Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. ‘മന്‍ കി ബാത്തിന്റെ’ നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. ‘മന്‍ കി ബാത്തിന്റെ’ 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ്  ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും ‘മന്‍ കി ബാത്തിന്റെ’ ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. ‘മന്‍ കി ബാത്’ കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.

    സുഹൃത്തുക്കളേ, 2014 ഒക്ടോബര്‍ 3 വിജയദശമിയുടെ ഉത്സവമായിരുന്നു, വിജയദശമി ദിനത്തില്‍ നമ്മളെല്ലാവരും ചേര്‍ന്ന് ‘മന്‍ കി ബാത്ത്’ യാത്ര ആരംഭിച്ചു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഉത്സവമാണ് വിജയദശമി. രാജ്യത്തെ ജനങ്ങളുടെ നന്മയുടെയും ധന്യാത്മകതയുടെയും അതുല്യമായ ഉത്സവമായി ‘മന്‍ കി ബാത്ത്’ മാറിയിരിക്കുന്നു. എല്ലാ മാസവും വരുന്ന, നമ്മളെല്ലാവരും കാത്തിരിക്കുന്ന ഒരു ഉത്സവം. ഇതില്‍ നമ്മള്‍ പോസിറ്റിവിറ്റി ആഘോഷിക്കുന്നു. ഇതിലെ ജനപങ്കാളിത്തവും നമ്മള്‍  ആഘോഷിക്കുന്നു. ‘മന്‍ കി ബാത്ത്’ ആരംഭിച്ച് ഇത്രയും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലപ്പോഴും  പ്രയാസമാണ്. ഓരോ അദ്ധ്യായവും അത്രയധികം സവിശേഷമായിരുന്നു. ഓരോ തവണയും, പുതിയ ഉദാഹരണങ്ങളുടെ പുതുമ, ഓരോ തവണയും നമ്മുടെ നാട്ടുകാരുടെ പുതിയ വിജയങ്ങളുടെ പരിണാമം. ‘മന്‍ കി ബാത്തില്‍’, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ചേര്‍ന്നു.‘ബേടീ ബച്ചാവോ, ബേടീ പഠാവോ ആയാലും സ്വച്ഛ് ഭാരത് പ്രസ്ഥാനമായാലും ഖാദി മഹോത്സവമായാലും  പ്രകൃതി സ്‌നേഹത്തിന്റെ കാര്യമായാലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാലും അമൃത് സരോവര്‍ ആയാലും ‘മന്‍ കി ബാത്ത്’ ഇവയെല്ലാം ഉള്‍ക്കൊണ്ടു. നിങ്ങള്‍ അതിനെ വലിയ പ്രസ്ഥാനമാക്കി നിങ്ങള്‍ അതു സൃഷ്ടിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ‘മന്‍ കി ബാത്ത്’ പങ്കുവെച്ചപ്പോള്‍ അത് ലോകം മുഴുവന്‍ ചര്‍ച്ചയായി.

    സുഹൃത്തുക്കളേ, ‘മന്‍ കി ബാത്ത്’ എനിക്ക് മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കുന്നതുപോലെയാണ്. എനിക്ക് ഒരു വഴികാട്ടി ഉണ്ടായിരുന്നു ശ്രീ ലക്ഷ്മണറാവു ജി ഇനാംദാര്‍. ഞങ്ങള്‍ അദ്ദേഹത്തെ വക്കീല്‍ സാഹിബ് എന്നാണ് വിളിച്ചിരുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. നിങ്ങളുടെ മുന്നില്‍ ആരായാലും, അത് നിങ്ങളോടൊപ്പമായാലും, നിങ്ങളുടെ എതിരാളിയായാലും, അവരുടെ നല്ല ഗുണങ്ങള്‍ അറിയാനും അവരില്‍ നിന്ന് പഠിക്കാനും ശ്രമിക്കണം. അദ്ദേഹത്തിന്റെ ഈ കാര്യം എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ നിന്ന് പഠിക്കാനുള്ള മികച്ച മാധ്യമമായി ‘മന്‍ കി ബാത്ത്’ മാറി.
    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ പരിപാടി ഒരിക്കലും നിങ്ങളെ എന്നില്‍ നിന്ന് അകലാന്‍ അനുവദിച്ചില്ല. ഞാന്‍ ഓര്‍ക്കുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെയുള്ള സാധാരണക്കാരെ കാണുന്നതും അവരുമായി ഇടപഴകുന്നതും സ്വാഭാവികമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തനസമയവും അങ്ങനെയാണ്, ജനങ്ങളുമായി കണ്ടുമുട്ടാന്‍ നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ 2014-ല്‍ ഡല്‍ഹിയിലെത്തിയശേഷം ഇവിടുത്തെ ജീവിതം വളരെ വ്യത്യസ്തമാണെന്ന് ഞാന്‍ കണ്ടെത്തി. ജോലിയുടെ സ്വഭാവം വ്യത്യസ്തമാണ്, ഉത്തരവാദിത്തം വ്യത്യസ്തമാണ്, സാഹചര്യങ്ങളുടെയും പരിതസ്ഥിതിയുടെയും ബന്ധനങ്ങള്‍, സുരക്ഷിതത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍, സമയപരിധി. ആദ്യ ദിവസങ്ങളില്‍, എന്തോ വ്യത്യസ്തമായി, ശൂന്യമായി തോന്നി. അന്‍പത് വര്‍ഷം മുമ്പ്, ഞാന്‍ രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകുന്നതിനുവേണ്ടിയല്ല ഞാന്‍ എന്റെ വീട് അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചത് എന്റെ എല്ലാമായ നാട്ടുകാരെ, അവരെ  പിരിഞ്ഞ് ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ‘മന്‍ കി ബാത്ത്’ എന്റെ ഈ വെല്ലുവിളിയ്ക്ക് ഒരു പരിഹാരം നല്‍കി. സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗം അതു നല്കി. പദവിയും പ്രോട്ടോക്കോളും വ്യവസ്ഥിതിയിലും പൊതുവികാരത്തിലും ഒതുങ്ങി, കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം, എന്റെ വികാരങ്ങളും ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി. എല്ലാ മാസവും ഞാന്‍ എന്റെ രാജ്യത്തിലെ  ജനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സന്ദേശങ്ങള്‍ വായിക്കുന്നു, എല്ലാ മാസവും ഞാന്‍ രാജ്യക്കാരുടെ ഒരു അത്ഭുതകരമായ രൂപം ദര്‍ശിക്കുന്നു. ജനങ്ങളുടെ തപസ്സിന്റെയും ത്യാഗത്തിന്റെയും പരമാവധി ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് അല്‍പംപോലും അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ‘മന്‍ കി ബാത്ത്’ ഒരു പരിപാടിയല്ല, എനിക്കത് വിശ്വാസവും ആരാധനയും ഉപവാസവുമാണ്. ആളുകള്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഒരു തളികയില്‍ പ്രസാദം കൊണ്ടുപോകും. എന്നെ സംബന്ധിച്ചിടത്തോളം ‘മന്‍ കി ബാത്ത്’ ദൈവതുല്യരായ പൊതുജനം എന്ന ജനാര്‍ദനന്റെ കാല്‍ക്കല്‍ പ്രസാദത്തിന്റെ ഒരു തളിക  പോലെയാണ്. ‘മന്‍ കി ബാത്ത്’ എന്റെ മനസ്സിന്റെ ഒരു ആത്മീയ യാത്രയായി മാറിക്കഴിഞ്ഞിരിക്കുന്നു.

