Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മാർച്ച് 4ന് ബജറ്റിനുശേഷമുള്ള മൂന്നു വെബിനാറുകളിൽ പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് നാലിന് ഉച്ചയ്ക്ക് 12.30നു വിദൂരദൃശ്യസംവിധാനത്ത‌ിലൂടെ ബജറ്റിനുശേഷമുള്ള മൂന്നു വെബിനാറുകളിൽ പങ്കെടുക്കും. വളർച്ചയുടെ യന്ത്രമായി മാറുന്ന എംഎസ്എംഇ; ഉൽപ്പാദനവും കയറ്റുമതിയും ആണവോർജ ദൗത്യങ്ങളും; നിയന്ത്രണ-നിക്ഷേപ-വ്യവസായനടത്തിപ്പു സുഗമമാക്കൽ പരിഷ്കാരങ്ങൾ എന്നീ വിഷയങ്ങളിലാണു വെബിനാറുകൾ നടക്കുന്നത്. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.

ഇന്ത്യയുടെ വ്യാവസായിക-വ്യാപാര-ഊർജ തന്ത്രങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും വ്യവസായപ്രമുഖർക്കും വ്യാപാര വിദഗ്ധർക്കും ഈ വെബിനാറുകൾ സഹകരണവേദിയൊരുക്കും. നയനിർവഹണം, നിക്ഷേപം സുഗമമാക്കൽ, സാങ്കേതികവിദ്യ സ്വീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ, ബജറ്റിന്റെ പരിവർത്തനാത്മക നടപടികളുടെ സുഗമമായ നടപ്പാക്കൽ ഉറപ്പാക്കും. ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, വിവിധ വിഷയങ്ങളിലെ വിദഗ്ധർ എന്നിവരെ വെബിനാറുകളുടെ ഭാഗമാക്കും.

***

SK