Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബീഹാറിലെ ബേട്ടിയയില്‍ വികസിത് ഭാരത് വികസിത് ബിഹാര്‍ പരിപാടിയെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ബീഹാറിലെ ബേട്ടിയയില്‍ വികസിത് ഭാരത് വികസിത് ബിഹാര്‍ പരിപാടിയെ അഭിസംബോധന ചെയ്തു


റെയില്‍, റോഡ്, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട 12,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളില്‍ പുതിയ അവബോധം പകര്‍ന്നു നല്‍കുകയും ചെയ്തതാണ് ബേട്ടിയയുടെ ഈ ഭൂമിയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”മോഹന്‍ ദാസ് ജിയില്‍ നിന്ന് മഹാത്മാഗാന്ധിയെ സൃഷ്ടിച്ചത് ഈ ഭൂമിയാണ്”, വികസിത ബിഹാറിന്റെയും വികസിത ഭാരതത്തിന്റെയും പ്രതിജ്ഞയെടുക്കാന്‍ ബേട്ടിയയെക്കാളും ചമ്പാരനെക്കാളും മികച്ച മറ്റൊരു സ്ഥലമില്ലെന്ന് എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത് ബിഹാര്‍ പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ ലോക്‌സഭാ, നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ സാന്നിദ്ധ്യത്തെ അംഗീകരിച്ച പ്രധാനമന്ത്രി ഇന്നത്തെ വികസന പദ്ധതികള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

”നൂറ്റാണ്ടുകളായി രാജ്യത്തിന് മഹത്തായ നേതൃത്വത്തെ കാട്ടിത്തരികയും രാഷ്ട്രത്തിന് വേണ്ടി നിരവധി മഹത്തായ വ്യക്തികളെ സൃഷ്ടിക്കുകയും ചെയ്തതാണ് ബിഹാറിന്റെ ഈ ഭൂമി”, ബിഹാറിന്റെ അഭിവൃദ്ധിയോടൊപ്പം ഇന്ത്യയും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തുല്യ പ്രധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ രൂപീകരണത്തോടെ വികസിത് ബിഹാറുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ചലനക്ഷമത കൈവരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി, റെയില്‍, റോഡ്, എഥനോള്‍ പ്ലാന്റുകള്‍, നഗര വാതക വിതരണം, എല്‍.പി.ജി ഗ്യാസ് തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെയുള്ള ഇന്നത്തെ പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. വികസിത് ബിഹാറിന്റെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ ഈ വേഗത നിലനിര്‍ത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മോശം ക്രമസമാധാന നിലയും രാജവംശ സമാന രാഷ്ട്രീയവും കാരണം സംസ്ഥാനത്ത് നിന്നുള്ള യുവാക്കളുടെ പലായനമാണ് ബിഹാറിൻ്റെ രൂക്ഷമായ പ്രശ്നങ്ങളിലൊന്നെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. “സംസ്ഥാനത്തെ യുവാക്കൾക്ക് ബിഹാറിൽ തന്നെ ജോലി നൽകാനാണ് ബിഹാറിലെ ഇരട്ട ഗവൺമെൻ്റിൻ്റെ ശ്രമം”, പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ തൊഴിൽ തേടുന്ന യുവാക്കളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗംഗാ നദിയിലെ പട്‌നയിൽ ദിഘ-സോനേപൂർ റെയിൽ-റോഡ് സംയുക്ത  പാലത്തിന് സമാന്തരമായുള്ള ഗംഗാ നദിയിലെ ആറുവരി കേബിൾ പാലത്തിൻ്റെ ഉദ്ഘാടനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ബീഹാറിൽ 22,000 കോടി രൂപ ചിലവിൽ ഗംഗ നദിയിലെ 5 പാലങ്ങൾ ഉൾപ്പെടെ ഒരു ഡസനിലധികം പാലങ്ങളുടെ പണികൾ നടന്നുവരികയാണെന്ന് പറഞ്ഞു. “ഈ പാലങ്ങളും വിശാലമായ റോഡുകളും വികസനത്തിൻ്റെ പാത തുറക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്ഥാപിക്കുന്ന എല്ലാ റെയിൽവേ ലൈനുകളും ഫ്ലാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളും പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണെന്നും അതുവഴി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ബിഹാറിൽ ആധുനിക റെയിൽ എൻജിൻ നിർമാണ ഫാക്ടറികൾ ആരംഭിച്ചത് ഇപ്പോഴത്തെ സർക്കാർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പരാമർശിച്ച്  പല വികസിത രാജ്യങ്ങളിലും അത്തരം ഡിജിറ്റൽ സൗകര്യങ്ങളില്ലെന്നും പ്രധാനമന്ത്രി  പറഞ്ഞു, ഡിജിറ്റൽ സേവനങ്ങൾ അതിവേഗം സ്വീകരിച്ചതിൻ്റെ അംഗീകാരം ഇന്ത്യയിലെ യുവാക്കൾക്കാണെന്നും അദ്ദേഹം പറഞ്ഞു.“ഓരോ ചുവടിലും ഇന്ത്യയിലെ യുവാക്കൾക്കൊപ്പം നിൽക്കുമെന്ന് മോദി ഉറപ്പ് നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന്, ബിഹാറിലെ യുവാക്കൾക്ക് ഞാൻ ഈ ഉറപ്പ് നൽകുന്നു.” മോദിയുടെ ഗ്യാരൻ്റി എന്നാൽ ഗ്യാരൻ്റി പൂർത്തീകരണത്തിൻ്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരപ്പുറത്തെ സൗരോർജ  പ്ലാൻ്റുകൾ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി വഴി പൗരന്മാർക്ക് അധിക വരുമാനം സൃഷ്ടിക്കാനും കഴിയുന്ന തരത്തിൽ ഇന്ത്യയിലെ എല്ലാ വീടും സൂര്യ ഘർ ആക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ഊന്നൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജവംശ സമാന രാഷ്ട്രീയത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, ജൻ ​​നായക് കർപൂരി താക്കൂർ, ജയ് പ്രകാശ് നാരായണൻ, രാം മനോഹർ ലോഹ്യ, ബാബാ സാഹേബ് അംബേദ്കർ, മഹാത്മാഗാന്ധി എന്നിവരുടെ ആദർശങ്ങൾ അനുസ്മരിച്ചു.

