Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ രാമകൃഷ്ണ മഠം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ രാമകൃഷ്ണ മഠം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തു


​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാമകൃഷ്ണ മഠത്തിൽ നടന്ന ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ശ്രീമത് സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, ഇന്ത്യയിലും വിദേശത്തുമുള്ള രാമകൃഷ്ണ മഠത്തിലെയും മിഷനിലെയും ആദരണീയരായ സന്ന്യാസിമാർ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർക്ക് ശ്രീ മോദി ആശംസകൾ അറിയിച്ചു. ശാരദാ ദേവി, ഗുരുദേവ് ​​രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ എന്നിവർക്കു ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീമത് സ്വാമി പ്രേമാനന്ദ മഹാരാജിന്റെ ജന്മവാർഷിക ദിനത്തിലാണ് ഇന്നത്തെ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​“മഹദ്‌വ്യക്തികളുടെ ഊർജം ലോകത്ത് ക്രിയാത്മക പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിലും സൃഷ്ടിക്കുന്നതിലും നൂറ്റാണ്ടുകളായി തുടരുന്നു” – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാമി പ്രേമാനന്ദ് മഹാരാജിന്റെ ജന്മദിനത്തിൽ, ലേഖാംബയിൽ പുതുതായി നിർമിച്ച പ്രാർഥനാ ഹാളും സാധു നിവാസും ഇന്ത്യയുടെ വിശുദ്ധ പാരമ്പര്യത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും യാത്ര ആരംഭിക്കുകയാണെന്നും അത് വരും തലമുറകൾക്ക് പ്രയോജനപ്പെടുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ശ്രീരാമകൃഷ്ണ ദേവക്ഷേത്രം, പാവപ്പെട്ട വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, തൊഴിൽ പരിശീലന കേന്ദ്രം, ആശുപത്രി, സഞ്ചാരികളുടെ താമസസ്ഥലം മഹത്തായ പ്രവർത്തനങ്ങൾ ആത്മീയത പ്രചരിപ്പിക്കുന്നതിനും മാനവികതയെ സേവിക്കുന്നതിനുമുള്ള മാധ്യമമായി വർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ന്യാസിമാരുടെ കൂട്ടായ്മയും ആത്മീയ അന്തരീക്ഷവും താൻ വിലമതിക്കുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി, ആശംസകൾ നേരുകയും അഭിനന്ദിക്കുകയും ചെയ്തു.

സാനന്ദുമായി ബന്ധപ്പെട്ട ഓർമകൾ അയവിറക്കി, വർഷങ്ങൾ നീണ്ട അവഗണനയ്ക്ക് ശേഷം ഈ മേഖല ഇപ്പോൾ ആവശ്യമായ സാമ്പത്തിക വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന ശ്രീ മോദി അഭിപ്രായപ്പെട്ടു. സന്ന്യാസിമാരുടെ അനുഗ്രഹവും ഗവണ്മെന്റിന്റെ ശ്രമങ്ങളും നയങ്ങളുമാണ് ഈ വികസനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് സമൂഹത്തിന്റെ ആവശ്യങ്ങളിൽ വരുന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സാനന്ദ് സാമ്പത്തിക വികസനത്തോടൊപ്പം ആത്മീയ വികസനത്തിന്റെയും കേന്ദ്രമായി മാറണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സന്തുലിത ജീവിതത്തിന് പണത്തിനൊപ്പം ആത്മീയതയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സന്ന്യാസിമാരുടെയും ഋഷിമാരുടെയും മാർഗനിർദേശപ്രകാരം സാനന്ദും ഗുജറാത്തും ഈ ദിശയിൽ മുന്നേറുന്നതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

