Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 സെപ്തംബര്‍ 26 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
    ഒരു സുപ്രധാന പരിപാടിക്ക് ഞാന്‍ അമേരിക്കയിലേക്ക് പോവുകയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ? അതിനാല്‍ അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് മന്‍ കി ബാത്ത് ശബ്ദലേഖനം ചെയ്യുന്നതാണ് നല്ലതെന്ന് കരുതി. സെപ്റ്റംബറിലെ മന്‍ കി ബാത്ത് ദിവസം മറ്റൊരു സുപ്രധാന ദിവസം കൂടിയാണ്. സാധാരണയായി നമ്മള്‍ നിരവധി ദിവസങ്ങള്‍ ഓര്‍ക്കുന്നു. നമ്മള്‍ വ്യത്യസ്തതരം ദിനങ്ങള്‍ ആഘോഷിക്കുന്നു. നിങ്ങളുടെ വീട്ടില്‍ ചെറുപ്പക്കാര്‍ ഉണ്ടെങ്കില്‍ അവരോട് ചോദിച്ചാല്‍ വര്‍ഷത്തിലെ ഏത് ദിവസങ്ങള്‍ എപ്പോള്‍ വരുമെന്ന് അവര്‍ നിങ്ങള്‍ക്ക് പൂര്‍ണമായ വിവരം നല്‍കും. എന്നാല്‍ നമ്മള്‍ എല്ലാവരും ഓര്‍ക്കേണ്ട ഒരുദിവസം കൂടിയുണ്ട്. ഈ ദിവസം ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി വളരെ ബന്ധപ്പെട്ടതാണ്. നൂറ്റാണ്ടുകളായി നമ്മള്‍ കണ്ണി ചേര്‍ന്നിരിക്കുന്ന പാരമ്പര്യങ്ങളും ആയി ബന്ധിപ്പിക്കുന്നതാണ് ഇത്. അതാണ് വേള്‍ഡ് റിവര്‍ ഡേ അതായത് ലോക നദി ദിനം.
     പിബന്തി നദ്യഃ സ്വയ-മേവ നാംഭഃ
അതായത് നദികള്‍ സ്വന്തം ജലം കുടിക്കുന്നില്ല. മറിച്ച് അത് ദാനധര്‍മ്മത്തിനായി നല്‍കുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം നദികള്‍ ഒരു ഭൗതിക വസ്തുവല്ല. നമുക്ക് നദി ഒരു ജീവനുള്ള വസ്തുവാണ്. അതുകൊണ്ടാണ് നദികളെ നാം അമ്മ എന്ന് വിളിക്കുന്നത്. നമ്മുടെ ഉത്സവങ്ങള്‍ ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്നിവയെല്ലാം നദീ മാതാക്കളുടെ മടിത്തട്ടിലാണ് നടന്നുപോരുന്നത്.
    നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം മാഘമാസത്തില്‍ ധാരാളം ആളുകള്‍ ഒരു മാസം മുഴുവന്‍ ഗംഗയുടെ തീരത്തോ മറ്റേതെങ്കിലും നദിയുടെ തീരത്തോ ചെലവഴിക്കുന്നു. ഇപ്പോള്‍  ഈ രീതി ഇല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ നമ്മള്‍ വീട്ടില്‍ കുളിക്കുകയാണെങ്കില്‍ പോലും നദികളെ ഓര്‍ക്കുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ന് അപ്രത്യക്ഷമാവുകയോ അല്ലെങ്കില്‍ വളരെ ചെറിയ അളവില്‍ നിലനില്‍ക്കുകയോ ചെയ്യുന്ന ഒരു പാരമ്പര്യമായി അത് മാറിക്കഴിഞ്ഞു. എന്നാല്‍ അതിരാവിലെ തന്നെ കുളിക്കുമ്പോള്‍ വിശാലമായ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഒരു പ്രതീതി ഉണ്ടായിരുന്നു. മാനസിക യാത്ര! രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ബന്ധപ്പെടാനുള്ള പ്രചോദനമായി അത് മാറിയിരുന്നു. അത് എന്തായിരുന്നു? കുളിക്കുമ്പോള്‍ ഒരു ചൊല്ലുന്നത് നമ്മുടെ രീതിയാണ്
     ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി 
    നര്‍മ്മദേ സിന്ധു കാവേരി ജലേ അസ്മിന്‍ സന്നിധിം കുരു
മുന്‍പ് നമ്മുടെ വീടുകളില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായി ഈ വാക്യങ്ങള്‍ ചൊല്ലി കൊടുത്തിരുന്നു. ഇത് നമ്മുടെ രാജ്യത്ത് നദികളോടുള്ള വിശ്വാസം വര്‍ധിപ്പിച്ചു. വിശാലമായ ഇന്ത്യയുടെ ഭൂപടം മനസ്സില്‍ പതിഞ്ഞിരുന്നു. നദികളുമായി അടുപ്പം ഉണ്ടായി. ഏത് നദിയെയാണോ അമ്മയായി നമുക്ക് അറിയാവുന്നത്, കാണുന്നത്, ജീവിക്കുന്നത്, ആ നദിയില്‍ വിശ്വാസം അര്‍പ്പിക്കുക എന്ന ഭാവം ജന്മമെടുത്തിരുന്നു. അതൊരു ആചാര പ്രക്രിയയായിരുന്നു.
