Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു. 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജപ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജസ്ഥാനിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിനുപേർ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയുമായി സഹകരിച്ചതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരുടെ സാന്നിധ്യത്തിനു നന്ദി അറിയിക്കുകയും ചെയ്തു. എല്ലാ ഗുണഭോക്താക്കളെയും ഒരുകുടക്കീഴിൽ കൊണ്ടുവരാൻ സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിച്ച രാജസ്ഥാൻ മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. രാജസ്ഥാനിലെ ജനങ്ങളുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടി, കുറച്ചു ദിവസങ്ങൾക്കുമുമ്പ് രാജസ്ഥാനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു സ്വീകരണം നൽകിയതു പ്രധാനമന്ത്രി അനുസ്മരിച്ചു. അതിന്റെ പ്രതിധ്വനികൾ ഇന്ത്യയിൽ മാത്രമല്ല, ഫ്രാൻസിലും മുഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ ജനങ്ങളേകിയ അനുഗ്രഹം പ്രധാനമന്ത്രി അനുസ്മരിച്ചു. ഒപ്പം ഇരട്ട എൻജിൻ ഗവണ്മെന്റിനു രൂപംനൽകുന്നതിലേക്കു നയിച്ച ‘മോദിയുടെ ഉറപ്പി’ലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. റോഡ്, റെയിൽവേ, സൗരോർജം, ഊർജപ്രസരണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ മേഖലകളിലെ 17,000 കോടി രൂപയുടെ ഇന്നത്തെ വികസന പദ്ധതികൾക്കു രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഇതു സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിനിന്നുള്ള ‘യേ ഹി സമയ് ഹേ- സഹി സമയ് ഹേ’ എന്ന ആഹ്വാനം അനുസ്മരിച്ച പ്രധാനമന്ത്രി, വർത്തമാനകാലത്തെ സുവർണ കാലഘട്ടമെന്നു വിശേഷിപ്പിക്കുകയും മുൻദശകങ്ങളിലെ നിരാശ ഉപേക്ഷിച്ചു പൂർണ ആത്മവിശ്വാസത്തോടെ ഇന്ത്യക്കു മുന്നേറാൻ കഴിയുമെന്നും പറഞ്ഞു. കുംഭകോണങ്ങൾ, അരക്ഷിതാവസ്ഥ, ഭീകരവാദം എന്നിവയെക്കുറിച്ചുള്ള 2014നു മുമ്പുനടന്ന ചർച്ചകൾക്കു വിരുദ്ധമായി, ഇപ്പോൾ നാം വികസിത ഭാരതം, വികസിത രാജസ്ഥാൻ എന്നീ ലക്ഷ്യങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഇന്നു നാം വലിയ തീരുമാനങ്ങൾ എടുക്കുകയും വലിയ സ്വപ്നങ്ങൾ കാണുകയും അവ നേടിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “വികസിത ഭാരതത്തെക്കുറിച്ചു ഞാൻ പറയുമ്പോൾ, അതു വെറുംവാക്കോ അല്ലെങ്കിൽ വികാരമോ അല്ല; മറിച്ച്, ‌ഓരോ കുടുംബത്തിന്റെയും ജീവിതം സമൃദ്ധമാക്കാനുള്ള യജ്ഞമാണ്. രാജ്യത്തു ദാരിദ്ര്യനിർമാർജനത്തിനും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള യജ്ഞമാണു വികസിത ഭാരതം” – അദ്ദേഹം പറഞ്ഞു. വിദേശസന്ദർശനം കഴിഞ്ഞ് ഇന്നലെയാണു മടങ്ങിയെത്തിയതെന്നു പറഞ്ഞ പ്രധാനമന്ത്രി, സന്ദർശനത്തിൽ ആഗോള നേതാക്കളുമായുള്ള ആശയവിനിമയത്തെക്കുറിച്ചും പറഞ്ഞു. ഇന്ത്യക്കു വലിയ സ്വപ്നങ്ങൾ കാണാനും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്നു ലോക നേതാക്കൾ അംഗീകരിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

