Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

സദസിനെ അഭിസംബോധന ചെയ്യവേ, ധൻതേരസ്-ദീപാവലി ആഘോഷങ്ങളുടെ ചൈതന്യം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഈ ഉത്സവങ്ങൾ സംസ്കാരത്തെ ആഘോഷിക്കുമ്പോൾ, വികസനത്തിലുണ്ടാകുന്ന പുരോഗതി സമാനമായ പ്രാധാന്യമർഹിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. വഡോദര സന്ദർശനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിലുടനീളമുള്ള നിരവധി പ്രധാന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. ഇന്ത്യൻ വ്യോമസേനയ്ക്കായി ‘മെയ്ഡ് ഇൻ ഇന്ത്യ’ വിമാനങ്ങൾ നിർമിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി ഉദ്ഘാടനം ചെയ്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ അംറേലിയിൽ ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്തതു പരാമർശിച്ച പ്രധാനമന്ത്രി, വെള്ളം, റോഡുകൾ, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ബൃഹദ് പദ്ധതികൾ ഉദ്ഘാടനം ചെയ്തുവെന്നും തറക്കല്ലിട്ടെന്നും പറഞ്ഞു. ഈ പദ്ധതികൾ സൗരാഷ്ട്രയിലെയും കച്ഛിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും പ്രാദേശിക വികസനം ത്വരിതപ്പെടുത്തുമെന്നും പ്രാദേശിക കർഷകരെ സമ്പന്നരാക്കുമെന്നും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസനപദ്ധതികളുടെ പേരിൽ ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

സൗരാഷ്ട്രയിലെ അംറേലി ഇന്ത്യക്കു നിരവധി രത്നങ്ങൾ നൽകിയിട്ടുണ്ടെന്നു പരാമർശിച്ച പ്രധാനമന്ത്രി, ചരിത്രപരമായും സാംസ്കാരികമായും സാഹിത്യപരമായും രാഷ്ട്രീയപരമായും എല്ലാ അർഥത്തിലും മഹത്തായ ഭൂതകാലമാണ് അംറേലിക്കുള്ളതെന്ന് പറഞ്ഞു. ശ്രീ യോഗിജി മഹാരാജ്, ഭോജ ഭഗത്, നാടോടി ഗായനും കവിയുമായ ദുലഭയ്യ കാഗ്, കലപിയെപ്പോലുള്ള കവികൾ, ലോകപ്രശസ്ത മാന്ത്രികൻ കെ ലാൽ, ആധുനിക കവിതയുടെ നേതാവ് രമേശ് പരേഖ് എന്നിവരുടെ കർമഭൂമിയാണ് അംറേലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിന് ആദ്യ മുഖ്യമന്ത്രിയായ ശ്രീ ജീവരാജ് മേത്താജിയെയും നൽകിയത് അംറേലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന് വലിയ സംഭാവനകൾ നൽകി അംറേലിയിലെ കുട്ടികൾ വ്യാവസായികലോകത്ത് വലിയ പേരു നേടിയിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഗവണ്മെന്റിന്റെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട 80/20 പദ്ധതികളുമായി ബന്ധപ്പെട്ട ധോൽക്കയ്യ കുടുംബം ഈ പാരമ്പര്യം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടര ദശാബ്ദക്കാലത്തെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ മാറ്റങ്ങൾ പ്രകടമായതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ദീർഘകാലമായി നേരിടുന്ന ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും ജനങ്ങളിൽ ജലത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ജലദൗർലഭ്യത്താൽ കുടിയേറ്റത്തിന്റെ പേരിൽ അറിയപ്പെട്ട സൗരാഷ്ട്രയുടെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ഇന്ന് സ്ഥിതി മാറി. ഇപ്പോൾ നർമദയിലെ ജലം ഗ്രാമങ്ങളിൽ എത്തുന്നു”. