Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്യത്തെമ്പാടുമുള്ള ആശ, എ.എൻ.എം., അംഗണവാടി വര്‍ക്കര്‍മാരുമായി വീഡിയോ ബ്രിഡ്ജിലൂടെ ആശയ വിനിമയം നടത്തി.


രാജ്യത്തെമ്പാടും നിന്നുള്ള ആശാവര്‍ക്കര്‍മാര്‍, അംഗണവാടി വര്‍ക്കര്‍മാര്‍, എ.എൻ.എം. (ആക്സിലറി നേഴ്സ് മിഡ് വൈഫ്) എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.

രാജ്യത്ത് പോഷകാഹാരമില്ലായ്മ കുറയ്ക്കുക എന്ന പോഷകാഹാര ദൗത്യത്തിന്‍റെ ലക്ഷ്യം കൈവരിക്കുന്നതിനും, ആരോഗ്യ പോഷകാഹാര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള അടിസ്ഥാന തലത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കരുത്തും, ആരോഗ്യവുമുള്ള ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതില്‍ അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വര്‍ക്കര്‍മാരുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പോഷകാഹാര മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ കുടുംബത്തിനും പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 

രാജസ്ഥാനിലെ ജുന്‍ജുനുവില്‍ തുടക്കമിട്ട ദേശീയ പോഷകാഹാര ദൗത്യത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞ് കൊണ്ട്, വളര്‍ച്ചാ മുരടിപ്പ്, രക്തക്കുറവ്, പോഷകാഹാര കുറവ്, ജനനസമയത്തെ ഭാരക്കുറവ് തുടങ്ങിയവ കുറയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രസ്ഥാനവുമായി പരമാവധി സ്ത്രീകളെയും, കുട്ടികളെയും ഉള്‍പ്പെടുത്തുകയെന്നത് അത്യന്താപേഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പോഷകാഹാരം, ഗുണനിലവാരമുള്ള ആരോഗ്യ രക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവണ്‍മെന്‍റ് ഊന്നല്‍ നല്‍കുന്നത്.  സ്ത്രീകളെയും, കുട്ടികളെയും സഹായിക്കുന്നതിനായുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള ഹെല്‍ത്ത് വര്‍ക്കര്‍മാരും, ഗുണഭോക്താക്കളും തങ്ങളുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്ക് വച്ചു. മൂന്ന് ലക്ഷം ഗര്‍ഭിണികള്‍ക്കും, 85 കോടി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ഇന്ദ്രധനുഷ് ദൗത്യത്തിന്‍റെ ഫലപ്രദമായ നടത്തിപ്പിന് ആശ, എ.എൻ.എം., അംഗണവാടി വര്‍ക്കര്‍മാര്‍ നല്‍കിയ സംഭാവനയെയും അവരുടെ സമര്‍പ്പണ മനോഭാവത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

സുരക്ഷിത മാതൃത്വ ദൗത്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

ഓരോ വര്‍ഷവും രാജ്യത്തെ ഏകദേശം 1.25 ദശലക്ഷം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നവജാത ശിശു പരിചരണ പരിപാടിയുടെ വിജയത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.  നേരത്തെ കുഞ്ഞ് ജനിച്ച് ആദ്യ 45 ദിവസങ്ങള്‍ക്കിടയില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിയിരുന്ന 6 തവണത്തെ സന്ദര്‍ശനം ഇനി മുതല്‍ ആദ്യ 15 മാസത്തില്‍ 11 തവണയാക്കി വര്‍ദ്ധിപ്പിക്കും. 

ആരോഗ്യവും രാജ്യത്തിന്‍റെ വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. രാജ്യത്തെ കുട്ടികള്‍  ദുര്‍ബ്ബലരാണെങ്കില്‍ വളര്‍ച്ചയും മന്ദീഭവിക്കും. എതൊരു നവജാത ശിശുവിനും ആദ്യ 1000 ദിവസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഈ കാലയളവിലെ പോഷക സമ്പുഷ്ടമായ ഭക്ഷണം, പത്ഥ്യാഹാര ശീലങ്ങള്‍ മുതലായവ ശരീരം എങ്ങനെയാകുമെന്ന് നിശ്ചയിക്കും, ഒപ്പം ആ കുഞ്ഞ് എപ്രകാരം വായിക്കുകയും, എഴുതുകയും ചെയ്യുമെന്നും മാനസികമായി എത്രത്തോളം ആരോഗ്യമുണ്ടെന്നും നിര്‍ണ്ണയിക്കും. ഒരു രാജ്യത്തെ പൗരന്മാര്‍ ആരോഗ്യമുള്ളവരാണെങ്കില്‍ ആ രാജ്യത്തെ വികസനത്തെ ആര്‍ക്കും തടുക്കാനാവില്ല. അതിനാല്‍ ആദ്യ 1000 ദിവസങ്ങളില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കുന്ന കരുത്തുറ്റ ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷം നിഷ്ക്കളങ്കരായ ജീവനുകളെ രക്ഷിക്കാനുള്ള ശേഷി ശുചിത്വ ഭാരത ദൗത്യത്തിന് കീഴിലുള്ള ശൗചാലയങ്ങള്‍ക്കുണ്ടെന്നത് ശ്രദ്ധേയമാണ്. ശുചിത്വത്തോടുള്ള പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആദ്യ ഗുണഭോക്താവായ ആയുഷ്മാന്‍ കുഞ്ഞ് എന്ന് അറിയപ്പെടുന്ന ബേബി കരിഷ്മയെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ മാസം 23 ന് റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ പോകുന്ന 10 കോടിയിലധികം കുടുംബങ്ങളുടെ പ്രതീക്ഷയുടെ ചിഹ്നമായി ആ കുഞ്ഞ് മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന പതിവ് പ്രോത്സാഹന തുക ഇരട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയ്ക്ക് കീഴില്‍ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തിലും പ്രധാനമന്ത്രി ഗണ്യമായ വര്‍ദ്ധന പ്രഖ്യാപിച്ചു. ഇതുവരെ 3000 രൂപ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ 4500 രൂപ ലഭിക്കും. അതുപോലെ 2200 രൂപ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ 3500 രൂപ ലഭിക്കും. അങ്കണവാടി ഹെല്‍പ്പര്‍മാരുടേത് 1500 രൂപയില്‍ നിന്ന് 2250 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.