Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു


ഇന്ന് നൈജീരിയയിലെ അബൂജയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ​ഇന്ത്യൻ സമൂഹം പ്രത്യേക ഊഷ്മളതയോടും ആഹ്ലാദത്തോടും തനിക്കു നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ​ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിച്ച സ്നേഹവും സൗഹൃദവും തനിക്ക് വലിയ മൂലധനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ നൈജീരിയയിലേക്കുള്ള ആദ്യ സന്ദർശനമാണിതെന്ന് പറഞ്ഞ ശ്രീ മോദി, തനിക്കൊപ്പം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആശംസകളും നിങ്ങൾക്കായുണ്ടെന്നു വ്യക്തമാക്കി. നൈജീരിയയിലെ ഇന്ത്യക്കാരുടെ പുരോഗതിയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ’ പുരസ്‌കാരം നൽകിയതിന് പ്രസിഡന്റ് ടിനുബുവിനോടും നൈജീരിയയിലെ ജനങ്ങളോടും നന്ദി അറിയിച്ച ശ്രീ മോദി, വിനയാന്വിതനായി കോടിക്കണക്കിന് ഇന്ത്യക്കാർക്ക് പുരസ്കാരം സമർപ്പിച്ചു.

പ്രസിഡന്റ് ടിനുബുവുമായുള്ള ചർച്ചയിൽ നൈജീരിയയിലെ ഇന്ത്യക്കാരുടെ പ്രയത്നങ്ങളെ അദ്ദേഹം പ്രശംസിച്ചത് തനിക്ക് അഭിമാനമേകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ ജീവിതഗതിയിൽ മികവു പുലർത്തുമ്പോൾ മാതാപിതാക്കൾക്ക് അഭിമാനം തോന്നുന്നത് പോലെയാണ് ഈയവസരത്തിൽ തനിക്ക് സന്തോഷവും അഭിമാനവും തോന്നിയതെന്നു ശ്രീ മോദി പറഞ്ഞു. ഇവിടത്തെ ഇന്ത്യൻ പ്രവാസികൾ നൈജീരിയയുടെ സുഖദുഃഖങ്ങളിൽ എല്ലായ്‌പ്പോഴും ഒപ്പമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നൈജീരിയയിൽ 40-നും 60-നും ഇടയിൽ പ്രായമുള്ള നിരവധി ഇന്ത്യക്കാർ ഉണ്ടെന്നും ഒരിക്കൽ ഇന്ത്യൻ അധ്യാപകൻ അവരെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയിൽ നിസ്വാർഥസേവനം ചെയ്യുന്ന നിരവധി ഇന്ത്യൻ ഡോക്ടർമാരുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. വ്യവസായങ്ങൾക്കു തുടക്കം കുറിക്കുകയും നൈജീരിയയുടെ വികസനഗാഥയുടെ സജീവപങ്കാളികളാകുകയും ചെയ്ത നിരവധി ഇന്ത്യൻ വ്യവസായികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ശ്രീ കിഷൻചന്ദ് ഝേലാറാംജി നൈജീരിയയിലേക്ക് കുടിയേറി, നൈജീരിയയിലെ ഏറ്റവും വലിയ വ്യവസായസ്ഥാപനങ്ങളിലൊന്ന് ആരംഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പല ഇന്ത്യൻ കമ്പനികളും നൈജീരിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുകയാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുളസിചന്ദ്ര ഫൗണ്ടേഷൻ നിരവധി നൈജീരിയക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്തുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നൈജീരിയയുടെ പുരോഗതിയിൽ തോളോടുതോൾ ചേർന്നു നടന്നതിന് ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ച ശ്രീ മോദി, ഇത് ഇന്ത്യക്കാരുടെ ഏറ്റവും വലിയ ശക്തിയാണെന്നും ഇന്ത്യക്കാരുടെ സംസ്കാരത്തിന്റെ പ്രതീകമാണെന്നും പറഞ്ഞു. എല്ലാവരുടെയും ക്ഷേമം എന്ന ആദർശം ഇന്ത്യക്കാർ ഒരിക്കലും മറക്കില്ലെന്നും ലോകം മുഴുവൻ ഒരു കുടുംബമാണെന്ന വിശ്വാസത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌കാരത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർ നേടിയ ആദരം എല്ലായിടത്തും വ്യക്തമായി പ്രകടമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നൈജീരിയയിലെ ജനങ്ങൾക്കിടയിൽ യോഗ നിരന്തരം പ്രചാരത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി, നൈജീരിയയിലെ ഇന്ത്യക്കാരോട് പതിവായി യോഗ പരിശീലിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. നൈജീരിയയിലെ ദേശീയ ടെലിവിഷൻ ചാനലിൽ യോഗയെക്കുറിച്ച് പ്രതിവാര പരിപാടിയുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹിന്ദി, ഇന്ത്യൻ സിനിമകൾ നൈജീരിയയിൽ ജനപ്രിയമാകുകയാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഗാന്ധിജി ആഫ്രിക്കയിൽ ഗണ്യമായ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഇന്ത്യയിലേയും നൈജീരിയയിലേയും ജനങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യസമരത്തിൽ എല്ലാ പ്രയത്നങ്ങളും നടത്തിയെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്വാതന്ത്ര്യം നൈജീരിയയുടെ സ്വാതന്ത്ര്യസമരത്തിന് കൂടുതൽ പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമരകാലത്തെ ജീവിതത്തിൽനിന്ന് ഇന്ന് ഇന്ത്യയും നൈജീരിയയും ക്രമാനുഗതമായി പുരോഗമിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. “ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്” – ശ്രീ മോദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ജനാധിപത്യവും വൈവിധ്യവും ജനസംഖ്യാപരമായ മെച്ചവും പൊതുവായ ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയിലെ വൈവിധ്യത്തെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, ക്ഷേത്രങ്ങൾ പണിയുന്നതിൽ നൈജീരിയൻ ഗവണ്മെന്റ് ഇന്ത്യക്കാർക്കു പിന്തുണയേകിയതിനു നന്ദി അറിയിക്കുകയും ചെയ്തു.

