Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.

ബിഹാര്‍ വിഭൂതി ശ്രീ അനുഗ്രഹ നാരായണനെപ്പോലുള്ള നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും മഹദ് വ്യക്തിത്വങ്ങള്‍ക്കും ജന്മം നല്‍കിയ ഔറംഗബാദിന്റെ മണ്ണില്‍ ഇന്ന് ബിഹാറിന്റെ വികസനത്തിന്റെ പുതിയ അധ്യായം രചിക്കപ്പെടുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ബിഹാറിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന, റോഡ്, റെയില്‍ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഏകദേശം 21,500 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആമസ്-ദര്‍ഭംഗ നാലുവരി ഇടനാഴി, ദാനാപുര്‍-ബിഹ്ട നാലുവരി എലിവേറ്റഡ് റോഡ്, പട്ന റിങ് റോഡിന്റെ ഷേര്‍പുര്‍-ദിഘ്വാര ഭാഗം  എന്നിവയുടെ തറക്കല്ലിടല്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയെന്നത് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ സ്വത്വമാണെന്നു പറഞ്ഞു. ”ഇത് മോദിയുടെ ഉറപ്പാണ്”, ആര ബൈ പാസ് റെയില്‍ പാതയ്ക്കും നമാമി ഗംഗേ പദ്ധതിക്ക് കീഴിലുള്ള പന്ത്രണ്ട് പദ്ധതികള്‍ക്കും തറക്കല്ലിടുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. വാരാണാസി-കൊല്‍ക്കത്ത അതിവേഗ പാതയ്ക്കായി ബിഹാറിലെ ജനങ്ങള്‍, പ്രത്യേകിച്ച് ഔറംഗബാദിലെ പൗരന്മാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഉത്തര്‍പ്രദേശിലേക്കും കൊല്‍ക്കത്തയിലേക്കുമുള്ള യാത്രാ സമയം ഏതാനും മണിക്കൂറുകളായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലി എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഇന്നത്തെ വികസന പദ്ധതികള്‍ക്ക് ബിഹാറിലെ ജനങ്ങളെ അഭിനന്ദിച്ചു.

അടുത്തിടെ ഗവണ്‍മെന്റ് ഭാരതരത്ന നല്‍കി ആദരിച്ച ജന്‍ നായക് കര്‍പൂരി ഠാക്കുറിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ”ഈ പുരസ്‌കാരം ബിഹാറിനാകെയുള്ള ബഹുമതിയാണ്” – പ്രധാനമന്ത്രി പറഞ്ഞു. അയോധ്യാധാമിലെ ശ്രീരാമക്ഷേത്രത്തിലെ ‘പ്രാണ്‍പതിഷ്ഠ’യെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം സീതാമാതാവിന്റെ നാട്ടില്‍ വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ ‘പ്രാണ്‍ പ്രതിഷ്ഠ’യില്‍ കാണിച്ച വലിയ ആവേശവും ആഹ്ലാദകരമായ പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പുനരാരംഭിക്കുന്നതിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ന് ബിഹാര്‍ ആവേശവും ആത്മവിശ്വാസവും നിറഞ്ഞ നാടാണെന്നും പറഞ്ഞു. ബിഹാറിലെ കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ദിവസത്തെ വികസന പദ്ധതികളുടെ വ്യാപ്തി ചൂണ്ടിക്കാട്ടി, ഇരട്ട എഞ്ചിൻ ഗവൺമെൻ്റിനു കീഴിലുള്ള മാറ്റത്തിൻ്റെ വേഗ സൂചനയാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പട്‌ന, നളന്ദ, ജഹനാബാദ്, ഗയ, വൈശാലി, സമസ്തിപൂർ, ദർഭംഗ തുടങ്ങിയ നഗരങ്ങളുടെ ചിത്രം മാറ്റുന്നതാണ് റോഡ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.  അതുപോലെ, ബോധ്ഗയ, വിഷ്ണുപദ്, രാജ്ഗിർ, നളന്ദ, വൈശാലി, പാവപുരി എന്നിവിടങ്ങളിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങൾ: വരാനിരിക്കുന്ന ദർഭംഗ വിമാനത്താവളം, ബിഹ്ത വിമാനത്താവളങ്ങൾ എന്നിവയും ഈ റോഡ് അടിസ്ഥാന സൗകര്യവുമായി ബന്ധിപ്പിക്കും.
ബീഹാറിലെ ടൂറിസം മേഖലയുടെ വഴിത്തിരിവിനെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, വന്ദേ ഭാരത്, അമൃത് ഭാരത് തുടങ്ങിയ നവീകരിച്ച ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, അമൃത് ഭാരത് സ്റ്റേഷനുകളുടെ വികസനം എന്നിവ പരാമർശിച്ചു.  യുവാക്കളുടെ കുടിയേറ്റത്തിലേക്ക് നയിച്ചതും പൗരന്മാർക്കിടയിൽ അരക്ഷിതാവസ്ഥ വളർന്നതുമായ നാളുകളിലേക്കും ശ്രീ മോദി തിരിഞ്ഞുനോട്ടം നടത്തി. നൈപുണ്യ വികസന പരിപാടികൾക്ക് കീഴിൽ യുവാക്കളെ പരിശീലിപ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തെ അദ്ദേഹം എടുത്തുകാട്ടി.  ബീഹാറിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 200 കോടി രൂപ ചെലവിടുന്ന സ്ഥാപനത്തിൻ്റെ തറക്കല്ലിടലും പ്രധാനമന്ത്രി മോദി പരാമർശിച്ചു. ഇത് സംസ്ഥാനത്തിന് ഒരു പുതിയ ദിശയെയും നല്ല ചിന്തയെയും സൂചിപ്പിക്കുന്നു.  “ബീഹാറിനെ പഴയ കാലത്തേക്ക് തിരിച്ചുവിടാൻ ഞങ്ങൾ അനുവദിക്കില്ല.  ഇത് ഒരു ഗ്യാരണ്ടിയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