ഒരു വൃക്ഷത്തിൽ നിന്നുള്ള ഫലത്തിന്റെ സാധ്യത അതിന്റെ വിത്തിൽനിന്നു തിരിച്ചറിയുന്നുവെന്നു പരാമർശിച്ച പ്രധാനമന്ത്രി, രാമകൃഷ്ണ മഠം അത്തരമൊരു വൃക്ഷമാണെന്നും സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാനായ സന്ന്യാസിയുടെ അനന്തമായ ഊർജം അതിന്റെ വിത്തിൽ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. ഇതാണ് അതിന്റെ തുടർച്ചയായ വിപുലീകരണത്തിന് പിന്നിലെ കാരണമെന്നും മനുഷ്യരാശിയിൽ അത് ചെലുത്തുന്ന സ്വാധീനം അനന്തവും അതിരുകളില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമകൃഷ്ണ മഠത്തിന്റെ കാതലായ ആശയം മനസ്സിലാക്കണമെങ്കിൽ സ്വാമി വിവേകാനന്ദനെ മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളിൽ ജീവിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിക്കാൻ പഠിച്ചപ്പോൾ ആ ആശയങ്ങൾ വഴികാട്ടിയായത് താൻ സ്വയം അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദന്റെ ചിന്തകൾക്കൊപ്പം രാമകൃഷ്ണ മിഷനും അതിലെ സന്ന്യാസിമാരും തന്റെ ജീവിതത്തിന് ദിശാബോധം നൽകിയതെങ്ങനെയെന്ന് മഠത്തിലെ സന്യാസിമാർക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ന്യാസിമാരുടെ അനുഗ്രഹത്താൽ മിഷനുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ താൻ നിർണായക പങ്കുവഹിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. പൂജ്യ സ്വാമി ആത്മസ്ഥാനാനന്ദ് ജി മഹാരാജിന്റെ നേതൃത്വത്തിൽ 2005-ൽ വഡോദരയിലെ ദിലാറാം ബംഗ്ലാവ് രാമകൃഷ്ണ മിഷന് കൈമാറിയതിന്റെ ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, സ്വാമി വിവേകാനന്ദനും അവിടെ സമയം ചെലവഴിച്ചിരുന്നതായി പറഞ്ഞു.

കാലക്രമേണ മിഷന്റെ പരിപാടികളുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചതു ചൂണ്ടിക്കാട്ടി, ഇന്ന് രാമകൃഷ്ണ മിഷന് ലോകമെമ്പാടും 280-ലധികം ശാഖകളും ഇന്ത്യയിൽ രാമകൃഷ്ണ തത്ത്വചിന്തയുമായി ബന്ധപ്പെട്ട 1200 ആശ്രമ കേന്ദ്രങ്ങളുമുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മനുഷ്യരാശിയെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ അടിത്തറയായാണ് ഈ ആശ്രമങ്ങൾ പ്രവർത്തിക്കുന്നതെന്നും രാമകൃഷ്ണ മിഷന്റെ സേവന പ്രവർത്തനങ്ങൾക്ക് ഗുജറാത്ത് സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായ സൂറത്തിലെ വെള്ളപ്പൊക്കം, മോർബിയിലെ അണക്കെട്ട് അപകടത്തിന് ശേഷം, ഭുജിലെ ഭൂകമ്പത്താലുണ്ടായ നാശത്തിന് ശേഷം എന്നിങ്ങനെ ഗുജറാത്തിൽ ദുരന്തം ഉണ്ടായപ്പോഴെല്ലാം രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ടവർ മുന്നോട്ട് വന്ന് ഇരകളുടെ കൈപിടിച്ചുയർത്തിയ സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. ഭൂകമ്പത്തിൽ തകർന്ന 80-ലധികം സ്‌കൂളുകൾ പുനർനിർമിക്കുന്നതിൽ രാമകൃഷ്ണ മിഷന്റെ നിർണായക സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ ഈ സേവനത്തെ ഇപ്പോഴും ഓർക്കുന്നുവെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും കൂട്ടിച്ചേർത്തു.

