Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.

പത്തു പുതിയ മെഡിക്കൽ കോളേജും നാഗ്പുർ വിമാനത്താവളത്തിന്റെ നവീകരണവും വിപുലീകരണവും ഷിർദി വിമാനത്താവളത്തിനുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണവും ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളും മഹാരാഷ്ട്രയിൽ അവതരിപ്പിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികൾക്ക് അദ്ദേഹം മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ചു.

30,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുംബൈയിലും ഠാണെയിലും നടത്തിയ സന്ദർശനം അനുസ്മരിച്ച ശ്രീ മോദി, മെട്രോ ശൃംഖലയുടെ വിപുലീകരണം, വിമാനത്താവളങ്ങളുടെ നവീകരണം, ഹൈവേ പദ്ധതികൾ, അടിസ്ഥാനസൗകര്യങ്ങൾ, സൗരോർജ്ജം, തുണിത്തര പാർക്കുകൾ തുടങ്ങി ആയിരക്കണക്കിനു കോടിയുടെ വികസനപദ്ധതികൾ നേരത്തെ വിവിധ ജില്ലകളിൽ നടപ്പാക്കിയതായി പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖമായ വാധ്‌വൻ തുറമുഖത്തിന്റെ തറക്കല്ലിടൽ മഹാരാഷ്ട്രയിൽ നടക്കുമ്പോൾ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും മൃഗപരിപാലകർക്കുമായി പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി അടിവരയിട്ടു. “മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഇത്രയും വേഗത്തിൽ, ഇത്രയും വലിയ തോതിൽ, വിവിധ മേഖലകളിൽ വികസനം നടന്നിട്ടില്ല” – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മറാഠിയെ ശ്രേഷ്ഠ ഭാഷയായി അടുത്തിടെ അംഗീകരിച്ചതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, ഒരു ഭാഷയ്ക്ക് അർഹമായ ബഹുമാനം ലഭിക്കുമ്പോൾ അത് വാക്കുകൾക്ക് മാത്രമല്ല, തലമുറയ്ക്കാകെ ശബ്ദമാകുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് മറാഠി സഹോദരങ്ങളുടെ സ്വപ്നമാണ് ഇതോടെ പൂർത്തീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറാഠിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഘോഷിച്ചതായി ശ്രീ മോദി കുറിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലുടനീളമുള്ള ജനങ്ങളിൽ നിന്ന് സന്തോഷത്തിന്റെയും നന്ദിയുടെയും സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറാഠിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത് തന്റെ പ്രവർത്തനഫലമല്ലെന്നും മഹാരാഷ്ട്രയിലെ ജനങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഛത്രപതി ശിവാജി മഹാരാജ്, ബാബാ സാഹിബ് അംബേദ്കർ, ജ്യോതിബ ഫുലെ, സാവിത്രിബായയ് ഫുലെ തുടങ്ങിയ പ്രഗത്ഭരുടെ അനുഗ്രഹത്താലാണ് മഹാരാഷ്ട്രയിൽ പുരോഗതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഹരിയാനയിലും ജമ്മു കശ്മീരിലുമായി ഇന്നലെ പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഹരിയാനയിലെ വോട്ടർമാരും രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥ വ്യക്തമായി വെളിപ്പെടുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടുതവണ വിജയകരമായി പൂർത്തിയാക്കിയ ശേഷം തുടർച്ചയായ മൂന്നാം തവണയും ഹരിയാനയിൽ വിജയം നേടിയത് ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിപരമായ നേട്ടങ്ങൾക്കായി ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുകയും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ച് അവരെ വോട്ട്ബാങ്കാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം അവരുടെ നേട്ടത്തിനായി ഹിന്ദുമതത്തിൽ ജാതീയതയിൽ ഏർപ്പെടുന്നവരോട് പുച്ഛവും പ്രകടിപ്പിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശ്രീ മോദി മുന്നറിയിപ്പ് നൽകി. സമൂഹത്തെ തകർക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്രയിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ വികസനത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ‘മഹായജ്ഞം’ കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഗവൺമെന്റ് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് 10 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തത് പരാമർശിച്ച് “ഇന്ന് നാം കെട്ടിടങ്ങൾ നിർമിക്കുക മാത്രമല്ല, ആരോഗ്യകരവും സമൃദ്ധവുമായ മഹാരാഷ്ട്രയുടെ അടിത്തറ പാകുകയാണ്”, എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഠാണെ, അംബർനാഥ്, മുംബൈ, നാസിക്, ജൽന, ബുൽധാന, ഹിംഗോലി, വാഷിം, അമരാവതി, ഭങ്ക്ദാര, ഗഡ്ചിരോളി ജില്ലകൾ ലക്ഷക്കണക്കിന് ജനങ്ങൾക്ക് സേവന കേന്ദ്രങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 10 പുതിയ മെഡിക്കൽ കോളേജുകൾ മഹാരാഷ്ട്രയിൽ വരുന്നതാടെ 900 മെഡിക്കൽ സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും സംസ്ഥാനത്തെ മൊത്തം മെഡിക്കൽ സീറ്റുകളുടെ എണ്ണം 6000 ആയി ഉയരുമെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ചുവപ്പുകോട്ടയിൽനിന്ന് 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കാനുള്ള തന്റെ ദൃഢനിശ്ചയം അനുസ്മരിച്ച പ്രധാനമന്ത്രി ഇന്നത്തെ പരിപാടി ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പാണെന്ന് കൂട്ടിച്ചേർത്തു.

