Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഒന്നാം ബോഡോലാന്‍ഡ് മഹോത്സവ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഒന്നാം ബോഡോലാന്‍ഡ് മഹോത്സവ് ഉദ്ഘാടനം ചെയ്തു


സമാധാനം നിലനിര്‍ത്തുന്നതിനും ഊര്‍ജസ്വലമായ ബോഡോ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമായി ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ദ്വിദിന വന്‍കിട പരിപാടിയായ ഒന്നാം ബോഡോലാന്‍ഡ് മഹോത്സവം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ശ്രീ മോദി, കാര്‍ത്തിക പൂര്‍ണിമയുടെയും ദേവ് ദീപാവലിയുടെയും ശുഭമായ അവസരത്തില്‍ ഭാരതീയ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ന് ശ്രീ ഗുരുനാനാക് ദേവ് ജിയുടെ 555-ാമത് പ്രകാശ് പര്‍വ്വ ആഘോഷിക്കപ്പെടുന്ന വേളയില്‍, ലോകമെമ്പാടുമുള്ള എല്ലാ സിഖ് സഹോദരീസഹോദരന്മാര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ പൗരന്മാര്‍ ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം ബോഡോലാന്‍ഡ് മഹോല്‍സവം ഉദ്ഘാടനം ചെയ്യുന്നതില്‍ അദ്ദേഹം സന്തുഷ്ടനാണെന്നും സമൃദ്ധിയുടെയും സംസ്‌കാരത്തിന്റെയും സമാധാനത്തിന്റെയും പുതിയ ഭാവി ആഘോഷിക്കാന്‍ എത്തിയ രാജ്യത്തുടനീളമുള്ള ബോഡോ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

50 വര്‍ഷത്തെ അക്രമത്തിന് അറുതിവരുത്തി, ബോഡോലാന്‍ഡ് ഐക്യത്തിന്റെ ആദ്യ ഉത്സവം ആഘോഷിക്കുന്നതിനാല്‍ ഈ സന്ദര്‍ഭം തനിക്ക് വൈകാരിക നിമിഷമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. രണചണ്ടി നൃത്തം ബോഡോലാന്‍ഡിന്റെ ശക്തി പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കും മധ്യസ്ഥ ശ്രമങ്ങള്‍ക്കും ശേഷം പുതിയ ചരിത്രം സൃഷ്ടിച്ചതിന് ബോഡോകളെ ശ്രീ മോദി അഭിനന്ദിച്ചു.

