എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
ഇന്ന് നാം വീണ്ടും മന് കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്ക്ക് ജന്മം നല്കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന് കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.
എന്റെ പ്രിയ ദേശവാസികളേ, സീതാപുരത്തിലെ ഓജസ്വി എനിക്ക് എഴുതിയിരിക്കുന്നു, അമൃതമഹോത്സവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന്. അവര്‍ കൂട്ടുകാരുമൊത്ത് മന് കീ ബാത്ത് കേള്‍ക്കുന്നു – സ്വാതന്ത്ര്യസമരത്തെ കുറിച്ച് അറിയാനും പഠിക്കാനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. സുഹൃത്തുക്കളേ, അമൃതമഹോത്സവം, അറിവു നേടുന്നതിനൊപ്പം രാഷ്ട്രത്തിനുതകുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രേരണയും നല്കുന്നു. മാത്രവുമല്ല, സാധാരണ ജനങ്ങള്‍ തൊട്ട് സര്‍ക്കാര്‍ വരെയും, പഞ്ചായത്ത് തൊട്ട് പാര്‍ലമെന്റ് വരെയും അമൃതമഹോത്സവത്തിന്റെ മഹത്വം മുഴങ്ങുന്നു. നിരന്തരം ഈ മഹോത്സവവുമായി ബന്ധപ്പെട്ട കാര്യപരിപാടികളുടെ പരമ്പര തന്നെ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെയുള്ള ഒരു രസകരമായ പരിപാടി കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നു. ‘സ്വാതന്ത്ര്യത്തിന്റെ കഥ കുട്ടികളുടെ നാവിലൂടെ’ എന്ന പരിപാടിയില്‍ കുട്ടികള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കഥകള്‍ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിച്ചു. വിശേഷപ്പെട്ട കാര്യമെന്തെന്നാല്‍ ഇതില്‍ ഭാരതത്തോടൊപ്പം നേപ്പാള്‍, മൗറീഷ്യസ്, ടാന്‍സാനിയ, ന്യൂസിലാന്റ്, ഫിജി എന്നീ രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു എന്നതാണ്. ഒ എന്‍ ജി സിയും കുറച്ചു വ്യത്യസ്തമായ രീതിയില്‍ അമൃതമഹോത്സവം ആഘോഷിക്കുന്നുണ്ട്. ഈ സമയത്ത് ഒ എന്‍ ജി സി എണ്ണപ്പാടങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനയാത്ര സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ യാത്രയില്‍ ചെറുപ്പക്കാര്‍ക്ക് ഒ എന്‍ ജി സി ഓയില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സിനെ കുറിച്ച് അറിവു പകര്‍ന്നു നല്കുന്നു. ഇതിന്റെ ഉദ്ദേശ്യം നമ്മുടെ മിടുക്കന്മാരായ എഞ്ചിനീയര്‍മാര്‍ക്ക് രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉന്മേഷത്തോടും ഉത്സാഹത്തോടും പങ്കെടുക്കാന്‍ കഴിയും എന്നതാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ ഗോത്രവംശ സമുദായം വഹിച്ച പങ്കിനെ മുന്‍നിര്‍ത്തി രാഷ്ട്രം ‘ജനജാതീയ ഗൗരവ സപ്താഹവും’ ആഘോഷിച്ചു. രാജ്യത്തിന്റെ പല പല ഭാഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട പല കാര്യപരിപാടികളും നടത്തപ്പെട്ടു. ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപസമൂഹത്തിലെ ജാര്‍വാ, ഓംഗേ തുടങ്ങിയ സമുദായത്തിലെ ആളുകള്‍ അവരുടെ സംസ്കാരം ജീവസ്സുറ്റ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഒരു അത്ഭുതകരമായ കാര്യം ഹിമാചല്‍പ്രദേശിലെ ഊനായിലെ മിനിയേച്ചര്‍ റൈറ്ററായ രാംകുമാര്‍ ജോഷിയും അവതരിപ്പിച്ചു. അദ്ദേഹം തപാല്‍ സ്റ്റാമ്പുകളില്‍, അതായത് ഇത്രയും ചെറിയ തപാല്‍ സ്റ്റാമ്പില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെയും മുന്‍ പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും മനോഹരമായ സ്കെച്ച് ഉണ്ടാക്കി. ഹിന്ദിയിലെഴുതിയ ‘രാമ’പദത്തില്‍ അദ്ദേഹം സ്കെച്ച് തയ്യാറാക്കി. അതില്‍ സംക്ഷിപ്ത രൂപത്തില്‍ രണ്ടു മഹാപുരുഷന്മാരുടെയും ജീവചരിത്രം ചിത്രീകരിച്ചു. മധ്യപ്രദേശിലെ ‘കഠ്നി’യില്‍ നിന്നും കുറച്ചു സുഹൃത്തുക്കള്‍ ഒരു സ്മരണീയമായ കഥാവൃത്താന്ത പരിപാടിയെ കുറിച്ചുള്ള അറിവു നല്‍കിയിട്ടുണ്ട്. ഇതില്‍ റാണി ദുര്‍ഗ്ഗാവതിയുടെ അദമ്യമായ സാഹസത്തിന്റെയും ബലിദാനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കിയിട്ടുണ്ട്. അപ്രകാരം ഒരു പരിപാടി കാശിയിലും നടന്നു. ഗോസ്വാമി തുളസീദാസ്, സന്ത് കബീര്‍, സന്ത് രവിദാസ്, ഭാരതേന്ദു ഹരിശ്ചന്ദ്ര്, മുന്‍ഷി പ്രേംചന്ദ്, ജയശങ്കര്‍ പ്രസാദ് തുടങ്ങിയ മഹാ വിഭൂതികളെ ആദരിക്കുന്നതിനായി മൂന്നുദിവസത്തെ മഹോത്സവം നടത്തുകയുണ്ടായി. ഓരോരോ കാലഘട്ടത്തിലായി രാജ്യത്തിലെ ജനങ്ങളുടെ നവോത്ഥാനത്തില്‍ ഇവരെല്ലാം വളരെ വലിയ പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും മന് കി ബാത്തിലെ കഴിഞ്ഞ ഭാഗത്തില്‍ ഞാന്‍ മൂന്നു മത്സരങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ദേശഭക്തിഗാനം എഴുതുക, ദേശഭക്തിയുമായി ബന്ധപ്പെട്ട, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ രംഗോലി-വര്‍ണ്ണചിത്രം-തയ്യാറാക്കുക, നമ്മുടെ കുട്ടികളുടെ മനസ്സില്‍ മഹത്തായ ഭാരതത്തിന്റെ സ്വപ്നങ്ങളുണര്‍ത്തുന്ന താരാട്ട് പാട്ട് എഴുതിയുണ്ടാക്കുക, ഈ മത്സരങ്ങള്‍ക്കായുള്ള എന്‍ട്രികള്‍ നിങ്ങള്‍ ഇതിനകം അയച്ചിരിക്കുമെന്നും അതിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുമെന്നും തങ്ങളുടെ സുഹൃത്തുക്കളുമായി ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഹിന്ദുസ്ഥാനിന്റെ ഓരോ മുക്കിലും മൂലയിലും ഈ പരിപാടിയെ കുറിച്ച് നിങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കട്ടെ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ ചര്‍ച്ചയില്‍ നിന്നും ഞാന്‍ നിങ്ങളെ നേരെ വൃന്ദാവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ. ഭഗവാന്റെ സ്നേഹത്തിന്റെ പ്രത്യക്ഷ സ്വരൂപമാണ് വൃന്ദാവനമെന്നു പറയപ്പെടുന്നു. നമ്മുടെ മഹാത്മാക്കളും പറഞ്ഞിട്ടുണ്ട്, ‘യഹ് ആസാ ധരി ചിത്ത്മേം, യഹ് ആസാ ധരി ചിത്ത്മേം, കഹത്ത് ജഥാ മതിമോര്, വൃന്ദാവന്‍ സുഖരംഗ് കൗ, വൃന്ദാവന്‍ സുഖ് കാഹു ന പായതു ഔര്‍.’ – അതായത്, വൃന്ദാവനത്തിന്റെ മഹത്വത്തെ കുറിച്ച് നാമെല്ലാം അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് പറയാറുണ്ട്. പക്ഷേ, വൃന്ദാവനത്തിന്റെ സുഖം, അവിടത്തെ രസം, നമുക്ക് അനുഭവവേദ്യമാകുന്നില്ല. അത് സീമാതീതമാണ് . അതുകൊണ്ടാണല്ലോ ലോകമാകെയുള്ള ജനങ്ങളെ വൃന്ദാവനം തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിലും അതിന്റെ മുദ്ര കാണാന്‍ സാധിക്കും.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഒരു പട്ടണമുണ്ട് – പെര്‍ത്ത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമാണ് ഈ സ്ഥലം. കാരണം, പെര്‍ത്തില്‍ മിക്കവാറും ക്രിക്കറ്റ് മാച്ചുകള്‍ നടക്കാറുണ്ട്. പെര്‍ത്തില്‍ സേക്രഡ് ഇന്ത്യന്‍ ഗാലറി എന്ന പേരില്‍ ഒരു ആര്‍ട്ട് ഗാലറിയുണ്ട്. സ്വാന്‍വാലി എന്ന അതിമനോഹരമായ പ്രദേശത്താണ് ഈ ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ ജഗത് താരിണി ദാസിജിയുടെ പരിശ്രമഫലമായാണ് ഇതുണ്ടായത്. ജഗത് താരിണി ജി ഓസ്ട്രേലിയക്കാരിയാണ്. ജനിച്ചതും വളര്‍ന്നതും അവിടെത്തന്നെ. പക്ഷേ, 13 വര്‍ഷത്തിലേറെക്കാലം അവര്‍ വൃന്ദാവനത്തില്‍ വന്ന് ജീവിച്ചു. അവര്‍ ഓസ്ട്രേലിയയില്‍ മടങ്ങിയെത്തി. പക്ഷേ, അവര്‍ക്ക് വൃന്ദാവനത്തെ മറക്കാനാവുന്നില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ വൃന്ദാവനവും അവിടത്തെ ആദ്ധ്യാത്മിക ഭാവവുമായുള്ള ബന്ധം നിലനിര്‍ത്തുവാനായി അവര്‍ ഓസ്ട്രേലിയയില്‍ വൃന്ദാവനം നിര്‍മ്മിച്ചു. തന്റെ കലയെ തന്നെ മാധ്യമമാക്കി അവര്‍ ഒരു അത്ഭുത വൃന്ദാവനം സൃഷ്ടിച്ചു. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള കലാകൃതികളും കാണാനുള്ള അവസരം ലഭിക്കുന്നു. അവര്‍ക്ക് ഭാരതത്തിന്റെ ഏറ്റവും പ്രസിദ്ധങ്ങളായ തീര്‍ത്ഥസ്ഥലങ്ങള്‍ വൃന്ദാവനത്തിലെയും നവാദ്വീപിലെയും ജഗന്നാഥപുരിയിലെയും പാരമ്പര്യവും സംസ്കൃതിയുടെ ദൃശ്യങ്ങളും ഇവിടെ കാണാന്‍ സാധിക്കുന്നു. കൃഷ്ണഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധയിനം കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു കലാരൂപത്തില്‍ കൃഷ്ണ ഭഗവാന് തന്റെ ചെറുവിരലില്‍ ഗോവര്‍ധന പര്‍വ്വതത്തെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. അതിനടിയില്‍ വൃന്ദാവനത്തിലെ ജനങ്ങള്‍ അഭയം തേടിയിരിക്കുന്നു. ജഗത് താരിണി ജിയുടെ ഈ അത്ഭുതകരമായ കലാവിരുത് കൃഷ്ണഭക്തിയുടെ ശക്തി വിളിച്ചോതുന്നതാണ്. ഈ മഹത്തായ കാര്യത്തിന് ഞാന്‍ അവര്‍ക്ക് അനേകമനേകം ശുഭാശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പണികഴിപ്പിച്ചിട്ടുള്ള വൃന്ദാവനത്തെ കുറിച്ചാണ് നിങ്ങളോട് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. മറ്റൊരു രസകരമായ ചരിത്രം കൂടിയുണ്ട്. ഓസ്ട്രേലിയയുമായുള്ള മറ്റൊരു ബന്ധം ബുന്ദേല്‍ഖണ്ഡിലെ ഝാന്‍സി യുമായുള്ളതാണ്. ഝാന്‍സിയിലെ റാണി ലക്ഷ്മി ബായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി നിയമയുദ്ധം നടത്തിയ കാലത്ത്, അവരുടെ വക്കീല്‍ ജോണ്‍ ലാംഗ് ഓസ്ട്രേലിയന്‍ നിവാസിയായിരുന്നു. ഭാരതത്തില്‍ താമസിച്ചു കൊണ്ടാണ് അദ്ദേഹം റാണി ലക്ഷ്മി ബായിയുടെ കേസ് വാദിച്ചത്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സിയും ബുന്ദേല്‍ഖണ്ഡും വഹിച്ചിട്ടുള്ള പങ്ക് നമുക്കെല്ലാം അറിവുള്ളതാണല്ലോ. റാണി ലക്ഷ്മി ബായ്, ഝല്‍ക്കാരി ബായി തുടങ്ങിയ വീരാംഗനകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മേജര്‍ ധ്യാന്‍ചന്ദിനെ പോലുള്ള ‘ഖേല്‍രത്ന’യെയും ഈ പ്രദേശം നാടിനു സംഭാവന ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ, വീരത യുദ്ധക്കളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതാണ് എന്ന് നിര്‍ബന്ധമില്ല. വീരത ഒരു വ്രതമായി മാറുമ്പോള്‍ അത് വിശാലമാകുന്നു. ഓരോ മേഖലയിലും അനേകം കാര്യങ്ങള്‍ സാധ്യമാകുന്നു. അങ്ങനെയൊരു ധീരതയെ കുറിച്ച് ശ്രീമതി ജോത്സ്ന ദേവി എനിക്ക് ഒരു കത്ത് എഴുതിയിട്ടുണ്ട്. ജാലൗണില് ഒരു പരമ്പരാഗത നദിയുണ്ടായിരുന്നു. ‘നൂന് നദി’. ഇവിടത്തെ കര്‍ഷകരുടെ ജലത്തിന്റെ പ്രമുഖ സ്രോതസ്സായിരുന്നു നുന് നദി. എന്നാല്‍ ക്രമേണ നൂന് നദി നാശത്തിന്റെ വക്കിലെത്തി. അല്പമാത്രമായ അതിന്റെ അസ്തിത്വം ഒരു തോട് ആയി മാറി. അതോടെ കൃഷിക്കാരുടെ മുന്നില്‍ ജലസേചനത്തിന് പ്രശ്നവും ഉടലെടുത്തു. ജാലൗണിലെ ജനങ്ങൾ ഈ ദുഃസ്ഥിതിയെ മാറ്റിമറിക്കാനുള്ള ചുമതല ഏറ്റെടുത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ അതിനായി ഒരു കമ്മറ്റി രൂപീകരിച്ചു. ആയിരക്കണക്കിന് ഗ്രാമീണരും പ്രദേശവാസികളും സോത്സാഹം ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. ഇവിടത്തെ പഞ്ചായത്തുകളും ഗ്രാമീണരോടൊപ്പം ചേര്‍ന്ന് പരിശ്രമിച്ചു. ഇപ്പോള്‍ ഇത്രയും കുറച്ചു സമയത്തിനുള്ളില്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ നദി പുനര്‍ജീവനം നേടി. എത്രയെത്ര കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. യുദ്ധക്കളത്തിനു പുറത്തുള്ള വീരതാ പ്രദര്‍ശനത്തിന്റെ ഈ ഉദാഹരണം നമ്മുടെ ദേശവാസികളുടെ ദൃഢനിശ്ചയത്തെയാണ് സൂചിപ്പിക്കുന്നത്. നാം ഏതെങ്കിലും ഒരു കാര്യം നിശ്ചയിച്ചുറച്ചാല്‍ അസംഭവ്യമായി ഒന്നും തന്നെയില്ലെന്നും അത് മനസ്സിലാക്കിത്തരുന്നു. അതാണ് ഞാന്‍ പറഞ്ഞു വരുന്നത്, കൂട്ടായ പരിശ്രമം കൂട്ടായ പ്രയത്നം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാം പ്രകൃതിയെ സംരക്ഷിച്ചാല്‍ പകരം പ്രകൃതി നമ്മെയും സംരക്ഷിക്കും. സുരക്ഷയും നല്‍കും. സ്വന്തം ജീവിതത്തില്‍ തന്നെ ഇത് നാം അനുഭവിച്ചറിയുന്നു. തമിഴ്നാട്ടിലെ ആള്ക്കാര് അപ്രകാരം ഒരു ഉദാഹരണം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലേതാണ് ഈ ഉദാഹരണം. തീരപ്രദേശങ്ങളില്‍ പലപ്പോഴും ഭൂമി വെള്ളത്തിനടിയിലാകുന്നതിന്റെ വിപത്ത് നമുക്ക് അറിയാം. തൂത്തുക്കുടിയിലെ പല ചെറിയ ദ്വീപുകളും തുരുത്തുകളും വെള്ളത്തില്‍ മുങ്ങുന്നതിന്റെ ഭീഷണി നേരിടുകയായിരുന്നു. ഇവിടത്തെ ആളുകളും, വിദഗ്ദ്ധരും അതില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗം പ്രകൃതിയില്‍ തന്നെ അന്വേഷിച്ചു. ഇവിടുത്തെ ആള്ക്കാര് തുരുത്തുകളില്‍ പാല്‍മേര വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചു. ഈ വൃക്ഷങ്ങള്‍ ചുഴലിക്കാറ്റിനെയും കൊടുങ്കാറ്റിനെയും അതിജീവിക്കുകയും ഭൂമിക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അങ്ങനെ ഈ പ്രദേശത്തെ രക്ഷിക്കാമെന്നുള്ള വിശ്വാസത്തിന് ഒരു പുതിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്.
സുഹൃത്തുക്കളേ, പ്രകൃതിയില്‍ നിന്നു നമുക്ക് അപകടം ഉണ്ടാകുന്നത് നമ്മള് പ്രകൃതിയുടെ സന്തുലനത്തിന് പ്രശ്നമുണ്ടാക്കുമ്പോഴാണ്. അല്ലെങ്കില്‍ അതിന്റെ പവിത്രത നഷ്ടപ്പെടുത്തുമ്പോഴാണ്. പ്രകൃതി അമ്മയെപ്പോലെ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ലോകത്തിനു പുതിയ പുതിയ നിറം പകരുകയും ചെയ്യുന്നു. ഞാന്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മേഘാലയയിലെ ഒരു ഫ്ളൈയിംഗ് ബോട്ടിന്റെ ചിത്രം വളരെ വൈറലായിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ നോട്ടത്തില്‍ തന്നെ ഈ ചിത്രം നമ്മെ ആകര്‍ഷിക്കുന്നു. നിങ്ങളില്‍ത്തന്നെ പലരും ഓണ്‍ലൈനില്‍ ഈ ചിത്രം കണ്ടുകാണും. വായുവില്‍ നീന്തിത്തുടിക്കുന്ന ഈ വള്ളത്തെ വളരെ അടുത്തു ചെന്നു ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും ഇത് നദിയിലെ ജലത്തിലാണ് സഞ്ചരിക്കുന്നതെന്ന്. നദിയുടെ അടിത്തട്ടുവരെ കാണുന്ന തരത്തില്‍ ജലം ഇത്രയധികം നിര്‍മ്മലമായതിനാല്‍ നമുക്ക് വള്ളം വായുവില്‍ സഞ്ചരിക്കുകയാണെന്നും തോന്നിപ്പോകും. നമ്മുടെ രാജ്യത്തില്‍ അനേകം സംസ്ഥാനങ്ങളുണ്ട്, അനേകം പ്രദേശങ്ങളുണ്ട്. അവിടത്തെ ജനങ്ങള്‍ തങ്ങളുടെ പ്രാകൃതിക സമ്പത്തിന്റെ നിറങ്ങളെയെല്ലാം സംരക്ഷിച്ചു സൂക്ഷിക്കുന്നു. ഈ ആളുകള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവിതശൈലിയെ ഇന്നും നിലനിര്‍ത്തുന്നു. ഇവര്‍ നമുക്കെല്ലാം പ്രേരണയാണ്. നമ്മുടെ ചുറ്റുപാടും എന്തെല്ലാം പ്രകൃതി വിഭവങ്ങളുണ്ടോ, അവയെയെല്ലാം നാം സംരക്ഷിക്കുക. അവയുടെ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. ഇതിലാണ് നമ്മുടെയും ലോകത്തിന്റെയും നിലനില്‍പ്പ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടാക്കുന്നു, ബജറ്റ് ചിലവുകള്‍ നടത്തുന്നു, പദ്ധതികളെല്ലാം യഥാസമയം പൂര്‍ത്തീകരിക്കുന്നു എന്നുള്ളപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നു, എല്ലാം ശരിയായി നടക്കുന്നുണ്ടെന്ന്. പക്ഷേ, സര്‍ക്കാരിന്റെ അനേക കാര്യങ്ങളില്‍ വികസനത്തിന്റെ അനേകം പദ്ധതികളുടെ ഇടയില്‍ മാനവീയ ഭാവനകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും ഒരു പ്രത്യേക സുഖം തരുന്നതാണ്. സര്‍ക്കാരിന്റെ പരിശ്രമത്തിലൂടെ, സര്‍ക്കാരിന്റെ പദ്ധതിയിലൂടെ എങ്ങനെയാണ് ഏതെങ്കിലും ജീവിതം മാറുന്നതെന്നും ആ മാറിയ ജീവിതത്തിന്റെ അനുഭവം എന്താണെന്നും നാം കേള്‍ക്കുമ്പോള്‍ നമ്മളുടെ മനസ്സും ഭാവനകളാല്‍ നിറയുന്നു. ഇത് മനസ്സിന് സന്തോഷവും നല്കുന്നു. ആ പദ്ധതികളെ ജനങ്ങള്‍ക്ക് എത്തിക്കാനുള്ള പ്രേരണയും തരുന്നു. ഇത് ഒരുതരത്തില്‍ ‘സ്വാന്തസുഖായ’ തന്നെയല്ലേ. അതുകൊണ്ട് ഇന്നത്തെ മന് കീ ബാത്തില്‍ സ്വന്തം സാമര്‍ത്ഥ്യം കൊണ്ട് പുതുജീവിതം കെട്ടിപ്പടുത്ത രണ്ടു വ്യക്തികള്‍ ചേരുന്നു. ഇവര്‍ ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതിയുടെ സഹായത്തോടെ ചികിത്സ തേടുകയും ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇതില്‍ ആദ്യത്തെയാള്‍ രാജേഷ് കുമാര്‍ പ്രജാപതിയാണ്. അദ്ദേഹത്തിന് ഹൃദ്രോഗമായിരുന്നു. വരൂ, നമുക്ക് ശ്രീ രാജേഷുമായി സംവദിക്കാം.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, നമസ്തേ.