സൗജന്യ റേഷൻ പദ്ധതി, ആയുഷ്മാൻ ഭാരത് പദ്ധതി, ഭവനങ്ങൾ, കക്കൂസ്, വൈദ്യുതി, ഗ്യാസ്, പൈപ്പ് വെള്ള കണക്ഷൻ, എയിംസുകളുടെ നിർമ്മാണം എന്നിവ വഴി  പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐഐടികളും ഐഐഎമ്മുകളും മറ്റ് മെഡിക്കൽ കോളേജുകളും റെക്കോർഡ് സംഖ്യയിൽ  സ്ഥാപിച്ചതും, കർഷകരെ ഊർജദാതാക്കളും വളം ദാതാക്കളുമാക്കി മാറ്റിയതും, കരിമ്പ്, നെൽകർഷകർക്ക് ഉപോൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് എത്തനോൾ പ്ലാൻ്റുകൾ സ്ഥാപിച്ചതും പ്രധാനമന്ത്രി പരാമർശിച്ചു. അടുത്തിടെ, കരിമ്പിൻ്റെ വാങ്ങൽ വില ക്വിൻ്റലിന് 340 രൂപയായി വർധിപ്പിച്ചതായും രാജ്യത്തും ബിഹാറിലും ആയിരക്കണക്കിന് വെയർഹൗസുകൾ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ ​​പദ്ധതി ആരംഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. കർഷകർക്ക് ആയിരക്കണക്കിന് കോടിയുടെ സാമ്പത്തിക സഹായത്തിനായുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെ പരാമർശിച്ച ശ്രീ മോദി, പദ്ധതി പ്രകാരം ഇതുവരെ 800 കോടി രൂപ ബേട്ടിയയിൽ നിന്നുള്ള കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. ബറൗനിയിലെ വളം ഫാക്ടറി ദീർഘകാലം അടഞ്ഞുകിടന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു, അത് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് ഉറപ്പ് നൽകിയത് മോദിയായിരുന്നു എന്ന് അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു.“ഇന്ന് ഈ വളം ഫാക്ടറി അതിൻ്റെ സേവനങ്ങൾ നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആളുകൾ പറയുന്നത് – മോദിയുടെ ഗ്യാരൻ്റി എന്നാൽ ഗാരൻ്റി പൂർത്തീകരണത്തിൻ്റെ ഉറപ്പാണ് എന്ന് “, അദ്ദേഹം കൂട്ടിച്ചേർത്തു.

അയോധ്യധാമിലെ ശ്രീരാമക്ഷേത്ര കാര്യത്തില്‍ ബിഹാറിലെ ജനങ്ങളുടെ സന്തോഷം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഇന്ന് ഇന്ത്യ അതിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ പ്രകൃതിസ്നേഹികളായ തരു ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ സാന്നിധ്യം പ്രധാനമന്ത്രി പരാമര്‍ശിച്ചു.  തരു സമൂഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു ‘ഇന്ന്, ഇന്ത്യ വികസിക്കുന്നത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും തരുവിനെപ്പോലുള്ള ഗോത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുമാണ്. അതുകൊണ്ടാണ് വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ എല്ലാവരുടെയും പ്രയത്നവും എല്ലാവരുടെയും പ്രചോദനവും എല്ലാവരുടെയും പഠനവും ആവശ്യമാണെന്ന് ഞാന്‍ പറയുന്നത്”, അദ്ദേഹം പറഞ്ഞു.

