Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദി കുവൈറ്റ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു


കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി സെപ്തംബറിൽ ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന വേഗതയിൽ സംതൃപ്തി രേഖപ്പെടുത്തി.

വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റബന്ധം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്തു.

കുവൈറ്റിൽ വസിക്കുന്ന ദശലക്ഷം വരുന്ന കരുത്തുറ്റ ഇന്ത്യൻ സമൂഹത്തെ പരിപാലിക്കുന്നതിന് കുവൈറ്റ് നേതൃത്വത്തിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു.

കുവൈറ്റിന്റെ ജിസിസി അധ്യക്ഷതയ്ക്കുകീഴിൽ ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള വളരെയടുത്ത സഹകരണം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചു നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറുകയും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനു പിന്തുണ അറിയിക്കുകയും ചെയ്തു.

ഏറ്റവുമടുത്ത വേളയിൽ കുവൈറ്റ് സന്ദർശിക്കാനുള്ള നേതൃത്വത്തിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.

 

-NK-