Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു.

രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്ന് പുതിയ വിജയഗാഥ രചിക്കുകയാണെന്നും സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിൽ പരിഷ്കാരങ്ങളുടെ സ്വാധീനം കാണാൻ കഴിയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചില സമയങ്ങളിൽ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള സമ്പദ്‌വ്യവസ്ഥ 35 ശതമാനം വളർച്ച കൈവരിച്ചപ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 90 ശതമാനം വളർന്നെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാഗ്‌ദാനം ചെയ്‌തതുപോലെ സുസ്ഥിരമായ വളർച്ച കൈവരിക്കാനായതിനാണ് ഇതിന്റെ ഖ്യാതി അദ്ദേഹം നൽകിയത്. ഭാവിയിലും ഇതു തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനായി ഗവണ്മെന്റ് കൊണ്ടുവന്ന സമഗ്രമായ മാറ്റങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ ശ്രമങ്ങൾ കോടിക്കണക്കിന് പൗരന്മാരുടെ ജീവിതത്തെ സ്പർശിച്ചതായും വ്യക്തമാക്കി. “ജനങ്ങളിലേക്ക് സദ്ഭരണം എത്തിക്കുക എന്നത് ഗവണ്മെന്റിന്റെ ദൃഢനിശ്ചയമാണ്. പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയാണ് ഞങ്ങളുടെ തത്വം”- പ്രധാനമന്ത്രി പറഞ്ഞു. ഗവൺമെന്റിന്റെ സേവനമനോഭാവത്തിനും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനങ്ങളിൽ സ്വന്തമായുള്ള വിശ്വാസം, രാജ്യത്തിന്റെ പുരോഗതി, നയങ്ങൾ, തീരുമാനങ്ങൾ, ഗവണ്മെന്റിന്റെ ഉദ്ദേശ്യങ്ങൾ എന്നിങ്ങനെ പുതിയ വിശ്വാസങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും മിക്കയിടങ്ങളിലും ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തതായും പറഞ്ഞു. നേ​രേമറിച്ച്, 60 വർഷത്തിനിടെ ഇതാദ്യമായി ഇന്ത്യയിലെ വോട്ടർമാർ ഒരു ഗവണ്മെന്റിന് ഹാട്രിക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വികസനമോഹമുള്ള യുവാക്കളും സ്ത്രീകളും തുടർച്ചയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടി വോട്ട് ചെയ്തുവെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. അവരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

“ഇന്ത്യയുടെ പുരോഗതി ആഗോള ശീർഷകങ്ങളുടെ ഭാഗമായി മാറുകയാണ്” –  പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിവിവരക്കണക്കുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും, എത്രയെത്ര ജീവിതങ്ങൾ പരിവർത്തനം ചെയ്തു എന്നതും പ്രസക്തമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഭാവിയുടെ രഹസ്യം മറഞ്ഞിരിക്കുന്നത് രണ്ടാമത്തേതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ ദശകത്തിൽ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറി, നവ-മധ്യവർഗത്തെ സൃഷ്ടിച്ചു” – ശ്രീ മോദി പറഞ്ഞു. ഇതിന്റെ വേഗവും വ്യാപ്തിയും ചരിത്രപരമാണെന്നും ഇതിനു മുമ്പ് ലോകത്തെ ഒരു ജനാധിപത്യസമൂഹത്തിലും ഇതു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരോടുള്ള ഗവണ്മെന്റിന്റെ സമീപനത്തിൽ വന്ന മാറ്റത്താലാണ് ഇതു സാധ്യമായതെന്നു ശ്രീ മോദി വിശദീകരിച്ചു. അഭിലാഷങ്ങളും പോരാട്ടവീര്യവും ഉണ്ടായിരുന്നിട്ടും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പോലുള്ള നിരവധി തടസ്സങ്ങൾ പാവപ്പെട്ടവർ അഭിമുഖീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരിദ്രരുടെ തടസ്സങ്ങൾ നീക്കി അവരെ പിന്തുണച്ചുകൊണ്ട് അവരുടെ ശാക്തീകരണത്തിനുള്ള വഴിയാണ് ഗവണ്മെന്റ് തെരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പാത, ഡിജിറ്റൽ ഇടപാടുകൾ, ഈടുരഹിത വായ്പകൾ തുടങ്ങിയ ആനുകൂല്യങ്ങളോടെ പാവപ്പെട്ടവരുടെ ജീവിതം പരിവർത്തനം ചെയ്യുന്നതിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ന് നിരവധി ദരിദ്രർ സംരംഭകരായി മാറുകയാണെന്നും സമ്പർക്കസൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ അവർ ഇപ്പോൾ ‘മെച്ചപ്പെട്ട അറിവുള്ള പൗരന്മാരായി’ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിൽനിന്നു കരകയറുന്ന ജനങ്ങൾക്ക് പുരോഗതിക്കായുള്ള ശക്തമായ ആഗ്രഹമുണ്ടെന്നും അവരുടെ അഭിലാഷങ്ങൾ പുതിയ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനു കാരണമായെന്നും ശ്രീ മോദി പറഞ്ഞു. അവരുടെ സർഗ്ഗാത്മകത പുതുമയുടെ പുതിയ പാതകൾ രൂപപ്പെടുത്തുമ്പോൾ, അവരുടെ കഴിവുകൾ വ്യവസായത്തിന്റെ ദിശ രൂപപ്പെടുത്തുന്നു; അവരുടെ ആവശ്യങ്ങൾ വിപണിയുടെ ദിശ രൂപപ്പെടുത്തുന്നു; അവരുടെ വരുമാനവളർച്ച വിപണിയിലെ ആവശ്യകത വർധിപ്പിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ നവ-മധ്യവർഗം രാജ്യത്തിന്റെ പുരോഗതിയുടെ ഏറ്റവും വലിയ ശക്തിയാണെന്ന് തെളിയിക്കുകയാണ്” – ശ്രീ മോദി പറഞ്ഞു.