    ‘മന്‍ കി ബാത്ത്’ സ്വയം എന്നത് നിന്ന് സമൂഹത്തിലേക്കുള്ള യാത്രയാണ്.
    ‘മന്‍ കി ബാത്’ ഞാന്‍ എന്നത് എന്നില്‍ നിന്ന് നമ്മളിലേക്കുള്ള യാത്രയാണ്.
    ഞാനല്ല, നിങ്ങളാണതിന്റെ സാംസ്‌കാരിക ലക്ഷ്യം.

    നിങ്ങള്‍ സങ്കല്‍പിക്കുക, എന്റെ നാട്ടുകാരില്‍ ഒരാള്‍ നാല്പതോളം വര്‍ഷമായി വിജനമായ കുന്നുകളിലും തരിശുനിലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. എത്രയോപേര്‍ മുപ്പതോളം വര്‍ഷമായി ജലസംരക്ഷണത്തിനായി കിണറുകളും കുളങ്ങളും ഉണ്ടാക്കുന്നു, അവ വൃത്തിയാക്കുന്നു. ചിലര്‍ 25, 30 വര്‍ഷമായി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ പാവപ്പെട്ടവരെ ചികിത്സയില്‍ സഹായിക്കുന്നു. ‘മന്‍ കി ബാത്തില്‍’ പലതവണ അങ്ങനെ ഉള്ളവരെ പരാമര്‍ശിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു. ആകാശവാണി സഹപ്രവര്‍ത്തകര്‍ക്ക് ഇത് വീണ്ടും വീണ്ടും ശബ്ദലേഖനം ചെയ്യേണ്ടിവന്നു. ഇന്ന് പോയകാലങ്ങള്‍ പലതും എന്റെ കണ്‍മുന്നില്‍ തെളിയുന്നു. എന്നെ ഈ അധ്വാനം നിരന്തരം പ്രയത്‌നത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്നു. 

    സുഹൃത്തുക്കളേ, ‘മന്‍ കി ബാത്തില്‍’ നമ്മള്‍ പരാമര്‍ശിക്കുന്ന ആളുകളെല്ലാം ഈ പരിപാടിയെ സജീവമാക്കിയ ഞങ്ങളുടെ ഹീറോകളാണ്. ഇന്ന്, നൂറാം അദ്ധ്യായത്തിന്റെ സോപാനത്തില്‍ എത്തിനില്‍ക്കുമ്പോള്‍, ഈ എല്ലാ നായകന്മാരുടെയും യാത്രയെക്കുറിച്ച് അറിയാന്‍ നമ്മള്‍ ഒരിക്കല്‍ കൂടി പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് നമ്മള്‍ ചില സഹപ്രവര്‍ത്തകരുമായി സംസാരിക്കാനും ശ്രമിക്കുകയാണ്. ഹരിയാനയിലെ സഹോദരന്‍ സുനില്‍ ജഗ്ലാന്‍ എന്നോടൊപ്പം ചേരുന്നു. ഹരിയാനയില്‍ ലിംഗാനുപാതത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ഹരിയാനയില്‍ നിന്ന് തന്നെ ‘ബേട്ടി ബച്ചാവോബേട്ടി പഠാവോ’ എന്ന കാമ്പെയ്ന്‍ ആരംഭിക്കുകയും ചെയ്തതിനാലാണ് ശ്രീ. സുനില്‍ ജഗ്ലാന്‍ എന്റെ മനസ്സില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയത്. അതിനിടയില്‍ സുനില്‍ജിയുടെ ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ എന്ന കാമ്പെയ്ന്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാനും അദ്ദേഹത്തില്‍ നിന്ന് പഠിച്ച് ‘മന്‍ കി ബാത്തില്‍’ ഉള്‍പ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ ആഗോള പ്രചാരണമായി മാറി. ഇതിലെ വിഷയം സെല്‍ഫിയല്ല, സാങ്കേതികവിദ്യയല്ല, ഇതില്‍ daughterക്ക് അതായത് മകള്‍ക്ക് പ്രാധാന്യം നല്‍കി. ജീവിതത്തില്‍ മകള്‍ക്കുള്ള പ്രാധാന്യം എത്രമാത്രം വലുതാണ്, അത് ഈ കാമ്പയിനിലൂടെ വെളിപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ഹരിയാനയില്‍ ലിംഗാനുപാതം മെച്ചപ്പെട്ടത്. വരൂ നമുക്ക് ശ്രീ. സുനിലുമായി സംസാരിക്കാം.

പ്രധാനമന്ത്രി    :  നമസ്‌ക്കാരം ശ്രീ. സുനില്‍

സുനില്‍    :    നമസ്‌ക്കാരം സര്‍, സാറിന്റെ ശബ്ദം കേട്ടപ്പോള്‍ എന്റെ സന്തോഷം ഒരുപാട് വര്‍ദ്ധിച്ചു.