2020-ലെ ബോഡോ സമാധാന കരാറിനുശേഷം കൊക്രജാര്‍ സന്ദര്‍ശിക്കാനുള്ള തന്റെ അവസരം അനുസ്മരിച്ചുകൊണ്ട്, തന്നില്‍ ചൊരിഞ്ഞ ഊഷ്മളതയും സ്‌നേഹവും ബോഡോകള്‍ക്കിടയില്‍ ഒരാളായിത്തീര്‍ന്ന തോന്നല്‍ ഉണ്ടാക്കിയെന്ന് ശ്രീ മോദി വ്യക്തമാക്കി. തന്റെ സന്ദര്‍ശനം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷവും അതേ ഊഷ്മളതയും സ്‌നേഹവും ഇന്ന് അനുഭവിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നതുകണ്ട് ബോഡോലാന്‍ഡില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ പ്രഭാതം ഉണ്ടായി എന്ന ബോഡോകളോടുള്ള തന്റെ വാക്കുകള്‍ ശ്രീ മോദി അനുസ്മരിച്ചു. ഇത് തനിക്ക് ശരിക്കും വൈകാരിക നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സന്തോഷകരമായ ജനതയെയും ഒപ്പം ശോഭനമായ ആഘോഷങ്ങളും കണ്ട ശേഷം, ബോഡോ ജനതയുടെ ശോഭനമായ ഭാവിക്ക് ശക്തമായ അടിത്തറയുണ്ടാക്കപ്പെട്ടതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബോഡോലാന്‍ഡില്‍ കഴിഞ്ഞ 4 വര്‍ഷമായി നടത്തിയ വികസനം വളരെ പ്രധാനപ്പെട്ടതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ‘സമാധാന കരാറിന് ശേഷം വികസനത്തിന്റെ ഒരു പുതിയ തരംഗത്തിന് ബോഡോലാന്‍ഡ് സാക്ഷ്യം വഹിച്ചു’, ശ്രീ മോദി ഉദ്ഘോഷിച്ചു. ബോഡോ സമാധാന ഉടമ്പടിയുടെ നേട്ടങ്ങളും ബോഡോകളുടെ ജീവിതത്തില്‍ അതിന്റെ സ്വാധീനവും കാണുന്നതില്‍ തനിക്ക് ഇന്ന് സംതൃപ്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോ സമാധാന ഉടമ്പടി മറ്റ് പല കരാറുകള്‍ക്കും പുതിയ വഴികള്‍ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറിന്റെ ഫലമായി അസമില്‍ മാത്രം പതിനായിരത്തിലധികം യുവാക്കള്‍ വികസനത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് അക്രമത്തിന്റെ പാത ഉപേക്ഷിച്ചുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കര്‍ബി ആംഗ്ലോങ് ഉടമ്പടി, ബ്രൂ-റിയാങ് കരാര്‍, എന്‍എല്‍എഫ്ടി-ത്രിപുര ഉടമ്പടി എന്നിവ ഒരുനാള്‍ യാഥാര്‍ത്ഥ്യമാകുമെന്നത് ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള പരസ്പര വിശ്വാസത്തെ ഇരുവരും ബഹുമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റും അസം ഗവണ്‍മെന്റും ബോഡോലാന്‍ഡിന്റെയും അവിടത്തെ ജനങ്ങളുടെയും വികസനത്തില്‍ സ്പര്‍ശിക്കാത്ത മേഖലകളില്ലെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