ഗവണ്മെന്റിന്റെ  മൂന്നാം കാലയളവിൽ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസാരിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ഉദ്ദേശ്യങ്ങൾ ഇന്ന് കൂടുതൽ ശക്തമാണെന്ന് ഉറപ്പുനൽകി. പൗരന്മാരെപ്പോലെ ഗവണ്മെന്റും പുതിയ വിശ്വാസങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ മൂന്നാം കാലയളവ് ഇനിയും 100 ദിവസം പൂർത്തിയാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി, ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുന്നതിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്കായി കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഗവണ്മെന്റ് നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. സമീപകാല നേട്ടങ്ങൾ നിരത്തിയ പ്രധാനമന്ത്രി, ദരിദ്രർക്കായുള്ള അടച്ചുറപ്പുള്ള 3 കോടി വീടുകൾ, ഏകീകൃത പെൻഷൻ പദ്ധതി, കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഒരു ലക്ഷം കോടി രൂപയുടെ നിധി, കർഷകർക്കായി വിവിധ വിത്തുകളുടെ മികച്ച ഗുണമേന്മയുള്ള വകഭേദങ്ങൾ അവതരിപ്പിക്കൽ, 4 കോടിയിലധികം യുവാക്കൾക്കു പ്രയോജനപ്പെടുന്ന 2 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി പാക്കേജ്, ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള 11 ലക്ഷം പുതിയ ലഖ്പതി ദീദികൾ എന്നിവ പരാമർശിച്ചു. ലഖ്പതി ദീദി പരിപാടിയെ പരാമർശിച്ച അദ്ദേഹം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിൽ ഈ പരിപാടി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
75,000 കോടി രൂപയിലധികം ചെലവുവരുന്ന വധ്വാന്‍ തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സന്ദര്‍ശിച്ചത് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. 30,000 കോടി രൂപ മുതല്‍മുടക്കില്‍ 12 പുതിയ വ്യാവസായിക നഗരങ്ങള്‍ വികസിപ്പിക്കാനും 50,000 കോടിയിലധികം മൂല്യമുള്ള 9 അതിവേഗ ഇടനാഴികളുടെ നിര്‍മ്മാണത്തിനും 30,000 കോടി രൂപ ചെലവില്‍ പൂനെ, താനെ, ബാംഗ്ലൂര്‍ മെട്രോകളുടെ വിപുലീകരണത്തിനും കഴിഞ്ഞ മൂന്നുദിവസം മുന്‍പ് എടുത്ത തീരുമാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളിലൊന്നിന്റെ നിര്‍മ്മാണം ലഡാക്കില്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് ഇന്ന് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ”ഞങ്ങളെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യങ്ങള്‍ എന്നത് നീളവും വീതിയും ഉയരവും വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമല്ല; ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം സുഗമമാകുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണത്” ഗവണ്‍മെന്റിന്റെ പരിവര്‍ത്തന സമീപനത്തിന് ഊന്നല്‍ നല്‍കികൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. ട്രെയിന്‍ കോച്ചുകള്‍ എല്ലായ്പ്പോഴും നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടികൊണ്ട് ഇന്ത്യന്‍ റെയില്‍വേയുടെ പരിണാമത്തെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. അത് വേഗതയും സൗകര്യവും ഒരുപോലെ പ്രദാനം ചെയ്യുന്ന വന്ദേ ഭാരത് പോലെയുള്ള ആധുനിക ട്രെയിനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”അതിവേഗം നവീകരിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി, രാജ്യത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് സമാരംഭം കുറിച്ചിട്ടുള്ള ഈ പുതിയ ട്രെയിനുകള്‍”, അദ്ദേഹം പറഞ്ഞു.