പ്രധാനമന്ത്രി     : ശ്രീ. സുനില്‍ എല്ലാവരും ഓര്‍ക്കുന്നത് ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ ആണ്… ഇപ്പോള്‍ അത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

സുനില്‍    :  പ്രധാനമന്ത്രിജി, വാസ്തവത്തില്‍, പെണ്‍മക്കളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ഞങ്ങളുടെ സംസ്ഥാനമായ ഹരിയാനയില്‍ നിന്ന് താങ്കള്‍  ആരംഭിച്ച, താങ്കളുടെ  നേതൃത്വത്തില്‍ രാജ്യം മുഴുവന്‍ വിജയിപ്പിക്കാന്‍ ശ്രമിച്ച, നാലാമത്തെ പാനിപ്പത്ത് യുദ്ധം. എനിക്കും പെണ്മക്കളുടെ അച്ഛന്മാര്‍ക്കും, പെണ്മക്കളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇത് വളരെ വലിയ കാര്യമാണ്.

പ്രധാനമന്ത്രി     :    സുനില്‍ ജി, നിങ്ങളുടെ മകള്‍ ഇപ്പോള്‍ എങ്ങനെയുണ്ട്, ഇപ്പോള്‍ അവള്‍ എന്താണ് ചെയ്യുന്നത്?

സുനില്‍    :    സര്‍, എന്റെ പെണ്‍മക്കള്‍ നന്ദിനിയും യാചികയുമാണ്, ഒരാള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു, ഒരാള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു, അവര്‍ അങ്ങയുടെ വലിയ ആരാധികമാരാണ്. പ്രധാനമന്ത്രി അങ്ങേയ്ക്ക് നന്ദി’എന്ന പേരില്‍ അവര്‍ അവരുടെ സഹപാഠികളെയും കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു.

പ്രധാനമന്ത്രി    :    നന്നായി! നല്ല മകള്‍! അവള്‍ക്ക്  എന്റെയും  ‘മന്‍ കി ബാത്തി’ന്റെ ശ്രോതാക്കളുടെയും പേരില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കുന്നു.

സുനില്‍    :    വളരെ നന്ദി, അങ്ങ് കാരണം, രാജ്യത്തെ പെണ്‍മക്കളുടെ മുഖത്ത് പുഞ്ചിരി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമന്ത്രി    :    വളരെ നന്ദി സുനില്‍ ജി.

സുനില്‍    :    നന്ദി.

    സുഹൃത്തുക്കളേ, ‘മന്‍ കി ബാത്തില്‍’ രാജ്യത്തിന്റെ സ്ത്രീശക്തിയുടെ നൂറുകണക്കിന് പ്രചോദനാത്മകമായ കഥകള്‍ പരാമര്‍ശിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നമ്മുടെ സൈന്യമായാലും കായികലോകമായാലും, ഞാന്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അത് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദേഉര്‍ ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തതുപോലെ. ഈ സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങള്‍ മുഖേന ഗ്രാമത്തിലെ നാല്ക്കവലകള്‍, റോഡുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നടത്തുന്നു. അതുപോലെ, ആയിരക്കണക്കിന് പരിസ്ഥിതി സൗഹൃദ ടെറാക്കോട്ട കപ്പുകള്‍ കയറ്റുമതി ചെയ്ത തമിഴ്‌നാട്ടിലെ ആദിവാസി സ്ത്രീകളില്‍ നിന്നും രാജ്യം വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടു. വെല്ലൂരിലെ നാഗനദിയെ പുനരുജ്ജീവിപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ തന്നെ 20,000 സ്ത്രീകള്‍ ഒത്തുകൂടി. നമ്മുടെ സ്ത്രീശക്തിയുടെ നേതൃത്വത്തില്‍ ഇത്തരം നിരവധി കാമ്പെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കുകയും അവരുടെ ശ്രമങ്ങളെ മുന്നില്‍ കൊണ്ടുവരാനുള്ള വേദിയായി ‘മന്‍ കി ബാത്ത്’ മാറുകയും ചെയ്തിട്ടുണ്ട്.

    സുഹൃത്തുക്കളേ, ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ഒരു വ്യക്തി എത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പേര് മന്‍സൂര്‍ അഹമ്മദ്. ‘മന്‍ കി ബാത്തില്‍’, ജമ്മു കശ്മീരിലെ പെന്‍സില്‍ സ്‌ലേറ്റുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശ്രീ. മന്‍സൂര്‍ അഹമ്മദിനെ പരാമര്‍ശിച്ചത്.

പ്രധാനമന്ത്രി    :    ശ്രീ. മന്‍സൂര്‍, സുഖമാണോ?

മന്‍സൂര്‍ ജി    :    നന്ദി സര്‍… സുഖമായിരിക്കുന്നു സര്‍.

പ്രധാനമന്ത്രി    :    ‘മന്‍ കി ബാത്തി’ന്റെ നൂറാം അദ്ധ്യായത്തില്‍ നിങ്ങളോട് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.

മന്‍സൂര്‍ ജി    :     നന്ദി സര്‍.

പ്രധാനമന്ത്രി    :    ശരി, പെന്‍സില്‍സ്‌ലേറ്റ് കൊണ്ടുള്ള ജോലി എങ്ങനെപോകുന്നു?

മന്‍സൂര്‍ ജി    :    വളരെ നന്നായി പോകുന്നു സാര്‍, വളരെ നന്നായി. താങ്കള്‍ എന്നെക്കുറിച്ച് ‘മന്‍ കി ബാത്ത്’ല്‍ പറഞ്ഞതു മുതല്‍ സര്‍, എന്റെ ജോലി വളരെയധികം വര്‍ദ്ധിച്ചു. മറ്റുള്ളവര്‍ക്കും ധാരാളം തൊഴില്‍ നല്‍കാന്‍ സാധിച്ചു.

പ്രധാനമന്ത്രി    :    ഇപ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടാവും?
മന്‍സൂര്‍ ജി    :    ഇപ്പോള്‍ എനിക്ക് 200 അധികം ഉണ്ട്…

പ്രധാനമന്ത്രി    :    ആണോ! എനിക്ക് വളരെ സന്തോഷമുണ്ട്.

മന്‍സൂര്‍ ജി    :    അതെ സര്‍… അതെ സര്‍…. ഇപ്പോള്‍ ഞാന്‍ ഇത് രണ്ട് മാസത്തിനുള്ളില്‍ വിപുലീകരിക്കുകയാണ്, 200 പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും.

