Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ ആഗോള ഫിൻടെക് മേള (GFF) 2024നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ ആഗോള ഫിൻടെക് മേള (GFF) 2024നെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആഗോള ഫിൻടെക് മേള (GFF) 2024-നെ അഭിസംബോധന ചെയ്തു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവെർജൻസ് കൗൺസിൽ എന്നിവ സംയുക്തമായാണ് ജിഎഫ്എഫ് സംഘടിപ്പിക്കുന്നത്. ഫിൻടെക്കിലെ ഇന്ത്യയുടെ മുന്നേറ്റം പ്രദർശിപ്പിക്കാനും ഈ മേഖലയിലെ പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനും മേള ലക്ഷ്യമിടുന്നു.

രാഷ്ട്രവും ഉത്സവകാലത്തിലൂടെ കടന്നുപോകുന്ന ഈ വേളയിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും വിപണിയും ആഘോഷ മനോഭാവത്തിലാണെന്നും സ്വപ്നങ്ങളുടെ നഗരമായ മുംബൈയിലാണ് ആഗോള ഫിൻടെക് മേള സംഘടിപ്പിക്കുന്നതെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തു  പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി ഊഷ്മളമായി സ്വാഗതം ചെയ്തു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് പ്രദർശനത്തിലെ തന്റെ അനുഭവങ്ങളെയും ഇടപെടലുകളെയും കുറിച്ച് സംസാരിച്ച ശ്രീ മോദി, യുവാക്കളുടെ നൂതനാശയങ്ങളുടെയും ഭാവിസാധ്യതകളുടെയും പുതിയ ലോകത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് പറഞ്ഞു. ആഗോള ഫിൻടെക് മേള (ജിഎഫ്എഫ്) 2024-ന്റെ വിജയകരമായ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ഭാരതത്തിന്റെ ഫിൻടെക് കണ്ടുപിടിത്തത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, “മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്ന വിദേശ അതിഥികൾ സാംസ്കാരിക വൈവിധ്യത്തിൽ അത്ഭുതപ്പെട്ടിരുന്നു, ഇപ്പോൾ ഫിൻടെക് വൈവിധ്യവും അവരെ അത്ഭുതപ്പെടുത്തുന്നു” എന്നു വ്യക്തമാക്കി. വിമാനത്താവളത്തിൽ എത്തുന്ന നിമിഷം മുതൽ തെരുവോര ഭക്ഷണവും ഷോപ്പിംഗ് അനുഭവവും വരെ ഏതൊരാൾക്കും സാക്ഷ്യം വഹിക്കാനാകുംവിധം ഭാരതത്തിന്റെ ഫിൻടെക് വിപ്ലവം വ്യാപകമാണെന്ന് ശ്രീ മോദി പറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനിടയിൽ, 500 ശതമാനം സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതിനൊപ്പം വ്യവസായത്തിന് 31 ബില്യൺ യുഎസ് ഡോളറിലധികം റെക്കോഡ് നിക്ഷേപവും ലഭിച്ചു” – താങ്ങാനാകുന്ന മൊബൈൽ ഫോണുകൾ, ചെലവുകുറഞ്ഞ ഡാറ്റ, സീറോ ബാലൻസോടെ ആരംഭിക്കാവുന്ന വിപ്ലവം സൃഷ്ടിച്ച ജൻധൻ ബാങ്ക് അക്കൗണ്ടുകൾ എന്നിവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. “ഇന്ന്, രാജ്യത്തെ മൊത്തം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 60 ദശലക്ഷത്തിൽ നിന്ന് 940 ദശലക്ഷമായി വർദ്ധിച്ചു” – ശ്രീ മോദി പറഞ്ഞു. ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇല്ലാത്ത 18 വയസ്സ് പ്രായമുള്ളവരാരും രാജ്യത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന്, രാജ്യത്ത് 530 ദശലക്ഷത്തിലധികം പേർക്ക് ജൻ ധൻ അക്കൗണ്ടുകളുണ്ട്. ഒരു തരത്തിൽ, മുഴുവൻ യൂറോപ്യൻ യൂണിയന്റെയും ജനസംഖ്യയ്ക്ക് തുല്യമായ ജനസംഖ്യയെ ഞങ്ങൾ വെറും 10 വർഷത്തിനുള്ളിൽ ബാങ്കുകളുമായി ബന്ധിപ്പിച്ചു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ജൻധൻ, ആധാർ, മൊബൈൽ എന്നിവ ‘പണമാണു രാജാവ്’ എന്ന മാനസികാവസ്ഥ തകർത്തുവെന്നും ലോകത്തെ ഡിജിറ്റൽ ഇടപാടുകളിൽ പകുതിയും ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ യുപിഐ ലോകത്തിലെ ഫിൻടെക്കിന്റെ പ്രധാന ഉദാഹരണമായി മാറിയിരിക്കുന്നു” – എല്ലാ കാലാവസ്ഥയിലും എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും 24 മണിക്കൂറും ബാങ്കിങ് സേവനങ്ങൾ പ്രാപ്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയെ അനുസ്മരിച്ച പ്രധാനമന്ത്രി, ബാങ്കിങ് സംവിധാനം തടസ്സമില്ലാതെ നിലനിൽക്കുന്ന ലോകത്തിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പറഞ്ഞു.