“വികസിതഭാരതത്തിന്റെ വികസനത്തിനു വികസിത രാജസ്ഥാന്റെ വികസനം അത്യന്താപേക്ഷിതമാണ്” – റെയിൽ, റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യമേഖലകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽനൽകി പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം മേഖലകളുടെ വികസനം കർഷകർ, മൃഗസംരക്ഷകർ, വ്യവസായങ്ങൾ, വിനോദസഞ്ചാരം എന്നിവയ്ക്കു വളരെയധികം പ്രയോജനം ചെയ്യുമെന്നും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്തേക്കു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ, 11 ലക്ഷം കോടി രൂപ അടിസ്ഥാനസൗകര്യവികസനത്തിനായി വകയിരുത്തിയതായും ഇതു മുൻ ഗവണ്മെന്റുകളേക്കാൾ 6 മടങ്ങ് അധികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ തുക സിമന്റ്, കല്ലുകൾ, സെറാമിക്സ് വ്യവസായങ്ങൾക്കു വൻതോതിൽ ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജസ്ഥാനിലെ ഗ്രാമീണ റോഡുകളിലും ഹൈവേകളിലും അതിവേഗപാതകളിലും അഭൂതപൂർവമായ നിക്ഷേപം നടത്തിയതായി പ്രധാനമന്ത്രി പരാമർശിച്ചു. ഇന്നു രാജസ്ഥാനെ ഗുജറാത്ത്- മഹാരാഷ്ട്ര തീരപ്രദേശങ്ങളിലെ വിശാലമായ ഹൈവേകളിലൂടെ പഞ്ചാബുമായി കൂട്ടിയിണക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പദ്ധതികൾ കോട്ട, ഉദയ്പുർ, ടോങ്ക്, സവായ് മാധോപുർ, ബൂന്ദി, അജ്മേർ, ഭീൽവാര, ചിത്തോർഗഢ് എന്നിവിടങ്ങളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ റോഡുകൾ ഡൽഹി, ഹരിയാണ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുമായുള്ള മികച്ച സമ്പർക്കസൗകര്യവും ഉറപ്പാക്കും.

ഇന്നത്തെ പരിപാടിയുടെ ഭാഗമായ റെയിൽവേയുടെ വൈദ്യുതീകരണം, നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ബാന്ദീകുയി-ആഗ്ര കോട്ട റെയിൽ പാത ഇരട്ടിപ്പിക്കുന്നതു മെഹന്ദിപുർ ബാലാജിയിലേക്കും ആഗ്രയിലേക്കുമുള്ള പ്രവേശനം സുഗമമാക്കുമെന്നു പറഞ്ഞു. അതുപോലെ, ഖാത്തീപുര (ജയ്പുർ) സ്റ്റേഷൻ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം വീടുകളിൽ സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും അധിക വൈദ്യുതി വിറ്റു വരുമാനം സൃഷ്ടിക്കാനും പൗരന്മാരെ പ്രാപ്തരാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. പിഎം സൂര്യ ഘർ യോജന അഥവാ സൗജന്യ വൈദ്യുതി പദ്ധതി ആരംഭിച്ചതു ശ്രീ മോദി ചൂണ്ടിക്കാട്ടി. അതിലൂടെ ഗവണ്മെന്റ് 300 യൂണിറ്റ് സൗജന്യ വൈദ്യുതി സജ്ജീകരിക്കും. പുരപ്പുറത്തു സൗ​രപാനലുകൾ സ്ഥാപിക്കുന്നതിനു തുടക്കത്തിൽ ഒരുകോടി വീടുകൾക്കു കേന്ദ്ര ഗവണ്മെന്റ് ധനസഹായം നൽകുമെന്നും പദ്ധതിയുടെ മൊത്തം ചെലവ് 75,000 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു. ഇടത്തരക്കാരും താഴ്ന്ന ഇടത്തരക്കാരുമായ സമൂഹത്തിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വായ്പകൾ എളുപ്പത്തിൽ വിതരണം ചെയ്യുന്നതിനു ബാങ്കുകൾ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജസ്ഥാനിൽ, അഞ്ചുലക്ഷം വീടുകളിൽ സൗരപാനലുകൾ സ്ഥാപിക്കാൻ ഗവണ്മെന്റ് പദ്ധതിയിട്ടിട്ടുണ്ട്” – പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ചെലവു കുറയ്ക്കുന്നതിനുള്ള ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.

യുവജനങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ”ഇവരാണ് ഞങ്ങളുടെ ഏറ്റവും വലിയ 4 ജാതികള്‍, ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മോദി നല്‍കിയ ഉറപ്പുകള്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നിറവേറ്റുന്നതില്‍ എനിക്ക് സന്തോഷമുണ്ട്”, അദ്ദേഹം പറഞ്ഞു. പുതിയ രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ 70,000 തൊഴിലവസരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പേപ്പര്‍ ചോര്‍ച്ച സംഭവങ്ങള്‍ക്കായി എസ്.ഐ.ടി (പ്രത്യേക അന്വേഷണസംഘം) രൂപീകരിച്ചതിന് പുതിയ സംസ്ഥാന ഗവണ്‍മെന്റിനെ അദ്ദേഹം പ്രശംസിച്ചു. പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഒരു തടസ്സമായി പ്രവര്‍ത്തിക്കുന്ന കര്‍ശനമായ പുതിയ കേന്ദ്ര നിയമത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു,
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ ഉറപ്പില്‍ സ്പര്‍ശിച്ച പ്രധാനമന്ത്രി രാജസ്ഥാനിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇത് പ്രയോജനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ജല്‍ ജീവന്‍ മിഷനിലെ മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അഴിമതികള്‍ ചൂണ്ടിക്കാണിച്ച ശ്രീ മോദി, ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ഏറ്റെടുത്തിട്ടുണ്ടെന്നതിനും അടിവരയിട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ നിലവിലുള്ള 6,000 രൂപ ധനസഹായം രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് 2,000 രൂപ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ”എല്ലാ മേഖലകളിലും ഞങ്ങളുടെ വാഗ്ദാനങ്ങള്‍ ഓരോന്നായി ഞങ്ങള്‍ നിറവേറ്റുകയാണ്. ഞങ്ങളുടെ ഉറപ്പുകളില്‍ ഞങ്ങള്‍ വളരെ ഗൗരവമുള്ളവരാണ്. അതുകൊണ്ടാണ് മോദിയുടെ ഉറപ്പ് എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പ് എന്ന് ജനങ്ങള്‍ പറയുന്നത്”, പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

”ആര്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ ഓരോ ഗുണഭോക്താക്കള്‍ക്കും അവരുടെ അവകാശങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മോദിയുടെ പരിശ്രമം”. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 3 കോടി ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തിയിടത്ത് രാജസ്ഥാനില്‍ നിന്നുള്ള കോടിക്കണക്കിന് പൗരന്മാരുടെ പങ്കാളിത്തവും, ഒരു കോടി പുതിയ ആയുഷ്മാന്‍ കാര്‍ഡുകള്‍ ഉണ്ടായതും, 15 ലക്ഷം കര്‍ഷകര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തതും, ഏകദേശം 6.5 ലക്ഷം കര്‍ഷകര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് അപേക്ഷിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉജ്ജ്വല ഗ്യാസ് കണക്ഷനുവേണ്ടി 8 ലക്ഷത്തോളം സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിനുള്ളില്‍ തന്നെ 2.25 ലക്ഷം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോര്‍ത്തര്‍ക്കും രണ്ടുലക്ഷം രൂപയുടെ വീതമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രാജസ്ഥാനില്‍ നിന്ന് 16 ലക്ഷം പേര്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.
നിരാശയുടെ അന്തരീക്ഷം വളര്‍ത്തുകയും രാജ്യത്തിന്റെ വിജയങ്ങള്‍ ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന ശക്തികളെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടംബവാഴ്ച രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത്തരം രാഷ്ട്രീയം യുവജനങ്ങളെ പ്രചോദിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യുന്നവരുടെ സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും പരാമര്‍ശിച്ചുകൊണ്ട്, അത്തരം യുവാക്കള്‍ ”വികസിത് ഭാരത് എന്ന ദര്‍ശനത്തിനൊപ്പം നില്‍ക്കുന്നു. വികസിത് രാജസ്ഥാന്റെയും വികസിത് ഭാരതിന്റെയും ദര്‍ശനം ഇത്തരം ആദ്യ വോട്ടര്‍മാര്‍ക്കുള്ളതാണ്”എന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ശര്‍മ്മ, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രാദേശിക തലത്തിലുള്ള പ്രതിനിധികള്‍ തുടങ്ങിയവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