ബോഡോ ടെറിട്ടോറിയല്‍ മേഖലയിലെ ബോഡോ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന മുന്‍ഗണന എടുത്തുപറഞ്ഞുകൊണ്ട്, ബോഡോലാന്‍ഡിന്റെ വികസനത്തിനായി കേന്ദ്രഗവണ്‍മെന്റ് 1500 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായും അസം ഗവണ്‍മെന്റ് പ്രത്യേക വികസന പാക്കേജ് അനുവദിച്ചതായും ചൂണ്ടിക്കാട്ടി. ബോഡോലാന്‍ഡിലെ വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 700 കോടിയിലധികം രൂപ ചെലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജനങ്ങളെ സംബന്ധിച്ച്, അതീവ ജാഗ്രതയോടെയാണ് ഗവണ്‍മെന്റ് തീരുമാനങ്ങളെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ നാലായിരത്തിലധികം മുന്‍ കേഡര്‍മാരെ പുനരധിവസിപ്പിച്ചതായും നിരവധി യുവാക്കള്‍ക്ക് അസം പോലീസില്‍ ജോലി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോ സംഘര്‍ഷത്തില്‍ അകപ്പെട്ട ഓരോ കുടുംബത്തിനും അസം ഗവണ്‍മെന്റ് 5 ലക്ഷം രൂപ വീതം സഹായധനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോലാന്‍ഡിന്റെ വികസനത്തിനായി അസം ഗവണ്‍മെന്റ് പ്രതിവര്‍ഷം 800 കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നൈപുണ്യ വികസനത്തിന്റെ പ്രാധാന്യവും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഏത് പ്രദേശത്തിന്റെയും വികസനത്തില്‍ ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട്, സീഡ് മിഷന്‍ ആരംഭിച്ചതായി ശ്രീ മോദി വ്യക്തമാക്കി. നൈപുണ്യത്തിലൂടെയും സംരംഭകത്വത്തിലൂടെയും തൊഴിലിലൂടെയും വികസനത്തിലൂടെയും യുവാക്കളുടെ ക്ഷേമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രഇ, ബോഡോ യുവാക്കള്‍ക്ക് ഇതിലൂടെ വലിയ നേട്ടം ലഭിക്കുന്നുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുന്‍കാലങ്ങളില്‍ തോക്കുധാരികളായിരുന്ന യുവാക്കള്‍ ഇപ്പോള്‍ കായികരംഗത്ത് മുന്നേറുന്നു് കാണുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുടെ പങ്കാളിത്തത്തോടൊപ്പം കൊക്രജാറില്‍ നടന്ന ഡ്യൂറന്‍ഡ് കപ്പിന്റെ രണ്ട് പതിപ്പുകളും ചരിത്രപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ഉടമ്പടിക്ക് ശേഷം, ബോഡോ സാഹിത്യത്തിനുള്ള മഹത്തായ സേവനത്തെ സൂചിപ്പിക്കുന്ന ബോഡോലാന്‍ഡ് സാഹിത്യോത്സവം കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊക്രജാറില്‍ തുടര്‍ച്ചയായി നടന്നിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ബോഡോ സാഹിത്യസഭയുടെ 73-ാം സ്ഥാപക ദിനം ഇന്ന് ആചരിക്കുന്ന വേളയില്‍ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. ബോഡോ സാഹിത്യത്തിന്റെയും ബോഡോ ഭാഷയുടെയും ആഘോഷ ദിനമാണിതെന്നും നാളെ സാംസ്‌കാരിക റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊഹോത്സോവിലെ പ്രദര്‍ശനം സന്ദര്‍ശിച്ച അനുഭവം വിവരിച്ചുകൊണ്ട് ആരോണയെ, ദോഖോന, ഗാംസ, കാരായി-ദാഖിനി, തോര്‍ഖ, ജൗ ഗിഷി, ഖം തുടങ്ങിയ സമ്പന്നമായ ബോഡോ കലകളും കരകൗശലവസ്തുക്കളും ഭൂമിശാസ്ത്രപരമായ സൂചിക (ജിഐ) ലഭിച്ച മറ്റ് ഉല്‍പ്പന്നങ്ങളും താന്‍ കണ്ടതായി ശ്രീ മോദി പറഞ്ഞു. ജിഐ ടാഗിന്റെ പ്രാധാന്യം ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്തത നിലനിര്‍ത്തുന്നതില്‍ സഹായകമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടുനൂല്‍ക്കൃഷി എല്ലായ്‌പ്പോഴും ബോഡോ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഗവണ്‍മെന്റ്, ബോഡോലാന്‍ഡ് സെറികള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കിയതായി ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ ബോഡോ കുടുംബങ്ങളിലും നെയ്യുുന്ന പാരമ്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ബോഡോ സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ ബോഡോലാന്‍ഡ് കൈത്തറി മിഷനിലൂടെ ഏറ്റെടുത്തിട്ടുണ്ടെന്ന് പറഞ്ഞു.

