എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
ഈ ആഗസ്റ്റ് മാസത്തില്‍, നിങ്ങളുടെ എല്ലാ കത്തുകളും സന്ദേശങ്ങളും കാര്‍ഡുകളും എന്റെ ഓഫീസിനെ ത്രിവര്‍ണ്ണമാക്കി. ത്രിവര്‍ണ പതാക വഹിക്കാത്തതോ ത്രിവര്‍ണ പതാകയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കാത്തതോ ആയ ഒരു കത്തും ഞാന്‍ കണ്ടില്ല. കുട്ടികളും യുവസുഹൃത്തുക്കളും അമൃത മഹോത്സവത്തിന്റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ മാസത്തില്‍, നമ്മുടെ രാജ്യത്ത്, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയാണ്. അമൃത് മഹോത്സവത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ഈ പ്രത്യേക അവസരത്തില്‍, രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നാം കണ്ടത്. എല്ലായിടത്തും ഒരു ഉണര്‍വ് അനുഭവപ്പെട്ടു. ഇത്രയും വലിയ രാജ്യം, ഏറെ വൈവിധ്യങ്ങള്‍, എന്നാല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, എല്ലാവരും ഒരേ മനസ്സായി ഒഴുകുന്നതായി തോന്നി. ത്രിവര്‍ണ പതാകയുടെ അഭിമാനത്തിന്റെ ആദ്യ കാവല്‍ക്കാരായി ഏവരും മുന്നോട്ട് വന്നു. ശുചീകരണ യജ്ഞത്തിലും വാക്സിനേഷന് കാമ്പെയ്നിലും രാജ്യത്തിന്റെ ഉണര്‍വ് നാം കണ്ടിരുന്നു. അമൃത് മഹോത്സവത്തില്‍ രാജ്യസ്നേഹത്തിന്റെ അതേ ചൈതന്യം നമുക്ക് വീണ്ടും കാണാന്‍ കഴിഞ്ഞു. നമ്മുടെ പട്ടാളക്കാര്‍ ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളിലും രാജ്യത്തിന്റെ അതിര്‍ത്തികളിലും കടലിന്റെ നടുവിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ത്രിവര്‍ണ പതാക പ്രചരണത്തിനായി വ്യത്യസ്തമായ നൂതന ആശയങ്ങളുമായി ആളുകളും എത്തി, ചെറുപ്പക്കാരനായ ശ്രീ കൃഷ്ണീല്‍ അനിലിനെ പോലെ. ശ്രീ അനില്‍ ഒരു പസില്‍ കലാകാരനാണ്, അദ്ദേഹം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മനോഹരമായ ത്രിവര്‍ണ്ണ പതാകയുടെ മൊസൈക് ആര്‍ട്ട് സൃഷ്ടിച്ചു. കര്‍ണാടകയിലെ കോലാറില്‍ 630 അടി നീളവും 205 അടി വീതിയുമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ വേറിട്ട കാഴ്ച സമ്മാനിച്ചത്. ദിഘാലിപുഖുരി യുദ്ധസ്മാരകത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതിനായി അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം കൈകൊണ്ട് 20 അടി നീളമുള്ള ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. അതുപോലെ ഇന്‍ഡോറിലെ ആളുകള്‍ മനുഷ്യച്ചങ്ങലയിലൂടെ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി. ചണ്ഡീഗഢില്‍ യുവാക്കള്‍ ഭീമാകാരമായ മനുഷ്യ ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. ഈ രണ്ട് ശ്രമങ്ങളും ഗിന്നസ് റെക്കോര്‍ഡിലും ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടയില്‍, ഹിമാചല്‍ പ്രദേശിലെ ഗംഗോട്ട് പഞ്ചായത്തില്‍ നിന്ന് പ്രചോദനാത്മകമായ ഒരു ഉദാഹരണം കൂടി കണ്ടു. ഇവിടെ പഞ്ചായത്തിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ അതിഥി തൊഴിലാളികളുടെ മക്കളെ മുഖ്യാതിഥികളായി ഉള്‍പ്പെടുത്തി.
