Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും


 

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് (പി.എം.എം.എസ്.വൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 10) ഡിജിറ്റലായി തുടക്കം കുറിക്കും. കര്‍ഷകര്‍ക്കു നേരിട്ടു പ്രയോജനപ്പെടുംവിധത്തില്‍ സമഗ്രമായ ബ്രീഡ് ഇംപ്രൂവ്മെന്റ് മാര്‍ക്കറ്റ് പ്ലേസായ ഇ-ഗോപാല ആപ്പും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബിഹാറിലെ മത്സ്യബന്ധന- മൃഗസംരക്ഷണ മേഖലകളിലെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും ചടങ്ങില്‍  പ്രധാനമന്ത്രി തുടക്കംകുറിക്കും.

ബിഹാര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര മത്സ്യബന്ധന-ഫിഷറീസ് -ക്ഷീരകര്‍ഷക വകുപ്പുസഹമന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന

മത്സ്യബന്ധനമേഖല കേന്ദ്രീകരിച്ച് സുസ്ഥിര വികസനത്തിലുള്ള ഫ്ളാഗ്ഷിപ്പ് പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്വൈ). ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണപ്രദേശങ്ങളിലും 2020-21 മുതല്‍ 2024-25 വരെയുള്ള 5 സാമ്പത്തിക വര്‍ഷക്കാലയളവില്‍ 20,050 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പിഎംഎം.എസ്.വൈക്കു് കീഴില്‍ നടത്തുന്ന 20,050 കോടി രൂപയുടെ നിക്ഷേപം മത്സ്യബന്ധന മേഖലയിലെ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമാണ്.  ഇതില്‍ 12340 കോടി രൂപ നിക്ഷേപം മറൈന്‍, ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ എന്നിവയിലെ ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. മത്സ്യബന്ധനമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 7710 കോടി രൂപയും മുതല്‍മുടക്കും.

2024-25 ഓടെ മത്സ്യ ഉല്‍പ്പാദനം 70 ലക്ഷം ടണ്‍ അധികം വര്‍ധിപ്പിക്കുക, 2024-25 ഓടെ മത്സ്യബന്ധന കയറ്റുമതി വരുമാനം 1,00,000 കോടി രൂപയായി ഉയര്‍ത്തുക, മീന്‍പിടിത്തക്കാരുടെയും മത്സ്യക്കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുക, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം 20-25 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തോളം കുറയ്ക്കുക എന്നിവയാണ് പി.എം.എം.എസ്.വൈ ലക്ഷ്യമിടുന്നത്. മത്സ്യബന്ധന മേഖലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.