പ്രധാനമന്ത്രി    :      കൊള്ളാം! കേള്‍ക്കൂ മന്‍സൂര്‍ ജി.
മന്‍സൂര്‍ ജി    :    അതേ സര്‍.

    പ്രധാനമന്ത്രി നിങ്ങള്‍ പറഞ്ഞത് ഞാന്‍ നന്നായി ഓര്‍ക്കുന്നു, ഇത്തരമൊരു പേരോ പെരുമയോ  ഇല്ലാത്ത ഒരു ജോലിയാണ് ഇതെന്ന് അന്ന് നിങ്ങള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് അതില്‍ ഒരുപാട് സങ്കടവും ഉണ്ടായിരുന്നു, ഇതുമൂലം നിങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. അതും നിങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാവരും നിങ്ങളുടെ ജോലി തിരിച്ചറിയുന്നു,  കൂടാതെ 200 ലധികം പേര്‍ക്ക് തൊഴിലും നല്‍കുന്നു.

മന്‍സൂര്‍ ജി    :    അതെ സര്‍… അതെ സര്‍.

പ്രധാനമന്ത്രി    :    പുതിയ വിപുലീകരണങ്ങള്‍ നടത്തി 200 പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ വലിയ സന്തോഷത്തിന്റെ വാര്‍ത്ത നല്‍കി.

മന്‍സൂര്‍ ജി    :    സര്‍, ഇവിടെയുള്ള കര്‍ഷകര്‍പോലും ഇതില്‍നിന്ന് ധാരാളം ലാഭം നേടി. 2000ന് വിറ്റിരുന്ന മരത്തിന് ഇപ്പോള്‍ 5000 ആയി സര്‍. അന്നുമുതല്‍ ഇതിനും ഡിമാന്‍ഡ് വര്‍ധിച്ചു. അതും സ്വന്തം ഐഡന്റിറ്റിയായി. സര്‍, എനിക്ക് ഇതിനുള്ള നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇതിനെ വിപുലീകരിച്ച് രണ്ട് രണ്ടര മാസത്തിനുള്ളില്‍ രണ്ട് നാല് ഗ്രാമങ്ങളില്‍ എത്രയെത്ര ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടോ അവരെ നമ്മളുള്‍ക്കൊള്ളുകയും അവര്‍ക്ക് നിത്യനിദാനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യും സര്‍. 

പ്രധാനമന്ത്രി    :    മന്‍സൂര്‍ ജിയെ കണ്ടു പഠിക്കുക, Vocal for Local ന്റെ ശക്തി എത്ര മഹത്തരമാണെന്ന് അദ്ദേഹം മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് കാണിച്ചു.
മന്‍സൂര്‍ ജിഅതെ സര്‍.
പ്രധാനമന്ത്രി നിങ്ങള്‍ക്കും ഗ്രാമത്തിലെ എല്ലാ കര്‍ഷകര്‍ക്കും ഒപ്പം നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി സഹോദരാ.

മന്‍സൂര്‍ ജി    :    നന്ദി സര്‍.

    സുഹൃത്തുക്കളെ, കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ നെറുകയില്‍ എത്തിയ എത്രയോ പ്രതിഭകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. വിശാഖപട്ടണത്തില്‍ നിന്നുള്ള വെങ്കട്ട് മുരളി പ്രസാദ് ഒരു സ്വാശ്രയ ഇന്ത്യ ചാര്‍ട്ട് പങ്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നു. പരമാവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം എങ്ങനെ ഉപയോഗിക്കുമെന്ന് അദ്ദേഹം അതില്‍ പറഞ്ഞിരുന്നു. ബേട്ടിയയിലെ പ്രമോദ് ജി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചപ്പോള്‍, അല്ലെങ്കില്‍ ഗര്‍മുക്തേശ്വറിലെ ശ്രീ. സന്തോഷ് പായകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാവരുടെയും മുന്നില്‍ എത്തിക്കാനുള്ള മാധ്യമമായി ‘മന്‍ കി ബാത്ത്’ മാറി. മേക്ക് ഇന്‍ ഇന്ത്യ മുതല്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ വരെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഞങ്ങള്‍ ‘മന്‍ കി ബാത്തില്‍’ ചര്‍ച്ച ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളേ, കുറച്ച് അദ്ധ്യായങ്ങള്‍ക്ക് മുമ്പ് മണിപ്പൂരിന്റെ സഹോദരി വിജയശാന്തി ദേവിയെക്കുറിച്ചും ഞാന്‍ പരാമര്‍ശിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ശ്രീമതി. വിജയശാന്തി താമരനാരുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു. അവരുടെ ഈ അതുല്യമായ പരിസ്ഥിതി സൗഹൃദ ആശയം ‘മന്‍ കി ബാത്തില്‍’ ചര്‍ച്ച ചെയ്യപ്പെടുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനപ്രിയമാവുകയും ചെയ്തു. ഇന്ന് ശ്രീമതി. വിജയശാന്തി ഫോണില്‍ നമ്മളോടൊപ്പമുണ്ട്.

പ്രധാനമന്ത്രി    :    നമസ്‌കാരം വിജയശാന്തി ജി ! താങ്കൾക്ക് സുഖമാണോ?
വിജയശാന്തി: സർ, എനിക്ക് സുഖമാണ്.

പ്രധാനമന്ത്രി:  താങ്കളുടെ  ജോലി എങ്ങനെ പോകുന്നു?

വിജയശാന്തി: സർ, ഇപ്പോഴും എന്റെ 30 സ്ത്രീകൾക്കൊപ്പം ജോലി ചെയ്യുന്നു

പ്രധാനമന്ത്രി: ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ ടീം  30 പേരിലെത്തി  !

വിജയശാന്തി: അതെ സർ, ഈ വർഷവും എന്റെ പ്രദേശത്ത് 100 സ്ത്രീകളുമായി കൂടുതൽ വിപുലീകരിക്കുന്നു

പ്രധാനമന്ത്രി: അപ്പോൾ നൂറാണ്  നിങ്ങളുടെ ലക്ഷ്യം 

വിജയശാന്തി: അതെ ,100 സ്ത്രീകൾ 

പ്രധാനമന്ത്രി: ഇപ്പോൾ ആളുകൾക്ക് ഈ താമരത്തണ്ട്   നാരുകൾ പരിചിതമാണല്ലേ ?