സുഹൃത്തുക്കളേ, അമൃത് മഹോത്സവത്തിന്റെ ഈ നിറങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കണ്ടു. ബോട്സ്വാനയില് താമസിക്കുന്ന പ്രാദേശിക ഗായകര്‍ 75 ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചു. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് ഈ 75 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വലിയ പ്രത്യേകത. അതുപോലെ, നമീബിയയില്‍ ഇന്തോ-നമീബിയന്‍ സാംസ്കാരിക-പരമ്പരാഗത ബന്ധങ്ങളെക്കുറിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ഒരു സന്തോഷകരമായ കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേന്ദ്ര ഗവണ്മെന്റിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ അവര്‍ ‘സ്വരാജ്’ ദൂരദര്ശന് സീരിയലിന്റെ പ്രദര്‍ശനം നടത്തി. ആ പ്രഥമ പ്രദര്‍ശനത്തിന് പോകാന്‍ എനിക്ക് അവസരം ലഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അറിയപ്പെടാതെ പോയ നായകന്മാരുടെയും നായികമാരുടെയും പ്രയത്നങ്ങള്‍ രാജ്യത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള മഹത്തായ സംരംഭമാണിത്. എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നു. അത് 75 ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഇത് സ്വയം കാണാനും നിങ്ങളുടെ വീട്ടിലെ കുട്ടികളെ കാണിക്കാനും സമയമെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, തിങ്കളാഴ്ച സ്കൂള്‍-കോളേജ് തുറക്കുമ്പോള്‍ അത് റെക്കോര്‍ഡുചെയ്ത് സ്കൂള്‍-കോളേജുകാര്‍ക്കും ഒരു പ്രത്യേക പ്രോഗ്രാം തയ്യാറാക്കാം. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പിറവിയിലെ ഈ മഹാരഥന്മാരേ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഒരു പുതിയ അവബോധം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2023 ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. രാജ്യത്തിന് വേണ്ടി, സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വേണ്ടി, നമ്മള് ചെയ്തുകൊണ്ടിരുന്ന എഴുത്തു പരിപാടികള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പൂര്‍വ്വികരുടെ അറിവും ദീര്ഘദൃഷ്ടിയും ദര്‍ശനവും ധ്യാനവും ഇന്നും എത്ര പ്രധാനമാണ്. അതിലേക്ക് ആഴ്ന്നിറങ്ങുമ്പോള് നമ്മില്‍ വിസ്മയം നിറയുന്നു. നമ്മുടെ ഋഗ്വേദം, ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ഋഗ്വേദത്തില്‍ ഇങ്ങനെ പറയുന്നു:-
‘ഒമാന്‍-മാപോ മാനുഷി: അമൃക്തം ധാത് തൊകായ് തനയായ് ശം യോ:
യൂയം ഹിഷ്ഠ ഭിഷജോ മാതൃതമ വിശ്വസ്യ സ്ഥാതു: ജഗതോ ജനിത്രി:’
അര്‍ത്ഥം – ഓ ജലമേ, നീ മനുഷ്യരാശിയുടെ ഏറ്റവും നല്ല സുഹൃത്താണ്. നീ ജീവദാതാവാണ്, ഭക്ഷണം നിന്നില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു, നിന്നില്‍ നിന്നാണ് ഞങ്ങളുടെ മക്കള്‍ക്ക് ഹിതകരമായ് കാര്യങ്ങള്‍ നടക്കുന്നത്. അങ്ങ് ഞങ്ങളുടെ സംരക്ഷകനാണ്, എല്ലാ തിന്മകളില് നിന്നും ഞങ്ങളെ അകറ്റുന്നു. നീയാണ് ഏറ്റവും നല്ല ഔഷധം, നീയാണ് ഈ പ്രപഞ്ചത്തിന്റെ പരിപാലകന്.
ചിന്തിച്ചു നോക്കൂ, ജലത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സംസ്കാരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ അറിവ് കാണുമ്പോള്‍, നമുക്ക് ആവേശം തോന്നുന്നു, എന്നാല്‍ രാഷ്ട്രം ഈ അറിവിനെ അതിന്റെ ശക്തിയായി സ്വീകരിക്കുമ്പോള്‍, അവരുടെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുന്നു.
മന് കി ബാത്തില്‍ ഞാന്‍ നാല് മാസം മുമ്പ് അമൃത് സരോവരത്തെക്കുറിച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കും. അതിനുശേഷം, വിവിധ ജില്ലകളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഒത്തുകൂടി. സന്നദ്ധ സംഘടനകള്‍ ഒത്തുകൂടി, നാട്ടുകാര്‍ ഒത്തുകൂടി. ക്രമേണ, അമൃത് സരോവര്‍ നിര്‍മ്മാണം ഒരു ബഹുജന പ്രസ്ഥാനമായി മാറി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍, തന്റെ കടമകള്‍ തിരിച്ചറിയുകയും വരുംതലമുറകളോട് കരുതലും ഉണ്ടാകുമ്പോള്‍, കരുത്തും കൂടി ചേരുകയും, ദൃഢനിശ്ചയം ഉദാത്തമാവുകയും ചെയ്യും. തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് ഒരു മഹത്തായ ശ്രമത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞു. ഇവിടെ ഒരു പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു, അതിന്റെ പേര് ‘മംഗ്ത്യ-വാല്യഥാണ്ട’ എന്നാണ്. വനമേഖലയോട് ചേര്‍ന്നാണ് ഈ ഗ്രാമം. മഴക്കാലത്ത് ധാരാളം വെള്ളം കെട്ടിക്കിടക്കുന്ന ഒരു സ്ഥലം ഗ്രാമത്തിനടുത്തായി ഉണ്ടായിരുന്നു. ഗ്രാമവാസികള്‍ മുന്‍കൈയെടുത്ത്, ഇപ്പോള്‍ ഈ സ്ഥലം അമൃത് സരോവര്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിക്കുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ പെയ്ത മഴയില്‍ ഈ തടാകത്തില്‍ നല്ല പോലെ വെള്ളം നിറഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ മണ്ഡ്ലയിലെ മോച്ച ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച അമൃത് സരോവരത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഈ അമൃത് സരോവര്‍ കാന്ഹ ദേശീയ ഉദ്യാനത്തിനടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാല്‍ ഈ പ്രദേശത്തിന്റെ ഭംഗി കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലളിത്പൂരില്‍ പുതുതായി നിര്‍മിച്ച ഷഹീദ് ഭഗത്സിംഗ് അമൃത് സരോവറും ഏറെ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. നിവാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ഈ തടാകം നാല് ഏക്കറില്‍ പരന്നുകിടക്കുന്നു. തടാകത്തിന്റെ തീരത്തുള്ള തോട്ടം അതിന്റെ ഭംഗി കൂട്ടുന്നു. തടാകത്തിന് സമീപമുള്ള, 35 അടി ഉയരമുള്ള ത്രിവര്‍ണ്ണ പതാക കാണാന്‍ ദൂരദിക്കുകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. അമൃത് സരോവരത്തിന്റെ ഈ പ്രചാരണം കര്‍ണാടകയിലും തകൃതിയായി നടക്കുകയാണ്. ഇവിടെ ബാഗല്‍കോട്ട് ജില്ലയിലെ ബില്കേരൂര് ഗ്രാമത്തില്‍ ആളുകള്‍ വളരെ മനോഹരമായ അമൃത് സരോവര്‍ നിര്‍മ്മിച്ചു. വാസ്തവത്തില്‍, ഈ പ്രദേശത്ത്, മലയില്‍ നിന്ന് വെള്ളം ഇറങ്ങി, കര്‍ഷകര്‍ക്കും അവരുടെ വിളകള്‍ക്കും നാശനഷ്ടം കാരണം ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയായിരുന്നു. അമൃത് സരോവര്‍ നിര്‍മ്മിക്കാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം മുഴുവന്‍ ഒഴുക്കി മാറ്റി. ഇതോടെ പ്രദേശത്തെ വെള്ളപ്പൊക്ക പ്രശ്നത്തിനും പരിഹാരമായി. അമൃത് സരോവര്‍ അഭിയാന് ഇന്നത്തെ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മാത്രമല്ല, വരും തലമുറകള്‍ക്കും അത്രയും തന്നെ ആവശ്യമാണ്. ഈ പ്രചാരണത്തിന് കീഴില്‍, പല സ്ഥലങ്ങളിലും പഴയ ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുന്നു. മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനും അമൃത് സരോവര്‍ ഉപയോഗിക്കുന്നു. ഈ കുളങ്ങള്‍ കാരണം സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വര്‍ധിച്ചു. അതോടൊപ്പം അവയ്ക്ക് ചുറ്റും പച്ചപ്പും വളരുന്നു. ഇത് മാത്രമല്ല, അമൃത് സരോവറില്‍ മത്സ്യകൃഷി നടത്താനുള്ള ഒരുക്കങ്ങളിലും പലയിടത്തും ആളുകള്‍ വ്യാപൃതരാണ്. അമൃത് സരോവര്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കാനും ജലസംരക്ഷണത്തിനുമുള്ള ഈ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ ശക്തി നല്‍കാനും അവരെ മുന്നോട്ട് കൊണ്ടുപോകാനും ഞാന്‍ നിങ്ങളോട്, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അസമിലെ ബൊംഗായിഗാവില്‍ ശ്രദ്ധാര്‍ഹമായ ഒരു പദ്ധതി പ്രവര്‍ത്തിക്കുന്നു- പ്രോജക്റ്റ് സമ്പൂര്‍ണ. പോഷകാഹാരക്കുറവിനെതിരെ പോരാടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഈ പോരാട്ടത്തിന്റെ രീതിയും വളരെ സവിശേഷമാണ്. ഇതിന് കീഴില്‍, അങ്കണവാടിയിലെ ആരോഗ്യമുള്ള ഒരു കുട്ടിയുടെ അമ്മ എല്ലാ ആഴ്ചയും പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയുടെ അമ്മയെ കാണുകയും പോഷകാഹാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അതായത്, ഒരു അമ്മ മറ്റൊരു അമ്മയുടെ സുഹൃത്തായി മാറുന്നു, അവളെ സഹായിക്കുന്നു, അവളെ പഠിപ്പിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ, ഈ മേഖലയില്‍, ഒരു വര്‍ഷത്തിനുള്ളില്‍, 90 ശതമാനത്തിലധികം കുട്ടികളുടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പാട്ടും സംഗീതവും സ്തുതിഗീതങ്ങളും ഉപയോഗിക്കാനാകുമോ? മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ ‘മേരാ ബച്ചാ അഭിയാന്’ പരിപാടിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. ഇതിന് കീഴില്‍, ജില്ലയില്‍ ഭജന-കീര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ പോഷകാഹാര ഗുരുക്കള്‍ എന്ന് വിളിക്കപ്പെടുന്ന അധ്യാപകരെ വിളിച്ചു. സ്ത്രീകള്‍ ഒരുപിടി ധാന്യം അങ്കണവാടിയിലേക്ക് കൊണ്ടുവരികയും ഈ ധാന്യം ഉപയോഗിച്ച് ശനിയാഴ്ചകളില്‍ ‘ബാല്‍ഭോജ്’ സംഘടിപ്പിക്കുകയും ചെയ്യുന്ന മട്കാ പരിപാടിയും നടന്നു. ഇങ്ങനെ അങ്കണവാടികളില്‍ കുട്ടികളുടെ ഹാജര്‍ വര്‍ധിച്ചതോടെ പോഷകാഹാരക്കുറവും കുറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഝാര്‍ഖണ്ഡില്‍ തികച്ചും സമാനതകളില്ലാത്ത ഒരു പ്രചരണവും നടക്കുന്നു. ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് പാമ്പ്-ഏണി കളി ഒരുക്കിയിരിക്കുന്നത്. ഈ കളിയിലൂടെ കുട്ടികള്‍ നല്ലതും ചീത്തയുമായ ശീലങ്ങളെ കുറിച്ച് പഠിക്കുന്നു.