 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പത്തെ ജന്‍ധന്‍ യോജനയുടെ പത്താം വാര്‍ഷികം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അത് സ്ത്രീ ശാക്തീകരണത്തിനുള്ള വലിയ മാധ്യമമായി മാറിയെന്നും പറഞ്ഞു. ഇതിനകം 29 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി ആരംഭിച്ചിട്ടുണ്ടെന്നും അത് സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജന്‍ധന്‍ അക്കൗണ്ടുകള്‍ എന്ന തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഏറ്റവും വലിയ മൈക്രോഫിനാന്‍സ് പദ്ധതിയായ മുദ്ര യോജന ഇതുവരെ 27 ട്രില്യണ്‍ രൂപയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്”, ശ്രീ മോദി അറിയിച്ചു. ബാങ്കിംഗ് സംവിധാനവുമായി സ്വാശ്രയ ഗ്രൂപ്പുകളെ ബന്ധിപ്പിക്കുന്നതിനും ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് 10 കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ”ജന്‍ധന്‍ പരിപാടി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ശക്തമായ അടിത്തറ പാകി”, പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
ഒരു സമാന്തര സമ്പദ്വ്യവസ്ഥ ലോകത്തിനുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി, അത്തരമൊരു സംവിധാനത്തെ തകര്‍ക്കുന്നതില്‍ ഫിന്‍ടെക് സുശക്തമായ പങ്ക് വഹിക്കുകയും സുതാര്യതയുടെ ആവിര്‍ഭാവത്തിന് അഗീകാരം നല്‍കുകയും ചെയ്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും നൂറുകണക്കിന് ഗവണ്‍മെന്റ് പദ്ധതികളില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) നടപ്പിലാക്കിയിട്ടുണ്ടെന്നും ഉദാഹരണസഹിതം വിശദീകരിച്ച അദ്ദേഹം അത് സംവിധാനത്തിലെ ചോര്‍ച്ചകള്‍ ഒഴിവാക്കിയെന്നും പറഞ്ഞു. ”ഔപചാരിക ബാങ്കിംഗ് സംവിധാനവുമായി അണിനിരക്കുന്നതിന്റെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ഇന്ന് കാണാന്‍ കഴിയും”, പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഫിന്‍ടെക് വ്യവസായം രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇഅത് ഭാരതത്തിന്റെ സാങ്കേതിക പ്രവര്‍ത്തനമുഖത്തെ മാറ്റിമറിക്കുക മാത്രമല്ല, ഇന്ത്യയിലെ നഗര-ഗ്രാമ അന്തരം ഇല്ലാതാക്കികൊണ്ട് വ്യാപകമായ സാമൂഹിക സ്വാധീനം ചെലുത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്‍പ് ഒരു ദിവസം മുഴുവന്‍ എടുത്തിരുന്ന അതേ ബാങ്കിംഗ് സേവനങ്ങള്‍ ഇപ്പോള്‍ ഫിന്‍ടെക്കിന്റെ സഹായത്തോടെ മൊബൈല്‍ ഫോണുകളില്‍ എളുപ്പത്തില്‍ പ്രാപ്യമാകുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സേവനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്നതിലെ ഫിന്‍ടെക്കിന്റെ പങ്കിന് അടിവരയിട്ട പ്രധാനമന്ത്രി, എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ഉദാഹരണങ്ങളും നല്‍കി. വായ്പകളുടെ പ്രാപ്യത ഫിന്‍ടെക് സുഗമവും ഉള്‍ച്ചേര്‍ക്കുന്നതുമാക്കിയെന്ന് പറഞ്ഞ അദ്ദേഹം തെരുവ് കച്ചവടക്കാര്‍ക്ക് ഈട് രഹിത വായ്പകള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ഇടപാടുകളുടെ സഹായത്തോടെ അവരുടെ വ്യാപാരം കൂടുതല്‍ വിപുലീകരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്ത പി.