വിജയശാന്തി: അതെ സർ,  ‘മൻ കി ബാത്ത്’ പരിപാടിയിൽ നിന്ന്  ഇന്ത്യയിലുടനീളമുള്ള എല്ലാവർക്കും അറിയാം.

പ്രധാനമന്ത്രി: അതിനാൽ ഇപ്പോൾ ഇത് വളരെ ജനപ്രിയമാണ് 

വിജയശാന്തി: അതെ സർ, പ്രധാനമന്ത്രി ‘മൻ കി ബാത്ത്’ പരിപാടിയിൽ നിന്ന് എല്ലാവർക്കും താമര നാരിനെക്കുറിച്ച് അറിയാം

പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾക്കും വിപണി  കിട്ടിയോ?

വിജയശാന്തി: അതെ  എനിക്ക് യു‌എസ്‌എയിൽ നിന്ന് ഒരു മാർക്കറ്റ് ലഭിച്ചു, അവർ മൊത്തമായി, ധാരാളം അളവിൽ വാങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷേ യുഎസിലേക്കും അയയ്ക്കാൻ ഈ വർഷം മുതൽ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു

പ്രധാനമന്ത്രി: അപ്പോൾ താങ്കൾ  ഇപ്പോൾ കയറ്റുമതിക്കാരിയായി 

വിജയശാന്തി: അതെ സർ, ഈ വർഷം മുതൽ ഞാൻ ഇന്ത്യയിൽ നിർമ്മിച്ച ഞങ്ങളുടെ ഉൽപ്പന്നം ലോട്ടസ് ഫൈബർ കയറ്റുമതി ചെയ്യുന്നു
പ്രധാനമന്ത്രി: അതിനാൽ, ഞാൻ വോക്കൽ ഫോർ ലോക്കൽ എന്നും ഇപ്പോൾ ലോക്കൽ ഫോർ ഗ്ലോബൽ എന്നും പറയുന്ന പോലെ 
വിജയശാന്തി:അതെ സർ, എന്റെ ഉൽപ്പന്നം ലോകമെമ്പാടും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു

പ്രധാനമന്ത്രി: അതിനാൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് ആശംസകൾ നേരുന്നു
വിജയശാന്തി: നന്ദി സർ 

പ്രധാനമന്ത്രി: നന്ദി, നന്ദി വിജയശാന്തി

വിജയശാന്തി: നന്ദി സർ 

    സുഹൃത്തുക്കളേ, ‘മന്‍ കി ബാത്തിന്’ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘മന്‍ കി ബാത്തിലൂടെ’ നിരവധി ബഹുജന പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത് ശക്തി പ്രാപിച്ചു. ഉദാഹരണത്തിന്, നമ്മുടെ കളിപ്പാട്ടങ്ങളും കളിപ്പാട്ട വ്യവസായവും പുന:സ്ഥാപിക്കാനുള്ള ദൗത്യം ആരംഭിച്ചതും  ‘മന്‍ കി ബാത്തില്‍’ ആയിരുന്നല്ലോ. നമ്മുടെ നാടന്‍ നായ്ക്കളായ ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ തുടക്കവും കുറിച്ചത് ‘മന്‍ കി ബാത്ത്’ലൂടെയാണ്. പാവപ്പെട്ട ചെറുകിട കച്ചവടക്കാരോട് വിലപേശില്ല, തര്‍ക്കിക്കില്ല എന്നൊരു പ്രചാരണം കൂടി ഞങ്ങള്‍ തുടങ്ങിയിരുന്നു. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്‍ ആരംഭിച്ചപ്പോഴും ഈ പ്രമേയവുമായി രാജ്യത്തെ ജനങ്ങളെ ബന്ധിപ്പിക്കുന്നതില്‍ ‘മന്‍ കി ബാത്’ വലിയ പങ്കുവഹിച്ചു. അത്തരം ഓരോ ഉദാഹരണങ്ങളും സമൂഹത്തില്‍ മാറ്റത്തിന് കാരണമായി. സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന അതേ ദൗത്യം ശ്രീ. പ്രദീപ് സാംഗ്വാനും ഏറ്റെടുത്തിട്ടുണ്ട്. ‘മന്‍ കി ബാത്തില്‍’ ഞങ്ങള്‍ ശ്രീ. പ്രദീപ് സാങ്വാന്റെ’ ഹീലിംഗ് ഹിമാലയസ്’ കാമ്പെയ്‌നെക്കുറിച്ച് ചര്‍ച്ച ചെയ്തു. അദ്ദേഹം  ഞങ്ങളുടെ ഫോണ്‍ ലൈനില്‍ ഉണ്ട്.

മോദി ജി    :    ശ്രീ. പ്രദീപ് നമസ്‌കാരം!

പ്രദീപ് ജി    :    സര്‍ ജയ് ഹിന്ദ് ്യു
മോദി ജി    :    ജയ് ഹിന്ദ്, ജയ് ഹിന്ദ്, സഹോദരാ! സുഖമാണോ?

പ്രദീപ് ജി     :    വളരെ സുഖമായിരിക്കുന്നു സര്‍. നിങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ കുറച്ചു കൂടെ സന്തോഷമായി.

മോദി ജി    :    നിങ്ങള്‍ ഹിമാലയത്തിനു ഹീൽ  എന്ന കാര്യം ചിന്തിച്ചു.

പ്രദീപ് ജി    :    അതെ സര്‍.

മോദിജി    :    പ്രചാരണവും ആരംഭിച്ചു. ഈ ദിവസങ്ങളില്‍ നിങ്ങളുടെ പ്രചാരണം എങ്ങനെ പോകുന്നു?

പ്രദീപ് ജി    :    സര്‍ വളരെ നന്നായി പോകുന്നു. 2020 മുതല്‍, അഞ്ച് വര്‍ഷം കൊണ്ട് നമ്മള്‍ ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു.

മോദി ജി    :    കൊള്ളാമല്ലോ!