രാജേഷ് പ്രജാപതി: നമസ്തേ സര് നമസ്തേ.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, എന്തായിരുന്നു നിങ്ങളുടെ രോഗം? പിന്നീട് നിങ്ങള്‍ ഏതെങ്കിലും ഡോക്ടറുടെ അടുത്ത് പോയിക്കാണും. എന്തെല്ലാം സംഭവിച്ചു പിന്നീട്?
രാജേഷ് പ്രജാപതി: സര്, എനിക്ക് ഹൃദയത്തിനാണ് പ്രശ്നമുണ്ടായിരുന്നത്. എനിക്ക് നെഞ്ചില്‍ കത്തല് അനുഭവപ്പെട്ടു. പിന്നീട് ഞാന്‍ ഡോക്ടറെ കാണിച്ചു. അദ്ദേഹം ആദ്യം പറഞ്ഞത് അസിഡിറ്റി ആയിരിക്കുമെന്നാണ്. ശേഷം ഞാന്‍ ഒരുപാട് നാള് അസിഡിറ്റിയുടെ മരുന്നുകള്‍ കഴിച്ചു. പക്ഷേ, അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകാത്തതിനാല് ഡോക്ടര്‍ കപൂറിനെ കാണിച്ചു. അദ്ദേഹം പറഞ്ഞു, നിങ്ങളുടെ രോഗം ഒരു ആന്‍ജിയോഗ്രാഫിയിലൂടെ മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം എന്നെ ശ്രീ രാമമൂര്‍ത്തിക്ക് റെഫര്‍ ചെയ്തു. പിന്നീട് അമരേശ് അഗര്‍വാളിനെ കണ്ടു. അദ്ദേഹം എന്റെ ആന്‍ജിയോഗ്രാഫി എടുത്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ക്ക് ബ്ലോക്കുകളുണ്ട്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു, സര്, അതിനെത്ര ചെലവു വരും. അദ്ദേഹം പറഞ്ഞു, കാര്‍ഡ് ഉണ്ട് പി എമ്മിന്റെ. ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടല്ലോ. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, സര്, കാര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്. അതോടെ അദ്ദേഹം എന്റെ കാര്‍ഡ് വാങ്ങുകയും എന്റെ എല്ലാ ചികിത്സയും ആ കാര്‍ഡ് മുഖേന ചെയ്യുകയും ചെയ്തു. സര്, താങ്കളുടെ ആ കാര്‍ഡ് ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വളരെ ഉപയോഗപ്രദമാണ്, സൗകര്യപ്രദവും. ഞാന്‍ അങ്ങയോട് എങ്ങനെ നന്ദി പറയാനാണ്.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, താങ്കള്‍ എന്തുചെയ്യുന്നു?
രാജേഷ് പ്രജാപതി: സര്, ഇപ്പോള്‍ ഞാന്‍ പ്രൈവറ്റായി ജോലി ചെയ്യുന്നു.
പ്രധാനമന്ത്രി: താങ്കളുടെ പ്രായം?
രാജേഷ് പ്രജാപതി: സര്, 49 വയസ്സ്
പ്രധാനമന്ത്രി: ഈ ചെറുപ്രായത്തില്‍ താങ്കള്‍ക്ക് ഹൃദയത്തിന് തകരാറോ?
രാജേഷ് പ്രജാപതി: അതേ സര്, എന്തുപറയാനാ.
പ്രധാനമന്ത്രി: താങ്കളുടെ കുടുംബത്തില്‍ അച്ഛനോ, അമ്മയ്ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇപ്രകാരം രോഗമുണ്ടായിരുന്നോ?
രാജേഷ് പ്രജാപതി: ഇല്ല സര്. ആര്‍ക്കും ഉണ്ടായിരുന്നില്ല. എനിക്കു തന്നെയാണു ആദ്യം ഉണ്ടായത്.
പ്രധാനമന്ത്രി: ഈ ആയുഷ്മാന്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ നല്കുന്ന ഈ കാര്‍ഡ് പാവപ്പെട്ടവര്‍ക്കായുള്ള വലിയൊരു പദ്ധതിയാണ്. ഇതിനെക്കുറിച്ചുള്ള വിവരം താങ്കള്‍ക്ക് എവിടെനിന്നു ലഭിച്ചു?
രാജേഷ് പ്രജാപതി: സര്, ഇതൊരു വലിയ പദ്ധതിയല്ലേ. ഇതിന്റെ വലിയ പ്രയോജനം പാവപ്പെട്ടവര്‍ക്കു ലഭിക്കുന്നു. വളരെ സന്തോഷമുള്ള കാര്യമാണ് സര്. ഈ കാര്‍ഡ് കൊണ്ട് എത്ര പേര്‍ക്കാണ് പ്രയോജനം കിട്ടുന്നത് എന്നുള്ളത് ആശുപത്രിയില്‍ വച്ചുതന്നെ ബോദ്ധ്യമായി. ഡോക്ടറോട് എന്റെ പക്കല്‍ കാര്‍ഡ് ഉണ്ടെന്നു പറയുമ്പോള്‍ ഡോക്ടര്‍ പറയുന്നു, ശരി ആ കാര്‍ഡുമായി വരൂ. ആ കാര്‍ഡു വഴി താങ്കളെ ചികിത്സിക്കാം.
പ്രധാനമന്ത്രി: ശരി, കാര്‍ഡ് ഇല്ലാതിരുന്നെങ്കില്‍ താങ്കള്‍ക്ക് എത്ര ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്?
രാജേഷ് പ്രജാപതി: ഡോക്ടര്സാര് പറഞ്ഞു ഇതിന് വളരെ വലിയ ചെലവ് വരും, കാര്‍ഡില്ലെങ്കില്‍ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, സര് എന്റെ പക്കല്‍ കാര്‍ഡുണ്ട്. കാര്‍ഡ് കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍ തന്നെ കാര്‍ഡ് കാണിച്ചു. ആ കാര്‍ഡ് കൊണ്ടുതന്നെ എന്റെ ചികിത്സ മുഴുവനും ചെയ്തു. എന്റെ കൈയില്‍ നിന്നും ഒരു പൈസയും ചെലവായില്ല. എല്ലാ മരുന്നുകളും ആ കാര്‍ഡ് വഴി തന്നെ കിട്ടി.
പ്രധാനമന്ത്രി: താങ്കള്‍ക്ക് തൃപ്തിയായി അല്ലേ? സന്തോഷവും ആരോഗ്യവും കിട്ടിയല്ലോ.
രാജേഷ് പ്രജാപതി: വളരെ വളരെ നന്ദി സര്. അങ്ങ് ദീര്‍ഘായുസ്സോടെയിരിക്കട്ടെ. നീണാള്‍ ഭരണത്തില്‍ തുടരട്ടെ. ഞങ്ങളുടെ കുടുംബാംഗങ്ങളും സന്തുഷ്ടരാണ്. അങ്ങയോട് എന്തു പറയാനാണ്.