    സുഹൃത്തുക്കളെ, നമ്മുടെ നാട്ടിലെ നദികളുടെ മഹത്വത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒരു ചോദ്യം ഉന്നയിക്കും. ചോദ്യം ഉന്നയിക്കാനുള്ള അവകാശവുമുണ്ട്. ഉത്തരം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ചോദ്യമിതാണ്, നിങ്ങള്‍ നദിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. നിങ്ങള്‍ നദിയെ അമ്മയെന്നു വിളിക്കുന്നു. പിന്നെ എന്തിനാണ് ഈ നദി മലിനമാക്കുന്നത്? നമ്മുടെ വേദങ്ങളില്‍ നദികളിലെ ഒരു ചെറിയ മലിനീകരണം പോലും തെറ്റാണെന്ന് പറയപ്പെടുന്നു. നമ്മുടെ പാരമ്പര്യങ്ങളും ഇതുപോലെയാണ്. നമ്മുടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗം, പ്രത്യേകിച്ച് ഗുജറാത്ത്, രാജസ്ഥാന്‍ അവിടെ ധാരാളം ജലക്ഷാമം ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ? പലതവണ ക്ഷാമവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതുകൊണ്ടാണ് അവിടത്തെ സമൂഹ ജീവിതത്തില്‍ ഒരു പുതിയ പാരമ്പര്യം വികസിച്ചിട്ടുള്ളത്. ഗുജറാത്തില്‍ മഴ ആരംഭിക്കുമ്പോള്‍  ഞങ്ങള്‍ ജല്‍-ജീലാനി ഏകാദശി ആഘോഷിക്കുന്നു. എന്നുവെച്ചാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ‘ക്യാച്ച് ദ റെയിന്‍’ എന്ന് നമ്മള്‍ വിളിക്കുന്നത് ജല്‍-ജീലാനി അഥവാ ജലത്തിന്റെ ഓരോ തുള്ളിയും നമ്മളിലേക്ക് ഉള്‍ക്കൊള്ളുക എന്നാണ്. അതുപോലെ മഴക്ക് ശേഷം ബീഹാറിലും കിഴക്കന്‍ പ്രദേശങ്ങളിലും ഉത്സവം ആഘോഷിക്കുന്നു. ഛഠ് പൂജയുടെ ഭാഗമായി നദികളോട് ചേര്‍ന്നുള്ള കടവുകളുടെ ശുചീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്ക് എല്ലാവരുടെയും പരിശ്രമവും സഹകരണവും ഉപയോഗിച്ച് നദികളെ വൃത്തിയാക്കുകയും മലിനീകരണത്തില്‍ നിന്ന് മുക്തമാക്കുകയും ചെയ്യാം. നമാമി ഗംഗെ മിഷന്‍ ഇന്ന് പുരോഗമിക്കുന്നു. അതിനാല്‍ എല്ലാ ആളുകളുടെയും ശ്രമങ്ങള്‍ ഒരുതരത്തില്‍ പൊതു അവബോധം, ബഹുജന പ്രസ്ഥാനം, ഒക്കെ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
    സുഹൃത്തുക്കളെ, നമ്മള്‍ നദിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗംഗാ മാതാവിനെ കുറിച്ച് സംസാരിക്കുന്നു. അപ്പോള്‍ ഒരു കാര്യത്തില്‍ കൂടി നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമാമി ഗംഗയെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും, പ്രത്യേകിച്ചും യുവാക്കള്‍ ഈ ദിവസങ്ങളില്‍ ഒരു പ്രത്യേക ഇ-ആക്ഷന്‍ ഇ-ലേലം നടക്കുന്നു. ആളുകള്‍ എനിക്ക് കാലാകാലങ്ങളില്‍ നല്‍കിയ സമ്മാനങ്ങള്‍ വച്ചാണ് ഈ ഇലക്ട്രോണിക് ലേലം നടത്തുന്നത്. ഈ ലേലത്തിലൂടെ ലഭിക്കുന്ന പണം നമാമി ഗംഗ ബോധവല്‍ക്കരണത്തിനായി സമര്‍പ്പിക്കുന്നു. നിങ്ങള്‍ എനിക്ക് സമ്മാനം നല്‍കിയതിന്റെ പിന്നിലെ ആത്മാര്‍ത്ഥത ഈ പ്രചരണത്തെ ശക്തിപ്പെടുത്തുന്നു. സുഹൃത്തുക്കളെ, രാജ്യത്തുടനീളമുള്ള നദികളെ പുനരുജ്ജീവിപ്പിക്കുന്നതിന് ജലത്തിന്റെ ശുചിത്വത്തിനായി സര്‍ക്കാരും സാമൂഹിക സംഘടനകളും നിരന്തരം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നല്ല, പതിറ്റാണ്ടുകളായി ഇത് തുടരുന്നു. ഒരുപാടുപേര്‍ ഇതിനായി സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ഈ പാരമ്പര്യം, ഈ ശ്രമം, ഈ വിശ്വാസം നമ്മുടെ നദികളെ രക്ഷിക്കുന്നു. ഇന്ത്യയുടെ ഏത് കോണില്‍ നിന്നും അത്തരം വാര്‍ത്തകള്‍ എന്റെ ചെവിയില്‍ എത്തുമ്പോള്‍ അത്തരം ജോലിചെയ്യുന്നവരോടുള്ള ബഹുമാനം എന്റെ മനസ്സില്‍ ഉണരുന്നു. ആ കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ തിരുവണ്ണാമല ജില്ലകളുടെ ഒരു ഉദാഹരണം. ഒരു നദി ഇവിടെ ഒഴുകുന്നു. നാഗാനദി. ഈ നാഗാനദി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വറ്റിപ്പോയി. ഇക്കാരണത്താല്‍ അവിടത്തെ ജലലഭ്യത വളരെ കുറഞ്ഞു. പക്ഷേ അവിടെയുള്ള സ്ത്രീകള്‍ അവരുടെ നദി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമെടുത്തു. അവര്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിച്ചു, പൊതു പങ്കാളിത്തത്തോടെ കനാലുകള്‍ കുഴിച്ചു, ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചു, റീചാര്‍ജ് കിണറുകള്‍ നിര്‍മ്മിച്ചു. സുഹൃത്തുക്കളെ ഇന്ന് ആ നദിയില്‍ വെള്ളം നിറഞ്ഞിരിക്കുന്നുവെന്ന് അറിയുന്നതില്‍ നിങ്ങള്‍ക്കും സന്തോഷമുണ്ടാകും. നദിയില്‍ വെള്ളം നിറയുമ്പോള്‍ മനസ്സിന് എന്തുമാത്രം ആശ്വാസം തോന്നുമെന്നോ. ഞാന്‍ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