​ലോകമെമ്പാടും ഇന്ത്യ ചർച്ചാവിഷയമാണെന്ന് പറഞ്ഞ ശ്രീ മോദി, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യ നേരിട്ട നിരവധി പോരാട്ടങ്ങളെക്കുറിച്ചും പരാമർശിച്ചു. ചന്ദ്രയാൻ, മംഗൾയാൻ, ഇന്ത്യയിൽ ​നിർമിച്ച യുദ്ധവിമാനങ്ങൾ തുടങ്ങിയ ഇന്ത്യയുടെ നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ബഹിരാകാശം മുതൽ നിർമാണമേഖലവരെയും, ഡിജിറ്റൽ സാങ്കേതികവിദ്യ മുതൽ ആരോഗ്യ സംരക്ഷണം വരെയും ആഗോള ശക്തികളോട് ഇന്ത്യ മത്സരിക്കുകയാണ്” – ശ്രീ മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ആറുപതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യ ഒരു ട്രില്യൺ ഡോളർ കടന്നുവെന്നത് എടുത്തുകാട്ടി, കഴിഞ്ഞ ദശകത്തിൽ മാത്രം ഇന്ത്യ 2 ട്രില്യൺ ഡോളർ കൂട്ടിച്ചേർത്ത് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഉടൻ തന്നെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യക്കാർ അപായസാധ്യതകൾ സ്വീകരിക്കുന്നവരാണെന്നു ചൂണ്ടിക്കാട്ടി, വിവിധ മേഖലകളിൽ ഇന്ത്യ അതിവേഗം വളരുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിത ഇടങ്ങളിൽ നിന്ന് മാറിച്ചിന്തിക്കുന്ന ഇന്ത്യൻ യുവാക്കളുടെ കഠിനാധ്വാനത്തിന്റെ നേരിട്ടുള്ള ഫലമാണിതെന്ന് ശ്രീ മോദി പറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ നൂറിലധികം യൂണികോണുകൾ ഉണ്ടായി” – ശ്രീ മോദി പറഞ്ഞു.

