പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.
മറാഠി ഭാഷയുടെ ചരിത്രം വളരെ സമ്പന്നമാണെന്നും ഈ ഭാഷയിൽനിന്ന് ഉരുത്തിരിഞ്ഞ വിജ്ഞാനധാരകൾ നിരവധി തലമുറകളെ നയിച്ചിട്ടുണ്ടെന്നും അവ ഇന്നും നമ്മെ നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മറാഠി ഉപയോഗിച്ച് സന്ത് ജ്ഞാനേശ്വർ ജനങ്ങളെ വേദാന്ത ചർച്ചയുമായി ബന്ധിപ്പിച്ചുവെന്നും ജ്ഞാനേശ്വരി ഗീതയുടെ അറിവിനാൽ ഇന്ത്യയുടെ ആത്മീയ ജ്ഞാനത്തെ പുനരുജ്ജീവിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ത് നാംദേവ് മറാഠി ഉപയോഗിച്ച് ഭക്തിയുടെ പാതയെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തിയെന്നും അതുപോലെ സന്ത് തുക്കാറാം മറാഠി ഭാഷയിൽ മതബോധവൽക്കരണ പ്രചാരണം ആരംഭിച്ചെന്നും സന്ത് ചൊഖാമല സാമൂഹ്യമാറ്റത്തിനുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയെന്നും ശ്രീ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെയും മറാഠി ഭാഷയിലെയും മഹദ്‌സന്ന്യാസിമാരെ താൻ വണങ്ങുന്നതായും ശ്രീ മോദി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ 350-ാം കിരീടാഭിഷേക വേളയിൽ രാജ്യമാകെ അദ്ദേഹത്തെ ആദരിക്കുന്നു എന്നതാണു മറാഠി ഭാഷയ്ക്ക് നൽകുന്ന ശ്രേഷ്ഠപദവിയുടെ അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മറാഠി ഭാഷയുടെ വിലമതിക്കാനാവാത്ത സംഭാവനകൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, മഹാരാഷ്ട്രയിൽ നിന്നുള്ള നിരവധി വിപ്ലവ നേതാക്കളും ചിന്തകരും അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുമുള്ള മാധ്യമമായി മറാഠിയെ ഉപയോഗിച്ചതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടി. ലോകമാന്യ തിലക് മറാഠി പത്രമായ കേസരിയിലൂടെ വൈദേശിക ഭരണത്തിന്റെ അടിത്തറയിളക്കിയെന്നും മറാഠിയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ സ്വരാജ് എന്ന വികാരം ആളിക്കത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിൽ മറാഠി ഭാഷ പ്രധാന പങ്ക് വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. മറാഠി ദിനപ്പത്രമായ സുധാരകിലൂടെ എല്ലാ വീടുകളിലുമെത്തി സാമൂഹ്യ പരിഷ്‌കാരങ്ങൾക്കായുള്ള പ്രചാരണം നയിച്ച ഗോപാൽ ഗണേഷ് അഗാർക്കറെപ്പോലുള്ള മറ്റ് പ്രമുഖരുടെ സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യസമരത്തെ ലക്ഷ്യത്തിലേക്ക് നയിക്കാൻ മറാഠിയെ ആശ്രയിച്ച മറ്റൊരു പ്രമുഖനായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ.
