Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു


കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

രാജ്യത്തെ പൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്നും, ഇന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ഈ പരിപാടിയില്‍ എല്ലാവരുമായി പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. സിബിസിഐയുടെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ ഈ അവസരം സവിശേഷമാണ്. ശ്രദ്ധേയമായ ഈ നാഴികക്കല്ലിന് സിബിസിഐയെയും അതുമായി ബന്ധപ്പെട്ട എല്ലാവരെയും ശ്രീ മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ വസതിയില്‍ സിബിസിഐയ്ക്കൊപ്പം കഴിഞ്ഞ തവണ ക്രിസ്മസ് ആഘോഷിച്ചതിന്റെ ഓര്‍മ്മകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു, ഇന്ന് എല്ലാവരും സിബിസിഐ അങ്കണത്തില്‍ ഒത്തുകൂടി. ”ഞാന്‍ ഈസ്റ്റര്‍ സമയത്ത് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയും സന്ദര്‍ശിച്ചിട്ടുണ്ട്. നിങ്ങളില്‍ നിന്നെല്ലാം എനിക്ക് ലഭിക്കുന്ന ഊഷ്മളതയ്ക്ക് ഞാന്‍ നന്ദിയുള്ളവനാണ്. ഈ വര്‍ഷമാദ്യം ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹത്തില്‍നിന്നും എനിക്ക് സമാനമായ വാത്സല്യം അനുഭവപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഞാന്‍ അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. സെപ്തംബറില്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ കര്‍ദിനാള്‍ പിയട്രോ പരോളിനെ കണ്ടിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആത്മീയ സംഗമങ്ങള്‍ സേവനത്തോടുള്ള പ്രതിബദ്ധതയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈയിടെ കര്‍ദിനാള്‍ പദവി നല്‍കി ആദരിച്ച കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഇന്ത്യാ ഗവണ്മെന്റ് ഈ പരിപാടിയിലേക്ക് ഉന്നതതല പ്രതിനിധിസംഘത്തെ അയച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ”ഒരു ഇന്ത്യക്കാരന്‍ ഇത്തരമൊരു വിജയം കൈവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ അഭിനന്ദിക്കുന്നു”- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ഒരു ദശാബ്ദം മുമ്പ് യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫാദര്‍ അലക്സിസ് പ്രേം കുമാറിനെ രക്ഷപ്പെടുത്തിയ നിമിഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഓര്‍മകളിലൂടെ പ്രധാനമന്ത്രി സഞ്ചരിച്ചു. ഫാദര്‍ അലക്സിസ് പ്രേം കുമാറിനെ എട്ട് മാസമായി ബന്ദിയാക്കിയിരുന്നുവെന്നും വിഷമകരമായ സാഹചര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തിയെന്നും ശ്രീ മോദി പറഞ്ഞു. ”നാം വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ശബ്ദത്തിലുണ്ടായ സന്തോഷം ഞാന്‍ ഒരിക്കലും മറക്കില്ല. അതുപോലെ, ഫാദര്‍ ടോമിനെ യെമനില്‍ ബന്ദിയാക്കിയപ്പോള്‍, അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തി; അദ്ദേഹത്തെ എന്റെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഗള്‍ഫില്‍ പ്രതിസന്ധിയിലായ നഴ്സുമാരായ സഹോദരിമാരെ രക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളും അതുപോലെ അശ്രാന്തവും വിജയകരവുമായിരുന്നു” – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ശ്രമങ്ങള്‍ നയതന്ത്ര ദൗത്യങ്ങള്‍ മാത്രമല്ല, കുടുംബാംഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള വൈകാരിക പ്രതിജ്ഞാബദ്ധതകളാണെന്നും ശ്രീ മോദി ആവര്‍ത്തിച്ചു. ഇന്നത്തെ ഇന്ത്യ, ഒരു ഇന്ത്യക്കാരന്‍ എവിടെയായിരുന്നാലും, പ്രതിസന്ധിഘട്ടങ്ങളില്‍ അവരെ രക്ഷിക്കേണ്ടത് കടമയായി കണക്കാക്കുന്നു.

കോവിഡ്-19 മഹാമാരിക്കാലത്ത് പ്രകടമാക്കിയതുപോലെ, ഇന്ത്യയുടെ വിദേശനയം ദേശീയ താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാനുഷിക താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളും സ്വന്തം താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ഇന്ത്യ 150-ലധികം രാജ്യങ്ങളെ നിസ്വാര്‍ഥമായി സഹായിച്ചു. മരുന്നുകളും വാക്‌സിനുകളും അയച്ചു. ഗയാന പോലുള്ള രാജ്യങ്ങള്‍ അഗാധമായ നന്ദി പ്രകടിപ്പിച്ചതോടെ ഇത് ആഗോളതലത്തില്‍ മികച്ച സ്വാധീനം ചെലുത്തി. പല ദ്വീപ് രാഷ്ട്രങ്ങളും പസഫിക് രാജ്യങ്ങളും കരീബിയന്‍ രാജ്യങ്ങളും ഇന്ത്യയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നു. ഇന്ത്യയുടെ മനുഷ്യ കേന്ദ്രീകൃത സമീപനം 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഉയര്‍ത്തും.