പ്രദീപ് ജി    :    അതേ സര്‍, തുടക്കത്തില്‍ വളരെ വികാരവിവശനായിരുന്നു, ഇക്കാര്യം ഏറ്റെടുത്തിട്ട് ജീവിതകാലം മുഴുവന്‍ ചെയ്താലും ഇതു ചെയ്യാന്‍ പറ്റുമോ അതോ പറ്റില്ലേ എന്നോര്‍ത്ത് കുറച്ചൊക്കെ support കിട്ടി, പക്ഷെ സത്യമായും 2020 വരെ ഞങ്ങള്‍ ഒരുപാട് പ്രയാസപ്പെട്ടിരുന്നു  . വളരെ കുറച്ചു ആളുകള്‍ മാത്രമേ സഹകരിച്ചുള്ളൂ. മിക്കവാറും ആളുകള്‍ക്ക്   പിന്തുണ  തരാന്‍ പറ്റുന്നില്ലായിരുന്നു. ഞങ്ങളുടെ പ്രയത്‌നത്തിനു അംഗീകാരം തരുന്നില്ലായിരുന്നു. പക്ഷെ 2020ന് ശേഷം ‘മന്‍ കീ ബാത്തി’ല്‍ പരാമര്‍ശിച്ചതിനു ശേഷം   കാര്യങ്ങള്‍ വളരെ വേഗത്തിലായിരുന്നു. എന്നുവെച്ചാല്‍ ആദ്യം കൊല്ലത്തില്‍ ഞങ്ങള്‍ക്ക്  6, 7 ശുചീകരണ യജ്ഞം നടത്താന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, 10 വരെ ശുചീകരണ യജ്ഞം നടത്താന്‍ കഴിഞ്ഞിരുന്നു. ഇന്ന് ഞങ്ങള്‍ നിത്യേന  അഞ്ചു ടണ്‍ മാലിന്യം ശേഖരിക്കുന്നു. വേറെ വേറെ സ്ഥലങ്ങളിൽ  നിന്ന്.

മോദി ജി    :    അതു കൊള്ളാം

പ്രദീപ് ജി    :    ഞാന്‍ ഒരു സമയത്ത്  നിർത്തിവയ്‌ക്കേണ്ട അവസ്ഥയിൽ  ആയിരുന്നു. താങ്കള്‍ വിശ്വസിക്കില്ല ‘മന്‍ കീ ബാത്തി’ല്‍ പരാമര്‍ശിച്ചതിനുശേഷം കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്തതാണ് സംഭവിച്ചത്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. മാത്രമല്ല, കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്ത അത്രയുമധികം speed up ആയി. അതിനാൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്, ഞങ്ങളെപ്പോലുള്ളവരെ താങ്കള്‍ എങ്ങനെ കണ്ടെത്തുന്നുവെന്ന് എനിക്കറിയില്ല. ഇത്രയും വിദൂര പ്രദേശത്ത് ആരാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ ഇരുന്നു ജോലി ചെയ്യുന്നു. ഞങ്ങള്‍ ഇത്രയും  ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ altitude ലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. താങ്കള്‍ ഞങ്ങളെ അവിടെ കണ്ടെത്തി. നമ്മുടെ ജോലി ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ അന്നും ഇന്നും നമ്മുടെ രാജ്യത്തിന്റെ ആദ്യ സേവകനോട്  സംസാരിക്കാന്‍ കഴിയുന്നത് വളരെ വൈകാരികമായ നിമിഷമായി ഞാന്‍ കാണുന്നു. ഇതിലും കൂടുതലായി എനിക്ക് മറ്റൊരു സൗഭാഗ്യവുമില്ല.

മോദി ജി    :    ശ്രീ. പ്രദീപ്! നിങ്ങള്‍ ഹിമാലയത്തിന്റെ കൊടുമുടികളില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാധന ചെയ്യുകയാണ്, നിങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍, പര്‍വതങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ എങ്ങനെ പങ്കെടുക്കുന്നു എന്നത് ആളുകള്‍ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രദീപ് ജി    :    അതെ സര്‍.

മോദി ജി    :    നിങ്ങള്‍ പറഞ്ഞതുപോലെ ഇപ്പോള്‍ ഒരു വലിയ ടീം രൂപീകരിക്കപ്പെടുന്നുണ്ടെന്നും നിങ്ങള്‍ ദിവസേന ഇത്രയും വലിയ ജോലികള്‍ ചെയ്യുന്നുവെന്നും…

പ്രദീപ് ജി    :    അതെ സര്‍.

മോദി ജി    :    എനിക്കറിയാം നിങ്ങളുടെ ശ്രമങ്ങളും ചര്‍ച്ചകളും കാരണം ഇപ്പോള്‍ എത്രയധികം പര്‍വതാരോഹകര്‍ ശുചിത്വവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന്.

പ്രദീപ് ജി    :    അതെ സര്‍! ഒരുപാട്.

മോദിജി    :    ഇത് നല്ല കാര്യമാണ്, നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ പ്രയത്‌നത്താല്‍ മാലിന്യവും ഒരു സമ്പത്താണ് എന്ന ചിന്ത  ജനങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കുന്നു. പരിസ്ഥിതിയും നമ്മള്‍ അഭിമാനിക്കുന്ന ഹിമാലയവും ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു. അതില്‍ സാധാരണക്കാരനും പങ്കെടുക്കുന്നു.
ശ്രീ. പ്രദീപ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ നന്ദി സഹോദരാ.

പ്രദീപ് ജി    :    നന്ദി സര്‍ വളരെ നന്ദി ജയ് ഹിന്ദ്!