സുഹൃത്തുക്കളേ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട നിരവധി നൂതന പരീക്ഷണങ്ങളെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, കാരണം വരുംമാസത്തില്‍ നാമെല്ലാവരും ഈ പ്രചാരണത്തില്‍ ചേരേണ്ടതുണ്ട്. സെപ്തംബര്‍ മാസം ഉത്സവങ്ങള്‍ക്കും പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സമര്‍പ്പിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നമ്മള് പോഷണമാസം ആഘോഷിക്കുന്നു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നു. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതുജന പങ്കാളിത്തവും പോഷകാഹാര പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍, അങ്കണവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചു. പുരോഗതി പ്രതീക്ഷിക്കുന്ന എല്ലാ ജില്ലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്മക്കളെ പോഷണ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. പോഷകാഹാരക്കുറവിന്റെ പ്രശ്നത്തിനുള്ള പരിഹാരം ഈ ഘട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല – ഈ പോരാട്ടത്തില്‍, മറ്റ് പല സംരംഭങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ജല്‍ ജീവന് മിഷനെ എടുക്കുക, ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഈ ദൗത്യവും വലിയ സ്വാധീനം ചെലുത്തും. പോഷകാഹാരക്കുറവിന്റെ വെല്ലുവിളികളെ നേരിടുന്നതില്‍ സാമൂഹിക അവബോധ ശ്രമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വരുന്ന പോഷകാഹാര മാസത്തില്‍ മാല്‍ന്യൂട്രീഷന്‍ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചെന്നൈയില്‍ നിന്നുള്ള ശ്രീമതി ശ്രീദേവീ വരദരാജന് എനിക്കൊരു ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പ് അയച്ചു. അവര്‍ MyGov- യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്- പുതുവര്‍ഷം വരാന്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. വരുന്ന പുതുവത്സരം മില്ലറ്റു (തിന വിള) കളുടെ അന്താരാഷ്ട്ര വര്‍ഷമായി ആഘോഷിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാജ്യത്തിന്റെ ഒരു തിന വിള മാപ്പും അവര്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. മന് കി ബാത്തില്‍ വരാനിരിക്കുന്ന എപ്പിസോഡില്‍ നിങ്ങള്‍ക്ക് ഇത് ചര്‍ച്ച ചെയ്യാമോ എന്നും ചോദിച്ചു? എന്റെ നാട്ടുകാരില്‍ ഇത്തരമൊരു മനോഭാവം കാണുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. 2023 അന്താരാഷ്ട്ര തിന വിള വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം പാസാക്കിയത് നിങ്ങള്‍ ഓര്‍ക്കും. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും വളരെ സന്തോഷം തോന്നും. ഇന്ന്, ലോകമെമ്പാടും, നാടന്‍ ധാന്യമായ തിന വിളകളോടുള്ള ആവേശം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് എന്റെ ഒരു പരിശ്രമം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറെകാലങ്ങളായി വിദേശ അതിഥികള്‍ ഇന്ത്യയില്‍ വരുമ്പോള്‍, രാഷ്ട്രത്തലവന്മാര് ഇന്ത്യയില്‍ വരുമ്പോള്‍, ഇന്ത്യയിലെ തിനവിളകള്‍ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ബഹുമാന്യരായ ഇവര്‍, ഈ വിഭവം ഇഷ്ടപ്പെടുന്നു എന്നാണ് എനിക്ക് മനസിലാക്കാനായത്. മാത്രമല്ല അവര്‍ നമ്മുടെ നാടന്‍ ധാന്യങ്ങളെക്കുറിച്ച്, മില്ലറ്റുകളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. തിന വിളകള്‍, നാടന്‍ധാന്യങ്ങള്‍ ഇവയെല്ലാം, പുരാതനകാലം മുതല്‍ നമ്മുടെ കൃഷി, സംസ്കാരം, നാഗരികത എന്നിവയുടെ ഭാഗമാണ്. നമ്മുടെ വേദങ്ങളില്‍ തിന വിളകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെതന്നെ പുറനാനൂറിലും തൊല്‍കാപ്പിയത്തിലും പറയുന്നുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പോയാല്‍ അവിടെയുള്ളവരുടെ ഭക്ഷണത്തില്‍ പലതരത്തിലുള്ള തിന വിളകള്‍ തീര്‍ച്ചയായും കാണും. നമ്മുടെ സംസ്കാരം പോലെ തന്നെതിന വിളകള്‍ക്കും വൈവിധ്യം ഏറെയുണ്ട്. ജോവര്‍, ബജ്റ, റാഗി, സാവന്‍, കങ്നി, ചീന, കൊഡോ, കുട്ട്കി, കുട്ടു, ഇവയെല്ലാം തിന വിളകള്‍ ആണ് . ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിന വിളകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, അതിനാല്‍ ഈ സംരംഭം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കാരായ നമ്മുടെ ചുമലിലുമാണ്. നാമെല്ലാവരും ചേര്‍ന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണം. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തിന വിളകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും വേണം.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് നന്നായി അറിയാം, തിന വിളകള്‍ കര്‍ഷകര്‍ക്കും പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനകരമാണ്. വാസ്തവത്തില്‍, വിള വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാകും. ഇതിന് കൂടുതല്‍ വെള്ളം ആവശ്യമില്ല. നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് തിന വിളകള്‍ പ്രത്യേകിച്ചും പ്രയോജനകരമാണ്. അവയുടെ വൈക്കോലും മികച്ച കാലിത്തീറ്റയായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത്, യുവതലമുറ ആരോഗ്യകരമായ ജീവിതത്തിലും ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ രീതിയില്‍, തിന വിളകളില്‍ ധാരാളം പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പലരും ഇതിനെ സൂപ്പര്‍ ഫുഡ് എന്ന് വിളിക്കുന്നു. തിന വിളകള്‍ക്ക് ഒന്നല്ല, പല ഗുണങ്ങളുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു. ഇതോടൊപ്പം ഉദര, കരള്‍രോഗങ്ങള്‍ തടയുന്നതിനും ഇവ സഹായകമാണ്. നമ്മള് കുറച്ചുമുമ്പ് പോഷകാഹാരക്കുറവിനെക്കുറിച്ച് സംസാരിച്ചു. ഊര്‍ജവും പ്രോട്ടീനും നിറഞ്ഞതിനാല്‍ പോഷകാഹാരക്കുറവിനെതിരെ പോരാടാനും തിന വിളകള്‍ വളരെ പ്രയോജനകരമാണ്. ഇന്ന് രാജ്യത്ത് തിന വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, കര്‍ഷക ഉല്പാദക സംഘടനകള്‍ ( എഫ്.പി.ഒ) പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതുവഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയും. എന്റെ കര്‍ഷക സഹോദരീസഹോദരന്മാരോട് തിന വിളകള്‍, അതായത് നാടന്‍ ധാന്യങ്ങള്‍, കൂടുതല്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തിന വിളകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഉയര്‍ന്നുവരുന്നത് സന്തോഷകരമാണ്. ഇവയില്‍ ചിലര്‍ മില്ലറ്റ് കുക്കികള്‍ ഉണ്ടാക്കുന്നു, ചിലര്‍ മില്ലറ്റ് പാന്‍ കേക്കുകളും ദോശയും ഉണ്ടാക്കുന്നു. മില്ലറ്റ് എനര്‍ജി ബാറുകളും മില്ലറ്റ് ബ്രേക്ക്ഫാസ്റ്റും തയ്യാറാക്കുന്ന ചിലരുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവ സീസണില്‍, മിക്ക വിഭവങ്ങളിലും നമുക്ക് മില്ലറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഇത്തരം വിഭവങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം, അതുവഴി തിനവിളകളെകളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയിലെ ജോര്‍സിംഗ് ഗ്രാമത്തില്‍ നിന്ന് ഞാന്‍ ഒരു വാര്‍ത്ത കണ്ടു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു മാറ്റത്തെ കുറിച്ചായിരുന്നു ഈ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍, ഈ മാസം ജോര്‍സിംഗ് ഗ്രാമത്തില്‍, 4-ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വാതന്ത്ര്യദിനം മുതല്‍ ആരംഭിച്ചു. ഗ്രാമത്തില്‍ വൈദ്യുതി എത്തിയപ്പോള്‍ മുമ്പ് ആളുകള്‍ സന്തോഷിച്ചതുപോലെ, ഇപ്പോള്‍, പുതിയ ഇന്ത്യയില്‍, 4-ജി എത്തുമ്പോള്‍ അതേ സന്തോഷം അനുഭവിക്കുന്നു. അരുണാചല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ 4-ജിയുടെ രൂപത്തില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടായി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒരു പുതിയ പ്രഭാതം കൊണ്ടുവന്നു. ഒരുകാലത്ത് വന്‍ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന സൗകര്യങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളിലേക്കും എത്തിച്ചു. ഇതുമൂലം രാജ്യത്ത് പുതിയ ഡിജിറ്റല്‍ സംരംഭകര്‍ ജനിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ശ്രീ സേഠാ സിംഗ് റാവത്ത് ‘ദര്‍ജി ഓണ്‍ലൈന്‍’ ഇ-സ്റ്റോര്‍ നടത്തുന്നു. എന്താണ് സംഭവമെന്ന് നിങ്ങള്‍ ചിന്തിക്കും, തയ്യല്ക്കാരന് ഓണ്‍ലൈനില്‍! യഥാര്‍ത്ഥത്തില്‍, സേഠാ സിംഗ് റാവത്ത് കോവിഡിന് മുമ്പ് തയ്യല്‍ ജോലി ചെയ്യാറുണ്ടായിരുന്നു.