നമ്മുടെ നാഗരികതയുടെ വളർച്ചയുടെയും സാംസ്കാരിക പുരോഗതിയുടെയും കഥകൾ സംരക്ഷിക്കുന്ന ഇന്ത്യയുടെ അമൂല്യമായ പൈതൃകമാണ് മറാഠി സാഹിത്യമെന്ന് ശ്രീ മോദി പറഞ്ഞു. സ്വരാജ്, സ്വദേശി, മാതൃഭാഷ, സാംസ്‌കാരിക അഭിമാനം എന്നിവയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മറാഠി സാഹിത്യം നിർണായക പങ്ക് വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര കാലത്ത് ഗണേശോത്സവം, ശിവജയന്തി ആഘോഷങ്ങൾ, വീര സവർക്കറുടെ വിപ്ലവ ചിന്തകൾ, ബാബാസാഹെബ് അംബേദ്കറുടെ നേതൃത്വത്തിലുള്ള സാമൂഹ്യ സമത്വ പ്രസ്ഥാനം, മഹർഷി കർവെയുടെ സ്ത്രീശാക്തീകരണ യജ്ഞം, വ്യവസായവൽക്കരണത്തിലും കാർഷിക മേഖലയിലും നടത്തിയ ശ്രമങ്ങൾ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. മഹാരാഷ്ട്രയിലെ പരിഷ്കാരങ്ങളെല്ലാം മറാഠി ഭാഷയിൽ ശക്തി കണ്ടെത്തി. മറാഠി ഭാഷയുമായി ബന്ധപ്പെടുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം കൂടുതൽ സമ്പന്നമാകുമെന്ന് അദ്ദേഹം പറഞ്ഞു.
“ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; സംസ്കാരം, ചരിത്രം, പാരമ്പര്യം, സാഹിത്യം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒന്നുകൂടിയാണ്”- പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെയും മറ്റു നായകരുടെയും ധീരതയുടെ കഥകൾ നൂറ്റാണ്ടുകൾക്കു ശേഷവും നമ്മിൽ എത്തിയിട്ടുണ്ടെന്ന് നാടോടി ഗാനമായ പോവാഡയെക്കുറിച്ച് സംസാരിച്ച ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറയ്ക്ക് മറാഠി ഭാഷയുടെ അത്ഭുതകരമായ സമ്മാനമാണ് പോവാഡയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നാം ഗണപതിയെ ആരാധിക്കുമ്പോൾ, ‘ഗണപതി ബാപ്പ മോര്യ’ എന്ന വാക്കുകൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ടെന്നും അത് കേവലം ചില വാക്കുകളുടെ കൂടിച്ചേരലല്ല, മറിച്ച് ഭക്തിയുടെ അനന്തമായ പ്രവാഹമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ഈ ഭക്തി രാജ്യത്തെ മുഴുവൻ മറാഠി ഭാഷയുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ശ്രീ വിത്തലിന്റെ അഭംഗ് കേൾക്കുന്നവരും അറിയാതെതന്നെ മറാഠിയുമായി ചേരുമെന്നും ശ്രീ മോദി പറഞ്ഞു.
മറാഠി സാഹിത്യകാരന്മാരും എഴുത്തുകാരും കവികളും അസംഖ്യം മറാഠി പ്രേമികളും മറാഠി ഭാഷയ്‌ക്ക് നൽകിയ സംഭാവനകളും പരിശ്രമങ്ങളും എടുത്തുപറഞ്ഞ ശ്രീ മോദി, ഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിച്ചത് പ്രതിഭാധനരായ നിരവധി സാഹിത്യകാരന്മാരുടെ സേവനത്തിന്റെ ഫലമായാണെന്ന് അഭിപ്രായപ്പെട്ടു. ബാലശാസ്ത്രി ജംഭേക്കർ, മഹാത്മാ ജ്യോതിബ ഫുലെ, സാവിത്രിബായ് ഫുലെ, കൃഷ്ണാജി പ്രഭാകർ ഖാഡിൽക്കർ, കേശവ്‌സുത്, ശ്രീപാദ് മഹാദേവ് മതേ, ആചാര്യ അത്രേ, അന്നാ ഭാവു സാഠേ, ശാന്താബായ് ശെൽക്കെ, ഗജാനൻ ദിഗംബർ മാഡ്ഗുൽക്കർ, കുസുമാഗ്രജ് തുടങ്ങിയ വ്യക്തികളുടെ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറാഠി സാഹിത്യത്തിന്റെ പാരമ്പര്യം പുരാതനം മാത്രമല്ല, ബഹുമുഖവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിനോബ ഭാവെ, ശ്രീപാദ് അമൃത് ഡാംഗേ, ദുർഗാബായ് ഭാഗവത്, ബാബാ ആംടെ, ദളിത് സാഹിത്യകാരൻ ദയ പവാർ, ബാബാസാഹേബ് പുരന്ദരെ തുടങ്ങിയ നിരവധി വ്യക്തികൾ മറാഠി സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ, ഡോ. അരുണ ഢേരെ, ഡോ. സദാനന്ദ് മോറെ, മഹേഷ് എൽകുഞ്ച്വാർ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നാംദേവ് കാംബ്ലെ എന്നിവരുൾപ്പെടെ മറാഠിയെ സേവിച്ച എല്ലാ സാഹിത്യകാരന്മാരുടെയും സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു. ആശാ ബാഗെ, വിജയ രാജാധ്യക്ഷ, ഡോ. ശരൺകുമാർ ലിംബാലെ, നാടക സംവിധായകൻ ചന്ദ്രകാന്ത് കുൽക്കർണി തുടങ്ങിയ നിരവധി പ്രമുഖർ വർഷങ്ങളായി മറാഠിക്ക് ശ്രേഷ്ഠഭാഷാ പദവി സ്വപ്നം കണ്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ശാന്താറാം, ദാദാസാഹബ് ഫാൽക്കെ തുടങ്ങിയ ഇതിഹാസങ്ങളാണ് ഇന്ത്യൻ സിനിമയുടെ അടിത്തറ പാകിയതെന്ന് ചൂണ്ടിക്കാട്ടി മറാഠി സിനിമ, സാഹിത്യം, സംസ്‌കാരം എന്നിവയുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. അടിച്ചമർത്തപ്പെട്ടവർക്കും ആഘോഷിക്കപ്പെട്ട മറാഠി സംഗീതപാരമ്പര്യത്തിനും ശബ്ദം നൽകിയതിന് മറാഠി നാടകവേദിയെ അദ്ദേഹം പ്രശംസിച്ചു, മികച്ച സംഭാവനകളേകിയ ബാലഗന്ധർവ്, ഭീംസെൻ ജോഷി, ലത മംഗേഷ്കർ തുടങ്ങിയ പ്രതിഭകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
അഹമ്മദാബാദിലെ മറാഠി കുടുംബം തന്നെ ഭാഷ പഠിക്കാൻ സഹായിച്ച വ്യക്തിപരമായ ഓർമ ശ്രീ മോദി പങ്കുവച്ചു. മറാഠിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്നത് ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിൽ ഭാഷാഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യ ശേഖരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം മറാഠി ഭാഷയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും വിദ്യാർഥികൾക്കും വലിയ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു. ഈ സംരംഭം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പുതിയ വഴികൾ തുറക്കുമെന്നും ഈ മേഖലകളിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന ഗവൺമെന്റ് രാജ്യത്തിനുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ മറാഠിയിൽ മെഡിക്കൽ, എൻജിനിയറിങ് കോഴ്സുകൾ പഠിക്കാനുള്ള സാധ്യത എടുത്തുപറഞ്ഞു. ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കല തുടങ്ങിയ വിവിധ വിഷയങ്ങളിൽ മറാഠി ഭാഷയിൽ പുസ്തകങ്ങളുടെ ലഭ്യത വർധിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, മറാഠിയെ ആശയങ്ങളുടെ പേടകമാക്കി മാറ്റുന്നതിന് ഊന്നൽ നൽകുന്നതിലൂടെ അത് ഊർജസ്വലമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മറാഠി സാഹിത്യത്തെ ആഗോളതലത്തിലെ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും വിവർത്തന സവിശേഷതയിലൂടെ ഭാഷാ തടസ്സങ്ങൾ നീക്കാൻ സഹായിക്കുന്ന ഭാഷിണി ആപ്പിനെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു.