മെഡിക്കൽ വിദ്യാഭ്യാസം ഗവൺമെന്റ് ലഘൂകരിച്ചതായി കൂട്ടിച്ചേർത്ത പ്രധാനമന്ത്രി, മഹാരാഷ്ട്രയിലെ യുവാക്കൾക്കായി പുതിയ വഴികളിലേക്കുള്ള വാതിലുകൾ തുറന്നിട്ടിരിക്കയാണെന്നും അഭിപ്രായപ്പെട്ടു. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളിലെ നിരവധി കുട്ടികൾ ഡോക്ടർമാരാകുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഗവൺമെന്റിന്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വിദഗ്ധ പഠനങ്ങൾക്ക് മാതൃഭാഷയിലുള്ള പുസ്തകങ്ങൾ ലഭ്യമല്ലാത്തത് ഒരു കാലത്ത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഗവൺമെന്റ് ഈ വിവേചനം അവസാനിപ്പിച്ചെന്നും മഹാരാഷ്ട്രയിലെ യുവാക്കൾക്ക് മറാഠി ഭാഷയിൽ വൈദ്യശാസ്ത്രം പഠിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാതൃഭാഷയിൽ പഠിച്ച് ഡോക്ടർമാരാകുക എന്ന സ്വപ്നം യുവാക്കൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതം സുഖകരമാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള വലിയ മാധ്യമമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യത്തെ രാഷ്ട്രീയ ഇന്ധനമാക്കിയതിന് മുൻ ഗവണ്മെന്റുകളെ വിമർശിച്ച അദ്ദേഹം, തന്റെ സർക്കാർ ഒരു ദശാബ്ദത്തിനുള്ളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ പരിവർത്തനത്തെക്കുറിച്ച് വിശദീകരിച്ച ശ്രീ മോദി, “ഇന്ന്, പാവപ്പെട്ട ഓരോരുത്തർക്കും സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാൻ കാർഡ് ഉണ്ട്” എന്ന പറഞ്ഞഒ. അടുത്തിടെ 70 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യമരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങളിൽ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണെന്നും ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റുകൾ 80-85 ശതമാനം വരെ വിലകുറച്ചുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. അർബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ വിലയും ഗവണ്മെന്റ് കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും എണ്ണം വർധിച്ചതിനാൽ വൈദ്യചികിത്സ ചെലവുകുറഞ്ഞതായി മാറിയെന്ന് കൂട്ടിച്ചേർത്തു. “ഇന്ന് മോദി ഗവണ്മെന്റ് പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവർക്ക് സാമൂഹിക സുരക്ഷയുടെ ശക്തമായ കവചം നൽകിയിട്ടുണ്ട്” – ശ്രീ മോദി പറഞ്ഞു.