പ്രധാനമന്ത്രി: ശ്രീ രാജേഷ്, താങ്കള്‍ എനിക്ക് അധികാരത്തില്‍ തുടരാനുള്ള ശുഭാശംസകള്‍ നേരണ്ട. ഞാന്‍ ഇന്നും അധികാരഭാവത്തിലല്ല. ഭാവിയിലും അപ്രകാരം തന്നെ. ഞാന്‍ സേവനനിരതനാകാനാണ് ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ പദവി, ഈ പ്രധാനമന്ത്രി പദം തുടങ്ങിയ എല്ലാ കാര്യങ്ങളും അധികാരത്തിനല്ല, സേവനത്തിനുള്ളതാണ്.
രാജേഷ് പ്രജാപതി: ഞങ്ങള്‍ക്കും സേവനമാണല്ലോ വേണ്ടത്.
പ്രധാനമന്ത്രി: പാവങ്ങള്‍ക്കു വേണ്ടിയുള്ള ഈ ആയുഷ്മാന്‍ ഭാരത് പദ്ധതി വളരെ പ്രയോജനപ്രദമാണ്.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും. ഇത് വളരെ പ്രയോജനം തരുന്നതാണ്.
പ്രധാനമന്ത്രി: എന്നാല്‍ ശ്രീ രാജേഷ്, താങ്കള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം ചെയ്തു തരണം. ചെയ്യുമോ?
രാജേഷ് പ്രജാപതി: തീര്‍ച്ചയായും ചെയ്യാം സര്.
പ്രധാനമന്ത്രി: വാസ്തവത്തില്‍ ജനങ്ങള്‍ ഈ പദ്ധതിയെ കുറിച്ച് അജ്ഞരാണ്. അതുകൊണ്ട് നിങ്ങളുടെ ചുറ്റുപാടുമുള്ള നിര്‍ദ്ധനരായ കുടുംബങ്ങളെ ഈ പദ്ധതികൊണ്ട് താങ്കള്‍ക്ക് എന്തു സഹായം കിട്ടി എന്ന് അറിയിക്കേണ്ട കര്‍ത്തവ്യം നിര്‍വ്വഹിക്കൂ.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും സര്.
പ്രധാനമന്ത്രി: താങ്കള്‍ അവരോട് ഇതിന്റെ കാര്‍ഡ് എടുക്കുവാന്‍ പറഞ്ഞുകൊടുക്കൂ. കുടുംബത്തിന് എപ്പോഴാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് എന്ന് അറിയില്ലല്ലോ. പാവങ്ങള്‍ മരുന്നില്ലാതെ ബുദ്ധിമുട്ടാന്‍ പാടില്ലല്ലോ. പണമില്ലാത്തതിനാല്‍ രോഗത്തിന് ചികിത്സ നടത്താന്‍ പറ്റാതെ വരുന്നത് വളരെ വിഷമമുള്ള കാര്യമാണ്. താങ്കള്‍ക്ക് ഹൃദ്രോഗം വന്നപ്പോള്‍ താങ്കള്‍ക്ക് എത്ര മാസങ്ങള്‍ പണിയെടുക്കാന്‍ പറ്റാതെ വന്നു. അപ്പോള്‍ പിന്നെ പാവങ്ങളുടെ കാര്യം പറയണോ.
രാജേഷ് പ്രജാപതി: എനിക്ക് ആ സമയത്തൊക്കെ പത്തടി വെയ്ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു സര്.
പ്രധാനമന്ത്രി: അപ്പോള്‍ ശ്രീ രാജേഷ്, താങ്കള്‍ എന്റെ ഒരു നല്ല സുഹൃത്തായി നിര്‍ദ്ധനര്‍ക്ക് ആയുഷ്മാന്‍ പദ്ധതിയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൂ. അങ്ങനെ രോഗികളെ സഹായിക്കൂ. അപ്പോള്‍ നോക്കൂ, താങ്കള്‍ക്കും സന്തോഷമുണ്ടാകും, എനിക്കും സന്തോഷമുണ്ടാകും. ഒരു രാജേഷിന്റെ രോഗം ഭേദമായി. മാത്രമല്ല, ആ രാജേഷ് നൂറുകണക്കിന് ആളുകളുടെ രോഗങ്ങളും ഭേദമാക്കി. ഈ ആയുഷ്മാന്‍ പദ്ധതി പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും ഉള്ള പദ്ധതിയാണ്. ഓരോ വീട്ടിലും ഇക്കാര്യം എത്തിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കൂ.
രാജേഷ് പ്രജാപതി: തീര്‍ച്ചയായും സര്. ഞാന്‍ ആശുപത്രിയില്‍ കിടന്ന മൂന്നു ദിവസവും നിര്‍ദ്ധനരായ അനേകം രോഗികളെ കണ്ടിരുന്നു. അവരോടൊക്കെ ഈ പദ്ധതിയുടെ ഗുണങ്ങള്‍ പറഞ്ഞുകൊടുക്കുകയും ഈ കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യമായി ചികിത്സ ലഭിക്കുമെന്ന് മനസ്സിലാക്കിക്കുകയും ചെയ്തു.
പ്രധാനമന്ത്രി: ശരി ശ്രീ രാജേഷ്. താങ്കള്‍ ആരോഗ്യം സൂക്ഷിക്കൂ. ശരീരം ശ്രദ്ധിക്കൂ. മക്കളെ പരിപാലിക്കൂ. ജീവിതം നന്നായി മുന്നോട്ടു പോകട്ടെ. എന്റെ എല്ലാ ആശംസകളും.
സുഹൃത്തുക്കളേ, നമ്മള് ശ്രീ രാജേഷിന്റെ വാക്കുകള്‍ കേട്ടു. ഇപ്പോള്‍ നമ്മോടൊപ്പം ശ്രീമതി സുഖ്ദേവി ചേര്‍ന്നിട്ടുണ്ട്. മുട്ടിന്റെ പ്രശ്നം അവരെ വല്ലാതെ അലട്ടിയിരുന്നു. വരൂ, നമുക്ക് ആദ്യം ശ്രീമതി സുഖ്ദേവിയുടെ വിഷമങ്ങള്‍ കേള്‍ക്കാം. പിന്നീട് അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും അറിയാം.
പ്രധാനമന്ത്രി: ശ്രീമതി സുഖ്ദേവി നമസ്തേ. താങ്കള്‍ എവിടെ നിന്നാണ് സംസാരിക്കുന്നത്?
സുഖ്ദേവി: ദാന്ദപരായില് നിന്ന്.
പ്രധാനമന്ത്രി: അത് എവിടെയാണ്
സുഖ്ദേവി: മഥുരയില്‍.
പ്രധാനമന്ത്രി: മഥുരയില്‍. ശ്രീമതി സുഖ്ദേവി താങ്കള്‍ക്ക് നമസ്കാരം.
പ്രധാനമന്ത്രി: താങ്കള്‍ക്ക് എന്തോ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നു കേട്ടല്ലോ. ഏതോ ഓപ്പറേഷന് നടന്നോ? എന്താണുണ്ടായതെന്ന് പറയാമോ?
സുഖ്ദേവി: എന്റെ കാല്‍മുട്ടിന് പ്രശ്നമായി. ഓപ്പറേഷന് നടന്നു. പ്രയാഗ് ഹോസ്പിറ്റലില്‍.
പ്രധാനമന്ത്രി: താങ്കള്‍ക്ക് എത്ര പ്രായമുണ്ട്?
സുഖ്ദേവി: 40 വയസ്സ്.
പ്രധാനമന്ത്രി: 40 വയസ്സ്. സുഖ്ദേവി എന്നു പേര്. സുഖ്ദേവിക്കും രോഗമോ?
സുഖ്ദേവി: 15-16 വയസ്സിലേ എനിക്ക് രോഗം പിടിപെട്ടു.
പ്രധാനമന്ത്രി: അപ്പോള്‍ ഇത്ര ചെറു പ്രായത്തിലേ താങ്കളുടെ മുട്ടുകള്‍ക്ക് കേടുപറ്റിയോ?