    മഹാത്മാഗാന്ധി ഏത് നദീതീരത്താണോ സാബര്‍മതി ആശ്രമം പണിതത്, ആ സാബര്‍മതി നദി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വറ്റിപ്പോയി എന്ന് പലര്‍ക്കും അറിയാം. വര്‍ഷത്തില്‍ 6-7 മാസം വെള്ളം കാണാന്‍ പോലും കിട്ടില്ല. പക്ഷേ, നര്‍മ്മദാ നദിയെയും സാബര്‍മതി നദിയെയും തമ്മില്‍ ബന്ധിപ്പിച്ചു. അതിനാല്‍ ഇന്ന് അഹമ്മദാബാദിലേക്ക് പോയാല്‍ സാബര്‍മതി നദിയിലെ വെള്ളം നിങ്ങളുടെ മനസ്സിനെ ആനന്ദിപ്പിക്കും. ഇതുപോലെ തമിഴ്‌നാട്ടില്‍ നിന്നുള്ള നമ്മുടെ സഹോദരിമാര്‍ ചെയ്യുന്നതുപോലെ നിരവധി കാര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ചെയ്യുന്നുണ്ട്. നമ്മുടെ മത-പാരമ്പര്യവുമായി ബന്ധപ്പെട്ട അനേകം സന്യാസിമാരും ഗുരുക്കന്മാരും ഉണ്ടെന്ന് എനിക്കറിയാം. അവരും ആത്മീയ യാത്രയ്‌ക്കൊപ്പം ജലത്തിനും നദികള്‍ക്കു വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പലരും നദികളുടെ തീരത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍ നദികളില്‍ മലിന ജലം ഒഴുകുന്ന പ്രവണത തടയപ്പെടുന്നു.
    സുഹൃത്തുക്കളെ, നമ്മള്‍ ഇന്ന് ലോക നദീദിനം ആഘോഷിക്കുമ്പോള്‍ ഈ ജോലിയില്‍ അര്‍പ്പിതമായ എല്ലാവരെയും ഞാന്‍ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ ഓരോ നദിക്ക് സമീപവും താമസിക്കുന്ന ആളുകളോടും എല്ലാ മുക്കിലും മൂലയിലും താമസിക്കുന്ന ഇന്ത്യക്കാരോടും വര്‍ഷത്തിലൊരിക്കല്‍ നദി ഉത്സവം ആഘോഷിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഒരു ചെറിയ കാര്യത്തെ, ഒരു ചെറിയ വസ്തുവിനെ, ചെറുതായി കാണുക എന്ന തെറ്റ് വരുത്തരുത്. ചെറിയ ശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. മഹാത്മാ ഗാന്ധിയുടെ ജീവിതം നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചെറിയ കാര്യങ്ങള്‍ എത്ര പ്രധാനമായിരുന്നുവെന്ന് ഓരോ നിമിഷവും നമുക്ക് അനുഭവപ്പെടും. കൂടാതെ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം എങ്ങനെ വലിയ തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കിയെന്നും എങ്ങനെയാണ് ശുചിത്വ പ്രചാരണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നിരന്തരമായ ഊര്‍ജ്ജം നല്‍കിയതെന്നും ഇന്നത്തെ നമ്മുടെ യുവാക്കള്‍ അറിഞ്ഞിരിക്കണം. മഹാത്മാഗാന്ധിയാണ് ശുചിത്വം ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയത്. മഹാത്മാഗാന്ധി ശുചിത്വത്തെ സ്വാതന്ത്ര്യം എന്ന സ്വപ്നവുമായി ബന്ധപ്പെടുത്തി. ഇന്ന് നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം ശുചിത്വ പ്രസ്ഥാനം വീണ്ടും ഒരു പുതിയ ഭാരതം എന്ന സ്വപ്നവുമായി രാജ്യത്തിന് ഒന്നടങ്കം ഊര്‍ജ്ജം പകരുന്നു. ഇത് നമ്മുടെ ശീലങ്ങള്‍ മാറ്റുന്നതിനുള്ള ഒരു പ്രചാരണം കൂടിയാണ്. ഈ തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കുള്ള സാംസ്‌കാരിക പകര്‍ച്ച എന്ന ഉത്തരവാദിത്വമാണ് ശുചിത്വം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ശുചിത്വ ബോധവല്‍ക്കരണം നടക്കുന്നു. അപ്പോള്‍ മുഴുവന്‍ സമൂഹത്തിലും ശുചിത്വത്തിന്റെ സ്വഭാവം മാറുന്നു. അതിനാല്‍ ഒരുവര്‍ഷം- രണ്ടുവര്‍ഷം, ഒരു സര്‍ക്കാര്‍- മറ്റൊരു സര്‍ക്കാര്‍ അത്തരമൊരു വിഷയം വരുന്നില്ല. തലമുറതലമുറയായി ശുചിത്വത്തെ കുറിച്ചുള്ള അവബോധം തടസ്സം കൂടാതെ വളരെ ശ്രദ്ധയോടെ നിലനിര്‍ത്തണം. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശുചിത്വം ബഹുമാനപ്പെട്ട ബാപ്പുവിന്, ഈ രാജ്യത്തിന്റെ ഒരു വലിയ ആദരാഞ്ജലിയാണ്. ഓരോ തവണയും നമ്മളീ ആദരാഞ്ജലി നല്‍കി കൊണ്ടിരിക്കണം. അത് തുടര്‍ച്ചയായി നല്‍കി കൊണ്ടിരിക്കണം.