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി ഉയർത്തിയ ജൽസഞ്ചയ്, സൗനി പദ്ധതി തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. പുഴയുടെ ആഴം കൂട്ടുകയും തടയണകൾ നിർമിക്കുകയും ചെയ്താൽ വെള്ളപ്പൊക്ക പ്രശ്നം ലഘൂകരിക്കാനും മഴവെള്ളം ഫലപ്രദമായി സംഭരിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിനു ജനങ്ങൾക്കു പ്രയോജനപ്പെടുന്ന തരത്തിൽ സമീപ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വീട്ടിലേക്കും കൃഷിയിടത്തിലേക്കും വെള്ളം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഗുജറാത്ത് കൈവരിച്ച ശ്രദ്ധേയമായ പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് രാജ്യത്തിനാകെ മാതൃകയായി. ഓരോ കോണിലും വെള്ളമെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ നിരന്തര ശ്രമങ്ങൾ തുടരുകയാണെന്നും ഇന്നത്തെ പദ്ധതികൾ ഈ മേഖലയിലെ ജനലക്ഷങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നവ്ഡ-ചാവണ്ഡ് ബൃഹദ് പൈപ്പ്‌ലൈൻ പദ്ധതി ബോട്ടാദ്, അംറേലി, ജൂനാഗഢ്, രാജ്‌കോട്, പോർബന്ദർ ജില്ലകളിലെ 36 നഗരങ്ങളിലെയും 1298 ഗ്രാമങ്ങളിലെയും ജനങ്ങൾക്കു പ്രയോജനം ചെയ്യുമെന്ന് ശ്രീ മോദി അറിയിച്ചു. ഈ മേഖലകളിലേക്ക് പ്രതിദിനം 30 കോടി ലിറ്റർ അധിക ജലം ഈ സംരംഭം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാസ്‌വി ഗ്രൂപ്പ് സൗരാഷ്ട്ര മേഖല ജലവിതരണപദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പരാമർശിച്ച്, മഹുവ, തലാജ, പാലീതാന താലൂക്കുകളുടെ ആവശ്യങ്ങൾ ഇത് പരിഹരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “പൂർത്തിയാകുമ്പോൾ നൂറോളം ഗ്രാമങ്ങൾക്ക് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കും” – അദ്ദേഹം പറഞ്ഞു.

പൊതുപങ്കാളിത്തത്തോടെ ഗവണ്മെന്റും സമൂഹവും സഹകരിച്ചു പ്രവർത്തിക്കുന്ന ശക്തിയുടെ ഉദാഹരണമാണ് ഇന്നത്തെ ജലപദ്ധതികളെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കുറഞ്ഞത് 75 അമൃതസരോവരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വർഷത്തെ ജലസംരക്ഷണ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ വിജയം അദ്ദേഹം എടുത്തുപറഞ്ഞു. വരും തലമുറകൾക്കായി പൈതൃകം ശേഷിപ്പിക്കുന്ന 60,000 അമൃതസരോവരങ്ങൾ ഗ്രാമങ്ങളിലുടനീളം നിർമിച്ചതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ശ്രീ സി ആർ പാട്ടീലിന്റെ നേതൃത്വത്തിൽ കരുത്താർജിക്കുന്ന ‘ക്യാച്ച് ദ റെയിൻ’ യജ്ഞത്തെ അദ്ദേഹം പ്രശംസിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാമൂഹ്യപങ്കാളിത്തത്തോടെ ആയിരക്കണക്കിന് റീചാർജ് കിണറുകൾ നിർമിക്കുന്ന യജ്ഞം ഗണ്യമായ പുരോഗതി കൈവരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഗ്രാമങ്ങളിലും വയലുകളിലും പ്രാദേശിക ജലം നിലനിർത്തുന്നത് ഈ സംരംഭം ഉറപ്പാക്കുന്നതെങ്ങനെയെന്ന് വിവരിച്ച്, തങ്ങളുടെ പൂർവിക ഗ്രാമങ്ങളിൽ റീചാർജ് കിണറുകൾ നിർമിക്കാൻ ജനങ്ങൾ കാട്ടുന്ന ആവേശവും