ഒരു രാജ്യത്തെ യുവാക്കൾ ആത്മവിശ്വാസത്താൽ നിറയുമ്പോൾ മാത്രമേ ലോകം ആ രാജ്യത്തെ വിശ്വസിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ യുവഭാരതത്തിന്റെ ആത്മവിശ്വാസം രാഷ്ട്രത്തിന് പുതിയ ഭാവിയുടെ ഗാഥ രചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, വിദ്യാഭ്യാസം, ആരോഗ്യം, സോഫ്റ്റ്‌വെയർ വികസനം എന്നിവയിൽ ലോകമെമ്പാടുമുള്ള വിപുലമായ അവസരങ്ങളുള്ള മനുഷ്യവിഭവശേഷിയുടെ സുപ്രധാന കേന്ദ്രമായാണ് ആഗോള സമൂഹം ഇന്ത്യയെ കാണുന്നത്. ഈ അവസരങ്ങൾക്കായി ഇന്ത്യയിലെ യുവാക്കളെ സജ്ജരാക്കുന്നതിന്, അവരുടെ കഴിവുകളെ ആഗോള നിലവാരവുമായി ഗവണ്മെന്റ് സമന്വയിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ ചട്ടക്കൂട് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിദ്യാ സമീക്ഷ കേന്ദ്രം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ മഹാരാഷ്ട്രയിൽ ആരംഭിച്ചതും ഭാവിയിലേക്ക് യുവാക്കളുടെ കഴിവുകളെ അണിനിരത്താൻ പരിശീലനം നൽകുന്ന മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി പരാമർശിച്ചു. വിപണി ആവശ്യകതയ്ക്ക് അനുയോജ്യമായ വ്യക്തികളാക്കി ഇവരെ മാറ്റുന്നതിനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു. കൂടാതെ, ഇന്ത്യൻ ചരിത്രത്തിലാദ്യമായി യുവാക്കൾക്ക് പണം നൽകിയുള്ള ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്ന ഗവൺമെന്റിന്റെ സംരംഭത്തെ ശ്രീ മോദി എടുത്തുപറഞ്ഞു, അവിടെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് സമയത്ത് 5,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ആയിരക്കണക്കിന് കമ്പനികൾ ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യുന്നത്, യുവാക്കൾക്കു വിലപ്പെട്ട അനുഭവം നേടാനും അവർക്ക് പുതിയ അവസരങ്ങൾ തുറക്കാനും സഹായകമാകും എന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

യുവാക്കൾക്കുവേണ്ടിയുള്ള ഇന്ത്യയുടെ പ്രയത്‌നങ്ങൾ കാര്യമായ ഫലം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികച്ച സ്ഥാപനങ്ങൾക്ക് തുല്യമായി നിൽക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, ലോക സർവകലാശാലാ റാങ്കിംഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതുപോലെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വർധിച്ചുവരുന്ന ഗുണനിലവാരം ഉയർത്തിക്കാട്ടുകയും ചെയ്തു.

രാജ്യം അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിനാൽ ലോകത്തിന്റെ കണ്ണ് ഇപ്പോൾ ഇന്ത്യയിലാണെന്ന് ശ്രീ മോദി പറഞ്ഞു. “ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഇന്ത്യയിലാണ്”-സാമ്പത്തിക പുരോഗതി കൊണ്ടുവന്ന പുതിയ അവസരങ്ങൾ, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന മേഖലകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം വിനോദസഞ്ചാരം ഉദാഹരണമാക്കുകയും മഹാരാഷ്ട്രയുടെ അമൂല്യമായ പൈതൃകവും മനോഹരമായ പ്രകൃതിദത്ത സ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളും പൂർണ്ണമായി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ഒരു ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി വികസിപ്പിക്കുന്നതിന് മുൻകാലങ്ങളിൽ നഷ്ടപ്പെട്ട അവസരങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.