    സുഹൃത്തുക്കളെ, ശുചിത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരം ഞാന്‍ ഒരിക്കലും പാഴാക്കുകയില്ല എന്ന് അറിയാമല്ലോ. അതുകൊണ്ടായിരിക്കാം മന്‍ കി ബാത്ത് ശ്രോതാക്കളില്‍ ഒരാളായ ശ്രീ രമേശ് പട്ടേല്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ അമൃത മഹോത്സവത്തില്‍ ബാപ്പുവില്‍ നിന്ന് പഠിക്കുമ്പോള്‍ സാമ്പത്തിക ശുചിത്വത്തിനും പ്രതിജ്ഞയെടുക്കണം എന്നെഴുതിയത്. എപ്രകാരമാണ് ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം പാവപ്പെട്ടവരുടെ അന്തസ്സ് വര്‍ധിപ്പിച്ചത്, അതുപോലെ സാമ്പത്തിക ശുചിത്വം പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച് രാജ്യം ആരംഭിച്ച പ്രചാരണത്തെ കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. ഇക്കാരണത്താല്‍ ഇന്ന് പാവപ്പെട്ടവരുടെ പണം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. ഇതുമൂലം അഴിമതി കൊണ്ടുള്ള തടസ്സങ്ങളില്‍ വലിയ കുറവുണ്ടായി. സാമ്പത്തിക ശുചിത്വത്തില്‍ ടെക്‌നോളജി വളരെയധികം സഹായകരമാകുന്നു എന്നതും ശരിയാണ്. ഇന്ന് കുഗ്രാമങ്ങളില്‍ പോലും സാധാരണ മനുഷ്യനും ഫിന്‍-ടെക് യു.പി.ഐ വഴി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള കാര്യപ്രാപ്തി കൈവരിച്ചു എന്നത് സന്തോഷമുള്ള കാര്യമാണ്. നമുക്ക് അഭിമാനിക്കാവുന്ന ഒരു കണക്ക് ഞാന്‍ പറയട്ടെ. ആഗസ്റ്റ് മാസത്തില്‍ മാത്രം 355 കോടിയുടെ ഇടപാടുകള്‍ യു.പി.ഐ വഴി നടന്നു. അതായത് ആഗസ്റ്റ് മാസത്തില്‍ 350 കോടിയിലധികം തവണ യു.പി.ഐ, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്ന്. ഇന്ന് ശരാശരി 6 ലക്ഷം കോടിയിലധികം ഡിജിറ്റല്‍ പെയ്‌മെന്റ്, യു.പി.ഐ വഴി നടക്കുന്നു. ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സുതാര്യത വന്നു. ഇപ്പോള്‍ നമുക്കറിയാം ഫിന്‍-ടെക്കിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
    സുഹൃത്തുക്കളെ, ബാപ്പു ശുചിത്വത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയത് പോലെ ഖാദിയെ സ്വാതന്ത്ര്യത്തിന്റെ സ്വത്വമാക്കി മാറ്റി. സ്വാതന്ത്ര്യത്തിന്റെ അമൃത ഉത്സവം ആഘോഷിക്കുമ്പോള്‍, ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, സ്വാതന്ത്ര്യ സമരത്തില്‍ ഖാദിക്ക് ഉണ്ടായിരുന്ന പ്രസക്തി ഇന്ന് നമ്മുടെ യുവതലമുറ അംഗീകരിച്ചിരിക്കുന്നുവെന്ന് നമുക്ക് സംതൃപ്തിയോടെ പറയാം. ഇന്ന് ഖാദിയുടെയും കൈത്തറിയുടെയും ഉല്‍പാദനം പലമടങ്ങ് വര്‍ദ്ധിക്കുകയും അതിന്റെ ആവശ്യകത വര്‍ദ്ധിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ഖാദി ഷോറൂം ഒരു ദിവസം ഒരു കോടി രൂപയിലധികം കച്ചവടം നടത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ആദരണീയനായ ബാപ്പുവിന്റെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് നമ്മള്‍ എല്ലാവരും ചേര്‍ന്ന് വീണ്ടും ഒരു പുതിയ റെക്കോര്‍ഡ്  സൃഷ്ടിക്കണമെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ നഗരത്തില്‍ ഖാദി, കൈത്തറി, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നിടത്തെല്ലാം. മാത്രമല്ല, ദീപാവലി ആഘോഷങ്ങള്‍ അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ഖാദി, കൈത്തറി, കുടില്‍വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓരോ വാങ്ങലുകളിലും ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന പ്രചാരണം ശക്തമാക്കുന്നതിന് സഹായകരമാകും. നമ്മള്‍ പഴയ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കാന്‍ പോവുകയാണ്.