രാജസ്ഥാനില്‍ 5000 കോടിയിലധികം രൂപയുടെ വിവിധ ദേശീയ പാത പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടുവരി ഡല്‍ഹി-മുംബൈ ഗ്രീന്‍ ഫീല്‍ഡ് അലൈന്‍മെന്റിന്റെ (എന്‍.ഇ 4) മൂന്ന് പാക്കേജുകള്‍, അതായത് ബയോണ്‍ലി-ജലായ് റോഡ് മുതല്‍ മുയി വില്ലേജ് വരെയുള്ള ഭാഗം; ഹര്‍ദിയോഗഞ്ച് ഗ്രാമം മുതല്‍ മെജ് നദി വരെയുള്ള ഭാഗം; തക്ലി മുതല്‍ രാജസ്ഥാന്‍/മദ്ധ്യപ്രദേശ് അതിര്‍ത്തിവരെയുള്ള ഭാഗം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ഭാഗങ്ങള്‍ മേഖലയില്‍ വേഗമേറിയതും മെച്ചപ്പെട്ടതുമായ ബന്ധിപ്പിക്കല്‍ ഉറപ്പാക്കും. ഈ ഭാഗങ്ങളിലെ വന്യജീവികളുടെ തടസ്സമില്ലാത്ത സഞ്ചാരം സുഗമമാക്കുന്നതിന് മൃഗങ്ങള്‍ക്കായുള്ള അടിപ്പാതയും മേല്‍പ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല, വന്യജീവികളിലുണ്ടാകാവുന്ന ആഘാതം കുറയ്ക്കുന്നതിന് ശബ്ദശല്യം ഒഴിവാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എച്ച്-48-ന്റെ ചിറ്റോര്‍ഗഢ്-ഉദയ്പൂര്‍ ഹൈവേ ഭാഗത്തിനെ കായ ഗ്രാമത്തിലെ എന്‍എച്ച്-48ലെ ഉദയ്പൂര്‍-ഷാംലാജി ഭാഗവുമായി ബന്ധിപ്പിക്കുന്ന ആറുവരി ഗ്രീന്‍ഫീല്‍ഡ് ഉദയ്പൂര്‍ ബൈപാസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദയ്പൂര്‍ നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ ഈ ബൈപാസ് സഹായിക്കും. രാജസ്ഥാനിലെ ഝുന്‍ഝുനു, ആബു റോഡ്, ടോങ്ക് ജില്ലകളിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന മറ്റ് വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാനില്‍ ഏകദേശം 2300 കോടി രൂപയുടെ എട്ട് സുപ്രധാന റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ജോധ്പൂര്‍-റായ് കാ ബാഗ്-മെര്‍ത്ത റോഡ്-ബിക്കാനീര്‍ സെക്ഷന്‍ (277 കി.മീ); ജോധ്പൂര്‍-ഫലോഡി സെക്ഷന്‍ (136 കി.മീ); ബിക്കാനീര്‍-രതന്‍ഗഢ്-സദുല്‍പൂര്‍-രെവാരി സെക്ഷന്‍ (375 കി.മീ) എന്നീ പാതകളുടെ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഖാതീപുര റെയില്‍വേ സ്‌റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ജയ്പൂരിന്റെ ഉപഗ്രഹ സ്‌റ്റേഷനായി വികസിപ്പിച്ചിരിക്കുന്ന ഈ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ക്ക് പുറപ്പെടാനും യാത്ര അവസാനിപ്പിക്കാനും കഴിയുന്ന ടെര്‍മിനല്‍ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഭഗത് കി കോദിയിലെ (ജോധ്പൂര്‍) വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ അറ്റകുറ്റപ്പണി സൗകര്യം; ഖാതീപുരയില്‍ (ജയ്പൂര്‍) വന്ദേ ഭാരത്, എല്‍.എച്ച്.ബി തുടങ്ങി എല്ലാത്തരം റേക്കുകളുടെയും പരിപാലനം; ഹനുമാന്‍ഗഢില്‍ ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള കോച്ച് പരിപാലന സമുച്ചയത്തിന്റെ നിര്‍മ്മാണം; ബാന്ദികുയി മുതല്‍ ആഗ്ര ഫോര്‍ട്ട് വരെയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കല്‍ എന്നിവ പ്രധാനമന്ത്രി തറക്കല്ലിട്ട റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. റെയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കല്‍, സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കല്‍, ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തി ചരക്കുഗതാഗതത്തിനും യാത്രാസൗകര്യത്തിനും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയാണ് റെയില്‍വേ മേഖലയിലെ ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.