കര്‍ത്താവായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ സ്‌നേഹത്തിനും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ജര്‍മനിയിലെ ക്രിസ്മസ് വിപണിയിലും 2019ല്‍ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ബോംബാക്രമണത്തിലും ജീവന്‍ നഷ്ടമായവര്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിച്ച ശ്രീ മോദി, സമൂഹത്തില്‍ അക്രമവും തടസ്സവും പടരുമ്പോള്‍ അത് തന്നെ വേദനിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

പ്രത്യാശയില്‍ ഊന്നല്‍ നല്‍കി ജൂബിലി വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്നതിനാല്‍, ഈ ക്രിസ്മസിന് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ”ശക്തിയുടെയും സമാധാനത്തിന്റെയും ഉറവിടമായി വിശുദ്ധ ബൈബിള്‍ പ്രത്യാശയെ കാണുന്നു. പ്രത്യാശയും ശുഭചിത്തതയും നമ്മെ നയിക്കുന്നു. മാനവികതയുടെ പ്രതീക്ഷ മെച്ചപ്പെട്ട ലോകത്തിനായുള്ള പ്രത്യാശയും, സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രത്യാശയുമാണ്” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ദാരിദ്ര്യത്തിനെതിരായ വിജയം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ ഊന്നി ഇന്ത്യയിലെ 250 ദശലക്ഷം പേര്‍ ദാരിദ്ര്യത്തെ അതിജീവിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി ഇന്ത്യ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു. സംരംഭങ്ങള്‍, ശാസ്ത്രം, കായികം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ യുവാക്കള്‍ക്ക് അവസരങ്ങളുള്ള ഈ വികസന കാലഘട്ടം ഭാവിയില്‍ പുതിയ പ്രതീക്ഷ നല്‍കി. ‘ഇന്ത്യയിലെ ആത്മവിശ്വാസമുള്ള യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷ നല്‍കുന്നു’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, സംരംഭകത്വം, ഡ്രോണുകള്‍, വ്യോമയാനം, സായുധ സേന തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തി, ഇന്ത്യയിലെ സ്ത്രീകള്‍ ശ്രദ്ധേയമായ ശാക്തീകരണം കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കാതെ ഒരു രാജ്യത്തിനും മുന്നേറാന്‍ കഴിയില്ലെന്ന് ആ രാജ്യങ്ങളുടെ പുരോഗതി എടുത്തുകാട്ടുന്നു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ശക്തിയിലേക്കും പ്രൊഫഷണല്‍ തൊഴില്‍ശക്തിയിലും ചേരുമ്പോള്‍ അത് ഇന്ത്യയുടെ ഭാവിക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതായി ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, മൊബൈല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പാദനം തുടങ്ങിയ അനാവരണം ചെയ്യപ്പെടാത്ത മേഖലകളില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ആഗോള ടെക് ഹബ്ബായി സ്വയം സ്ഥാനമുറപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ അതിവേഗ പാതകള്‍, ഗ്രാമീണ റോഡ് സൗകര്യങ്ങള്‍, മെട്രോപാതകള്‍ എന്നിവയിലൂടെ അഭൂതപൂര്‍വമായ വേഗതയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയും ഫിന്‍ടെക്കും വഴി രാജ്യം ദരിദ്രരെ ശാക്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പ്രചോദിപ്പിക്കുന്നു. ലോകം ഇപ്പോള്‍ ഇന്ത്യയെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലും സാധ്യതയിലും സമാന ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.

