Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മാർച്ച് 7നും 8നും കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നിവയും ഗുജറാത്തും സന്ദർശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 7നും 8നും വരെ ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഗുജറാത്തും സന്ദർശിക്കും. മാർച്ച് 7ന് സിൽവാസ്സയിലേക്ക് പോകുന്ന അദ്ദേഹം, ​​ഉച്ചയ്ക്ക് 2നു നമോ ആശുപത്രി (ഒന്നാംഘട്ടം) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.45ന് സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. തുടർന്ന്, സൂറത്തിലേക്ക് പോകുന്ന അദ്ദേഹം, ​വൈകിട്ട് 5ന് സൂറത് ഭക്ഷ്യ സുരക്ഷാ പരിപൂർണതായജ്ഞം ഉദ്ഘാടനം ചെയ്യും. മാർച്ച് 8ന് നവസാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ​​രാവിലെ 11.30 ന് ‘ലഖ്പതി ദീദി’കളുമായി സംവദിക്കും. തുടർന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കുന്ന പൊതുചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി ദാദ്ര-നാഗർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ

രാജ്യത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനു പ്രധാനമന്ത്രി മുഖ്യശ്രദ്ധയേകുന്നു. ഇതിന് അനുസൃതമായി, സിൽവാസ്സയിലെ നമോ ആശുപത്രി (‌ഒന്നാംഘട്ടം) അദ്ദേഹം ഉദ്ഘാടനം ചെയ്യും. 460 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച 450 കിടക്കകളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെ ആരോഗ്യ സേവനങ്ങളെ വലിയ തോതിൽ ശക്തിപ്പെടുത്തും. മേഖലയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഗോത്രസമൂഹങ്ങൾക്ക് അത്യാധുനിക വൈദ്യസഹായം ഇത് പ്രദാനം ചെയ്യും.

സിൽവാസ്സയിൽ കേന്ദ്രഭരണപ്രദേശത്തിനായുള്ള 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വിവിധ ഗ്രാമീണ റോഡുകൾ, മറ്റ് റോഡ് അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളുകൾ, ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ, പഞ്ചായത്ത്-ഭരണ നിർവഹണമന്ദിരങ്ങൾ, അങ്കണവാടി കേന്ദ്രങ്ങൾ, ജലവിതരണം, മലിനജല അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കസൗകര്യം മെച്ചപ്പെടുത്തൽ, വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കൽ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മേഖലയിലെ പൊതുജനക്ഷേമ സംരംഭങ്ങൾ വർധിപ്പിക്കൽ എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

തൊഴിൽ മേളയ്ക്ക് കീഴിൽ പ്രധാനമന്ത്രി നിയമനപത്രങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന – അർബൻ, ഗിർ ആദർശ് ആജീവിക യോജന, സിൽവാൻ ദീദി പദ്ധതി എന്നിവയുടെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്യും.

ചെറിയ ക്ഷീരഫാമുകൾ സ്ഥാപിക്കുന്നതിലൂടെയും അവരുടെ ജീവിതത്തിൽ സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും മേഖലയിലെ പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ, ദിവ്യാംഗർ എന്നിവയിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം വർധിപ്പിക്കുക എന്നതാണ് ഗിർ ആദർശ് ആജീവിക യോജന ലക്ഷ്യമിടുന്നത്. പിഎം സ്വനിധി പദ്ധതിയുടെ സഹ ധനസഹായത്തോടെ, മനോഹരമായി രൂപകൽപ്പന ചെയ്ത വാഹനങ്ങൾ നൽകി സ്ത്രീകളായ തെരുവുകച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സംരംഭമാണ് സിൽവാൻ ദീദി പദ്ധതി.

പ്രധാനമന്ത്രി ഗുജറാത്തിൽ

പ്രധാനമന്ത്രി മാർച്ച് 7ന് സൂറത്തിലെ ലിംബായത്തിൽ സൂറത്ത് ഭക്ഷ്യസുരക്ഷാ പരിപൂർണതാ യജ്ഞത്തിനു തുടക്കം കുറിക്കും. ഒപ്പം, 2.3 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യും.

ഗവണ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ആധാരശില സ്ത്രീശാക്തീകരണമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാൽ മുന്നോട്ടുപോകുന്ന ഗവണ്മെന്റ്, സ്ത്രീകളുടെ സമഗ്ര വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇതിനനുസൃതമായി, മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നവ്സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ‘ലഖ്പതി ദീദി’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ‘ലഖ്പതി ദീദി’കളുമായി സംവദിക്കുകയും ചെയ്യും. അഞ്ചു ‘ലഖ്പതി ദീദി’കൾക്ക് ‘ലഖ്പതി ദീദി’ സർട്ടിഫിക്കറ്റുകൾ നൽകി അദ്ദേഹം ആദരിക്കും.

പ്രധാനമന്ത്രി ഗുജറാത്ത് ഗവണ്മെന്റിന്റെ ജി-സഫൽ (ഉപജീവനം വർധിപ്പിക്കുന്നതിന് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള ഗുജറാത്ത് പദ്ധതി), ജി-മൈത്രി (ഗ്രാമീണ വരുമാനം പരിവർത്തനം ചെയ്യുന്നതിനു വ്യക്തികൾക്കായി ഗുജറാത്തിന്റെ മാർഗനിർദേശവും ത്വരിതപ്പെടുത്തലും പദ്ധതി‌) എന്നിവ ഉദ്ഘാടനം ചെയ്യും.

ഗ്രാമീണ ഉപജീവനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ജി-മൈത്രി പദ്ധതി സാമ്പത്തിക സഹായവും കൈത്താങ്ങുമേകും.

ഗുജറാത്തിലെ വികസനം കാംക്ഷിക്കുന്ന രണ്ട് ജില്ലകളിലെയും വികസനം കാംക്ഷിക്കുന്ന പതിമൂന്ന് ബ്ലോക്കുകളിലെയും അന്ത്യോദയ കുടുംബങ്ങളിലെ സ്വയംസഹായസംഘത്തിലെ സ്ത്രീകൾക്ക് ജി-സഫൽ സാമ്പത്തിക സഹായവും സംരംഭക പരിശീലനവും നൽകും.

***

SK