കോവിഡ് വന്നപ്പോള്‍ ശ്രീ റാവത്ത് ഈ വെല്ലുവിളി ഒരു ബുദ്ധിമുട്ടായിട്ടല്ല, മറിച്ച് ഒരു അവസരമായാണ് എടുത്തത്. അദ്ദേഹം ‘കോമണ്‍ സര്‍വീസ് സെന്ററില്‍’ അതായത് സി എസ് സി ഇ-സ്റ്റോറില്‍ ചേര്‍ന്നു, ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ വന്‍തോതില്‍ മാസ്കുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നത് അദ്ദേഹം കണ്ടു. അയാള്‍ കുറച്ച് സ്ത്രീകളെ ജോലിക്ക് നിയോഗിച്ച് മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇതിനുശേഷം അദ്ദേഹം ‘ദര്‍ജി ഓണ്‍ലൈന്‍’ എന്ന പേരില്‍ തന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു. അതില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ വില്ക്കാന് തുടങ്ങി. ഇന്ന്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയില്‍, ശ്രീ സേഠാ സിംഗിന്റെ പ്രവര്‍ത്തനം വളരെയധികം വര്‍ദ്ധിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നു. നൂറുകണക്കിന് സ്ത്രീകള്‍ക്ക് അദ്ദേഹം ഇവിടെ തൊഴില്‍ നല്‍കിയിട്ടുണ്ട്. യു പി യിലെ ഉന്നാവില്‍ താമസിക്കുന്ന ശ്രീ ഓംപ്രകാശ് സിംഗിനെ ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സംരംഭകനാക്കി. അദ്ദേഹം തന്റെ ഗ്രാമത്തില്‍ ആയിരത്തിലധികം ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ സ്ഥാപിച്ചു. ശ്രീ ഓംപ്രകാശ് തന്റെ കോമണ്‍ സര്‍വീസ് സെന്ററിന് ചുറ്റും ഒരു സൗജന്യ വൈഫൈ സോണും സൃഷ്ടിച്ചിട്ടുണ്ട്. അത് ആവശ്യക്കാര്‍ക്ക് വളരെയധികം സഹായകരമാണ്. ശ്രീ ഓംപ്രകാശിന്റെ ജോലിഭാരം വര്‍ധിച്ചതിനാല്‍ അദ്ദേഹം 20-ലധികം പേരെ ജോലിക്കെടുത്തു. ഇവര്‍ ഗ്രാമങ്ങളിലെ സ്കൂളുകള്‍, ആശുപത്രികള്‍, തഹസില്‍ദാര്‍ ഓഫീസുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന് നല്‍കുകയും അതിലൂടെ തൊഴില്‍ നേടുകയും ചെയ്യുന്നു. കോമണ്‍ സര്‍വീസ് സെന്റര്‍ പോലെ, ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍, അതായത് ജി ഇ എം പോര്‍ട്ടലില്‍ ഇത്തരം എത്ര വിജയഗാഥകള്‍ കാണുന്നു.
സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ നിന്ന് എനിക്ക് അത്തരം നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു, അത് ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എന്നോട് പങ്കിടുന്നു. നമ്മുടെ യുവസുഹൃത്തുക്കള്‍ പഠിക്കുകയും അറിവുനേടുകയും ചെയ്യുന്ന രീതിയെ ഇന്റര്‍നെറ്റ് മാറ്റിമറിച്ചു. ഉദാഹരണത്തിന്, യു പി.യിലെ ഗുഡിയ സിംഗ് ഉന്നാവിലെ അമോയ ഗ്രാമത്തിലുള്ള അവളുടെ ഭര്‍തൃഗൃഹത്തില്‍ വന്നപ്പോള്‍, അവള് തന്റെ പഠനത്തെക്കുറിച്ച് വിഷമിച്ചു. പക്ഷേ, ഭാരത് നെറ്റ് അവളുടെ ആശങ്ക പരിഹരിച്ചു. ഗുഡിയ ഇന്റര്‍നെറ്റിലൂടെ തന്റെ പഠനം തുടര്‍ന്നു. ബിരുദവും പൂര്‍ത്തിയാക്കി. ഗ്രാമ-ഗ്രാമങ്ങളിലെ അത്തരത്തിലുള്ള എത്രയോ ജീവിതങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്നിലൂടെ പുതിയ ശക്തി പ്രാപിക്കുന്നു. ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സംരംഭകരെ കുറിച്ച് നിങ്ങള്‍ക്ക് കഴിയുന്നത്ര എനിക്ക് എഴുതുകയും അവരുടെ വിജയഗാഥകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കുകയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള മന് കി ബാത്ത് ശ്രോതാവായ ശ്രീ രമേഷില്‍ നിന്ന് കുറച്ചുനാള്‍ മുന്‍പ് എനിക്ക് ഒരു കത്ത് ലഭിച്ചു. ശ്രീ രമേഷ് തന്റെ കത്തില്‍ പര്‍വതങ്ങളുടെ നിരവധി ഗുണങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വതങ്ങളിലെ വാസസ്ഥലങ്ങള്‍ വളരെ ദൂരെയായിരിക്കാം, എന്നാല്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം വളരെ അടുത്താണ് എന്ന് അദ്ദേഹം എഴുതി. തീര്‍ച്ചയായും, പര്‍വതങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതത്തില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാന്‍ കഴിയും. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ അകപ്പെട്ടില്ലെങ്കില്‍ നമുക്ക് അവയെ അനായാസം തരണം ചെയ്യാം, രണ്ടാമത്തേത്, പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് നമുക്ക് എങ്ങനെ സ്വയംപര്യാപ്തരാകാം എന്നതാണ്, മലനിരകളുടെ ജീവിതശൈലിയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ആടുത്ത പാഠം. ഞാന്‍ സൂചിപ്പിച്ച ആദ്യ പാഠം, അതിന്റെ മനോഹരമായ ഒരു ചിത്രം ഈ ദിവസങ്ങളില്‍ സ്പിതി മേഖലയില്‍ കാണുന്നു. സ്പിതി ഒരു ആദിവാസി മേഖലയാണ്. ഇവിടെ, ഈ ദിവസങ്ങളില്‍ പട്ടാണി പയര്‍ പറിക്കല്‍ നടക്കുന്നു. മലയോര ഫാമുകളില്‍ ഇത് ശ്രമകരവും ബുദ്ധിമുട്ടുള്ളതുമായ ജോലിയാണ്. എന്നാല്‍ ഇവിടെ, ഗ്രാമത്തിലെ സ്ത്രീകള്‍ ഒത്തുകൂടി, പരസ്പരം പറമ്പില്‍ നിന്ന് പയറ് പറിക്കുന്നു. ഈ ജോലിയ്ക്കൊപ്പം ‘ഛപ്രാ മാഝി ഛപ്രാ’ എന്ന പ്രാദേശിക ഗാനവും സ്ത്രീകള്‍ ആലപിക്കുന്നു. അതായത് ഇവിടെ പരസ്പര സഹകരണവും നാടോടി പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണം സ്പിതിയിലും കാണാം. സ്പിതിയില്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ ചാണകം ഉണക്കി ചാക്കില്‍ നിറയ്ക്കുന്നു. ശൈത്യകാലം വരുമ്പോള്‍, ഈ ചാക്കുകള്‍ പശു താമസിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നു, അതിനെ ഇവിടെ ഖൂദ് എന്ന് വിളിക്കുന്നു. മഞ്ഞുവീഴ്ചയ്ക്കിടയിലും ഈ ചാക്കുകള്‍ പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് സംരക്ഷണം നല്കുന്നു. മഞ്ഞുകാലം കഴിഞ്ഞാല്‍ ഈ ചാണകം വയലുകളില്‍ വളമായി ഉപയോഗിക്കുന്നു. അതായത്, മൃഗങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവയുടെ സംരക്ഷണം, കൂടാതെ വയലുകള്‍ക്ക് വളം. കൃഷിച്ചെലവും കുറവാണ്, പാടത്ത് വിളവും കൂടുതലാണ്. അതുകൊണ്ടാണ് ഈ പ്രദേശം ഇക്കാലത്ത് പ്രാകൃതിക കൃഷിക്ക് പ്രചോദനമാകുന്നത്.
സുഹൃത്തുക്കളേ, നമ്മുടെ മറ്റൊരു മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലും ഇത്തരം അഭിനന്ദനാര്‍ഹമായ നിരവധി ശ്രമങ്ങള്‍ കാണുന്നുണ്ട്. പലതരത്തിലുള്ള ഔഷധങ്ങളും സസ്യങ്ങളും ഉത്തരാഖണ്ഡില്‍ കാണപ്പെടുന്നു. അവ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അതിലൊന്നാണ് ബേഡു എന്ന ഫലം. ഹിമാലയന്‍ അത്തി എന്നും ഇത് അറിയപ്പെടുന്നു. ഈ പഴത്തില്‍, ധാതുക്കളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. ആളുകള്‍ ഇത് പഴമായി മാത്രമല്ല ഉപയോഗിക്കുന്നത്. പല രോഗങ്ങളുടെയും ചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഈ പഴത്തിന്റെ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇപ്പോള്‍ ബേഡു ജ്യൂസ്, ജാം, ചട്ണി, അച്ചാറുകള്‍, ഉണക്കിയെടുത്ത ഡ്രൈ ഫ്രൂട്ട്സ് എന്നിവ വിപണിയില്‍ എത്തിയിട്ടുണ്ട്. പിത്തോറഗഡ് ഭരണകൂടത്തിന്റെ മുന്‍കൈയും നാട്ടുകാരുടെ സഹകരണവും കൊണ്ട് വ്യത്യസ്ത രൂപങ്ങളില്‍ ബേഡുവിനെ വിപണിയിലെത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പഹാഡീ ഫിഗ് എന്ന പേരില്‍ ബേഡുവിനെ ഓണ്‍ലൈന്‍ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതുമൂലം കര്‍ഷകര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗം ലഭിച്ചുവെന്നു മാത്രമല്ല, ബേഡുവിന്റെ ഔഷധഗുണത്തിന്റെ ഖ്യാതി ദൂരവ്യാപകമായി എത്തിത്തുടങ്ങി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന് കി ബാത്തിന്റെ തുടക്കത്തില്‍ നാം സ്വാതന്ത്ര്യത്തിന്റെു അമൃത് മഹോത്സവത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്വാതന്ത്ര്യദിനം എന്ന മഹത്തായ ആഘോഷത്തോടൊപ്പം ഇനിയുമേറെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ വരാനിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഗണപതിയുടെ ആരാധനയുടെ ഉത്സവം ഗണേശ ചതുര്‍ത്ഥി ആണ്. ഗണപതി ചതുര്‍ത്ഥി, അതായത് ഗണപതി ബപ്പയുടെ അനുഗ്രഹത്തിന്റെ ഉത്സവം. ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ആഗസ്റ്റ് 30-നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിലും നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അര്‍ത്ഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവങ്ങള്‍ക്കൊപ്പം, നാളെ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന്, ദേശീയ കായിക ദിനമായും ആഘോഷിക്കും. നമ്മുടെ യുവ കളിക്കാര്‍ ആഗോള വേദികളില്‍ ത്രിവര്‍ണ്ണ പതാകയുടെ മഹത്വം ഉയര്‍ത്തുന്നത് തുടരട്ടെ, ഇത് ധ്യാന്‍ചന്ദ് ജിക്കുള്ള നമ്മുടെ ആദരാഞ്ജലിയാകും. നമുക്കെല്ലാവര്‍ക്കും രാജ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കാം. ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. അടുത്തമാസം, വീണ്ടും മന് കി ബാത്തിലൂടെ നിങ്ങളുമായി ഒത്തുചേരാം .