ചൂണ്ടിക്കാട്ടി. ജലസംരക്ഷണത്തിലൂടെ കൃഷിയും കന്നുകാലിവളർത്തലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നൂറുകണക്കിന് പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ കൂടുതൽ ജലലഭ്യതയുള്ളതിനാൽ കൃഷി എളുപ്പമായെന്നും നർമദയിലെ വെള്ളത്തിലൂടെ അംറേലിയിൽ മൂന്നുകാലയളവിലേക്കുള്ള കൃഷി സാധ്യമായെന്നും പ്രധാനമന്ത്രി അടിവരയിട്ടു. “ഇന്ന്, അംറേലി ജില്ല കാർഷിക മേഖലയിൽ മുൻനിരയിലെത്തി” – പ്രധാനമന്ത്രി പറഞ്ഞു. പരുത്തി, നിലക്കടല, എള്ള്, ചെറുധാന്യങ്ങൾ തുടങ്ങിയ വിളകളുടെ കൃഷിക്ക് ഉത്തേജനം ലഭിക്കുന്നുണ്ടെന്നും അംറേലിയുടെ അഭിമാനമായ കേസർ മാമ്പഴത്തിന് ജിഐ ടാഗ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഐ ടാഗ് പദവി അർഥമാക്കുന്നത്, ലോകത്തു വിൽക്കുന്നിടത്തെല്ലാം കേസർ മാമ്പഴവും അംറേലിയുടെ സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പ്രകൃതിദത്തകൃഷിയുടെ പ്രധാന കേന്ദ്രമായി അംറേലി അതിവേഗം വളർന്നു വരികയാണെന്നും രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത കാർഷിക സർവകലാശാല ഹാലോലിൽ നിർമിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സർവകലാശാലയ്ക്ക് കീഴിൽ ഗുജറാത്തിലെ ആദ്യത്തെ പ്രകൃതിദത്ത കാർഷിക കലാലയം അംറേലിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ കർഷകർക്ക് മൃഗസംരക്ഷണത്തിൽ ഏർപ്പെടാനും പ്രകൃതിദത്തകൃഷിയിൽ നിന്ന് പ്രയോജനം നേടാനും കഴിയുമെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് ശ്രീ മോദി പറഞ്ഞു. സമീപ വർഷങ്ങളിൽ അംറേലിയുടെ ക്ഷീര വ്യവസായം വളരെയധികം വളർന്നുവെന്ന് എടുത്തുകാട്ടിയ ശ്രീ മോദി, ഗവണ്മെന്റിന്റെയും സഹകരണ സംഘങ്ങളുടെയും കൂട്ടായ പ്രയത്നത്താലാണ് ഇത് സാധ്യമായതെന്നു പറഞ്ഞു. 2007ൽ അമർ ഡയറി ആരംഭിച്ചപ്പോൾ 25 ഗ്രാമങ്ങളിലെ ഗവണ്മെന്റ് സമിതികൾ അമർ ഡയറിയുമായി ബന്ധപ്പെട്ടിരുന്നുവെന്നു പറഞ്ഞ ശ്രീ മോദി, “പ്രതിദിനം 1.25 ലക്ഷം ലിറ്റർ പാൽ ശേഖരിക്കുന്ന 700 ലധികം സഹകരണ സംഘങ്ങൾ  ഇന്ന് അമർ ഡയറിയുടെ ഭാഗമാണ്” എന്നു ചൂണ്ടിക്കാട്ടി.

മധുരവിപ്ലവത്തിലൂടെ അംറേലി പ്രശസ്തിയിലേക്കുയർന്നതു പരാമർശിച്ച ശ്രീ മോദി, തേൻ ഉൽപ്പാദനം കർഷകർക്ക് അധിക വരുമാനം നൽകിയെന്ന് വ്യക്തമാക്കി. അംറേലിയിലെ നൂറുകണക്കിന് കർഷകർ തേനീച്ച വളർത്തലിൽ പരിശീലനം നേടിയശേഷം തേനുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആരംഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ കുടുംബത്തിനും 25,000 രൂപ മുതൽ 30,000 രൂപ വരെ വാർഷിക ലാഭം ഉറപ്പാക്കി വൈദ്യുതി ബില്ലുകൾ ഒഴിവാക്കാനും വൈദ്യുതിയിൽ നിന്ന് വരുമാനം ഉണ്ടാക്കാനുമുള്ള പിഎം സൂര്യ ഘർ യോജനയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അത് നടപ്പാക്കി മാസങ്ങൾക്കുള്ളിൽ ഗുജറാത്തിലുടനീളം ഏകദേശം രണ്ടുലക്ഷം  പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞു. നൂറുകണക്കിന് വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുള്ള ദുധാല ഗ്രാമം മാതൃകയാക്കി, സൗരോർജത്തിൽ അംറേലി ജില്ല അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൽഫലമായി, ഗ്രാമത്തിന് പ്രതിമാസം ഏകദേശം 75,000 രൂപ വൈദ്യുതി ബില്ല‌ിനത്തിൽ ലാഭിക്കാനാകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു, ഓരോ വീടിനും പ്രതിവർഷം 4000 രൂപയും ലാഭിക്കാനാകുന്നു. “അംറേലിയുടെ ആദ്യ സൗരോർജ ഗ്രാമമായി ദുധാല അതിവേഗം മാറുകയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി പുണ്യസ്ഥലങ്ങളും വിശ്വാസകേന്ദ്രങ്ങളും ആതിഥേയത്വം വഹിക്കുന്ന, വിനോദസഞ്ചാരത്തിന്റെ സുപ്രധാന കേന്ദ്രമാണ് സൗരാഷ്ട്രയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സർദാർ സരോവർ  അണക്കെട്ടിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി. സർദാർ പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ കാണാൻ കഴിഞ്ഞ വർഷം 50 ലക്ഷത്തിലധികം സന്ദർശകർ എത്തിയതായി അദ്ദേഹം അറിയിച്ചു. സർദാർ സാഹിബിന്റെ ജയന്തിക്കായി രണ്ട് ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിക്കുന്നതിനെക്കുറിച്ചും ദേശീയ ഏകതാ പരേഡിന് സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കെർലി റീചാർജ് ജലസംഭരണി വരുംകാലങ്ങളിൽ പാരിസ്ഥിതിക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും സാഹസിക വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം ലഭിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതു കെർലി പക്ഷിസങ്കേതത്തിന് ലോകത്തിനു മുന്നിൽ പുതിയ സ്വത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിന്റെ ദൈർഘ്യമേറിയ കടൽത്തീരം എടുത്തുകാട്ടിയ പ്രധാനമന്ത്രി, പൈതൃക സംരക്ഷണത്തോടൊപ്പം വികസനവും ഗവണ്മെന്റിന്റെ മുൻഗണനയാണെന്ന് പറഞ്ഞു. അതിനാൽ, മീൻപിടിത്തവും തുറമുഖവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകം പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ നിർമാണത്തിന് ഗവണ്മെന്റ് അംഗീകാരം നൽകിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നീക്കം ഇന്ത്യയുടെ മഹത്തായ സമുദ്രപൈതൃകത്തെ രാജ്യത്തിനും ലോകത്തിനും പരിചയപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

“സമുദ്രത്തിലെ നീലജലം നീലവിപ്ലവത്തിന് ഊർജം പകരണം എന്നതിനാണ് ഞങ്ങളുടെ ശ്രമം” – ശ്രീ മോദി പറഞ്ഞു. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനം വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജഫ്രാബാദിലെ ഷിയാൽബേട്ടിൽ മത്സ്യത്തൊഴിലാളികൾക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അംറേലിയിലെ പിപാവാവ് തുറമുഖത്തിന്റെ നവീകരണം 10 ലക്ഷത്തിലധികം കണ്ടെയ്‌നറുകളും ആയിരക്കണക്കിന് വാഹനങ്ങളും കൈകാര്യം ചെയ്യാനുള്ള ശേഷിക്കൊപ്പം ആയിരക്കണക്കിന് പേർക്ക് ഇന്ന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പിപാവാവ് തുറമുഖത്തിന്റെയും ഗുജറാത്തിലെ അത്തരം എല്ലാ തുറമുഖങ്ങളുടെയും സമ്പർക്കസൗകര്യം ആധുനികവൽക്കരിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കൂട്ടിയിണക്കാനുള്ള ഗവണ്മെന്റിന്റെ പരിശ്രമത്തിന് ശ്രീ മോദി ഊന്നൽ നൽകി. 

ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് വൈദ്യുതി, റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍, പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമാണ് തങ്ങളുടെ മൂന്നാം ഊഴത്തില്‍ ഗവണ്‍മെന്റ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരാഷ്ട്രയിലെ മെച്ചപ്പെട്ട ബന്ധിപ്പിക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെ നേട്ടങ്ങള്‍ വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ”റോ-റോ ഫെറി സര്‍വീസിന് സമാരംഭം കുറിച്ചത് സൗരാഷ്ട്രയും സൂറത്തും തമ്മിലുള്ള ബന്ധിപ്പിക്കല്‍ സുഗമമാക്കി, സമീപ വര്‍ഷങ്ങളില്‍ 7 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഒരു ലക്ഷത്തിലധികം കാറുകളും 75,000-ലധികം ട്രക്കുകളും ബസുകളും കടത്തിവിട്ടതിലൂടെ സമയവും പണവും ലാഭിക്കുകയും ചെയ്തു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഗുജറാത്ത് മുതല്‍ പഞ്ചാബ് വരെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും. ഇന്ന് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്തതുമായ റോഡ് പദ്ധതികള്‍ ജാംനഗര്‍, മോര്‍ബി തുടങ്ങിയ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും സിമന്റ് ഫാക്ടറികളിലേക്കുള്ള പ്രാപ്യത വര്‍ദ്ധിപ്പിക്കുകയും സോമനാഥിലേയ്ക്കും ദ്വാരകയിലേയ്ക്കും സുഗമമായ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുകയും ചെയ്യും” ജാംനഗര്‍ മുതല്‍ അമൃത്‌സര്‍-ഭട്ടിന്‍ഡ വരെയുള്ള സാമ്പത്തിക ഇടനാഴിയുടെ ദ്രുതഗതിയിലുള്ള പുരോഗതി പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കച്ചിലെ റെയില്‍വേ ബന്ധിപ്പിക്കല്‍ വിപുലീകരിക്കുന്നത് സൗരാഷ്ട്രയിലും കച്ചിലും ടൂറിസവും വ്യവസായവല്‍ക്കരണവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യ അതിവേഗം വികസിക്കുമ്പോള്‍, തുടര്‍ച്ചയായി ലോകത്ത് ഇന്ത്യയുടെ അഭിമാനവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു. ഒരു പുതിയ പരിപ്രേക്ഷ്യത്തോടെ ലോകം ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ഇന്ത്യയുടെ സാദ്ധ്യതകള്‍ തിരിച്ചറിയുകയും ഇന്ത്യയെ ഗൗരവമായി ശ്രവിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സൂചിപ്പിച്ച ശ്രീ മോദി, ഗുജറാത്തിന് അതില്‍ വലിയ പങ്കുണ്ടെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സാദ്ധ്യതകളെക്കുറിച്ച് ലോകത്തിന് ഗുജറാത്ത് കാട്ടികൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാനായുള്ള തന്റെ സമീപകാല റഷ്യ സന്ദര്‍ശനത്തെ പരാമര്‍ശിച്ച ശ്രീ മോദി, എല്ലാവരും ഇന്ത്യയുമായി ബന്ധം പുലർത്താനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. സമീപകാലത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ നടത്തിയ സന്ദര്‍ശനവും അദ്ദേഹവുമായി നിരവധി കരാറുകളില്‍ ഒപ്പുവെച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജര്‍മ്മനി ഇപ്പോള്‍ വാര്‍ഷിക വിസ ക്വാട്ട 20,000ല്‍ നിന്ന് 90,000 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും ഇത് ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെയിന്‍ പ്രസിഡന്റിന്റെ ഇന്നത്തെ ഗുജറാത്ത് സന്ദര്‍ശനവും ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ ഫാക്ടറിയുടെ രൂപത്തില്‍ സ്‌പെയിനിന്റെ വഡോദരയിലെ വന്‍ നിക്ഷേപവും ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേയ്ക്ക് നയിക്കുന്ന വിമാന നിര്‍മ്മാണത്തിനുള്ള സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥയുടെ വികസനത്തോടൊപ്പം ഗുജറാത്തിലെ ആയിരക്കണക്കിന് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ഇത് ഒരു ഉത്തേജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഗുജറാത്തിന്റെ വികസനത്തിലൂടെയാണ് രാജ്യം വികസിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ പറയാറുണ്ടായിരുന്നു. ഒരു വികസിത ഗുജറാത്ത് ഒരു വികസിത ഇന്ത്യയിലേക്കുള്ള പാതയെ ശക്തിപ്പെടുത്തും” പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറയുകയും, ഇന്നത്തെ വികസന പദ്ധതികള്‍ക്ക് എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആര്‍ പാട്ടീല്‍, പാര്‍ലമെന്റ് അംഗം ശ്രീ പര്‍ഷോത്തം രൂപാല എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

അംറേലിയിലെ ദുധാലയില്‍ ഭാരത് മാതാ സരോവര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവണ്‍മെന്റും ഢോലകിയ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തിലൂടെ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഢോലകിയ ഫൗണ്ടേഷന്‍ യഥാർത്ഥത്തിൽ 4.5 കോടി ലിറ്റര്‍ വെള്ളം മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന ഒരു തടയണയെ നവീകരിക്കുകയും ആഴവും വീതിയും വര്‍ദ്ധിപ്പിച്ചും ബലപ്പെടുത്തിയും ഇതിന്റെ ശേഷി 24.5 കോടി ലിറ്ററായി ഉയര്‍ത്തുകയും ചെയ്തു. ഈ മെച്ചപ്പെടുത്തല്‍ സമീപത്തെ കിണറുകളിലേയും കുഴല്‍ക്കിണറുകളിലേയും ജലനിരപ്പുയര്‍ത്തുകയും മികച്ച ജലസേചനസൗകര്യങ്ങളൊരുക്കികൊണ്ട് പ്രാദേശിക ഗ്രാമങ്ങളെയും കര്‍ഷകരെയും സഹായിക്കുകയും ചെയ്യും.