സേവനമേഖലയ്ക്ക് പേരുകേട്ടതാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി, ഗവൺമെന്റ് അതിന്റെ സുരക്ഷിതമേഖലകളിൽനിന്നു മാറി, ലോകോത്തര ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുന്നതിന് ഉൽപ്പാദനമേഖലയ്ക്ക് വലിയ ഉത്തേജനം നൽകിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാതാക്കളിൽ ഒന്നായതോടെ ഇത് വ്യക്തമാ‌‌യിട്ടുണ്ടെന്നും 30 കോടിയിലധികം മൊബൈൽ ഫോണുകൾ ഇന്ത്യയിൽ നിർമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ മൊബൈൽ ഫോൺ കയറ്റുമതി 75 മടങ്ങ് വർധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങു വർധിച്ച കാര്യം പരാമർശിച്ച്, ഇന്ത്യ ഇന്ന് നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖല ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം ഗഗൻയാനിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കാൻ ഇന്ത്യ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ബഹിരാകാശത്ത് ബഹിരാകാശ നിലയം വികസിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാമേഖലയിൽനിന്ന് പുറത്തുകടന്ന് നവീകരണത്തിനും പുതിയ വഴികൾ സൃഷ്ടിക്കാനുമുള്ള മാനസികാവസ്ഥയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. നിരവധി പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നത് ലോകത്തിന് വലിയ പ്രചോദനമാണെന്നും ഇന്ത്യ അത് ചെയ്തുവെങ്കിൽ നമുക്കും അത് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ എല്ലാ രാജ്യങ്ങൾക്കുമുള്ളതായും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഓരോ ഇന്ത്യക്കാരനും പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വളർച്ചയോ സമാധാനമോ അഭിവൃദ്ധിയോ ജനാധിപത്യമോ ആകട്ടെ,​ അവയിലെല്ലാം​ ഇന്ത്യ ലോകത്തിന് പുതിയ പ്രതീക്ഷയായി ഉയർന്നുവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൈജീരിയയിലെ ഇന്ത്യൻ പ്രവാസികൾ പോലും, ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് പറയുമ്പോൾ ലഭിക്കുന്ന ആദരം അനുഭവിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ, ലോകത്തിന്റെ സഹോദരസ്ഥാനത്തു നിന്നാണ് ഇന്ത്യ ആദ്യം പ്രതികരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ കാലത്ത് ലോകത്ത് വളരെയധികം പ്രതിസന്ധികൾ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങളും​ പ്രതിരോധമരുന്നിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ, കഴിയുന്നത്ര രാജ്യങ്ങൾക്ക് പ്രതിരോധമരുന്നു നൽകാൻ ഇന്ത്യ തീരുമാനിച്ചു. ഇതാണ് നമ്മുടെ സംസ്‌കാരമെന്നും ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നമ്മുടെ സംസ്‌കാരമാണ് ഇതു നമ്മെ പഠിപ്പിച്ചതെന്നും മോദി പറഞ്ഞു. ഇന്ത്യ പ്രതിരോധമരുന്നുകളുടെ ഉൽപ്പാദനം വർധിപ്പിച്ചുവെന്നും ലോകത്തിലെ 150-ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും ​പ്രതിരോധമരുന്നുകളും അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയ ഉൾപ്പെടെയുള്ള പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ ഈ പരിശ്രമത്താൽ, ആയിരക്കണക്കിന് ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യ ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയുടെ ഭാവിവളർച്ചയുടെ വലിയ കേന്ദ്രമാണു നൈജീരിയയെന്നു പരാമർശിച്ച ശ്രീ മോദി, കഴിഞ്ഞ 5 വർഷത്തിനിടെ ആഫ്രിക്കയിൽ 18 പുതിയ എംബസികൾ ആരംഭിച്ചതായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ, ആഗോള വേദിയിൽ ആഫ്രിക്കയുടെ ശബ്ദം ഉയർത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി-20യിൽ ആദ്യമായി ഇന്ത്യ അധ്യക്ഷപദം വഹിച്ചതു പരാമർശിച്ച ശ്രീ മോദി, ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമാക്കാൻ കരുത്തുറ്റ ശ്രമം നടത്തിയതായി വ്യക്തമാക്കി. ജി-20യിലെ എല്ലാ അംഗരാജ്യങ്ങളും ഇന്ത്യയുടെ ഈ ചുവടുവയ്പിനു പൂർണപിന്തുണ നൽകിയെന്നും ഇന്ത്യയുടെ ക്ഷണപ്രകാരം നൈജീരിയ പൂർണമഹത്വത്തോടെ അതിഥി രാജ്യമായി മാറി ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​അടുത്ത വർഷം ജനുവരിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഏവരെയും പ്രത്യേകം ക്ഷണിച്ചു. ജനുവരി 26ന് റിപ്പബ്ലിക് ദിനം, ജനുവരി രണ്ടാം വാരത്തിൽ ഒഡിഷയിലെ ജഗന്നാഥ ജിയുടെ പാദങ്ങളിൽ ആഘോഷിക്കുന്ന പ്രവാസി ഭാരതീയ ദിനം എന്നിങ്ങനെ ജനുവരി മാസത്തിൽ നിരവധി ഉത്സവങ്ങൾ ഒരുമിച്ച് വരുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ 45 ദിവസം പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നൈജീരിയൻ സുഹൃത്തുക്കളോടൊപ്പം ഈ സമയത്ത് ഇന്ത്യയിലേക്ക് വരാൻ ഇന്ത്യൻ പ്രവാസികളോട് ആവശ്യപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. 500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിർമിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അത് അവരും അവരുടെ കുട്ടികളും സന്ദർശിക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യം എൻആർഐ ദിനം, പിന്നീട് മഹാ കുംഭമേള, അതിനുശേഷം റിപ്പബ്ലിക് ദിനം എന്നിങ്ങനെ ഒരുതരത്തിൽ ത്രിവേണിസംഗമാണ് ഇതെന്നും ഇന്ത്യയുടെ വികസനവും പൈതൃകവുമായി ബന്ധപ്പെടാനുള്ള മികച്ച അവസരമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

പലരും മുമ്പ് ഇന്ത്യ സന്ദർശിക്കുകയും പലതവണ വരികയും ചെയ്തിട്ടുണ്ടെങ്കിലും ഈ യാത്ര അവരുടെ ജീവിതത്തിലെ അമൂല്യമായ ഓർമയായി മാറുമെന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഏവരുടെയും ആവേശത്തിനും ഊഷ്മളമായ സ്വീകരണത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.​ 

 

***

SK