    സുഹൃത്തുക്കളെ, അമൃത മഹോത്സവത്തിന്റെ ഈ വേളയില്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പറയാത്ത കഥകള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനുള്ള ഒരു പ്രചാരണവും നടക്കുന്നു. ഇതിനായി വളര്‍ന്നു വരുന്ന എഴുത്തുകാരെയും രാജ്യത്തെ യുവാക്കളെയും സ്വാഗതം ചെയ്യുന്നു. ഈ പ്രചാരണത്തിനായി ഇതുവരെ പതിമൂവായിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതും 14 വ്യത്യസ്ത ഭാഷകളില്‍. കൂടാതെ ഇരുപതിലധികം രാജ്യങ്ങളിലെ നിരവധി പ്രവാസി ഇന്ത്യക്കാരും പ്രചാരണത്തില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. വളരെ രസകരമായ മറ്റൊരു വിവരമുണ്ട്. അയ്യായിരത്തിലധികം വളര്‍ന്നുവരുന്ന എഴുത്തുകാര്‍ സ്വാതന്ത്ര്യസമരത്തിന്റെ  കഥകള്‍ തിരയുന്നു. ചരിത്രത്തിലെ താളുകളില്‍ പേരുകള്‍ കാണാത്ത, അജ്ഞാതരായ, വാഴ്ത്തപ്പെടാത്ത, വീരനായകരെ കുറിച്ച്, സംഭവങ്ങളെക്കുറിച്ച്, അവരുടെ ജീവിതങ്ങളെ കുറിച്ച് ജീവിതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ അവര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. എന്നുവെച്ചാല്‍ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം രാജ്യത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അവര്‍ തീരുമാനം എടുത്തിരിക്കുകയാണ്. എല്ലാ ശ്രോതാക്കളോടുമുള്ള എന്റെ അഭ്യര്‍ത്ഥനയാണ്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടുമുള്ള എന്റെ അപേക്ഷയാണ്, നിങ്ങള്‍ യുവാക്കള്‍ക്കും പ്രേരണ നല്‍കുക. നിങ്ങളും മുന്നോട്ടുവരണം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ ചരിത്രം എഴുതുന്നവര്‍, ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നവര്‍ കൂടിയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, സിയാച്ചിന്‍ ഹിമാനിയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. അവിടെയുള്ള തണുപ്പ് വളരെ ഭയാനകമാണ്. അതില്‍ ജീവിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. വളരെ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മഞ്ഞ്. മഞ്ഞ് മാത്രം. മരങ്ങളുടെയും ചെടികളുടെയും അടയാളം പോലുമില്ല. ഇവിടെ താപനില മൈനസ് 60 ഡിഗ്രി വരെ താഴുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സിയാച്ചിനിലെ ഈ ദുര്‍ഘടമായ പ്രദേശത്ത് എട്ടു ദിവ്യാംഗ വ്യക്തികളുടെ സംഘം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. അത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. സിയാച്ചിന്‍ ഗ്ലേസിയറിലെ 15000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ‘കുമാര്‍ പോസ്റ്റില്‍’ ഈ ടീം പതാക പാറിച്ച് ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും ഈ ദിവ്യാംഗ  വ്യക്തികള്‍ കൈവരിച്ച നേട്ടം രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണ്. ഈ ടീമിലെ അംഗങ്ങളെ കുറിച്ച് അറിയുമ്പോള്‍ എന്നെപ്പോലെ നിങ്ങളിലും ധൈര്യവും ഉത്സാഹവും നിറയും. ഈ ധീരരായ ദിവ്യാംഗ വ്യക്തികള്‍ – ഗുജറാത്തിലെ മഹേഷ് നെഹ്‌റ, ഉത്തരാഖണ്ഡിലെ അക്ഷത് റാവത്ത്, മഹാരാഷ്ട്രയിലെ പുഷ്പക് ഗവാണ്ടെ, ഹരിയാനയിലെ അജയ്കുമാര്‍, ലഡാക്കിലെ ലോബ്‌സാങ് ചോസ്പല്‍, തമിഴ്‌നാട്ടിലെ മേജര്‍ ദ്വാരകേഷ്, ജമ്മു കാശ്മീരിലെ ഇര്‍ഫാന്‍ അഹമ്മദ് മീര്‍, ഹിമാചലിലെ ചോങ്ജിന്‍ എംഗ്മോ എന്നിവരാണ്. സിയാച്ചിന്‍ ഹിമാനിയെ കീഴടക്കാനുള്ള ഈ ഓപ്പറേഷന്‍ വിജയിച്ചത് ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക സേനയിലെ പരിചയസമ്പന്നരുടെ സഹായത്തോടെയാണ്. ചരിത്രപരവും അഭൂതപൂര്‍വ്വമായ ഈ നേട്ടത്തിന് ഞാന്‍ ഈ ടീമിനെ അഭിനന്ദിക്കുന്നു. ദൃഢനിശ്ചയം, അര്‍പ്പണ മനോഭാവം ഇതൊക്കെ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ദേശവാസികളുടെ കരുത്താണ് ഇത് എന്ന് വ്യക്തമാക്കുന്നു.