“ബീഹാറിലെ ദരിദ്രർ വികസിക്കുമ്പോൾ ബീഹാറും വികസിക്കും”, ദരിദ്രർ, ദളിതർ, പിന്നാക്കക്കാർ, ആദിവാസികൾ എന്നിവരിലെ ഗവൺമെൻറിൻറെ ശ്രദ്ധയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.  ഏകദേശം 9 കോടി ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.  ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ ബീഹാറിലെ ഒരു കോടി സ്ത്രീകൾക്ക് പ്രയോജനം ചെയ്തു.  90 ലക്ഷം കർഷകർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കളാണ്. 22,000 കോടി രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റി.  5 വർഷം മുമ്പ് വരെ 2 ശതമാനം വീടുകളിൽ മാത്രമാണ് പൈപ്പ് വെള്ളം ലഭിച്ചിരുന്നതെന്നും 90 ശതമാനത്തിലധികം വീടുകളിൽ ഇപ്പോൾ പൈപ്പ് വഴി ലഭിക്കുന്ന ശുദ്ധ ജലം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബീഹാറിൽ 80 ലക്ഷം ആയുഷ്മാൻ കാർഡ് ഉടമകളുണ്ട്. ബീഹാറിലെയും ജാർഖണ്ഡിലെയും 4 ജില്ലകളിലായി ഒരു ലക്ഷം ഹെക്ടറിൽ ജലസേചന സൗകര്യം നൽകുന്ന നോർത്ത് കോയൽ റിസർവോയർ യോജന ഉടൻ പൂർത്തിയാകും.

“ബീഹാറിൻ്റെ വികസനം, സമാധാനം, ക്രമസമാധാനമുറപ്പാക്കുന്ന ഭരണം, ബീഹാറിലെ സഹോദരിമാർക്കും പെൺമക്കൾക്കുമുള്ള അവകാശങ്ങൾ – ഇതാണ് മോദിയുടെ ഉറപ്പ്”, ഈ ഉറപ്പുകൾ നിറവേറ്റാനും മൂന്നാം വരവിൽ വികസിത ബിഹാർ സൃഷ്ടിക്കാനും പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്, വികസനത്തിൻ്റെ ഉത്സവത്തിൻ്റെ ഇന്നത്തെ അവസരത്തിൽ ജനക്കൂട്ടം തങ്ങളുടെ മൊബൈൽ ഫ്ലാഷ്ലൈറ്റുകൾ ഓണാക്കി.
ബീഹാർ ഗവർണർ ശ്രീ രാജേന്ദ്ര വി അർലേക്കർ, ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരി, ശ്രീ വിജയ് കുമാർ സിൻഹ എന്നിവരും പാർലമെൻ്റംഗങ്ങളും നിയമസഭാ സാമാജികരും ബീഹാർ മന്ത്രിമാരും ഉൾപ്പെടെ പങ്കെടുത്തു.

പശ്ചാത്തലം

18,100 കോടിയിലധികം രൂപയുടെ നിരവധി ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. എന്‍.എച്ച്-227-ന്റെ ജയനഗര്‍-നരഹിയ ഭാഗത്ത് 63.4 കിലോമീറ്റര്‍ നീളമുള്ള പുറംപാതയ്ക്ക് പുറത്ത് നടപ്പാതയോടുകൂടിയ രണ്ടുവരിപ്പാത, എന്‍.എച്ച് 131ജി യിലെ കന്‍ഹൗലി മുതല്‍ രാംനഗര്‍ വരെയുള്ള ആറ് വരി പട്‌ന റിംഗ് റോഡിന്റെ ഭാഗം; കിഷന്‍ഗഞ്ച് പട്ടണത്തില്‍ നിലവിലുള്ള മേല്‍പ്പാലത്തിന് സമാന്തരമായി 3.2 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ മേല്‍പ്പാലം; 47 കിലോമീറ്റര്‍ നീളമുള്ള ഭക്തിയാര്‍പൂര്‍-രാജൗലി നാലുവരിപ്പാത; എന്‍.എച്ച് 319 ന്റെ 55 കിലോമീറ്റര്‍ നീളമുള്ള ആരാ-പാരിയ ഭാഗത്തിലെ നാലുവരിപ്പാത എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പ്പെടുന്നു.