മേഖലയിലെ പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ 5300 കോടി രൂപയുടെ സുപ്രധാന സോളാര്‍ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ബാര്‍സിംഗ്‌സര്‍ താപവൈദ്യുത നിലയത്തിന് സമീപം സ്ഥാപിക്കുന്ന 300 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയായ എന്‍.എല്‍.സി.ഐ.എല്‍ ബാര്‍സിംഗ്‌സര്‍ സൗരോര്‍ജ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന് അനുസൃതമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യല്‍ മൊഡ്യൂളുകളോടു കൂടിയ അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് സൗരോര്‍ജ പദ്ധതി സ്ഥാപിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീറില്‍ തന്നെ വികസിപ്പിക്കുന്ന എന്‍.എച്ച്.പി.സി ലിമിറ്റഡിന്റെ പദ്ധതിയുടെ സി.പി.എസ്.യു പദ്ധതി ഘട്ടം-2 (ട്രാഞ്ച് -3) ന് കീഴിലുള്ള 300 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ വികസിപ്പിച്ച എന്‍.ടി.പി.സിയുടെ 300 മെഗാവാട്ട് ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് നോഖ്ര സോളാര്‍ പി.വി പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. സൗരോര്‍ജ പദ്ധതികള്‍ ഹരിത വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാന്‍ സഹായിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനു കാരണമാകുകയും ചെയ്യും.

രാജസ്ഥാനിലെ 2100 കോടിയിലധികം രൂപയുടെ വൈദ്യുതി പ്രസരണ മേഖലയിലെ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജസ്ഥാനിലെ സൗരോര്‍ജ്ജമേഖലകളില്‍ നിന്നുള്ള വൈദ്യുതി ഉടന്‍ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റുകയെന്നതാണ് ഈ പദ്ധതികളുടെ ഉദ്ദേശം. അതിലൂടെ ഈ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയും. ഘട്ടം-രണ്ട് ഭാഗം എ പ്രകാരം രാജസ്ഥാനിലെ (8.1 ജിഗാവാട്ട്) സൗരോര്‍ജ്ജ മേഖലകളില്‍ നിന്ന് വൈദ്യുതി ഉടന്‍ മാറ്റുന്നതിനുള്ള പ്രസരണ സംവിധാനം ശക്തിപ്പെടുത്തല്‍ പദ്ധതി; ഘട്ടം-2 ഭാഗം-ബി1 പ്രകാരം രാജസ്ഥാനിലെ (8.1 ജിഗാവാട്ട്) സൗരോര്‍ജ്ജ മേഖലകളില്‍ നിന്ന് വൈദ്യുതി ഉടന്‍ മാറ്റുന്നതിനുള്ള പ്രസരണ സംവിധാനം ശക്തിപ്പെടുത്തല്‍ പദ്ധതി; ബിക്കാനീര്‍ (പി.ജി), ഫത്തേഗഡ്-2, ഭദ്‌ല-2 എന്നിവിടങ്ങളിലെ ആര്‍.ഇ പദ്ധതികളിലേക്ക് ബന്ധിപ്പിക്കല്‍ നല്‍കുന്നതിനുള്ള പ്രസരണ സംവിധാനം എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
രാജസ്ഥാനില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള പദ്ധതികള്‍ ഉള്‍പ്പെടെ 2400 കോടി രൂപയുടെ വിവധ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. വ്യക്തിഗത ഗാര്‍ഹിക ടാപ്പ് കണക്ഷനുകളിലൂടെ രാജ്യത്തുടനീളം ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണമാണ് ഈ പദ്ധതികള്‍ സൂചിപ്പിക്കുന്നത്.
ജോധ്പൂരിലെ ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രവര്‍ത്തനത്തിനും സുരക്ഷയ്ക്കും അത്യാധുനിക അടിസ്ഥാനസൗകര്യവും ഓട്ടോമേഷന്‍ സംവിധാനവുമുള്ള ഈ ബോട്ടിലിംഗ് പ്ലാന്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും മേഖലയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ എല്‍.പി.ജി ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.
രാജസ്ഥാന്റെ അടിസ്ഥാന സൗകര്യ മേഖലയെ മാറ്റിമറിക്കാനും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമത്തിന് അടിവരയിടുന്നതാണ് രാജസ്ഥാനില്‍ സമാരംഭം കുറിച്ച ഈ വികസന പദ്ധതികള്‍. ജയ്പൂരിലെ പ്രധാന പരിപാടിക്കൊപ്പം രാജസ്ഥാനിലെ എല്ലാ ജില്ലകളിലുമായി 200 ഓളം സ്ഥലങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പരിപാടികള്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. പരിപാടിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രാദേശിക തല പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

NS