സുഖ്ദേവി: വാതം. സന്ധിവേദന കാരണം മുട്ടിന് കേടുപറ്റി.
പ്രധാനമന്ത്രി: അപ്പോള്‍ 16 വയസ്സു മുതല്‍ 40 വയസ്സു വരെ താങ്കള്‍ ഇതിനു ചികിത്സ നടത്തിയില്ലേ?
സുഖ്ദേവി: ഇല്ല. ചെയ്തില്ല. വേദനയുടെ മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നു. ഡോക്ടര്‍മാര്‍ നാടനും അല്ലാത്തതുമായ ചികിത്സകള്‍ നടത്തി. ഫലമുണ്ടായില്ല. ഒന്നുരണ്ട് കിലോമീറ്റര്‍ നടക്കുമ്പോഴേക്കും മുട്ടിന് പ്രശ്നമായി.
പ്രധാനമന്ത്രി: ശ്രീമതി സുഖ്ദേവി, ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചത് എപ്പോഴാണ്? അതിനുള്ള പൈസ എങ്ങനെയുണ്ടാക്കി? ഇതെല്ലാം എങ്ങനെ സാധിച്ചു?
സുഖ്ദേവി: ആയുഷ്മാന്‍ കാര്‍ഡ് വഴിയാണ് ചികിത്സ നടത്തിയത്.
പ്രധാനമന്ത്രി: അപ്പോള്‍ താങ്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് കിട്ടിയിരുന്നോ?
സുഖ്ദേവി: കിട്ടിയിരുന്നു.
പ്രധാനമന്ത്രി: ആയുഷ്മാന്‍ കാര്‍ഡ് മുഖേന പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. അക്കാര്യം താങ്കള്‍ക്ക് അറിയാമായിരുന്നോ?
സുഖ്ദേവി: സ്കൂളില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അവിടെ നിന്നും എന്റെ ഭര്‍ത്താവിന് വിവരം കിട്ടി. അദ്ദേഹം എന്റെ പേരില്‍ കാര്‍ഡ് എടുത്തു.
പ്രധാനമന്ത്രി: ശരി
സുഖ്ദേവി: പിന്നീട് ആ കാര്‍ഡ് വഴി ചികിത്സ നടത്തി. എനിക്ക് ഒരു പൈസയും ചെലവായില്ല. കാര്‍ഡ് വഴി തന്നെ എന്റെ എല്ലാ ചികിത്സയും നടന്നു. വളരെ നല്ല ചികിത്സ കിട്ടി.
പ്രധാനമന്ത്രി: കാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ എത്ര ചെലവ് വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്?
സുഖ്ദേവി: രണ്ടര-മൂന്നു ലക്ഷം രൂപ. ആറേഴു വര്‍ഷങ്ങളായി കട്ടിലില്‍ കിടപ്പായിരുന്നു. എപ്പോഴും പറയുമായിരുന്നു, ഭഗവാനേ എന്നെ അങ്ങ് വിളിക്കൂ, എനിക്ക് ജീവിക്കണ്ട.
പ്രധാനമന്ത്രി: ആറേഴു വര്‍ഷങ്ങളായി കട്ടിലിലായിരുന്നു അല്ലേ. കഷ്ടം തന്നെ.
സുഖ്ദേവി: അതേ. എണീക്കാനോ, ഇരിക്കാനോ തീരെ വയ്യായിരുന്നു
പ്രധാനമന്ത്രി: ഇപ്പോള്‍ മുട്ട് പണ്ടത്തേതിലും ശരിയായോ?
സുഖ്ദേവി: ഇപ്പോള്‍ ഞാന്‍ എല്ലായിടവും ചുറ്റി സഞ്ചരിക്കുന്നു. അടുക്കളജോലികള്‍ ചെയ്യുന്നു. വീട്ടുജോലികള്‍ ചെയ്യുന്നു. കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുക്കുന്നു.
പ്രധാനമന്ത്രി: അപ്പോള്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് താങ്കളെ അക്ഷരാര്‍ത്ഥത്തില്‍ ആയുഷ്മതിയാക്കി അല്ലേ?
സുഖ്ദേവി: വളരെ വളരെ നന്ദി. താങ്കളുടെ ഈ പദ്ധതി കാരണം എന്റെ രോഗം ഭേദമായി. ഇപ്പോള്‍ സ്വന്തം കാലില്‍ നില്ക്കുന്നു.
പ്രധാനമന്ത്രി: ഇപ്പോള്‍ കുട്ടികളും സന്തോഷത്തിലായിരിക്കുമല്ലോ.
സുഖ്ദേവി: അതേ, കുട്ടികള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. അമ്മ ബുദ്ധിമുട്ടുന്നു എങ്കില്‍ കുട്ടികളും ബുദ്ധിമുട്ടുമല്ലോ.
പ്രധാനമന്ത്രി: നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സുഖം നമ്മുടെ ആരോഗ്യം തന്നെയാണ്. എല്ലാവര്ക്കും സുഖകരമായ ജീവിതം ലഭിക്കട്ടെ എന്നുള്ളതാണ് ആയുഷ്മാന്‍ ഭാരതിന്റെ വികാരം. ശ്രീമതി സുഖ്ദേവി, താങ്കള്‍ക്ക് എന്റെ അനേകമനേകം ശുഭാശംസകള്‍.
സുഖ്ദേവി: നമസ്തേ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, യുവാക്കള്‍ ഏറെയുള്ള ഓരോ രാജ്യത്തും പ്രാധാന്യമര്‍ഹിക്കുന്ന മൂന്നുകാര്യമുണ്ട്. ആദ്യത്തേത് നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും. രണ്ടാമത്തേത്, വെല്ലുവിളി ഏറ്റെടുക്കുവാനുള്ള സന്നദ്ധത. മൂന്നാമത്തേത്, എന്തും ചെയ്യാം എന്നുള്ള ആത്മവിശ്വാസം. അതായത്, ഏതൊരു കാര്യവും വിപരീത പരിസ്ഥിതിയിലും പൂര്‍ത്തീകരിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി. ഈ മൂന്നു കാര്യങ്ങളും ഒന്നുചേരുമ്പോള്‍ അത്ഭുതകരമായ പരിണാമം ഉണ്ടാകുന്നു. നാം നാലുപാടും കേള്‍ക്കുന്നു, സ്റ്റാര്‍ട്ടപ് – സ്റ്റാര്‍ട്ടപ് – സ്റ്റാര്‍ട്ടപ്. ശരിയാണ്, ഇത് സ്റ്റാര്‍ട്ടപ്പിന്റെ കാലഘട്ടമാണ്. സ്റ്റാര്‍ട്ടപ്പിന്റെ ലോകത്ത് ഭാരതം ലോകത്തിന് ഒരുതരത്തില്‍ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു. വര്‍ഷംതോറും സ്റ്റാര്‍ട്ടപ്പിന് റെക്കോര്‍ഡ് നേട്ടമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ വേഗത്തില്‍ ഈ മേഖല മുന്നോട്ട് കുതിക്കുകയാണ്. രാജ്യത്തെ ചെറിയ ചെറിയ പട്ടണങ്ങളില്‍ പോലും സ്റ്റാര്‍ട്ടപ് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇക്കാലത്ത് ‘യൂണിക്കോണ്‍’ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ്. നിങ്ങളെല്ലാം ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാകും. യൂണിക്കോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം ഏറ്റവും കുറഞ്ഞത് ഒരു ബില്യണ്‍ ഡോളറാണ്. അതായത്, ഏകദേശം ഏഴായിരം കോടി രൂപയിലധികം.