​സ്വാമി വിവേകാന്ദനുമായുള്ള ഗുജറാത്തിന്റെ ആത്മീയബന്ധം ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ ഗുജറാത്ത് വലിയ പങ്കുവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദൻ ഗുജറാത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും ഷിക്കാഗോ ലോകമത സമ്മേളനത്തെക്കുറിച്ച് സ്വാമിജി ആദ്യമായി അറിയുന്നത് ഗുജറാത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല ഗ്രന്ഥങ്ങളും ആഴത്തിൽ പഠിച്ച് വേദാന്ത പ്രചാരണത്തിന് തയ്യാറായത് ഗുജറാത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1891-ൽ പോർബന്ദറിലെ ഭോജേശ്വർ ഭവനിൽ സ്വാമിജി മാസങ്ങളോളം താമസിച്ചിരുന്നുവെന്നും അന്നത്തെ ഗുജറാത്ത് ഗവണ്മെന്റ് ഈ കെട്ടിടം രാമകൃഷ്ണ മിഷന് സ്മാരക ക്ഷേത്രം പണിയാൻ നൽകിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികം 2012 മുതൽ 2014 വരെ ഗുജറാത്ത് ഗവണ്മെന്റ് ആഘോഷിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമുള്ള ആയിരക്കണക്കിന് ശിഷ്യന്മാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സമാപന ചടങ്ങ് വളരെ ആവേശത്തോടെയാണ് ആഘോഷിച്ചതെന്നും ശ്രീ മോദി അനുസ്മരിച്ചു. സ്വാമിജിക്ക് ഗുജറാത്തുമായുള്ള ബന്ധത്തിന്റെ സ്മരണയ്ക്കായി സ്വാമി വിവേകാനന്ദ വിനോദസഞ്ചാരവലയം നിർമിക്കുന്നതിനുള്ള രൂപരേഖ ഗുജറാത്ത് ഗവണ്മെന്റ് ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിൽ ശ്രീ മോദി സംതൃപ്തി രേഖപ്പെടുത്തി.