നിലവിലെ ഗവണ്മെന്റ് വികസനവും പൈതൃകവും ഉൾക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനെ സ്പർശിച്ച്, ഷിർദി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, നാഗ്പൂർ വിമാനത്താവളത്തിന്റെ നവീകരണം, മഹാരാഷ്ട്രയിൽ നടക്കുന്ന മറ്റ് വികസന പദ്ധതികൾ എന്നിവ പ്രധാനമന്ത്രി പരാമർശിച്ചു. ഷിർദി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ സായി ബാബയുടെ ഭക്തർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും രാജ്യത്തുനിന്നും വിദേശത്തുനിന്നും കൂടുതൽ സന്ദർശകരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച സോളാപുർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്, ഇപ്പോൾ സമീപത്തെ ആത്മീയ കേന്ദ്രങ്ങളായ ശനി ഷിംഗ്നാപൂർ, തുൾജാ ഭവാനി, കൈലാസ് ക്ഷേത്രം എന്നിവ സന്ദർശിക്കാൻ ഭക്തർക്ക് പ്രാപ്തമാക്കും. അതുവഴി മഹാരാഷ്ട്രയുടെ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

“നമ്മുടെ ഗവൺമെന്റിന്റെ എല്ലാ തീരുമാനങ്ങളും എല്ലാ നയങ്ങളും വികസിത ഭാരതം എന്ന ഒരേ ഒരു ലക്ഷ്യത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു” – ശ്രീ മോദി പറഞ്ഞു. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമമാണ് ഗവണ്മെന്റിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് എല്ലാ വികസന പദ്ധതികളും പാവപ്പെട്ട ഗ്രാമീണർക്കും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിർദി വിമാനത്താവളത്തിൽ നിർമിക്കുന്ന പ്രത്യേക കാർഗോ സമുച്ചയം കർഷകർക്ക് ഏറെ സഹായകരമാകുമെന്നും രാജ്യത്തുടനീളം വിവിധ തരത്തിലുള്ള കാർഷിക ഉൽപന്നങ്ങൾ വിദേശത്തേക്കും കയറ്റുമതി ചെയ്യാനാകുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഉള്ളി, മുന്തിരി, പേരക്ക, മാതളനാരങ്ങ തുടങ്ങിയ ഉൽപന്നങ്ങൾ വലിയ വിപണിയിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ ഷിർദി, ലസൽഗാവ്, അഹല്യനഗർ, നാസിക്ക് എന്നിവിടങ്ങളിലെ കർഷകർക്ക് കാർഗോ സമുച്ചയത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസുമതി അരിയുടെ കുറഞ്ഞ കയറ്റുമതി വില നിർത്തലാക്കുക, ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധനം നീക്കുക, പുഴുങ്ങിയ അരിയുടെ കയറ്റുമതി തീരുവ പകുതിയായി കുറയ്ക്കുക തുടങ്ങിയ കർഷകരുടെ താൽപ്പര്യങ്ങൾക്കായി ഗവണ്മെന്റ് നിരന്തരം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഉള്ളിയുടെ കയറ്റുമതി നികുതി ഗവണ്മെന്റ് പകുതിയായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് 20 ശതമാനം നികുതി ചുമത്താനും കടുക് പോലുള്ള വിളകൾക്ക് ഉയർന്ന വില ലഭിക്കാൻ ഇന്ത്യയിലെ കർഷകരെ സഹായിക്കുന്നതിന് ശുദ്ധീകരിച്ച സോയാബീൻ, സൂര്യകാന്തി, പാമോയിൽ എന്നിവയുടെ കസ്റ്റംസ് തീരുവ ഗണ്യമായി വർധിപ്പിക്കാനും ഗവണ്മെന്റ് തീരുമാനിച്ചതായും ശ്രീ മോദി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ പരുത്തി കർഷകർക്ക് വസ്ത്രവ്യവസായത്തെ ഗവണ്മെന്റ് പിന്തുണയ്ക്കുന്ന രീതി വളരെയധികം ഗുണം ചെയ്യുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഗവണ്മെന്റിന്റെ ദൃഢനിശ്ചയമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ഇന്നത്തെ എല്ലാ വികസന പദ്ധതികൾക്കും മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്ദെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം 

നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ഏകദേശം 7000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. നിര്‍മ്മാണം, വ്യോമയാനം, ടൂറിസം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ നാഗ്പൂര്‍ നഗരത്തിനും വിശാലമായ വിദര്‍ഭ മേഖലയ്ക്കും ഗുണകരമായി മാറുന്ന വളര്‍ച്ചയ്ക്ക് ഇത് ഒരു ഉത്തേജകമായി ഇത് വര്‍ത്തിക്കും,
ഷിര്‍ദി വിമാനത്താവളത്തില്‍ 645 കോടിയിലധികം രൂപ ചെലവുവരുന്ന പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഷിര്‍ദിയിലെത്തുന്ന ആത്മീയ വിനോദസഞ്ചാരികള്‍ക്ക് ഇത് ലോകോത്തര സൗകര്യങ്ങളും  ഒരുക്കും. സായി ബാബയുടെ ആത്മീയ വേപ്പിന്‍ മരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിര്‍ദ്ദിഷ്ട ടെര്‍മിനലിന്റെ നിര്‍മ്മാണ വിഷയം.

എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, മഹാരാഷ്ട്രയിലെ മുംബൈ, നാസിക്, ജല്‍ന, അമരാവതി, ഗഡ്ചിരോളി, ബുല്‍ധാന, വാഷിം, ഭണ്ഡാര, ഹിംഗോലി, അംബര്‍നാഥ് (ഠാണെ) എന്നിവിടങ്ങളിലായി 10 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തിനും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, ജനങ്ങള്‍ക്ക് സ്‌പെഷ്യലൈസ്ഡ് തൃതീയ ആരോഗ്യ പരിരക്ഷയും കോളേജുകള്‍ ലഭ്യമാക്കും.

”ലോകത്തിന്റെ നൈപുണ്യ തലസ്ഥാനം” എന്ന നിലയില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കാനുള്ള തന്റെ കാഴ്ചപ്പാടിന് അനുസൃതമായി, അത്യാധുനിക സാങ്കേതികവിദ്യയും പ്രായോഗിക പരിശീലനവുമുള്ള ഒരു വ്യവസായ-സജ്ജമായ തൊഴില്‍ ശക്തിയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐ.ഐ.എസ്) മുംബൈയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ടാറ്റ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ട്രസ്റ്റിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഇത് സ്ഥാപിതമായത്. മെക്കാട്രോണിക്‌സ്, നിര്‍മ്മിത ബുദ്ധി, ഡാറ്റ അനലിറ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, റോബോട്ടിക്‌സ് തുടങ്ങിയ ഏറ്റവും സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ പരിശീലനം നല്‍കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്.

അതിനുപുറമെ, മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രവും (വി.എസ്.കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും മറ്റുള്ളവയ്ക്കൊപ്പം സ്മാര്‍ട്ട് ഉപസ്ഥിതി, സ്വാദ്ധ്യായ് തുടങ്ങിയ തത്സമയ ചാറ്റ്‌ബോട്ടുകളില്‍ പ്രാപ്യമാക്കി നിര്‍ണായകമായ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റകള്‍ വി.എസ്.കെ ലഭ്യമാക്കും. വിഭവങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും രക്ഷിതാക്കളും ഭരണകൂടവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതികരണാത്മക പിന്തുണ നല്‍കുന്നതിനും ഇത് ഉയര്‍ന്ന നിലവാരമുള്ള ഉള്‍ക്കാഴ്ചകള്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. അദ്ധ്യാപന രീതികളും വിദ്യാര്‍ത്ഥികളുടെ പഠനവും മെച്ചപ്പെടുത്തുന്നതിന് ഇത് ക്യൂറേറ്റ് ചെയ്ത നിര്‍ദ്ദേശ ഉറവിടങ്ങളും നല്‍കും.

 

Speaking at the launch of projects in Maharashtra, which will enhance infrastructure, boost connectivity and empower the youth.https://t.co/ZYiXGdRFDC

— Narendra Modi (@narendramodi) October 9, 2024

*****

NK