    സുഹൃത്തുക്കളെ, ഇന്ന് രാജ്യത്ത് ദിവ്യാംഗ വ്യക്തികളുടെ ക്ഷേമത്തിനായി നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. ‘വണ്‍ ടീച്ചര്‍ വണ്‍ സെല്‍’ എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ നടത്തുന്ന അത്തരമൊരു പരിശ്രമത്തെ കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. ബറേലിയിലെ ഈ അതുല്യമായ പരിശ്രമം ദിവ്യാംഗരായ കുട്ടികള്‍ക്ക് ഒരു പുതിയ വഴി കാണിക്കുന്നു. ഡബൗര ഗംഗാപൂരിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ദീപ്മാലാ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണം. കൊറോണ കാലഘട്ടത്തില്‍ ഈ പ്രചാരണത്തിലൂടെ ധാരാളം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാധ്യമായി എന്നത് മാത്രമല്ല 350 ലധികം അധ്യാപകരും സേവന മനോഭാവത്തോടെ അതില്‍ പങ്കുചേര്‍ന്നു. ഈ അധ്യാപകര്‍ ഭിന്നശേഷിയുള്ള കുട്ടികളെ വിളിക്കുകയും ഗ്രാമങ്ങള്‍തോറും പോയി അന്വേഷിക്കുകയും തുടര്‍ന്ന് ഏതെങ്കിലും സ്‌കൂളില്‍ അവരുടെ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ദിവ്യാംഗര്‍ക്കായുള്ള ശ്രീമതി ദീപ്മാലയുടെയും സഹ അധ്യാപകരുടെയും ഈ ഉദാത്തമായ പരിശ്രമത്തെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമേഖലയിലെ അത്തരം എല്ലാ ശ്രമങ്ങളും നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നവയാണ്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മുടെ ജീവിതത്തിലെ ഇന്നത്തെ അവസ്ഥ നോക്കിയാല്‍ എത്രയോ പ്രാവശ്യം നമ്മുടെ ചെവിയില്‍ കൊറോണ എന്ന വാക്ക് പ്രതിധ്വനിക്കുന്നു. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആഗോള മഹാമാരി കൊവിഡ്19 എല്ലാ രാജ്യക്കാരെയും ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ജിജ്ഞാസയും അവബോധവും വര്‍ധിപ്പിച്ചു. നമ്മുടെ രാജ്യത്ത് പരമ്പരാഗതമായി ധാരാളം പ്രകൃതി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. അത് ശരീരത്തിന്, ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണ്. ഒഡീഷയിലെ കലഹണ്ഡിയിലെ നന്ദോളില്‍ താമസിക്കുന്ന  ശ്രീ പതായത്ത് സാഹു വര്‍ഷങ്ങളായി ഈ രംഗത്ത് സ്തുത്യര്‍ഹമായ കാര്യങ്ങള്‍ ചെയ്യുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത് അവര്‍ ഔഷധസസ്യങ്ങള്‍ നട്ടു. മാത്രമല്ല ശ്രീ സാഹു  ഔഷധസസ്യങ്ങളുടെ ഡോക്യുമെന്റേഷനും ചെയ്തിട്ടുണ്ട്. റാഞ്ചിയിലെ ശ്രീ സതീഷ് എനിക്ക് സമാനമായ മറ്റൊരു വിവരം ഒരു കത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഒരു കറ്റാര്‍വാഴ ഗ്രാമത്തിലേക്ക് ശ്രീ സതീഷ് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. റാഞ്ചിക്ക് സമീപമുള്ള ദേവ്‌രി ഗ്രാമത്തിലെ സ്ത്രീകള്‍ ശ്രീമതി മഞ്ജു കച്ചപ്പിന്റെ നേതൃത്വത്തില്‍ ബിര്‍സ കാര്‍ഷിക വിദ്യാലയത്തില്‍നിന്ന് കറ്റാര്‍വാഴ കൃഷിയില്‍ പരിശീലനം നേടിയിരുന്നു. ഇതിനുശേഷം അവര്‍ കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ തുടങ്ങി. ഈ കൃഷി ആരോഗ്യമേഖലയില്‍ പ്രയോജനം ചെയ്തു എന്നു മാത്രമല്ല, ഇത് സ്ത്രീകളുടെ വരുമാനവും വര്‍ദ്ധിപ്പിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് പോലും അവര്‍ക്ക് നല്ല വരുമാനം ലഭിച്ചു. ഇതിന്റെ ഒരു പ്രധാന കാരണം സാനിറ്റൈസര്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവരില്‍ നിന്ന് നേരിട്ട് കറ്റാര്‍വാഴ വാങ്ങുന്നു എന്നതാണ്. ഇന്ന് നാല്‍പതോളം സ്ത്രീകള്‍ അടങ്ങുന്ന ഒരു ടീം ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഏക്കറുകണക്കിന് സ്ഥലത്താണ് കറ്റാര്‍വാഴ കൃഷി ചെയ്യുന്നത്. ഒഡീഷയിലെ ശ്രീ പതായത്ത് സാഹുവോ ദേവ്‌രിലെ ഈ സ്ത്രീകളുടെ സംഘമോ ആകട്ടെ  അവര്‍ കൃഷിയെ ആരോഗ്യമേഖലയുമായി ബന്ധിപ്പിച്ച രീതി തന്നെ അത്ഭുതകരമാണ്.
    സുഹൃത്തുക്കളെ വരുന്ന ഒക്ടോബര്‍ 2 ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ്. കാര്‍ഷിക മേഖലയോട് അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം നമുക്കറിയാം. സ്വാഭാവികമായും കാര്‍ഷിക മേഖലയിലെ പുതിയ പരീക്ഷണങ്ങളെ കുറിച്ചും ഈ ദിവസം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മെഡിസിനല്‍ പ്ലാന്റ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മെഡി-ഹബ് ടി.ബി.ഐ എന്ന പേരില്‍ ഒരു ഇന്‍ക്യുബേറ്റര്‍ ഗുജറാത്തിലെ ആനന്ദില്‍ പ്രവര്‍ത്തിക്കുന്നു. മെഡിസിനല്‍ ആരോമാറ്റിക് പ്ലാന്റുകളുമായി ബന്ധപ്പെട്ട ഈ ഇന്‍ക്യുബേറ്റര്‍ 15 സംരംഭകരുടെ ബിസിനസ് ആശയത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാര്‍ത്ഥകമാക്കി. ഈ ഇന്‍ക്യൂബേറ്ററിന്റെ സഹായത്തോടെയാണ് ശ്രീമതി സുധ ചെമ്പോലു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. അവരുടെ കമ്പനിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. കൂടാതെ നൂതനമായ ഹെര്‍ബല്‍ ഫോര്‍മുലേഷനുകള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നടക്കുന്നു. 