എം സ്വനിധി പദ്ധതിയുടെ ഉദാഹരണവും നല്‍കി. ഓഹരി വിപണികളിലേക്കും മ്യൂച്വല്‍ ഫണ്ടുകളിലേക്കും നിക്ഷേപ റിപ്പോര്‍ട്ടുകളിലേക്കും, ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിലേക്കുമുള്ള പ്രാപ്യത സുഗമമായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി വിദൂരപ്രദേശങ്ങളിലെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം നൈപുണ്യ പഠനം തുടങ്ങിയ സേവനങ്ങള്‍ ഫിന്‍ടെക് ഇല്ലാതെ സാദ്ധ്യമാകില്ലായിരുന്നുവെന്നും എടുത്തുപറഞ്ഞു. ”ജീവിതത്തിന്റെ അന്തസ്സും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ ഫിന്‍ടെക് വിപ്ലവം വലിയ പങ്ക് വഹിക്കുന്നു”, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഫിന്‍ടെക് വിപ്ലവം കൈവരിച്ച നേട്ടങ്ങള്‍ കേവലം നൂതനാശയങ്ങളുടേത് മാത്രമല്ല, അത് സ്വീകരിക്കുന്നതിന്റേതു കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിപ്ലവത്തിന്റെ വേഗവും വ്യാപ്തിയും സ്വീകരിച്ചതിന് ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിച്ച ശ്രീ മോദി, ഈ പരിവര്‍ത്തനം കൊണ്ടുവരുന്നതിന് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡി.പി.ഐ) വഹിച്ച പങ്കിനെ പ്രശംസിക്കുകയും ചെയ്തു.
ഈ സാങ്കേതികവിദ്യയില്‍ വിശ്വാസം സൃഷ്ടിക്കുന്നതിനായി രാജ്യത്ത് അതിശയകരമായ നൂതനാശയങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

ഡിജിറ്റല്‍ ഒണ്‍ലി ബാങ്കുകള്‍, നിയോ ബാങ്കിംഗ് എന്നീ ആധുനിക കാലത്തെ ആശയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, കറന്‍സിയില്‍ നിന്ന് ക്യുആര്‍  കോഡുകളിലേക്കുള്ള യാത്രയില്‍ നാം കുറച്ച് സമയമെടുത്തെങ്കിലും, നാം ദിവസവും പുതുമകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. റിസ്‌ക് മാനേജ്‌മെന്റ്, തട്ടിപ്പ് കണ്ടെത്തി അവലോകനം,  ഉപഭോക്തൃ അനുഭവം എന്നിവയെക്കുറിച്ച് ലോകം വിലയിരുത്തുന്ന രീതിക്ക് മാറ്റം വരാന്‍ പോവുകയാണെന്ന് ഡിജിറ്റല്‍ ട്വിന്‍സ് സാങ്കേതികവിദ്യയെ പ്രശംസിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു. ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ (ഒഎന്‍ഡിസി) നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത്  ഓണ്‍ലൈന്‍ ഷോപ്പിംഗിനെ എല്ലാം ഉള്‍ക്കൊള്ളുന്നതും, ചെറുകിട ബിസിനസുകളെയും സംരംഭങ്ങളെയും വലിയ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതുമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, അക്കൗണ്ട് അഗ്രഗേറ്റര്‍മാര്‍ കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഡാറ്റ ഉപയോഗിക്കുന്നു, വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ കാരണം ചെറുകിട സ്ഥാപനങ്ങളുടെ ദ്രവ്യ വിനിയോഗ ശേഷിയും പണമൊഴുക്കും മെച്ചപ്പെടുന്നു, e-RUPI പോലുള്ള ഡിജിറ്റല്‍ വൗച്ചര്‍ പല രൂപങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇത് ഒരു പോലെ ഉപയോഗപ്രദമാണെന്നും  ശ്രീ മോദി പറഞ്ഞു. നിര്‍മ്മിത ബുദ്ധിക്കായി ഒരു ആഗോള ചട്ടക്കൂടിന് ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്, QR കോഡുകള്‍ക്കൊപ്പം സൗണ്ട് ബോക്‌സുകളുടെ ഉപയോഗം അത്തരത്തിലുള്ള ഒരു നവീകരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ ബാങ്ക് സഖി പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം ഇന്ത്യയുടെ ഫിന്‍ടെക് മേഖലയോട് അഭ്യര്‍ത്ഥിക്കുകയും ഓരോ ഗ്രാമത്തിലും ബാങ്കിംഗ്, ഡിജിറ്റല്‍ അവബോധം വ്യാപിപ്പിക്കുകയും അതുവഴി ഫിന്‍ടെക്കിന് ഒരു പുതിയ വിപണി നല്‍കുകയും ചെയ്യുന്നതിലെ വനിതാ പരിശ്രമം എടുത്തുപറഞ്ഞു.