മത്സ്യോല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലുമുള്ള വിടവ് നികത്തുക, ഗുണനിലവാരം, സാങ്കേതികവിദ്യ, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും നിര്‍വഹണവും, മൂല്യ ശൃംഖലയുടെ നവീകരണവും ശക്തിപ്പെടുത്തലും, ശക്തമായ മത്സ്യബന്ധന നിര്‍വഹണ ചട്ടക്കൂട് സ്ഥാപിക്കല്‍, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയെല്ലാം കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീലവിപ്ലവ പദ്ധതിയുടെ നേട്ടങ്ങള്‍ ക്രോഡീകരിക്കുകയെന്ന ലക്ഷ്യത്തോടെ, മത്സ്യബന്ധനയാന ഇന്‍ഷുറന്‍സ്, മത്സ്യബന്ധന യാനങ്ങള്‍ക്കോ/ബോട്ടുകള്‍ക്കോ നവീകരണത്തിനോ ഉള്ള പിന്തുണ, ബയോ ടോയ്‌ലറ്റുകള്‍, ഉപ്പുവെള്ള/ക്ഷാര മേഖലകളിലെ അക്വാകള്‍ച്ചര്‍, സാഗര്‍ മിത്ര, എഫ്എഫ്പി/സി, ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകള്‍, ഫിഷറീസ്- അക്വാകള്‍ച്ചര്‍ സ്റ്റാര്‍ട്ട്-അപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍, സമഗ്ര തീരദേശ മത്സ്യബന്ധന ഗ്രാമ വികസനം, അക്വാട്ടിക് ലബോറട്ടറീസ് നെറ്റ്വര്‍ക്കും എക്സ്റ്റന്‍ഷന്‍സ് സര്‍വീസും, ട്രെയ്സബിലിറ്റി, സര്‍ട്ടിഫിക്കേഷനും അക്രഡിറ്റേഷനും, ആര്‍എഎസ്, ബയോഫ്ളോക്, കേജ് കള്‍ച്ചര്‍, ഇ-ട്രേഡിങ്/മാര്‍ക്കറ്റിങ്, മത്സ്യബന്ധന നിര്‍വഹണ പദ്ധതികള്‍ തുടങ്ങി നിരവധി പുതിയ സംവിധാനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പിഎംഎംഎസ്.വൈ പദ്ധതി പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ‘ക്ലസ്റ്റര്‍/മേഖല അടിസ്ഥാനമാക്കിയുള്ള സമീപനങ്ങള്‍’ സ്വീകരിക്കുന്നതിലാണ്. മുന്നോട്ടും പിന്നോട്ടുമുള്ള ബന്ധപ്പെടലുകളിലൂടെ മത്സ്യബന്ധന ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിക്കുന്നതിനും പ്രാധാന്യം നല്‍കും. സീവീഡ്, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങള്‍, വിത്ത്, തീറ്റ എന്നിവയ്ക്കുള്ള ഇടപെടലുകള്‍, മത്സ്യവര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണത്തില്‍ പ്രത്യേക ശ്രദ്ധ, അവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, വിപണനശൃംഖലകള്‍ തുടങ്ങിയവയ്ക്കും ഇത് പ്രാധാന്യം നല്‍കുന്നു.

നിലവില്‍ പിഎംഎംഎസ്.വൈ പ്രകാരം 21 സംസ്ഥാനങ്ങള്‍ക്കായി/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 1723 കോടി രൂപയുടെ നിര്‍ദേശങ്ങളാണ് ഫിഷറീസ് വകുപ്പ് അംഗീകരിച്ചത്. വരുമാനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പി.എം.എം.എസ്.വൈ പ്രകാരം മുന്‍ഗണന നല്‍കുന്നത്.

ബീഹാറില്‍ പി.എം.എം.എസ്.വൈയിലൂടെ പ്രതീക്ഷിക്കുന്നത് 1390 കോടി രൂപയുടെ നിക്ഷേപമാണ്. ഇതില്‍  535 കോടി രൂപ കേന്ദ്രവിഹിതമാണ്. 3 ലക്ഷം ടണ്‍ അധിക മത്സ്യോല്‍പ്പാദനവും പ്രതീക്ഷിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2020-21), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ്) ഒരുക്കല്‍,  ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണം, ഫിന്‍ഫിഷ് ഹാച്ചറികള്‍, അക്വാകള്‍ച്ചറിനായി പുതിയ കുളങ്ങളുടെ നിര്‍മാണം, അലങ്കാര മത്സ്യകൃഷി യൂണിറ്റ്, ജലസംഭരണികളില്‍ / തണ്ണീര്‍ത്തടങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കല്‍, ഐസ് പ്ലാന്റുകള്‍, ശീതീകരിച്ച വാഹനങ്ങള്‍, ഐസ് ബോക്സുള്ള മോട്ടോര്‍ സൈക്കിള്‍, ഐസ് ബോക്സുള്ള ത്രീ വീലര്‍, ഐസ് ബോക്സുള്ള സൈക്കിള്‍, മത്സ്യത്തീറ്റ പ്ലാന്റുകള്‍, എക്സ്റ്റെന്‍ഷന്‍-സഹായ സേവനങ്ങള്‍ (മത്സ്യസേവാകേന്ദ്ര), ബ്രൂഡ് ബാങ്ക് സ്ഥാപിക്കല്‍ തുടങ്ങിയ പ്രധാനഘടകങ്ങള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച മൊത്തം പദ്ധതി ചെലവ് 107.00 കോടി രൂപയാണ്. ഇതു കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്.

മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട മറ്റ് ഉദ്ഘാടനങ്ങള്‍

സീതാമര്‍ഹിയില്‍ ഫിഷ് ബ്രൂഡ് ബാങ്ക്, കിഷന്‍ഗഞ്ചിലെ അക്വാട്ടിക് ഡിസീസ് റഫറല്‍ ലബോറട്ടറി എന്നിവയുടെ തുടക്കം കുറിക്കലും പ്രധാനമന്ത്രി നടത്തും. ഇവയ്ക്കും പി.എം.എം.എസ്.വൈ പ്രകാരം സഹായം നല്‍കിയിട്ടുണ്ട്. മത്സ്യകൃഷിക്കാര്‍ക്ക് ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ മത്സ്യവിത്തിന്റെ സമയബന്ധിതമായ ലഭ്യത ഉറപ്പുവരുത്തുന്നതിലൂടെ മത്സ്യോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനു സഹായിക്കും. രോഗനിര്‍ണയം,  ജല, മണ്ണ് പരിശോധനാ സംവിധാനങ്ങള്‍ എന്നിവയും ഒരുക്കും.

മാധേപുരയില്‍ ഒരു യൂണിറ്റ് മത്സ്യത്തീറ്റാ മില്ലും ബ്ലൂ റെവലൂഷനു കീഴില്‍ പട്നയില്‍ രണ്ട് യൂണിറ്റ് ‘ഫിഷ് ഓണ്‍ വീലുകളും’അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി സംവദിക്കും.

ബിഹാറിലെ പുസയിലെ ഡോ. രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ സമഗ്ര മത്സ്യോല്‍പ്പാദന സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിത്ത് ഉല്‍പ്പാദന സാങ്കേതികവിദ്യ,  മത്സ്യ ഡെമോണ്‍സ്ട്രേഷന്‍ യൂണിറ്റ് ടെക്നോളജി, റഫറല്‍ ലബോറട്ടറി, ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് എന്നിവയ്ക്കുമുള്ള കേന്ദ്രം മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ശേഷികെട്ടിപ്പടുക്കലിനും സഹായിക്കും.

ഇ-ഗോപാല ആപ്പ്

കൃഷിക്കാര്‍ക്കു നേരിട്ടു പ്രയോജനപ്പെടുന്നതിനായുള്ള സമഗ്ര ബ്രീഡ് ഇംപ്രൂവ്മെന്റ് വിപണന കേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമാണ് ഇ-ഗോപാല ആപ്പ്. കന്നുകാലികര്‍ഷകര്‍ക്ക് എല്ലാ മേഖലയിലും രോഗങ്ങളില്ലാത്ത ജെംപ്ലാസം(ശുക്ലം, ഭ്രൂണങ്ങള്‍ മുതലായവ) വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിലവിലില്ല. ഗുണനിലവാരമുള്ള ബ്രീഡിംഗ് സേവനങ്ങളുടെ ലഭ്യത (കൃത്രിമ ബീജസങ്കലനം, വെറ്റിനറി പ്രഥമശുശ്രൂഷ, പ്രതിരോധ കുത്തിവയ്പ്പ്, ചികിത്സ തുടങ്ങിയവ), മൃഗങ്ങളുടെ പോഷണമുറപ്പാക്കാന്‍ കര്‍ഷകരെ സഹായിക്കുക, ഉചിതമായ ആയുര്‍വേദ മരുന്ന് / എത്‌നോ വെറ്റിനറി മെഡിസിന്‍ ഉപയോഗിച്ച് മൃഗങ്ങളെ ചികിത്സിക്കുക തുടങ്ങിയ സംവിധാനങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോം ലഭ്യമല്ല. (കൃത്യമായ തീയതികള്‍ പ്രതിരോധ കുത്തിവയ്പ്പ്, ഗര്‍ഭാവസ്ഥ രോഗനിര്‍ണയം, പ്രസവം തുടങ്ങിയവയില്‍)  അലര്‍ട്ടുകള്‍ അയയ്ക്കാനുള്ള സംവിധാനം നിലവിലില്ല. കൂടാതെ പ്രദേശത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും പ്രചാരണങ്ങളെക്കുറിച്ചും കര്‍ഷകരെ അറിയിക്കാനും നിവൃത്തിയില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഇ-ഗോപാല ആപ്പിലൂടെ കര്‍ഷകര്‍ക്ക് പരിഹാരങ്ങള്‍ ലഭ്യമാകും.

മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട മറ്റ് ഉദ്ഘാടനങ്ങള്‍

ബിഹാര്‍ ഗവണ്‍മെന്റ് ലഭ്യമാക്കിയ 75 ഏക്കര്‍ സ്ഥലത്ത് 84.27 കോടി രൂപ മുതല്‍മുടക്കില്‍ ബിഹാര്‍ പൂര്‍ണിയയില്‍ രാഷ്ട്രീയ ഗോകുല്‍ മിഷനു കീഴില്‍ സ്ഥാപിക്കപ്പെട്ട അത്യാധുനിക സൗകര്യങ്ങളുള്ള സെമന്‍ സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിവര്‍ഷം 50 ലക്ഷം സെമന്‍ ഡോസ് ഉല്‍പ്പാദന ശേഷിയുള്ള, ഗവണ്‍മെന്റ് മേഖലയിലെ ഏറ്റവും വലിയ സെമന്‍ സ്റ്റേഷനുകളില്‍ ഒന്നാണിത്. ഈ സ്റ്റേഷന്‍ ബിഹാറിലെ തദ്ദേശീയ ഇനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും പുതിയ മാനം നല്‍കും. കൂടാതെ കിഴക്കന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സെമന്‍ ഡോസുകളുടെ ആവശ്യവും നിറവേറ്റും.

 
രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴില്‍ പട്നയിലെ അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ സ്ഥാപിച്ച ഐ.വി.എഫ് ലാബും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 100% ഗ്രാന്റിന്റെ സഹായത്തിലൂടെ രാജ്യത്തുടനീളം 30 ഇ.ടി.ടി, ഐ.വി.എഫ് ലബോറട്ടറികളാണ് ആരംഭിക്കുന്നത്. തദ്ദേശീയ ഇനങ്ങളിലെ മികച്ച ബ്രീഡുകള്‍ പ്രചരിപ്പിക്കുന്നതിനും അതുവഴി പാല്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഈ ലാബുകള്‍ നിര്‍ണായക പങ്കുവഹിക്കും.
 
രാഷ്ട്രീയ ഗോകുല്‍ മിഷന്റെ കീഴില്‍ ബീഹാറിലെ ബെഗുസാരായി ജില്ലയില്‍ ബറോണി മില്‍ക്ക് യൂണിയന്റെ കീഴില്‍ കൃത്രിമ ബീജസങ്കലനത്തിനായി തരംതിരിച്ച ബീജത്തിന്റെ ഉപയോഗ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ കൃത്രിമ ബീജസങ്കലനത്തിലൂടെ പശുക്കിടാവുകളെ മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക (90 ശതമാനത്തിലേറെ കൃത്യതയോടെ). രാജ്യത്തെ പാല്‍ ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിയാക്കാന്‍ ഇത് സഹായിക്കും. കര്‍ഷകന്റെ വീട്ടുപടിക്കല്‍ ഐ.വി.എഫ് സാങ്കേതികവിദ്യ എത്തിക്കലിന്റെ ഡെമോണ്‍സ്ട്രേഷനും പ്രധാനമന്ത്രി തുടക്കും കുറിക്കും. വലിയ ലാഭം പ്രാപ്തമാക്കുന്ന തരത്തില്‍ അത്യുല്‍പ്പാദനശേഷി കൈവരിക്കുന്നതിന്് ഈ സാങ്കേതിക വിദ്യ സഹായിക്കും. 20 കന്നുകുട്ടികള്‍ക്കാണ് അതിവേഗത്തില്‍ ഈ സാങ്കേതികവിദ്യയിലൂടെ ഒരുവര്‍ഷം ജന്മം നല്‍കാനാകുക.

***