ഗുജറാത്തിലെ അംറേലിയില്‍ ഇതിന് പുറമെ 4900 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സംസ്ഥാനത്തെ അംറേലി, ജാംനഗര്‍, മോര്‍ബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോര്‍ബന്ദര്‍, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാര്‍ക്ക് ഈ പദ്ധതികള്‍ ഗുണകരമാകും.
2800 കോടിയിലധികം രൂപയുടെ വിവിധ റോഡുപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. എന്‍.എച്ച് 151, എന്‍.എച്ച് 151എ, എന്‍.എച്ച് 51, ജൂനാഗഢ് ബൈപ്പാസ് എന്നിവയുടെ വിവിധ ഭാഗങ്ങള്‍ നാലുവരിയാക്കുന്നതും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ജാംനഗര്‍ ജില്ലയിലെ ധ്രോല്‍ ബൈപാസ്മുതല്‍ മോര്‍ബി ജില്ലയിലെ അംറാന്‍ വരെയുള്ള നാലുവരി പാതയുടെ ശേഷിക്കുന്ന ഭാഗത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ചു.
ഏകദേശം 1100 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഭുജ്-നലിയ റെയില്‍ഗേജ് പരിവര്‍ത്തന പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. 24 പ്രധാന പാലങ്ങള്‍, 254 ചെറിയ പാലങ്ങള്‍, 3 റോഡ് മേല്‍പ്പാലങ്ങള്‍, 30 റോഡ് അടിപ്പാലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഈ പദ്ധതി കച്ഛ് ജില്ലയുടെ സാമൂഹ്യ-സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്കു വഹിക്കും.
ജലവിതരണവകുപ്പിന്റെ 700 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അംറേലി ജില്ലയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ബോട്ടാദ്, അംറേലി, ജൂനാഗഢ്, രാജ്കോട്, പോര്‍ബന്ദര്‍ ജില്ലകളിലെ 36 നഗരങ്ങളിലെയും 1298 ഗ്രാമങ്ങളിലെയും ഏകദേശം 67 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 28 കോടി ലിറ്റര്‍ വെള്ളം അധികമായി നല്‍കുന്ന നവ്ഡമുതല്‍ ചാവണ്ഡ് വരെയുള്ള ബൃഹദ് പൈപ്പ്ലൈനും, ഉദ്ഘാടനംചെയ്യുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഭാവ്നഗര്‍ ജില്ലയിലെ മഹുവ, തലാജ, പാലീതാന താലൂക്കുകളിലെ 95 ഗ്രാമങ്ങള്‍ക്കു പ്രയോജനം ചെയ്യുന്ന ഭാവ്നഗര്‍ ജില്ലയിലെ പാസ്വി ഗ്രൂപ്പ് ഓഗ്മെന്റേഷന്‍ ജലവിതരണപദ്ധതിയുടെ രണ്ടാം ഘട്ടത്തിനും അദ്ദേഹം തറക്കല്ലിട്ടു.
മറ്റുള്ളവയ്‌ക്കൊപ്പം പോര്‍ബന്ദര്‍ ജില്ലയിലെ മൊകര്‍സാഗറിലെ കാര്‍ലി റീചാര്‍ജ് ജലസംഭരണിയെ ലോകോത്തര സുസ്ഥിര പാരിസ്ഥിതിക വിനോദസഞ്ചാര ലക്ഷ്യകേന്ദ്രമാക്കി മാറ്റുന്നതുള്‍പ്പെടെ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വികസനമുന്‍കൈകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

 

***

NK