    ഈ മെഡിക്കല്‍ ആരോമാറ്റിക് പ്ലാന്റ് ഇന്‍ക്യുബേറ്ററില്‍ നിന്നും സഹായം ലഭിച്ച മറ്റൊരു സംരംഭകയാണ് ശ്രീമതി സുഭശ്രീ. സുഭശ്രീയുടെ കമ്പനി ഹെര്‍ബല്‍-റൂം, കാര്‍ ഫ്രഷ്‌നറുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. നാനൂറിലധികം ഔഷധസസ്യങ്ങളുള്ള ഒരു ഹെര്‍ബല്‍ ഗാര്‍ഡനും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.
    സുഹൃത്തുക്കളെ കുട്ടികളില്‍ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം രസകരമായ ഒരു പദ്ധതി തയ്യാറാക്കുകയും അതിന്റെ ഉത്തരവാദിത്വം ശ്രീ ആയുഷ്മാന്‍ എന്ന പ്രൊഫസറെ ഏല്‍പ്പിക്കുകയും ചെയ്തു. ആരാണ് ആയുഷ്മാന്‍ എന്ന പ്രൊഫസര്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. യഥാര്‍ത്ഥത്തില്‍ പ്രൊഫസര്‍ ആയുഷ്മാന്‍ എന്നത് ഒരു കോമിക് പുസ്തകത്തിന്റെ പേരാണ്. ഇതില്‍ വ്യത്യസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ചെറിയ കഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം കറ്റാര്‍വാഴ, തുളസി, നെല്ലിക്ക, ഗിലോയ്, വേപ്പ്, അശ്വഗന്ധ, ബ്രഹ്‌മി തുടങ്ങിയ ആരോഗ്യ വര്‍ദ്ധകങ്ങളായ ഔഷധസസ്യങ്ങളുടെ ഉപയോഗവും പറഞ്ഞിട്ടുണ്ട്.
    സുഹൃത്തുക്കളെ, ഇന്നത്തെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ആളുകളുടെ ഇടയില്‍ ഔഷധസസ്യങ്ങളുടെയും ഹെര്‍ബല്‍ സസ്യങ്ങളുടെയും ഉല്‍പാദനത്തില്‍ വലിയ താല്പര്യം കണ്ടുവരുന്നു. ഇന്ത്യയ്ക്ക് അതില്‍ വലിയ സാധ്യതകളുണ്ട്. ശാസ്ത്രജ്ഞരോടും  ഗവേഷകരോടും സ്റ്റാര്‍ട്ടപ്പിന്റെ ലോകവുമായി ബന്ധപ്പെട്ട ആളുകളോടും അത്തരം ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് ആളുകളുടെ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നമ്മുടെ കര്‍ഷകരുടേയും യുവാക്കളുടെയും വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
    സുഹൃത്തുക്കളെ പരമ്പരാഗത കൃഷിക്ക് അപ്പുറത്തേക്ക് കാര്‍ഷിക മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നു. പുതിയ ഓപ്ഷനുകളും പുതിയ സ്വയംതൊഴില്‍ മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. പുല്‍വാമയിലെ രണ്ട് സഹോദരന്മാരുടെ കഥയും ഇതിന് ഉദാഹരണമാണ്. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ബിലാല്‍ അഹമ്മദ് ശൈഖും മുനീര്‍ അഹമ്മദ് ശൈഖും പുതിയ വഴികള്‍ കണ്ടെത്തിയ രീതി, അത് പുത്തന്‍ ഇന്ത്യ യുടെ ഉദാഹരണമാണ്. 39 വയസ്സുള്ള ശ്രീ ബിലാല്‍ അഹമ്മദ് ഉയര്‍ന്ന യോഗ്യതയുള്ള ആളാണ്. അദ്ദേഹം നിരവധി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കിക്കൊണ്ട് ഇന്ന് അദ്ദേഹം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തന്റെ അനുഭവം ഉപയോഗിക്കുന്നു. ശ്രീ ബിലാല്‍ തന്റെ വീട്ടില്‍ വെര്‍മി കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഈ യൂണിറ്റില്‍ നിന്ന് തയ്യാറാക്കിയ ജൈവ വളം കാര്‍ഷിക മേഖലയില്‍ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. മാത്രമല്ല ഇത് ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സഹോദരങ്ങളുടെ യൂണിറ്റുകളില്‍ നിന്ന് ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് മൂവായിരത്തോളം ക്വിന്റല്‍ കമ്പോസ്റ്റ് ലഭിക്കുന്നു. ഇന്ന് ഈ വെര്‍മി കമ്പോസ്റ്റിംഗ് യൂണിറ്റില്‍ പതിനഞ്ചോളം പേര്‍ ജോലി ചെയ്യുന്നു. ഈ യൂണിറ്റ് കാണാന്‍ ധാരാളം ആളുകള്‍ എത്തിച്ചേരുന്നു. അവരില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ്. പുല്‍വാമയിലെ ശൈഖ് സഹോദരന്മാര്‍ ഒരു തൊഴിലന്വേഷകനു പകരം ഒരു സ്വയംതൊഴില്‍ സൃഷ്ടാവ് ആകാനുള്ള പ്രതിജ്ഞയെടുത്തു. ഇന്ന് അവര്‍ ജമ്മുകാശ്മീരില്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഒരു പുതിയ പാത കാണിക്കുന്നു.