വളരെയധികം നന്ദി.
–ND–
Sharing this month's #MannKiBaat. Do tune in! https://t.co/3Tk3HItn4j
— Narendra Modi (@narendramodi) August 28, 2022
On the special occasion of Amrit Mahotsav and Independence Day, we have seen the collective might of the country. #MannKiBaat pic.twitter.com/pbJmkT4dKa
— PMO India (@PMOIndia) August 28, 2022
The celebration of Amrit Mahotsav were seen not only in India, but also in other countries of the world. #MannKiBaat pic.twitter.com/blq1kobV2m
— PMO India (@PMOIndia) August 28, 2022
PM @narendramodi urges everyone to watch 'Swaraj' serial on Doordarshan.
— PMO India (@PMOIndia) August 28, 2022
It is great initiative to acquaint the younger generation of the country with the efforts of unsung heroes who took part in the freedom movement. #MannKiBaat pic.twitter.com/3aaTxex3QZ
Construction of Amrit Sarovars has become a mass movement.
— PMO India (@PMOIndia) August 28, 2022
Commendable efforts can be seen across the country. #MannKiBaat pic.twitter.com/ERbFIMubhm
Efforts for social awareness play an important role in tackling the challenges of malnutrition.
— PMO India (@PMOIndia) August 28, 2022
I would urge all of you in the coming nutrition month, to take part in the efforts to eradicate malnutrition: PM during #MannKiBaat pic.twitter.com/UkJvqUlvQu
Today, millets are being categorised as a superfood.
— PMO India (@PMOIndia) August 28, 2022
A lot is being done to promote millets in the country.
Along with focusing on research and innovation related to this, FPOs are being encouraged, so that, production can be increased. #MannKiBaat pic.twitter.com/ASZ3X29oDW
Thanks to Digital India initiative, digital entrepreneurs are rising across the country. #MannKiBaat pic.twitter.com/JxFwmlD33C
— PMO India (@PMOIndia) August 28, 2022
Praiseworthy efforts from Himachal Pradesh and Uttarakhand. #MannKiBaat pic.twitter.com/UFjekFQeD7
— PMO India (@PMOIndia) August 28, 2022
Azadi Ka Amrit Mahotsav has captured the imagination of the nation and we saw a glimpse of this in the #HarGharTiranga movement. Let’s keep this momentum till August 2023! #MannKiBaat pic.twitter.com/a6U0T0Pmtr
— Narendra Modi (@narendramodi) August 28, 2022
India is witnessing an outstanding mass movement in the form of Amrit Sarovar. #MannKiBaat pic.twitter.com/vyktZTUIHA
— Narendra Modi (@narendramodi) August 28, 2022
In the series of festivals coming up, there’s one more which I want to draw your attention to…this one is aimed at eliminating malnutrition. #MannKiBaat pic.twitter.com/na1c24Eg1I
— Narendra Modi (@narendramodi) August 28, 2022
In less than 5 months we will mark the International Millet Year. As a large producer of millets, let’s make the Millet Year a resounding success! #MannKiBaat pic.twitter.com/bMlvvzkp76
— Narendra Modi (@narendramodi) August 28, 2022
Good news from Arunachal Pradesh and the rise of a tech powered India. #MannKiBaat pic.twitter.com/XRr6M7PU2u
— Narendra Modi (@narendramodi) August 28, 2022
There’s much to learn from our hill states. Here are inspiring anecdotes from Himachal Pradesh and Uttarakhand. #MannKiBaat pic.twitter.com/D1b3Qfw5i6
— Narendra Modi (@narendramodi) August 28, 2022