ആധുനിക ശാസ്ത്രത്തിനെ ഏറെ പിന്തുണച്ച വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശാസ്ത്രത്തിന്റെ പ്രാധാന്യം വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വിവരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും നമ്മെ പ്രചോദിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലുമാണ് ശാസ്ത്രത്തിന്റെ പ്രാധാന്യമെന്നും സ്വാമി വിവേകാനന്ദൻ വിശ്വസിച്ചിരുന്നതായി പറഞ്ഞു. ഇന്ന് ആധുനിക സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ആധിപത്യം ചൂണ്ടിക്കാട്ടി, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ്, അടിസ്ഥാനസൗകര്യ മേഖലയിലെ ആധുനിക നിർമാണം, ആഗോള വെല്ലുവിളികൾക്ക് ഇന്ത്യ നൽകുന്ന പ്രതിവിധികൾ എന്നിവ പോലുള്ള നിരവധി നേട്ടങ്ങൾ ഇന്ത്യയുടെ സ്വത്വത്തിന് അംഗീകാരമേകുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യ അതിന്റെ അറിവിലും പാരമ്പര്യത്തിലും നൂറ്റാണ്ടുകൾ പഴക്കമുള്ള അധ്യാപനത്തിലും അധിഷ്‌ഠിതമായാണ് മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യുവശക്തി രാജ്യത്തിന്റെ നട്ടെല്ലാണെന്ന് സ്വാമി വിവേകാനന്ദൻ വിശ്വസിച്ചു” – ശ്രീ മോദി പറഞ്ഞു. യുവാക്കളുടെ ശക്തിയെക്കുറിച്ച് സ്വാമി വിവേകാനന്ദന്റെ ഉദ്ധരണി പങ്കിട്ട പ്രധാനമന്ത്രി, ഇപ്പോൾ സമയമായിരിക്കുന്നുവെന്നും ആ ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും പറഞ്ഞു. ഇന്ത്യ ഇന്ന് അമൃതകാലത്തിന്റെ പുതിയ യാത്ര ആരംഭിച്ചുവെന്നും വികസിത ഇന്ത്യയെക്കുറിച്ചുള്ള തെറ്റുപറ്റാത്ത തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമാണ് ഇന്ത്യ” എന്ന് എടുത്തുപറഞ്ഞു. ഇന്ന് ഇന്ത്യയിലെ യുവാക്കൾ ലോകത്ത് തങ്ങളുടെ കഴിവും ശേഷിയും തെളിയിച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെ നയിക്കുന്നതും ഇന്ത്യയുടെ വികസനത്തിന്റെ ചുമതല ഏറ്റെടുത്തതും ഇന്ത്യയുടെ യുവശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാജ്യത്തിന് സമയവും അവസരവും ഉണ്ടെന്ന് പറഞ്ഞ ശ്രീ മോദി, രാഷ്ട്രനിർമാണത്തിന്റെ എല്ലാ മേഖലകളിലും യുവാക്കളെ നേതൃത്വത്തിനായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. സാങ്കേതികവിദ്യയും മറ്റ് മേഖലകളും പോലെ രാഷ്ട്രീയത്തിലും നമ്മുടെ യുവാക്കൾ രാജ്യത്തെ നയിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദിശയിൽ, 2025 ജനുവരി 12ന്, സ്വാമി വിവേകാനന്ദന്റെ ജന്മദിനം, യുവജന ദിനമായി ആഘോഷിക്കുമ്പോൾ, ഡൽഹിയിൽ യുവ നേതാക്കളുടെ സംവാദം ഗവണ്മെന്റ് സംഘടിപ്പിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് നിന്ന് തെരഞ്ഞെടുത്ത രണ്ടായിരം യുവാക്കളെ ക്ഷണിക്കുമെന്നും ഇന്ത്യയിലുടനീളം കോടിക്കണക്കിന് യുവാക്കൾ പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളുടെ കാഴ്ചപ്പാടിൽനിന്ന് വികസിത ഇന്ത്യ എന്ന പ്രമേയം ചർച്ച ചെയ്യുമെന്നും യുവാക്കളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭാധനരും ഊർജസ്വലരുമായ ഒരു ലക്ഷം യുവാക്കളെ വരും കാലങ്ങളിൽ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം ശ്രീ മോദി എടുത്തുപറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും രാജ്യത്തിന്റെ ഭാവിയുടെയും പുതിയ മുഖമായി ഈ യുവാക്കൾ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയെ മികച്ചതാക്കാൻ ഓർക്കേണ്ട രണ്ട് പ്രധാന ആശയങ്ങളായ ആത്മീയതയ്ക്കും സുസ്ഥിര വികസനത്തിനും ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഈ രണ്ട് ആശയങ്ങളും സമന്വയിപ്പിച്ച് നമുക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദൻ ആത്മീയതയുടെ പ്രായോഗിക വശത്തിന് ഊന്നൽ നൽകിയിരുന്നെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അത്തരം ആത്മീയതയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്തകളുടെ പരിശുദ്ധിക്കൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും സ്വാമി വിവേകാനന്ദൻ ഊന്നൽ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക വികസനം, സാമൂഹിക ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കിടയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യത്തിലെത്താൻ സ്വാമി വിവേകാനന്ദന്റെ ചിന്തകൾ നമ്മെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയതയിലും സുസ്ഥിരതയിലും സന്തുലിതാവസ്ഥ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഒന്ന് മനസ്സിനുള്ളിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും മറ്റൊന്ന് പ്രകൃതിയുമായി സന്തുലിതാവസ്ഥ നിലനിർത്താൻ നമ്മെ പഠിപ്പിക്കുന്നുവെന്നും പറഞ്ഞു. ‘മിഷൻ ലൈഫ്’, ‘ഏക് പേഡ് മാ കേ നാം’ തുടങ്ങിയ നമ്മുടെ യജ്ഞങ്ങൾക്കു വേഗം പകരുന്നതിൽ രാമകൃഷ്ണ മിഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

“ഇന്ത്യയെ കരുത്തുറ്റതും സ്വയംപര്യാപ്തവുമായ രാജ്യമായി കാണാനാണ് സ്വാമി വിവേകാനന്ദൻ ആഗ്രഹിച്ചത്” – ശ്രീ മോദി പറഞ്ഞു, ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദിശയിലേക്കു രാജ്യം ഇപ്പോൾ മുന്നേറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സ്വപ്നം എത്രയും വേഗം പൂർത്തീകരിക്കണമെന്നും കരുത്തുറ്റതും കഴിവുറ്റതുമായ ഇന്ത്യ ഒരിക്കൽകൂടി മാനവികതയ്ക്ക് ദിശാബോധം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി രാജ്യത്തെ ഓരോ പൗരനും ഗുരുദേവ് ​​രാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ചിന്തകൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

-SK-