പരസ്‌പരം പരിപാലിക്കാനും പരസ്‌പരം ക്ഷേമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട്, പരസ്‌പരം ഭാരം ചുമക്കാനാണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചിന്താഗതിയിൽ, സ്ഥാപനങ്ങളും സംഘടനകളും പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിലൂടെ സമുദായങ്ങളെ ഉയർത്തുന്നതിലൂടെയും പൊതുജനങ്ങളെ സേവിക്കുന്നതിനുള്ള ആരോഗ്യ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെയും സാമൂഹിക സേവനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ശ്രമങ്ങളെ കൂട്ടാത ഉത്തരവാദിത്വമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുണയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിന് കാണിച്ചു തന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. “നാം ക്രിസ്മസ് ആഘോഷിക്കുകയും യേശുവിനെ സ്മരിക്കുകയും ചെയ്യുന്നതിലൂടെ ഈ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്താനും എപ്പോഴും നമ്മുടെ കടമകൾക്ക് മുൻഗണന നൽകാനും കഴിയും. ഇത് നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രമല്ല, സാമൂഹിക കടമ കൂടിയാണ്. ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, കൂട്ടായ’ എന്ന പ്രമേയത്തിലൂടെ രാഷ്ട്രം ഇന്ന് ഈ മനോഭാവത്തോടെ മുന്നേറുകയാണ്. മുമ്പൊരിക്കലും ചിന്തിക്കാത്ത നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവ മാനുഷിക കാഴ്ചപ്പാടിൽ കാണേണ്ടത് ഏറ്റവും ആവശ്യമായിരുന്നു. ഞങ്ങൾ അവയ്ക്ക് മുൻഗണന നൽകി. കർശനമായ നിയമങ്ങളിൽ നിന്നും ഔപചാരികതകളിൽ നിന്നും ഞങ്ങൾ ഗവണ്മെന്റിനെ പുറത്തെടുത്തു. ഞങ്ങൾ സംവേദനക്ഷമത മാനദണ്ഡമായി സജ്ജമാക്കുന്നു. ഓരോ ദരിദ്രർക്കും സ്ഥിരമായ വീട്, എല്ലാ ഗ്രാമങ്ങൾക്കും വൈദ്യുതി, ജനജീവിതത്തിലെ ഇരുട്ട് അകറ്റൽ, ശുദ്ധമായ കുടിവെള്ളം നൽകൽ, പണത്തിന്റെ അഭാവം മൂലം ആർക്കും ചികിൽസ മുടങ്ങില്ലെന്ന് ഉറപ്പാക്കൽ തുടങ്ങി അത്തരം സേവനങ്ങളും അത്തരം ഭരണവും ഉറപ്പുനൽകാൻ കഴിയുന്ന സംവേദനാത്മക സംവിധാനം ഞങ്ങൾ സൃഷ്ടിച്ചു” – ശ്രീ മോദി കൂട്ടിച്ചേർത്തു.

ഗവൺമെന്റിന്റെ സംരംഭങ്ങൾ വിവിധ സമുദായങ്ങളെ ഗണ്യമായി ഉയർത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ, സ്ത്രീകളുടെ പേരിൽ വീടുകൾ നിർമ്മിക്കുമ്പോൾ, അത് അവരെ ശാക്തീകരിക്കുന്നു. നാരി ശക്തി വന്ദൻ നിയമം പാർലമെന്റിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ചു. ഒരു കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഭിന്നശേഷിക്കാരായ സമൂഹത്തിന് ഇന്ന് പൊതു അടിസ്ഥാനസൗകര്യം മുതൽ തൊഴിൽ വരെയുള്ള എല്ലാ മേഖലകളിലും മുൻഗണന നൽകിയിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്ത പ്രത്യേക മത്സ്യബന്ധന മന്ത്രാലയം, കിസാൻ ക്രെഡിറ്റ് കാർഡ്, മത്സ്യ സമ്പദ യോജന തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് ഭരണത്തിലെ സംവേദനക്ഷമത നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

 ”രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഓരോ വ്യക്തിയുടെയും പങ്കിന്റെ പ്രാധാന്യം എടുത്തുകാണിച്ച്, ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ‘കൂട്ടായ പരിശ്രമ’ത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ശുചിത്വവും ആരോഗ്യ ഫലങ്ങളും മെച്ചപ്പെടുത്തിയ ‘സ്വച്ഛ് ഭാരത്’ പോലുള്ള സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് സാമൂഹിക ബോധമുള്ള ഇന്ത്യക്കാര്‍ നേതൃത്വം നല്കുന്നു. ചെറുധാന്യങ്ങളെ  പ്രോത്സാഹിപ്പിക്കുക (ശ്രീ അന്ന), പ്രാദേശിക കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കുക, പ്രകൃതി മാതാവിനെയും നമ്മുടെ അമ്മമാരെയും ബഹുമാനിക്കുന്ന ‘ഏക് പേഡ് മാ കേ നാം’ യജ്ഞം തുടങ്ങിയ സംരംഭങ്ങള്‍ ശക്തി പ്രാപിക്കുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള പലരും ഈ ശ്രമങ്ങളില്‍ സജീവമാണ്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.

കൂട്ടായ പരിശ്രമങ്ങള്‍ രാജ്യത്തെ മുന്നോട്ടു നയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “’വികസിത ഇന്ത്യ’ എന്നതാണു നമ്മുടെ പൊതുവായ ലക്ഷ്യം. ഒരുമിച്ച് നാം അത് നേടും. ഭാവി തലമുറകള്‍ക്കായി ശോഭനമായ ഇന്ത്യ വിട്ടുകൊടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കല്‍ കൂടി, ക്രിസ്മസിനും ജൂബിലി വര്‍ഷത്തിനും ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു” – ശ്രീ മോദി പറഞ്ഞു.

 

 

***

SK