Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്‌കോട്ടില്‍ മഹാത്മാഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്തു.


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് മഹാത്മാഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹാത്മാഗാന്ധിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിച്ച സെന്റ് ആല്‍ഫ്രഡ് ഹൈസ്‌കൂളിലാണ് മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. ഗാന്ധിയന്‍ സംസ്‌ക്കാരം, മൂല്യങ്ങള്‍ തത്വചിന്ത എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് മ്യൂസിയം സഹായകരമാകും.

624 വീടുകളടങ്ങുന്ന ഒരു പൊതു ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിക്കുന്ന ഒരു ഫലകവും പ്രധാനമന്ത്രി അനാവരം ചെയ്തു. ഗുണഭോക്താക്കളായ 240 കുടുംബങ്ങളുടെ ഇ-ഗൃഹപ്രവേശത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.

തദവസരത്തില്‍ സംസാരിക്കവെ, മഹാത്മാഗാന്ധിയില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാപ്പുവുമായി ഏറെ ഉറ്റബന്ധമുള്ള പ്രദേശം എന്ന നിലയ്ക്ക് ഗുജറാത്ത് അനുഗ്രഹീതമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിയെ കുറിച്ച് ബാപ്പുവിന് ഉത്കണ്ഠയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് കൂടുതല്‍ വൃത്തിയുള്ളതും, ഹരിതാഭവുമായ ഒരു നാളെയ്ക്ക് വേണ്ടി നമുക്ക് യത്‌നിക്കണമെന്ന് പറഞ്ഞു.

അവസരങ്ങള്‍ നഷ്ടപ്പെട്ടവരെ സേവിക്കാനും, പാവപ്പെട്ടവരില്‍, പാവപ്പെട്ടവനെയും, ക്യൂവില്‍ അവസാനം നല്‍ക്കുന്നവരെയും കുറിച്ച് ചിന്തിക്കുവാനുമാണ് ബാപ്പു എക്കാലവും നമ്മെ പഠിപ്പിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആദര്‍ശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഞങ്ങള്‍ പാവപ്പെട്ടവരെ സേവിക്കുന്നത്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ശ്രമങ്ങളിലൂടെ അവരുടെ ജീവിതങ്ങള്‍ പരിവര്‍ത്തിപ്പിക്കാനും, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനുമാണ് ഞങ്ങള്‍ പരിശ്രമിച്ച് വരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിലധികമായെങ്കിലും ശുചിത്വ ഭാരതത്തെ കുറിച്ചുള്ള ബാപ്പുജിയുടെ സ്വപ്നം ഇപ്പോഴും, പൂവണിഞ്ഞിട്ടില്ല പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. ഈ സ്വപ്നം നമുക്ക് ഒരുമിച്ച് സാക്ഷാത്ക്കരിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ശുചിത്വ ഭാരത ദൗത്യം സാരവത്തായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇനിയും അവ തുടര്‍ന്ന് കൊണ്ട് പോകണം, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പിന്നീട് മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ചു.