശിൽപ്പശാലകൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക, ഗ്രാമീണ സമൂഹങ്ങളിൽ നവീകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണു മഹോത്സവം ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമീണ ജനതയ്ക്കിടയിൽ സാമ്പത്തിക സ്ഥിരതയും സാമ്പത്തിക ഭദ്രതയും പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉൾച്ചേർക്കൽ അഭിസംബോധന ചെയ്യൽ, സുസ്ഥിര കാർഷിക സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയും മഹോത്സവത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

സംരംഭകത്വത്തിലൂടെ ഗ്രാമീണവനിതകളെ ശാക്തീകരിക്കൽ; ഗവണ്മെന്റ് ഉദ്യോഗസ്ഥർ, പ്രമുഖ ചിന്തകർ, ഗ്രാമീണ സംരംഭകർ, കരകൗശലവിദഗ്ധർ, വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവന്ന് സഹകരണാത്മകവും കൂട്ടായതുമായ ഗ്രാമീണ പരിവർത്തനത്തിനായി മാർഗരേഖ സൃഷ്ടിക്കൽ; ഗ്രാമീണ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനു സാങ്കേതികവിദ്യയും നൂതനരീതികളും പ്രയോജനപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കൽ; ഊർജസ്വലമായ പ്രകടനങ്ങളിലൂടെയും പ്രദർശനങ്ങളിലൂടെയും ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കൽ എന്ന‌ിവയിൽ മഹോത്സവം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

-NK-