    സുഹൃത്തുക്കളേ, ഇന്ന് രാജ്യത്ത് ടൂറിസം വളരെ വേഗത്തില്‍ വളരുകയാണ്. അത് നമ്മുടെ പ്രകൃതി വിഭവങ്ങളായാലും, നദികളായാലും, മലകളായാലും, കുളങ്ങളായാലും, നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായാലും, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തിന് ഏറെ സഹായകമാകും. വിനോദസഞ്ചാരത്തിലെ ശുചിത്വത്തോടൊപ്പം, Incredible India movement ഞങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ പ്രസ്ഥാനം മൂലം ആളുകള്‍ക്ക് ചുറ്റും മാത്രമുള്ള ഇത്തരം സ്ഥലങ്ങളെക്കുറിച്ച് ആദ്യമായി അറിയാന്‍ കഴിഞ്ഞു. വിദേശ വിനോദസഞ്ചാരത്തിന് പോകുന്നതിന് മുമ്പ്, നമ്മുടെ രാജ്യത്തെ കുറഞ്ഞത് 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവ നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്താവരുത് മറ്റു സംസ്ഥാനങ്ങളിലാവണം. അതുപോലെ, ക്ലീന്‍ സിയാച്ചിന്‍, single use plastic, e-waste തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചു. ഇന്ന്, ലോകം മുഴുവന്‍ ആശങ്കാകുലരാകുന്ന പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കുന്നതില്‍ ‘മന്‍ കി ബാത്തിന്റെ’ ഈ ശ്രമം വളരെ പ്രധാനമാണ്.
    സുഹൃത്തുക്കളേ, ഇത്തവണ യുനെസ്‌കോ യുടെ ഡി ജി  ഓഡ്രി അസൂലേയില്‍   (Audrey Azoulay) നിന്ന് ‘മന്‍ കി ബാത്’ സംബന്ധിച്ച് എനിക്ക് മറ്റൊരു പ്രത്യേക സന്ദേശം ലഭിച്ചു. 100 അദ്ധ്യായങ്ങളുള്ള ഈ അത്ഭുതകരമായ യാത്രയ്ക്ക് അദ്ദേഹം നമ്മുടെ എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍ നേര്‍ന്നു. കൂടാതെ, അവര്‍ ചില ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ ഡിജിയുടെ അഭിപ്രായം നമുക്ക് ആദ്യം കേള്‍ക്കാം.

  

ഡിജി യുനെസ്‌കോ: നമസ്‌തേ എക്‌സലൻസി,  പ്രിയപ്പെട്ട പ്രധാനമന്ത്രി, ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ ലഭിച്ച ഈ അവസരത്തിന് യുനെസ്‌കോയെ പ്രതിനിധീകരിച്ച് ഞാൻ നന്ദി പറയുന്നു. യുനെസ്കോയ്ക്കും ഇന്ത്യയ്ക്കും ഒരു നീണ്ട പൊതു ചരിത്രമുണ്ട്.  വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, വിജ്ഞാനം  എന്നിവയുടെ എല്ലാ മേഖലകളിലും നമുക്ക്  വളരെ ശക്തമായ പങ്കാളിത്തമുണ്ട്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ന് ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2030-ഓടെ ലോകത്തിലെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ യുനെസ്‌കോ അതിന്റെ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യൻ മാർഗം ദയവായി വിശദീകരിക്കാമോ. സംസ്‌കാരത്തെ പിന്തുണയ്ക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനുമായി യുനെസ്‌കോയും പ്രവർത്തിക്കുന്നു, ഈ വർഷം ഇന്ത്യയാണ് ജി20 അധ്യക്ഷൻ. ഈ പരിപാടിക്കായി ലോക നേതാക്കൾ ഡൽഹിയിലെത്തും. ശ്രേഷ്ഠൻ, എങ്ങനെയാണ് ഇന്ത്യ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ നിർത്താൻ ആഗ്രഹിക്കുന്നത്? ഈ അവസരത്തിന് ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് നന്ദി പറയുകയും നിങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു…. ഉടൻ കാണാം. വളരെ നന്ദി.

പ്രധാനമന്ത്രി മോദി: നന്ദി, എക്‌സലൻസി, നൂറാമത് ‘മൻ കിബാത്ത്’ പരിപാടിയിൽ നിങ്ങളുമായി സംവദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാന പ്രശ്‌നങ്ങൾ താങ്കൾ ഉന്നയിച്ചതിൽ എനിക്കും സന്തോഷമുണ്ട്.
    സുഹൃത്തുക്കളേ, വിദ്യാഭ്യാസവും സാംസ്‌കാരിക സംരക്ഷണവും സംബന്ധിച്ച ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് യുനെസ്‌കോയുടെ ഡിജി അറിയാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് വിഷയങ്ങളും ‘മന്‍ കി ബാത്തിന്റെ’ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചായാലും സംസ്‌കാരത്തെക്കുറിച്ചായാലും, അത് സംരക്ഷിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആയാലും, ഇത് ഇന്ത്യയുടെ പുരാതന പാരമ്പര്യമാണ്. ഈ ദിശയില്‍ രാജ്യം ഇന്ന് നടത്തുന്ന പ്രവര്‍ത്തനം ശരിക്കും ശ്ലാഘനീയമാണ്. അത് ദേശീയ വിദ്യാഭ്യാസ നയമായാലും പ്രാദേശിക ഭാഷയില്‍ പഠിക്കാനുള്ള ഓപ്ഷനായാലും വിദ്യാഭ്യാസത്തില്‍ സാങ്കേതിക സംയോജനമായാലും അത്തരം നിരവധി ശ്രമങ്ങള്‍ കാണാന്‍ സാധിക്കും, മഹത്തായ ഉദാഹരണമായി. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും കൊഴിഞ്ഞു പോകൽ നിരക്ക്   കുറയ്ക്കുന്നതിനുമായി ഗുജറാത്തില്‍ പൊതുപങ്കാളിത്തത്തോടെ  ‘ഗുണോത്സവവും ശാല പ്രവേശനോത്സവവും’ തുടങ്ങിയ പരിപാടികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തു തുടങ്ങിയിരുന്നു. ‘മന്‍ കി ബാത്തില്‍’, വിദ്യാഭ്യാസത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ ഞങ്ങള്‍ എടുത്തുകാണിച്ചു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒഡീഷയിലെ ചായക്കച്ചവടക്കാരനായ പരേതനായ ഡി. പ്രകാശ് റാവുവിനെ കുറിച്ച് നമ്മള്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ നടത്തുന്ന സഞ്ജയ് കശ്യപ്, കോവിഡ് കാലത്ത് നിരവധി കുട്ടികളെ ഇ-ലേണിംഗിലൂടെ സഹായിച്ച ഹേമലത എന്‍.കെ. അതെ, ‘മന്‍ കി ബാത്തില്‍’ അത്തരം നിരവധി അധ്യാപകരുടെ ഉദാഹരണങ്ങള്‍ നമ്മള്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ട്. ‘മന്‍ കി ബാത്തില്‍’ സാംസ്‌കാരിക സംരക്ഷണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ സ്ഥിരമായ സ്ഥാനം നല്‍കിയിട്ടുണ്ട്.