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്നതിന്റെ പ്രാധാന്യം ഉപസംഹാരമായി പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു: ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, യുവാക്കള്‍ക്ക് ജോലി, പാവപ്പെട്ടവര്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍, 1 കോടി വീടുകള്‍ക്ക് സൗരോര്‍ജ്ജ പാനലുകള്‍, 3 കോടി ലാഖ്പതി ദിദിമാര്‍, വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകള്‍ ഓടിക്കുക.
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ആര്‍ വി അര്‍ലേക്കര്‍, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരി, ശ്രീ വിജയ് കുമാര്‍ സിന്‍ഹ, കേന്ദ്ര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, പാര്‍ലമെന്റ് അംഗം ശ്രീ സഞ്ജയ് ജയ്സ്വാള്‍ എന്നിവര്‍ പങ്കെടുത്തു.

പശ്ചാത്തലം

ബിഹാര്‍ സംസ്ഥാനത്തും അയല്‍രാജ്യമായ നേപ്പാളിലും ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുന്ന 109 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യന്‍ ഓയിലിന്റെ മുസാഫര്‍പൂര്‍ – മോത്തിഹാരി എല്‍പിജി പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മോത്തിഹാരിയിലെ ഇന്ത്യന്‍ ഓയിലിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റും സ്റ്റോറേജ് ടെര്‍മിനലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.  നേപ്പാളിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള തന്ത്രപ്രധാനമായ വിതരണ കേന്ദ്രമായും പുതിയ പൈപ്പ് ലൈന്‍ ടെര്‍മിനല്‍ പ്രവര്‍ത്തിക്കും.  വടക്കന്‍ ബിഹാറിലെ 8 ജില്ലകളില്‍ അതായത് ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, മുസാഫര്‍പൂര്‍, ഷിയോഹര്‍, സീതാമര്‍ഹി, മധുബാനി എന്നിവിടങ്ങളില്‍ ഇത് പ്രയോജനം ചെയ്യും.  മോത്തിഹാരിയിലെ പുതിയ ബോട്ടിലിംഗ് പ്ലാന്റ് മോത്തിഹാരി പ്ലാന്റിനോട് ചേര്‍ന്നുള്ള ഫീഡിംഗ് മാര്‍ക്കറ്റുകളില്‍ വിതരണ ശൃംഖല സുഗമമാക്കും.

കിഴക്കന്‍ ചമ്പാരന്‍, വെസ്റ്റ് ചമ്പാരണ്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, ഡിയോറിയ എന്നിവിടങ്ങളില്‍ സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെയും എച്ച്ബിഎല്ലിന്റെ സുഗൗളി- ലൗരിയയില്‍ ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോള്‍ പദ്ധതികളുടെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

എന്‍എച്ച് 28എയുടെ പിപ്രകോതി – മോത്തിഹാരി – റക്സോള്‍ സെക്ഷന്റെ രണ്ട് വരിപ്പാത ഉള്‍പ്പെടെയുള്ള റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍എച്ച് 104-ന്റെ ഷിയോഹര്‍-സീതാമര്‍ഹി-സെക്ഷന്റെ രണ്ട് വരിപ്പാത, ഗംഗാ നദിയിലെ പട്നയില്‍ ദിഘ-സോനേപൂര്‍ റെയില്‍-കം-റോഡ് പാലത്തിന് സമാന്തരമായി ഗംഗാ നദിയില്‍ ആറ് വരി കേബിള്‍ പാലം നിര്‍മ്മിക്കുന്നത്; എന്‍എച്ച്-19 ബൈപാസിന്റെ ബകര്‍പൂര്‍ ഹാറ്റ്- മണിക്പൂര്‍ സെക്ഷന്റെ നാല് വരിപ്പാത ഉള്‍പ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടല്‍ എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു.

വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.  ബാപുധാം മോത്തിഹാരി – പിപ്രഹാന്‍ 62 കിലോമീറ്റര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, നര്‍കതിയാഗഞ്ച്-ഗൗനഹ ഗേജ് മാറ്റം എന്നിവയുള്‍പ്പെടെ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗോരഖ്പൂര്‍ കാന്റ്റ് – വാല്‍മീകി നഗര്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനും വൈദ്യുതീകരിക്കുന്നതിനും ബേട്ടിയ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.  നര്‍കതിയാഗഞ്ച്-ഗൗനഹ, റക്സൗള്‍-ജോഗ്ബാനി എന്നീ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

***

–SK–