സുഹൃത്തുക്കളേ, 2015 വരെ രാജ്യത്ത് ഒമ്പതോ പത്തോ യൂണിക്കോണുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ യൂണിക്കോണുകളുടെ ലോകത്തും ഭാരതം തീവ്രഗതിയില്‍ മുന്നേറുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും ഏറെ സന്തോഷം അനുഭവപ്പെടും. ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഒരു വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കള്‍ കൊറോണ മഹാമാരിയ്ക്കിടയിലാണ് ഈ നേട്ടം കൈവരിച്ചെന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ഭാരതത്തില്‍ എഴുപതിലധികം യൂണിക്കോണുകള്‍ ഉണ്ടായിക്കഴിഞ്ഞു. അതായത്, എഴുപതിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണിലധികം മൂല്യം കടന്നുകഴിഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളേ, സ്റ്റാര്‍ട്ടപ്പുകളുടെ വിജയം കാരണം എല്ലാവരുടെയും ശ്രദ്ധ അതില്‍ പതിഞ്ഞിട്ടുണ്ട്. രാജ്യത്തേയും വിദേശത്തെയും നിക്ഷേപകരുടെ പിന്തുണ അതിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറച്ചുകാലം മുന്‍പു വരെ ആര്‍ക്കും അതിനെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിഞ്ഞിരുന്നില്ല.
സുഹൃത്തുക്കളേ, സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന ആഗോളപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വലിയ പങ്കാണ് ഭാരതത്തിലെ യുവാക്കള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമുക്ക് മയൂര്‍ പാട്ടീല്‍ എന്ന് ചെറുപ്പക്കാരനുമായി സംസാരിക്കാം. അദ്ദേഹം സുഹൃത്തുക്കളുമായി ചേര്‍ന്ന് മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ പ്രയത്നിച്ചു.
പ്രധാനമന്ത്രി: ശ്രീ മയൂര്‍ നമസ്തേ.
മയൂര്‍ പാട്ടീല്‍: നമസ്തേ സര്.
പ്രധാനമന്ത്രി: ശ്രീ മയൂര്‍ താങ്കള്‍ക്ക് സുഖമല്ലേ?
മയൂര്‍ പാട്ടീല്‍: സുഖമായിരിക്കുന്നു. താങ്കള്‍ക്ക് സുഖമല്ലേ?
പ്രധാനമന്ത്രി: എനിക്കും സുഖമാണ്. താങ്കള്‍ സ്റ്റാര്‍ട്ടപ്പിന്റെ ലോകത്താണെന്ന് കേട്ടല്ലോ.
മയൂര്‍ പാട്ടീല്‍: അതെ സര്.
പ്രധാനമന്ത്രി: വേസ്റ്റില്‍ നിന്ന് ബെസ്റ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മയൂര്‍ പാട്ടീല്‍: അതെ സര്
പ്രധാനമന്ത്രി: പരിസ്ഥിതിക്കു വേണ്ടിയും ജോലി ചെയ്യുന്നു. ശരി, താങ്കളെക്കുറിച്ച് പറയൂ. താങ്കളുടെ ജോലിയെ കുറിച്ച് പറയൂ.
മയൂര്‍ പാട്ടീല്‍: സര്, ഞാന്‍ കോളേജില്‍ ആയിരുന്നപ്പോള്‍ എനിക്ക് ടു സ്ട്രോക്ക് മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നു. അതിന് മൈലേജ് വളരെ കുറവായിരുന്നു. മാത്രവുമല്ല, എമിഷനും വളരെ കൂടുതലായിരുന്നു. എമിഷന്‍ കുറയ്ക്കാനും മൈലേജ് കൂട്ടാനുമുള്ള എന്റെ ശ്രമം തുടര്‍ന്നു. 2011-12 കാലയളവില്‍ 62 കിലോമീറ്റര്‍ വരെ മൈലേജ് കൂട്ടാന്‍ എനിക്ക് സാധിച്ചു. അതില്‍ നിന്നാണ് എനിക്ക് പ്രചോദനം കിട്ടിയത്. അനേകം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്ന വൻ തോതിലുള്ള ഉല്പാദനത്തിന് പറ്റിയ എന്തെങ്കിലും ഉണ്ടാക്കണമെന്ന് എനിക്ക് തോന്നി. തുടര്‍ന്ന് 2017-18 കാലയളവില്‍ ഞങ്ങള്‍ അതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ പത്ത് ബസ്സുകളില്‍ അത് ഉപയോഗിച്ചു. അങ്ങള് അതിന്റെ ഫലം പരിശോധിച്ചു. ബസ്സുകളില്‍ ഏകദേശം 40 ശതമാനം പുറന്തള്ളൽ കുറയ്ക്കാന്‍ സാധിച്ചു.
പ്രധാനമന്ത്രി: ശരി. നിങ്ങള്‍ കണ്ടുപിടിച്ച ടെക്നോളജിക്ക് പേറ്റന്റ് തുടങ്ങിയവ എടുത്തോ?
മയൂര്‍ പാട്ടീല്‍: അതെ സര്. പേറ്റന്റ് എടുത്തു.
പ്രധാനമന്ത്രി: ഇതിനെ വികസിപ്പിക്കാനുള്ള എന്ത് പദ്ധതിയാണ് ഇപ്പോഴുള്ളത്? എങ്ങനെയാണ് ചെയ്യാന്‍ പോകുന്നത്. ബസ്സുകളുടെ റിസള്‍ട്ട് എന്തായി? അത് പൂര്‍ണ്ണമായും ശരിയായാല്‍ അടുത്ത പദ്ധതി എന്താണ്?
മയൂര്‍ പാട്ടീല്‍: സര്, സ്റ്റാര്‍ട്ടപ് ഇന്ത്യക്കു വേണ്ടി നിതി ആയോഗിന്റെ അടല്‍ ന്യൂ ഇന്ത്യ ചലഞ്ചില്‍ നിന്ന് ഞങ്ങള്‍ക്ക് ഗ്രാന്റ് കിട്ടി. ആ ഗ്രാന്റിന്റെ സഹായത്താല്‍ ഫാക്ടറി തുടങ്ങി. അവിടെ നിന്നും ഞങ്ങള്‍ക്ക് എയര്‍ ഫില്‍ട്ടേഴ്സ് ഉല്പാദിപ്പിക്കുവാന് സാധിക്കും.
പ്രധാനമന്ത്രി: താങ്കള്‍ക്ക് ഭാരതസര്‍ക്കാരില്‍ നിന്ന് എത്ര ഗ്രാന്റ് കിട്ടി?
മയൂര്‍ പാട്ടീല്‍: 90 ലക്ഷം
പ്രധാനമന്ത്രി: 90 ലക്ഷമോ?
മയൂര്‍ പാട്ടീല്‍: അതെ സര്.
പ്രധാനമന്ത്രി: അതുകൊണ്ട് നിങ്ങളുടെ കാര്യം നടന്നോ?
മയൂര്‍ പാട്ടീല്‍: നടന്നു സര്. ഇപ്പോള്‍ ജോലി തുടരുന്നു.
പ്രധാനമന്ത്രി: നിങ്ങള്‍ എത്ര പേര് ചേര്‍ന്നാണ് ഇവയൊക്കെ ചെയ്യുന്നത്?
മയൂര്‍ പാട്ടീല്‍: സര്, ഞങ്ങള്‍ നാലുപേരാണ്.
പ്രധാനമന്ത്രി: നാലുപേരും ഒരുമിച്ച് പഠിക്കുകയായിരുന്നു. താങ്കള്‍ക്കാണ് മുന്നോട്ട് പോകാനുള്ള ചിന്തയുണ്ടായത് അല്ലേ?