”മുന്‍പും രാജ്യത്ത് റോഡുകള്‍ നിര്‍മ്മിച്ചിരുന്നു, എന്നാല്‍ ഇന്ത്യയിലുടനീളം ആധുനിക അതിവേഗ പാതകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയാണ് നാം ” രാജ്യത്തിന്റെ ബന്ധിപ്പിക്കല്‍ നവീകരിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത വിശദീകരിച്ചുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. വ്യോമയാന ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേകിച്ച് ചെറിയ നഗരങ്ങളില്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, മുന്‍പ് വിമാനത്താവളങ്ങള്‍ നിലനിന്നിരുന്നു, എന്നാല്‍ ടയര്‍-2, ടയര്‍-3 നഗരങ്ങളെ വ്യോമയാന ബന്ധിപ്പിക്കലുമായി ബന്ധിപ്പിക്കുകയും ആധുനിക ഗതാഗതത്തിന്റെ പ്രയോജനങ്ങള്‍ ഇന്ത്യയുടെ എല്ലാ കോണുകളിലേക്കും എത്തിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്യുന്നുതെന്നും വിശദമാക്കി.

ഗവണ്‍മെന്റ് വകുപ്പുകളിലെ തടസങ്ങള്‍ പൊളിച്ചെഴുതാനും അടിസ്ഥാന സൗകര്യ വികസനത്തിന് ഏകീകൃതവും ഏകോപിതവുമായ സമീപനം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ”ഈ ശ്രമങ്ങള്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നമ്മുടെ സമ്പദ്വ്യവസ്ഥയിലും വ്യവസായത്തിലും അഗാധമായ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു”, ഗവണ്‍മെന്റിന്റെ മുന്‍കൈകളുടെ വിശാലമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഉയര്‍ച്ചയുടെ ദശാബ്ദം പോലെയാണെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. വികസനത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇതിന്റെ ചലനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട കൂട്ടുത്തരവാദിത്വത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. ”ഈ തൂണുകള്‍ ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറ മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ തൂണുകളും കൂടിയാണ്” ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമുള്ള പങ്കാളികളെ അഭിസംബോധന ചെയ്തുകൊണ്ടും ഒരു വികസിത രാഷ്ട്രമായി മാറുന്നതിനായി ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കുന്ന തൂണുകളാണെന്നതിന് ഊന്നല്‍ നല്‍കികൊണ്ടും അദ്ദേഹംപറഞ്ഞു. വിവിധ മേഖലകളില്‍ ഇന്ത്യയില്‍ തുടര്‍ന്നും അവസരങ്ങളുടെ വര്‍ദ്ധനവ് പ്രകടമാകുമ്പോള്‍, രാജ്യത്തിന്റെ ദീര്‍ഘകാല വീക്ഷണത്തിന് സംഭാവന നല്‍കുന്ന എല്ലാ മുന്‍കൈള്‍ക്കും ഗവണ്‍മെന്റിന്റെ പിന്തുണയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഒരു വലിയ കുതിച്ചുചാട്ടം നടത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ച അദ്ദേഹം, ദീര്‍ഘവീക്ഷണത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