‘ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വലിയ ശക്തിയാണ് അസം, അതേസമയം ബോഡോലാന്‍ഡാണ് അസമിന്റെ വിനോദസഞ്ചാരത്തിന്റെ ശക്തി’, ശ്രീ മോദി പറഞ്ഞു. ഒരുകാലത്ത് ഒളിത്താവളങ്ങളായി ഉപയോഗിച്ചിരുന്ന മനസ് ദേശീയ ഉദ്യാനം, റൈമോണ ദേശീയ ഉദ്യാനം, സിഖ്‌ന ജലാവോ ദേശീയ ഉദ്യാനം എന്നീ നിബിഡവനങ്ങള്‍ ഇന്ന് യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മാധ്യമമായി മാറുന്നതില്‍ ശ്രീ മോദി ആഹ്ലാദിച്ചു. ബോഡോലാന്‍ഡില്‍ വളരുന്ന വിനോദസഞ്ചാരം യുവാക്കള്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശ്രീ ബോഡോഫ ഉപേന്ദ്ര നാഥ് ബ്രഹ്‌മ, ഗുരുദേവ് കാളീചരണ്‍ ബ്രഹ്‌മ എന്നിവരുടെ സംഭാവനകളെ സ്മരിച്ചുകൊണ്ട്, ബോഡോഫ എല്ലായ്പ്പോഴും ഇന്ത്യയുടെ അഖണ്ഡതയ്ക്കും ബോഡോ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുമായി ജനാധിപത്യ രീതിയാണ് മുന്നോട്ട് വെച്ചതെന്നും ഗുരുദേവ് കാളീചരണ്‍ ബ്രഹ്‌മ അഹിംസയുടെയും ആത്മീയതയുടെയും പാത പിന്‍തുടര്‍ന്നുകൊണ്ട് സമൂഹത്തെ ഏകോപിപ്പിച്ചുവെന്നും അഭിപ്രായപ്പെട്ടു. ബോഡോ വിഭാഗത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ മക്കളുടെ ശോഭനമായ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ ഉണ്ടെന്നത് സംതൃപ്തിയേകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം, ഓരോ ബോഡോ കുടുംബത്തിനും അവരുടെ കുട്ടികള്‍ക്ക് മികച്ച ഭാവി നല്‍കാനുള്ള ആഗ്രഹമുണ്ട്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ ഹരിശങ്കര്‍ ബ്രഹ്‌മ, മേഘാലയ മുന്‍ ഗവര്‍ണര്‍ ശ്രീ രഞ്ജിത് ശേഖര്‍ മുഷാഹരി തുടങ്ങി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച് രാജ്യത്തെ സേവിക്കുക വഴി വിജയം കൈവരിച്ച ബോഡോ സമൂഹാംഗങ്ങളുടെ പ്രചോദനമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വ്യക്തികള്‍ ബോഡോ സമൂഹത്തിന്റെ അന്തസ്സ് വര്‍ധിപ്പിച്ചു. ബോഡോലാന്‍ഡിലെ യുവാക്കള്‍ ഒരു നല്ല തൊഴില്‍ കെട്ടിപ്പടുക്കാന്‍ സ്വപ്നം കാണുന്നുവെന്നും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഓരോ ബോഡോ കുടുംബത്തോടെുമൊപ്പം അവരുടെ പുരോഗതിയില്‍ പങ്കാളിയായി നിലകൊള്ളുന്നു എന്നും ഇതേറെ സന്തോഷിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ അഷ്ടലക്ഷ്മിയാണെന്നും വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയത്തിന് പുതിയ ഊര്‍ജം നല്‍കാന്‍ കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് വികസനത്തിന്റെ ഉദയം ഉണ്ടാകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അതിനാല്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായ പരിഹാരം കാണാന്‍ ശ്രമിച്ചുകൊണ്ട് വടക്ക് കിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് നിരന്തരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസമിന്റെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടം കഴിഞ്ഞ ദശകത്തില്‍ ആരംഭിച്ചതായി ഊന്നിപ്പറഞ്ഞ മോദി, ഗവണ്‍മെന്റിന്റെ നയങ്ങള്‍ കാരണം 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി പറഞ്ഞു. അസമില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തെ മറികടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കാലത്ത് അസം. വികസനത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഗവണ്‍മെന്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, അസമിന് 4 വലിയ ആശുപത്രികള്‍ നല്‍കി-  ഗുവാഹത്തി എയിംസും കൊക്രജാര്‍, നല്‍ബാരി, നാഗോണ്‍ മെഡിക്കല്‍ കോളേജുകളും. ഇത് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറച്ചു. അസമില്‍ കാന്‍സര്‍ ആശുപത്രി തുറന്നത് വടക്കുകിഴക്കന്‍ മേഖലയിലെ രോഗികള്‍ക്ക് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ന് മുമ്പ് അസമില്‍ ആറു മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി വര്‍ധിപ്പിച്ചതായി ശ്രീ മോദി വ്യക്തമാക്കി. 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് യുവാക്കള്‍ക്കു മുന്നില്‍ അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോഡോ സമാധാന ഉടമ്പടി കാണിച്ച പാത മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയുടെയും അഭിവൃദ്ധിയിലേക്കുള്ള പാതയാണെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തിന്റെ സമ്പന്നമായ വാസസ്ഥലമായാണ് ബോഡോലാന്‍ഡ് കണക്കാക്കപ്പെടുന്നത്. ഈ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നാം തുടര്‍ച്ചയായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട്, അദ്ദേഹം ബോഡോകള്‍ക്ക് നന്ദി പറയുകയും ഒന്നാം ബോഡോലാന്‍ഡ് മഹോത്സവ വേളയില്‍ അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

അസം ഗവര്‍ണര്‍ ശ്രീ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ, ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ മേഖലാ തലവന്‍ ശ്രീ പ്രമോദ് ബോറോ, ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ശ്രീ ദീപേന്‍ ബോഡോ, ബോഡോ സാഹിത്യ സഭ പ്രസിഡന്റ്  ഡോ സൂറത്ത് നര്‍സാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയുടെ ഭാഗമായിരുന്നു.

പശ്ചാത്തലം
നവംബര്‍ 15, 16 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയാണ് ഒന്നാം ബോഡോലാന്‍ഡ് മഹോല്‍സവം. സമാധാനം നിലനിര്‍ത്തുന്നതിനും ഊര്‍ജസ്വലമായ ബോഡോ സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഒരു വലിയ പരിപാടിയാണിത്. ബോഡോലാന്‍ഡില്‍ മാത്രമല്ല, അസം, പശ്ചിമ ബംഗാള്‍, നേപ്പാള്‍, വടക്കുകിഴക്കന്‍ രാജ്യങ്ങളിലെ മറ്റ് അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും താമസിക്കുന്ന തദ്ദേശീയരായ ബോഡോ ജനതയെ സമന്വയിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ റീജിയണിലെ (ബിടിആര്‍) മറ്റ് സമുദായങ്ങളോടൊപ്പം ബോഡോ സമൂഹത്തിന്റെ സമ്പന്നമായ സംസ്‌കാരം, ഭാഷ, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘സമൃദ്ധമായ ഭാരതത്തിന് സമാധാനവും ഐക്യവും’ എന്നതാണ് മഹോത്സവത്തിന്റെ പ്രമേയം. ബോഡോലാന്‍ഡിന്റെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം, പാരിസ്ഥിതിക ജൈവവൈവിധ്യം, വിനോദസഞ്ചാര സാധ്യതകള്‍ എന്നീ മൂല്യങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ഇത് ലക്ഷ്യമിടുന്നത്.

2020-ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചലനാത്മക നേതൃത്വത്തിന് കീഴില്‍ ബോഡോ സമാധാന ഉടമ്പടി ഒപ്പുവച്ചതുമുതല്‍ വീണ്ടെടുക്കലിന്റെയും പ്രതിരോധത്തിന്റെയും ശ്രദ്ധേയമായ യാത്രയെ ആഘോഷിക്കുകയാണ് മഹോത്സവത്തില്‍ എന്നത് ശ്രദ്ധേയമാണ്. ഈ സമാധാന ഉടമ്പടി, ബോഡോലാന്‍ഡില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും ജീവഹാനിയും പരിഹരിക്കുക മാത്രമല്ല, സമാധാനപൂര്‍ണമായ മറ്റു വാസസ്ഥലങ്ങള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

‘സമ്പന്നമായ ബോഡോ സംസ്‌കാരം, പാരമ്പര്യം, സാഹിത്യം എന്നിവ ഇന്ത്യന്‍ പൈതൃകത്തിലേക്കും പാരമ്പര്യത്തിലേക്കും സംഭാവനകള്‍ അര്‍പ്പിക്കുന്നു’ എന്ന സെഷന്‍ മഹോത്സവത്തില്‍ ശ്രദ്ധേയമായിത്തീരും. കൂടാതെ സമ്പന്നമായ ബോഡോ സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിക്കും. ‘ദേശീയ വിദ്യാഭ്യാസ നയം, 2020 വഴി മാതൃഭാഷ മാധ്യമമായുള്ള വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ മറ്റൊരു സെഷനും നടക്കും. ബോഡോലാന്‍ഡ് മേഖലയുടെ വിനോദസഞ്ചാരവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ‘തദ്ദേശീയ സാംസ്‌കാരിക സംഗമവും, സംസ്‌കാരവും വിനോദസഞ്ചാരവും വഴി ‘വൈബ്രന്റ് ബോഡോലാന്‍ഡ്’ മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ചര്‍ച്ചയും’ എന്ന വിഷയത്തില്‍ വിഷയാധിഷ്ഠിത ചര്‍ച്ചയും സംഘടിപ്പിക്കും.

ബോഡോലാന്‍ഡ് മേഖല, അസം, പശ്ചിമ ബംഗാള്‍, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍, കൂടാതെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം സാംസ്‌കാരിക, ഭാഷാ, കലാ പ്രേമികള്‍ പരിപാടിയില്‍ പങ്കെടുത്തു.

-NK-