ഫിന്‍ടെക് മേഖലയെ സഹായിക്കുന്നതിന് നയ തലത്തില്‍ ആവശ്യമായ എല്ലാ മാറ്റങ്ങളും സര്‍ക്കാര്‍ വരുത്തുന്നുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, എയ്ഞ്ചല്‍ ടാക്‌സ് ഒഴിവാക്കി, രാജ്യത്ത് ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ചതിന്റെയും ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി.  സൈബര്‍ തട്ടിപ്പുകള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതിന് വലിയ നടപടികള്‍ ആരംഭിക്കാന്‍ റെഗുലേറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ ഫിന്‍ടെക്കിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്ക് സൈബര്‍ തട്ടിപ്പ് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിര സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടെ ഇന്നത്തെ മുന്‍ഗണന, പ്രധാനമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും നിയന്ത്രണ ചട്ടക്കൂടുകളും ഉപയോഗിച്ച് സാമ്പത്തിക വിപണികളെ ശക്തിപ്പെടുത്തുന്നതിന് ശക്തവും സുതാര്യവും കാര്യക്ഷമവുമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രീന്‍ ഫിനാന്‍സ് ഉപയോഗിച്ച് സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ജീവിതശൈലി പ്രദാനം ചെയ്യുന്നതില്‍ ഇന്ത്യയുടെ ഫിന്‍ടെക് ഇക്കോസിസ്റ്റം വലിയ പങ്ക് വഹിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഇന്ത്യയുടെ ഫിന്‍ടെക് ഇക്കോസിസ്റ്റം ലോകമെമ്പാടും ജീവിക്കാനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’, പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ജിഎഫ്എഫിന്റെ പത്താം പതിപ്പില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. പരിപാടിയുടെ സമാപനത്തിന് മുമ്പ്, പ്രധാനമന്ത്രി പങ്കെടുത്തവര്‍ക്കൊപ്പം ഒരു സെല്‍ഫിക്ക് പോസ് ചെയ്യുകയും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്, ഫോട്ടോയില്‍ സ്വയം കണ്ടെത്തുന്ന ആര്‍ക്കും NaMo ആപ്പിന്റെ ഫോട്ടോ വിഭാഗം സന്ദര്‍ശിച്ച് അവരുടെ സെല്‍ഫി അപ്‌ലോഡ് ചെയ്യുന്നതിലൂടെ അതിലേക്ക് ആക്‌സസ് ലഭിക്കുമെന്ന് വിശദീകരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ്, ജിഎഫ്എഫ് ചെയര്‍മാന്‍ ശ്രീ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് കണ്‍വെര്‍ജന്‍സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പോളിസി മേക്കര്‍മാര്‍, റെഗുലേറ്റര്‍മാര്‍, മുതിര്‍ന്ന ബാങ്കര്‍മാര്‍, വ്യവസായ മേധാവികള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 800 ഓളം പ്രഭാഷകര്‍ സമ്മേളനത്തില്‍ 350 ലധികം സെഷനുകളെ അഭിസംബോധന ചെയ്യും. ഫിന്‍ടെക് ലാന്‍ഡ്‌സ്‌കേപ്പിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഇത് പ്രദര്‍ശിപ്പിക്കും. സ്ഥിതിവിവരക്കണക്കുകളും വ്യവസായത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങളും വാഗ്ദാനം ചെയ്യുന്ന 20ലധികം ചിന്താപരമായ നേതൃത്വ റിപ്പോര്‍ട്ടുകളും ധവളപത്രങ്ങളും GFF 2024ല്‍ അവതരിപ്പിക്കും.

 

-NS-