”ഇന്ത്യയെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്”, ശ്രീ മോദി അടിവരയിട്ടു. ലോകം ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണെന്നും ഇതിലേക്കുള്ള വിപ്ലവമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍ക്ക് ആവശ്യമായ പിന്തുണ രാജ്യത്ത് ലഭിക്കുന്നുണ്ടെന്നത്് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. നിര്‍ണായകമായ ധാതുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പ്ലഗ് ആന്‍ഡ് പ്ലേ വ്യവസായ പാര്‍ക്കുകളും സാമ്പത്തിക ഇടനാഴികളും നിര്‍മ്മിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയില്‍ ഉല്‍പ്പാദന ബന്ധിത ആനുകൂല (പി.എല്‍.ഐ) പദ്ധതികള്‍ നേടിയെടുത്ത വിജയം മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത ഇന്ത്യയുടെ പ്രധാന സ്തംഭം കൂടിയായ നമ്മുടെ വിജ്ഞാന സമ്പ്രദായമാണ് ഇന്ത്യയുടെ അഭിവൃദ്ധിയുടെ പ്രധാന അടിസ്ഥാനമെന്ന് അടിമത്തത്തിന് മുമ്പുള്ള കാലഘട്ടം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ നൈപുണ്യത്തിന്റെയും അറിവിന്റെയും ഗവേഷണത്തിന്റെയും നൂതനാശയത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നതിന് വ്യവസായത്തെയും അക്കാദമിക് മേഖലയെയും ഗവണ്‍മെന്റ് പങ്കാളികളാക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിന് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ വിദേശത്ത് പഠിക്കാനായി വന്‍തുകകള്‍ ചെലവഴിക്കുന്നത് യര്‍ത്തിക്കാട്ടിയ ശ്രീ മോദി, അമിത ചെലവില്‍ നിന്ന് ജനങ്ങളെ സഹായിക്കാന്‍ മികച്ച വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുറക്കുന്നത് പോലുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആദ്യ 7 ദശകങ്ങളിലാകെ 80,000 എം.ബി.ബി.എസ്-എംഡി സീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ദശകത്തില്‍ മാത്രം ഏകദേശം 1 ലക്ഷം പുതിയ എം.ബി.ബി.എസ്-എം.ഡി സീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ഇത് സമീപഭാവിയില്‍ ഇന്ത്യയെ ലോകത്തിലെ ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും നിര്‍ണായക കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

‘ഗ്ലോബല്‍ ഫുഡ് ബാസ്‌ക്കറ്റ്’ ആകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി വിവരിക്കുകയും ലോകത്തിലെ എല്ലാ തീന്‍മേശിലും ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു ഭക്ഷ്യ ഉല്‍പന്നമെങ്കിലും ഉണ്ടായിരിക്കണമെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയം വ്യക്തമാക്കുകയും ചെയ്തു. ഈ ദര്‍ശനം സാക്ഷാത്കരിക്കുന്നതിന്, ഇന്ത്യയുടെ പാലുല്‍പ്പന്നങ്ങളുടെയും സമുദ്രോത്പന്നങ്ങളുടെയും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ജൈവ, പ്രകൃതിദത്ത കൃഷിരീതികളും സര്‍ക്കാര്‍ ഒരേസമയം പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമീപകാല നേട്ടങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യ ആരംഭിച്ച അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന്റെ ആഗോള ആഘോഷം ശ്രീ മോദി എടുത്തുപറഞ്ഞു. ‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ മില്ലറ്റ് ഉത്പാദിപ്പിക്കുന്നത് ആരാണ്? ഇത് ഇന്ത്യയാണ്,’ പ്രകൃതിക്കും പുരോഗതിക്കും സൂപ്പര്‍ഫുഡിന്റെ ഇരട്ട നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം അഭിമാനത്തോടെ കുറിച്ചു. ഭക്ഷ്യവ്യവസായത്തില്‍ രാജ്യത്തിന്റെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്ന തരത്തില്‍, ആഗോള ഭക്ഷ്യ ബ്രാന്‍ഡുകളില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