    ലക്ഷദീപിന്റെ കുമ്മെൽ ബ്രദേഴ്‌സ്  ചലഞ്ചേഴ്‌സ്   ക്ലബ്ബായാലും, കര്‍ണാടകയിലെ ക്വേംശ്രീ ജിയുടെ ‘കലാചേതന’പോലുള്ള പ്ലാറ്റ്‌ഫോമായാലും, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ കത്തുകളെഴുതി അത്തരം ഉദാഹരണങ്ങള്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ദേശസ്‌നേഹത്തെ കുറിച്ചുള്ള ‘ഗീത്’, ‘ലോരീ’, ‘രംഗോലി’ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് മത്സരങ്ങളെക്കുറിച്ചും നമ്മള്‍ സംസാരിച്ചു. നിങ്ങള്‍ക്ക്് ഓര്‍മയുണ്ടാവും, ഒരിക്കല്‍ ഞങ്ങള്‍ രാജ്യത്തുടനീളമുള്ള സ്‌റ്റോറി ടെല്ലര്‍മാരുമായി, സ്‌റ്റോറി ടെല്ലിംഗിലൂടെയുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന അചഞ്ചലമായ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നാം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വര്‍ഷത്തില്‍ തന്നെയാണ് നാം  ജി-20 യുടെ അധ്യക്ഷത കൂടി വഹിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം വൈവിധ്യമാര്‍ന്ന ആഗോള സംസ്‌കാരങ്ങളെ സമ്പന്നമാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം കുറച്ചുകൂടി ശക്തമായിരിക്കുന്നു.

    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മുടെ ഉപനിഷത്തുകളില്‍ നിന്നുള്ള ഒരു മന്ത്രം നൂറ്റാണ്ടുകളായി നമ്മുടെ മനസ്സിനെ പ്രചോദിപ്പിക്കുന്നു.

ചരൈവേതി ചരൈവേതി ചരൈവേതി 
ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ.
 
    ചരൈവേതിയുടെ  ഭാവസൗന്ദര്യം ഉള്‍ക്കൊണ്ട് ഇന്ന് നമ്മള്‍ ‘മന്‍ കി ബാത്തിന്റെ’ 100-ാം അദ്ധ്യായം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതില്‍, ‘മന്‍ കി ബാത്ത്’ ഒരു ജപമാലയുടെ നൂല്‍ പോലെയാണ്, ഓരോ മുത്തുകളും ഒരുമിച്ച് ചേര്‍ത്ത്  വെയ്ക്കുന്നു. ഓരോ അദ്ധ്യായത്തിലും, ജനങ്ങളുടെ സേവനവും കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഈ പരിപാടിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോരുത്തരും മറ്റ് രാജ്യക്കാര്‍ക്ക് പ്രചോദനമായി മാറുന്നു. ഒരു തരത്തില്‍, ‘മന്‍ കി ബാത്തിന്റെ’ ഓരോ അദ്ധ്യായവും അടുത്ത അദ്ധ്യായത്തിന് കളമൊരുക്കുന്നു. ‘മന്‍ കി ബാത്ത്’ എന്നും സദ്ഭാവന, സേവന മനോഭാവം, കര്‍ത്തവ്യബോധം എന്നിവയാല്‍ മുന്നോട്ട് പോയിട്ടുണ്ട്. ഈ പോസിറ്റിവിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് രാജ്യത്തെ മുന്നോട്ട് നയിക്കും, അതിനെ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകും, ‘മന്‍ കി ബാത്തിന്റെ’ തുടക്കം ഇന്ന് രാജ്യത്ത് ഒരു പുതിയ പാരമ്പര്യമായി മാറുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഓരോരുത്തരുടെയും പ്രയത്‌നത്തിന്റെ ആഴം കാണുന്ന ഒരു പാരമ്പര്യം.

    സുഹൃത്തുക്കളേ, ഈ മുഴുവന്‍ പരിപാടിയും വളരെ ക്ഷമയോടെ ശബ്ദലേഖനം ചെയ്ത ആകാശവാണിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇന്ന് ഞാന്‍ നന്ദി പറയുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ പ്രാദേശിക ഭാഷകളിലേക്ക് ‘മന്‍ കി ബാത്’ വിവര്‍ത്തനം ചെയ്ത വിവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്. ദൂരദര്‍ശന്റെയും MyGovയുടെയും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇടവേളകളില്ലാതെ ‘മന്‍ കി ബാത്ത്’ കാണിക്കുന്ന രാജ്യത്തുടനീളമുള്ള എല്ലാ ടിവി ചാനലുകളോടും ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു, ‘മന്‍ കി ബാത്’ പരസ്യങ്ങളുടെ ഇടവേള ഇല്ലാതെ കാണിക്കുന്നവരോടും എന്റെ നന്ദി അറിയിക്കുന്നു. അവസാനമായി, ‘മന്‍ കീ ബാത്തി’നെ താങ്ങി നിര്‍ത്തുന്ന ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തില്‍ വിശ്വാസമുള്ള ജനങ്ങള്‍ അവര്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പ്രചോദനവും ശക്തിയും കൊണ്ട് മാത്രമാണ് ഇതെല്ലാം സാധ്യമായത്.

സുഹൃത്തുക്കളേ, ഇന്ന് എനിക്ക് ഒരുപാട് പറയാനുണ്ട്, പക്ഷെ സമയവും വാക്കുകളും ഒരുപോലെ കുറവാണ്. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ വൈകാരികാവസ്ഥ മനസ്സിലാക്കുമെന്നും എന്റെ ആശയങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, ‘മന്‍ കി ബാത്തിന്റെ’ സഹായത്തോടെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് ഇനിയും ഉണ്ടാവും. അടുത്ത മാസം നമ്മള്‍ വീണ്ടും കാണും. പുതിയ വിഷയങ്ങളും പുതിയ വിവരങ്ങളുമായി ജനങ്ങളുടെ വിജയങ്ങള്‍ വീണ്ടും ആഘോഷിക്കും, അതുവരെ എനിക്ക് വിട തന്നാലും. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും നന്നായി സംരക്ഷിക്കൂ. 

വളരെ വളരെ  നന്ദി. നമസ്‌കാരം.

ND

***