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 25ന് രാജ്യത്തിന്റെ മഹാനായ പുത്രന്‍ ശ്രീ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകരില്‍ ഒരാളാണ് ശ്രീ ദീന്‍ദയാല്‍. സാമ്പത്തിക ശാസ്ത്രത്തില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ദര്‍ശനം, സമൂഹത്തെ ശാക്തീകരിക്കാനുള്ള നയങ്ങള്‍ അദ്ദേഹം കാണിച്ച അന്ത്യോദയയുടെ പാത എന്നിവ ഇന്നും പ്രസക്തമാണ്. എന്നുമാത്രമല്ല വളരെയധികം പ്രേരണാദായകവുമാണ്. മൂന്നുവര്‍ഷം മുന്‍പ് സെപ്റ്റംബര്‍ 25ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് പദ്ധതി – ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കി. ഇന്ന് രാജ്യത്തെ രണ്ടരക്കോടിയിലധികം ദരിദ്രര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സ ആശുപത്രികളില്‍ ലഭിച്ചുകഴിഞ്ഞു. ദരിദ്രര്‍ക്കായുള്ള അത്തരമൊരു വലിയ പദ്ധതി ശ്രീ ദീന്‍ദയാലിന്റെ അന്ത്യോദയ എന്ന ആശയത്തിന് സമര്‍പ്പിച്ചിരിക്കുന്നു. ഇന്നത്തെ യുവാക്കള്‍ ഈ മൂല്യങ്ങളും ആദര്‍ശങ്ങളും അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നാല്‍ അത് അവരുടെ ഭാവിക്ക് വലിയ സഹായകമാകും. ഒരിക്കല്‍ ലക്‌നൗവില്‍ ശ്രീ ദീന്‍ദയാല്‍ പറഞ്ഞിരുന്നു, ‘എത്ര നല്ല കാര്യങ്ങള്‍ നല്ല ഗുണങ്ങള്‍ ഉണ്ട് – ഇവയെല്ലാം നമുക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്നതാണ്. നമ്മള്‍ തിരിച്ച് സമൂഹത്തിന്റെ കടം വീട്ടണം. നാം ഇങ്ങനെ ചിന്തിച്ചേ തീരൂ. അതായത് ദീനദയാല്‍ജി പഠിപ്പിച്ചത് നമ്മള്‍ സമൂഹത്തില്‍ നിന്നും രാജ്യത്തു നിന്നും എന്തെങ്കിലും എടുക്കുന്നു. അതെന്തായാലും അത് രാജ്യത്തില്‍ നിന്നാണ്. അതിനാല്‍ രാജ്യത്തോടുള്ള കടം എങ്ങനെ തിരിച്ചടയ്ക്കാം എന്ന് നമ്മള്‍ ചിന്തിക്കണം. ഇന്നത്തെ യുവാക്കള്‍ക്ക് ഇതൊരു മികച്ച സന്ദേശമാണ്. 
    സുഹൃത്തുക്കളെ ജീവിതത്തോട് നാം ഒരിക്കലും പരാജയപ്പെടരുതെന്ന പാഠം ശ്രീ ദീന്‍ദയാലില്‍ നിന്നും നമുക്ക് ലഭിക്കുന്നു. പ്രതികൂല രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ക്ക് ഇടയിലും ഒരിക്കലും ഇന്ത്യയുടെ വികസനത്തിന് ഒരു തദ്ദേശീയ മാതൃക എന്ന കാഴ്ചപ്പാടില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നില്ല. ഇന്ന് പല യുവാക്കളും അവര്‍ തയ്യാറാക്കിയ പാതകളില്‍ വ്യത്യസ്തരായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശ്രീ ദീന്‍ദയാലിന്റെ ജീവിതം അവരെ വളരെയധികം സഹായിക്കും. അതുകൊണ്ടാണ് യുവാക്കള്‍ അദ്ദേഹത്തെ അറിഞ്ഞിരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മള്‍ ഇന്ന് നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മള്‍ ചര്‍ച്ച ചെയ്തതു പോലെ വരാനുള്ള സമയം ഉത്സവങ്ങളുടേതാണ്. മര്യാദാ പുരുഷോത്തമന്‍ ശ്രീരാമന്‍ അസത്യത്തിന് മേല്‍ നേടിയ വിജയത്തിന്റെ ഉത്സവം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ പോകുന്നു. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ നമ്മള്‍ ഒരു പോരാട്ടത്തെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. അതാണ് കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടം. ഈ പോരാട്ടത്തില്‍ ടീം-ഇന്ത്യ എല്ലാ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. വാക്‌സിനേഷനില്‍ രാജ്യം അത്തരം നിരവധി റെക്കോര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും തന്റെതായ പങ്കുണ്ട്. തങ്ങളുടെ ഊഴം വരുമ്പോള്‍ വാക്‌സിന്‍ എടുക്കണം. മാത്രമല്ല ഈ സുരക്ഷാ ചക്രത്തില്‍ നിന്ന് ആരും വിട്ടു പോകാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കുചുറ്റും വാക്‌സിന്‍ ലഭിക്കാത്തവരെയും വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോകണം. വാക്‌സിന്‍ എടുത്തതിനു ശേഷവും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി ടീം ഇന്ത്യ നമ്മുടെ പതാക ഉയര്‍ത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത തവണ മറ്റു ചില വിഷയങ്ങള്‍ നമുക്ക് മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്യാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും, എല്ലാ ദേശവാസികള്‍ക്കും വളരെ സന്തോഷകരമായ ഉത്സവവേള ആശംസിക്കുന്നു. 
നന്ദി.