വികസിത ഭാരതത്തിന് മറ്റൊരു നിര്‍ണായക സ്തംഭമായി മാറുന്ന ഹരിത ഊര്‍ജ മേഖലയുടെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. ഗ്രീന്‍ ഹൈഡ്രജന്‍ ഇനിഷ്യേറ്റീവിന് എല്ലാ രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിച്ച G-20-ലെ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടി, 2030-ഓടെ 5 ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുകയും അതിനൊപ്പം അതേ വര്‍ഷം 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുക എന്ന ഇന്ത്യയുടെ തീവ്ര ലക്ഷ്യത്തിലേക്കും അദ്ദേഹം വെളിച്ചം വീശി. രാജ്യത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തിയ സാങ്കേതികവിദ്യയ്ക്കൊപ്പം ഇന്ത്യയുടെ വളര്‍ച്ചയുടെ ശക്തമായ സ്തംഭമായ ടൂറിസത്തിന്റെ പങ്ക് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ഇന്ത്യയുടെ ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചെറിയ ബീച്ചുകള്‍ വികസിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, ”ലോകമെമ്പാടുമുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറാന്‍ ഇന്ത്യ ശ്രമിക്കുന്നു”, എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ദേഖോ അപ്നാ ദേശ്, പീപ്പിള്‍സ് ചോയ്സ്’ കാമ്പെയ്നും അദ്ദേഹം എടുത്തുകാണിച്ചു, അവിടെ പൗരന്മാര്‍ ഇന്ത്യയുടെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരിച്ചറിയാന്‍ വോട്ടുചെയ്യുന്നു, അത് പിന്നീട് മിഷന്‍ മോഡില്‍ വികസിപ്പിക്കും. ഈ സംരംഭം ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള വികസനത്തിന്റെ പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇന്ത്യയുടെ ജി-20 അധ്യക്ഷത പ്രതിഫലിക്കും വിധം, ”ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ വര്‍ധിത ശബ്ദമായ മാറുകയും നമ്മുടെ ആഫ്രിക്കന്‍ സുഹൃത്തുക്കളെ ശാക്തീകരിക്കാന്‍ സഹായിക്കുകയും ചെയ്തു.” എന്ന് അദ്ദേഹം പ്രസ്താവിച്ചു, ആഗോള സാഹോദര്യത്തിന്റെ ആത്മാവില്‍ ഇന്ത്യ ഈ രാഷ്ട്രങ്ങളുടെ ശബ്ദമായി വര്‍ത്തിക്കുന്നതിലൂടെ, ഗ്ലോബല്‍ സൗത്തിന് ഏറ്റവും വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭാവി അദ്ദേഹം വിഭാവനം ചെയ്തു. ”എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്ന ഒരു ലോകക്രമമാണ് നാം തേടുന്നത്,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ലോകത്തിന്റെ ചലനാത്മക സ്വഭാവം തിരിച്ചറിഞ്ഞ്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നയങ്ങളുടെയും തന്ത്രങ്ങളുടെയും പൊരുത്തപ്പെടുത്തലിനെ ശ്രീ മോദി എടുത്തുപറഞ്ഞു. ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, ക്വാണ്ടം മിഷന്‍, സെമികണ്ടക്ടര്‍ മിഷന്‍, ഡീപ് ഓഷ്യന്‍ മിഷന്‍ തുടങ്ങിയ സംരംഭങ്ങളെ ഉദ്ധരിച്ച്  ” നമ്മുട ശ്രദ്ധ ഭാവിയിലാണ്. നാളത്തെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കുമായി നാം ഇന്ന് രാജ്യത്തെ ഒരുക്കുകയാണ്,” എന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ച 1000 കോടി രൂപയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, ‘ഇന്നത്തെ ഇന്ത്യ അവസരങ്ങളുടെ നാടാണ്, ഇന്ത്യയുടെ ഭാവി കൂടുതല്‍ ശോഭനമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2047-ഓടെ വികസിത് ഭാരതം ആക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രധാനമന്ത്രി മോദി തന്റെ സമാപന പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. ഈ യാത്രയില്‍ സജീവമായി പങ്കെടുക്കാന്‍ എല്ലാ പൗരന്മാരെയും പങ്കാളികളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയിലെ കൂടുതല്‍ കമ്പനികള്‍ ആഗോള ബ്രാന്‍ഡുകളായി മാറുന്നത് കാണാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ഇന്ത്യ മുന്നിലെത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു. ”സുസ്ഥിരമായ ഒരു നയ വ്യവസ്ഥിതിയും അതിന്റെ വളര്‍ച്ചയും ഒരുക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന്  നാം വാഗ്ദാനം ചെയ്യുന്നു”. അദ്ദേഹം ഉറപ്പു നല്‍കി. നല്ല പ്രകടനം കാഴ്ച്ച വെക്കുമെന്നും നവീകരിക്കുമെന്നും ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഉന്നത നിലവാരത്തിനുമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്യണം.”ഇന്നത്തെ ഇന്ത്യ സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കുന്നു. ആഗോള അഭിവൃദ്ധിയിലേക്ക് വഴിയൊരുക്കാന്‍ സമൃദ്ധമായ ഇന്ത്യയ്ക്ക് സാധിക്കും” എന്ന് പറഞ്ഞു കൊണ്ട്, ഉന്നതമായി ചിന്തിക്കാനും ഇന്ത്യയുടെ വിജയഗാഥകള്‍ എഴുതുന്നതില്‍ പങ്കാളിയാകാനും എല്ലാവരോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ”നമുക്ക് ഈ പാതയില്‍ ഒരുമിച്ച് നടക്കാം, കാരണം ഇന്ത്യയുടെ അഭിവൃദ്ധിയിലാണ് ലോകത്തിന്റെ അഭിവൃദ്ധി” എന്നു പറഞ്ഞ അദ്ദേഹം നവീകരണം, ഉള്‍പ്പെടുത്തല്‍, അന്തര്‍ദേശീയ സഹകരണം എന്നിവയുടെ മന്ത്രങ്ങള്‍ ഓര്‍ക്കാന്‍ രാജ്യത്തും വിദേശത്തും താമസിക്കുന്ന ഓരോ ഇന്ത്യക്കാരനോടും ആഹ്വാനം ചെയ്തു. ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

***

NS