മയൂര്‍ പാട്ടീല്‍: അതേ സര് അതേ. ഞങ്ങള്‍ കോളേജിലായിരുന്നു. അവിടെവെച്ച് ഞങ്ങള്‍ ഇതിനെപ്പറ്റി ചിന്തിച്ചു. കുറഞ്ഞപക്ഷം സ്വന്തം മോട്ടോര്‍ സൈക്കിള്‍ മൂലമുണാകുന്ന മലിനീകരണം കുറയ്ക്കാനും മൈലേജ് വര്‍ദ്ധിപ്പിക്കാനുമുള്ള ആശയം എന്റേതായിരുന്നു.
പ്രധാനമന്ത്രി: മലിനീകരണം കുറയ്ക്കുന്നു, മൈലേജ് വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ ശരാശരി ചെലവ് എത്ര ലാഭിക്കാം?
മയൂര്‍ പാട്ടീല്‍:സര് മോട്ടോര്‍ സൈക്കിളില്‍ ഞങ്ങള്‍ പരീക്ഷണം നടത്തി. അതിന്റെ മൈലേജ് ലിറ്ററിന് 25 കിലോമീറ്റര്‍ ആയിരുന്നു. അതിനെ ഞങ്ങള്‍ ലിറ്ററിന് 39 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. അപ്പോള്‍ ഏകദേശം 14 കിലോമീറ്ററിന്റെ ലാഭമുണ്ടായി. 40 ശതമാനം കാര്‍ബണ്‍ പുറന്തള്ളലും കുറഞ്ഞു. ബസ്സുകളില്‍ പരീക്ഷിച്ചപ്പോള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഇന്ധനക്ഷമത 10 ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചു. അതിലും 35-40 ശതമാനം കാര്‍ബണ്‍ പുറന്തള്ളൽ കുറയുകയും ചെയ്തു.
പ്രധാനമന്ത്രി: താങ്കളോട് സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍. കോളേജ് ജീവിതത്തിനിടില്‍ നിങ്ങള്‍ സ്വന്തം പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കി. അതിന് സ്വീകരിച്ച മാര്‍ഗ്ഗം പരിസ്ഥിതി പ്രശ്നത്തെ നേരിടുവാനും ഫലവത്തായി. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഏറെ കഴിവുള്ളവരാണ്. ഏതൊരു വെല്ലുവിളിയെയും നേരിടാനുള്ള മാര്‍ഗ്ഗം അവര്‍ കണ്ടുപിടിക്കുന്നു. താങ്കള്‍ക്ക് ശുഭാശംസകള്‍. വളരെ വളരെ നന്ദി.
മയൂര്‍ പാട്ടീല്‍: താങ്ക്യൂ സര്.
സുഹൃത്തുക്കളേ, കുറച്ചുവര്‍ഷം മുന്‍പു വരെ ആരെങ്കരിലും ബിസിനസ്സോ പുതിയ കമ്പനിയോ തുടങ്ങുന്നു എന്നുപറഞ്ഞാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ നീ ഒരു ജോലിക്കായി ശ്രമിക്കൂ എന്നാവും പറയുക. ജോലിയില്‍ സുരക്ഷിതത്വമുണ്ട്. ശമ്പളവുമുണ്ട്, ബുദ്ധിമുട്ടുകളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ആരെങ്കിലും ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ എല്ലാവരും പ്രോത്സാഹിപ്പിക്കും, പിന്തുണ നല്‍കും.
സുഹൃത്തുക്കളേ, ഭാരതത്തിന്റെ വളര്‍ച്ചയുടെ ഒരു വഴിത്തിരിവാണിത്. കേവലം തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാതാക്കളാവുക എന്നതാണ് പലരുടെയും സ്വപ്നം. ഇത് നമ്മുടെ ഭാവി സുദൃഢമാക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കീ ബാത്തില്‍ അമൃതമഹോത്സവത്തെ കുറിച്ച് സംസാരിച്ചു. ഈ അമൃതകാലത്ത് നമ്മുടെ ദേശവാസികള്‍ പുതിയ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു. അതെക്കുറിച്ച് നമ്മള് പരാമര്‍ശിച്ചു. കൂടാതെ ഡിസംബര്‍ മാസത്തില്‍ സേനയുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ഡിസംബര്‍ മാസത്തില്‍ ഒരു മഹത്തായ ദിവസം ആഗതമാവുകയാണ്. ഡിസംബര്‍ ആറ്, ബാബാ സാഹബ് അംബേദ്കറുടെ പുണ്യ തിഥി. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മഹാ വ്യക്തിത്വം. എല്ലാ ദേശവാസികളോടും അവരവരുടെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ഭരണഘടന അനുശാസിക്കുന്നു എന്നത് നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സ്വന്തം കര്‍ത്തവ്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കുവാന്‍ പരിശ്രമിക്കുമെന്ന് ഈ അമൃത മഹോത്സവ വേളയില്‍ പ്രതിജ്ഞയെടുക്കാം. അതാകട്ടെ ബാബാ സാഹബിനുള്ള നമ്മുടെ ശ്രദ്ധാഞ്ജലി.
സുഹൃത്തുക്കളേ, നമ്മള് ഡിസംബറിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത മന് കീ ബാത്ത് 2021 ലെ അതായത് ഈ വര്‍ഷത്തെ അവസാനത്തേതായിരിക്കും. 2022 ല്‍ നാം യാത്ര വീണ്ടും ആരംഭിക്കും. ഞാന്‍ നിങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈവര്ഷത്തോട് എങ്ങനെ വിടപറയുന്നു, പുതിയ വര്‍ഷത്തില്‍ എന്തെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പങ്കുവെയ്ക്കുക. ഒരുകാര്യം ശ്രദ്ധിക്കണം. കൊറോണ പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ജാഗ്രത പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്.
നന്ദി നമസ്കാരം.
Tune in to #MannKiBaat November 2021. https://t.co/2qQ3sjgLSa
— Narendra Modi (@narendramodi) November 28, 2021
Today’s #MannKiBaat covered diverse topics. One of them was the public enthusiasm towards ‘Azadi Ka Amrit Mahotsav.’ Across India we are seeing interesting efforts to mark this special occasion… pic.twitter.com/is06Yl14pB
— Narendra Modi (@narendramodi) November 28, 2021
The vibrant spirituality and culture of Vrindavan finds resonance in Perth in Australia! Find out more… #MannKiBaat pic.twitter.com/avQnUj0qdY
— Narendra Modi (@narendramodi) November 28, 2021
A commendable effort in Jalaun, Uttar Pradesh towards bringing a river back to life.
— Narendra Modi (@narendramodi) November 28, 2021
Such community efforts are very advantageous to our society. #MannKiBaat pic.twitter.com/GNwC1G74Od
I keep getting several letters from people across India appreciating Ayushman Bharat PM-JAY. This scheme has changed countless lives.
— Narendra Modi (@narendramodi) November 28, 2021
During #MannKiBaat I spoke to Rajesh Prajapati Ji from Uttar Pradesh who got good quality treatment for his heart ailment. pic.twitter.com/fYvOHslcIm
A prolonged knee problem has been giving trouble to Sukh Devi Ji but Ayushman Bharat changed that.
— Narendra Modi (@narendramodi) November 28, 2021
Hear what she had to say… #MannKiBaat pic.twitter.com/PKx1lGEdmr
India’s start-up eco-system is filled with inspiring life journeys of youngsters who are using their entrepreneurial abilities to solve persisting challenges.
— Narendra Modi (@narendramodi) November 28, 2021
During #MannKiBaat today, I spoke to one such person, Mayur Patil who is working to minimise pollution. pic.twitter.com/1ZQyoMJ9a2