ഈ ചരിത്ര സന്ദർഭത്തിന്റെ ആഘോഷങ്ങൾ ഉത്തരവാദിത്വം കൈവരുത്തുന്നുവെന്ന് പ്രധാനമന്ത്രി ഏവരേയും ഓർമിപ്പിച്ചു. മറാഠി സംസാരിക്കുന്ന ഓരോരുത്തരും ഈ ഭാഷയുടെ വളർച്ചയ്ക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിതലമുറയിൽ അഭിമാനബോധം വളർത്തി, മറാഠിയുടെ വ്യാപ്തി വിപുലീകരിക്കാൻ ശ്രമിക്കണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു. മറാഠിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിൽ ഏവർക്കും അഭിനന്ദനങ്ങൾ അറിയിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.
Marathi being recognised as a Classical Language is a moment of pride for everyone. Speaking at a programme in Mumbai. https://t.co/Pz0DeLcU86
— Narendra Modi (@narendramodi) October 5, 2024
मराठी के साथ बंगाली, पाली, प्राकृत और असमिया भाषाओं को भी क्लासिकल लैंग्वेज का दर्जा दिया गया है।
मैं इन भाषाओं से जुड़े लोगों को भी बधाई देता हूं: PM @narendramodi pic.twitter.com/Ev925WZTOz
— PMO India (@PMOIndia) October 5, 2024
मराठी भाषा का इतिहास बहुत समृद्ध रहा है। pic.twitter.com/P37VWmjyDh
— PMO India (@PMOIndia) October 5, 2024
महाराष्ट्र के कई क्रांतिकारी नेताओं और विचारकों ने लोगों को जागरूक और एकजुट करने के लिए मराठी भाषा को माध्यम बनाया: PM @narendramodi pic.twitter.com/hq6RQocRe3
— PMO India (@PMOIndia) October 5, 2024
भाषा सिर्फ बातचीत का माध्यम नहीं होती।
भाषा का संस्कृति, इतिहास, परंपरा और साहित्य से गहरा जुड़ाव होता है: PM @narendramodi pic.twitter.com/lMTG4EuJll
— PMO India (@PMOIndia) October 5, 2024
There is immense happiness across Maharashtra at the Union Cabinet’s decision to accord Classical Language status to Marathi.
This evening in Mumbai, I joined a program attended by eminent individuals from various walks of life who expressed their appreciation for this… pic.twitter.com/p7IYhiJpsT
— Narendra Modi (@narendramodi) October 5, 2024
Marathi being recognised as a Classical Language is a moment of pride for everyone. Speaking at a programme in Mumbai. https://t.co/Pz0DeLcU86
— Narendra Modi (@narendramodi) October 5, 2024
मराठी के साथ बंगाली, पाली, प्राकृत और असमिया भाषाओं को भी क्लासिकल लैंग्वेज का दर्जा दिया गया है।
— PMO India (@PMOIndia) October 5, 2024
मैं इन भाषाओं से जुड़े लोगों को भी बधाई देता हूं: PM @narendramodi pic.twitter.com/Ev925WZTOz
मराठी भाषा का इतिहास बहुत समृद्ध रहा है। pic.twitter.com/P37VWmjyDh
— PMO India (@PMOIndia) October 5, 2024
महाराष्ट्र के कई क्रांतिकारी नेताओं और विचारकों ने लोगों को जागरूक और एकजुट करने के लिए मराठी भाषा को माध्यम बनाया: PM @narendramodi pic.twitter.com/hq6RQocRe3
— PMO India (@PMOIndia) October 5, 2024
भाषा सिर्फ बातचीत का माध्यम नहीं होती।
— PMO India (@PMOIndia) October 5, 2024
भाषा का संस्कृति, इतिहास, परंपरा और साहित्य से गहरा जुड़ाव होता है: PM @narendramodi pic.twitter.com/lMTG4EuJll