അമാസ് മുതല്‍ ശിവരാംപൂര്‍ ഗ്രാമം വരെ 55 കിലോമീറ്റര്‍ നീളമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ശിവരാംപൂര്‍ മുതല്‍ രാംനഗര്‍ വരെ 54 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാലുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; കല്യാണ്‍പൂര്‍ ഗ്രാമം മുതല്‍ ബല്‍ഭദര്‍പൂര്‍ ഗ്രാമം വരെ 47 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാല് വരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ബല്‍ഭദര്‍പൂര്‍ മുതല്‍ ബേല നവാഡ വരെ 42 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാലുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ദനാപൂര്‍ – ബിഹ്ത ഭാഗം മുതല്‍ 25 കിലോമീറ്റര്‍ നീളമുള്ള നാലുവരി എലിവേറ്റഡ് ഇടനാഴി; ബിഹ്ത – കോയില്‍വാര്‍ ഭാഗത്തിന്റെ നിലവിലുള്ള രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കി നവീകരിക്കുന്നത് എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആറ് ദേശീയ പാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. റോഡ് പദ്ധതികള്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും, യാത്രാ സമയം കുറയ്ക്കുകയും, ടൂറിസം വര്‍ദ്ധിപ്പിക്കുകയും, മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുക്കുകയും ചെയ്യും.

പട്‌ന റിംഗ് റോഡിന്റെ ഭാഗമായി വികസിപ്പിക്കുന്ന ഗംഗ നദിക്ക് കുറുകെയുള്ള ആറുവരി പാലത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ നദീപാലങ്ങളിലൊന്നായിരിക്കും ഈ പാലം. ഈ പദ്ധതി പട്‌ന നഗരത്തിലൂടെയുള്ള ഗതാഗതത്തിരക്ക് കുറയ്ക്കുകയും ബീഹാറിന്റെ തെക്ക് വടക്ക് ഭാഗങ്ങള്‍ക്കിടയില്‍ വേഗത്തിലുള്ള മികച്ച ബന്ധിപ്പിക്കല്‍ ലഭ്യമാക്കുകയും മേഖലയിലെയാകെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബിഹാറിലെ നമാമി ഗംഗയ്ക്ക് കീഴില്‍ ഏകദേശം 2,190 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പന്ത്രണ്ട് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സെയ്ദ്പൂരിലേയും പഹാരിയിലേയും മലിനജല ശുദ്ധീകരണ പ്ലാന്റ് ; സെയ്ദ്പൂര്‍, ബ്യൂര്‍, പഹാരി സോണ്‍ 4 ഏ എന്നിവയ്ക്കുള്ള മലിനജല ശൃംഖല; കര്‍മ്മലിചാക്കിലെ മലിനജല ശൃംഖലയോടെയുള്ള മലിനജല സംവിധാനം; പഹാരി സോണ്‍ 5ലെ മലിനജല പദ്ധതി; കൂടാതെ ബാര്‍ഹ്, ഛപ്ര, നൗഗാച്ചിയ, സുല്‍ത്താന്‍ഗഞ്ച്, സോനേപൂര്‍ പട്ടണങ്ങളിലെ ഇൻ്റർസെപ്ഷൻ ഡൈവേർഷൻ മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ ഈ പദ്ധതികള്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മലിനജലം ഗംഗയിലേക്ക് തിരിച്ചുവിടുന്നതിന് മുൻപുള്ള മലിനജല ശുദ്ധീകരണം ഈ പദ്ധതികള്‍ ഉറപ്പാക്കുകയും നദിയിലെ ശുചിത്വം വര്‍ദ്ധിപ്പിക്കുകയും മേഖലയിലെ ജനങ്ങള്‍ക്ക് ഗുണകരമാകുകയും ചെയ്യും.

പട്‌നയില്‍ യൂണിറ്റി മാളിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അന്താരാഷ്ട്ര രൂപകല്‍പ്പന സമ്പ്രദായങ്ങള്‍, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സൗകര്യമായാണ് 200 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ജില്ലകള്‍ എന്നിവയെ അവരുടെ സവിശേഷമായ ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രാപ്തരാക്കുന്നതിനായി സമര്‍പ്പിത സ്ഥലങ്ങള്‍ മാളില്‍ ലഭ്യമാക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 36 വലിയ സ്റ്റാളുകളും ബീഹാറിലെ ഓരോ ജില്ലയ്ക്കായി 38 ചെറിയ സ്റ്റാളുകളും മാളില്‍ ഉണ്ടാകും. ബീഹാറിലെയും ഇന്ത്യയിലെയും ഒരു ജില്ല ഒരു ഉല്‍പ്പന്നം, ഭൂമിശാസ്ത്ര സൂചിക (ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റര്‍ -ജി.ഐ) ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രചാരണവും പ്രാദേശിക ഉല്‍പ്പാദനവും യൂണിറ്റി മാള്‍ പ്രോത്സാഹിപ്പിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി എന്നിവയില്‍ ഈ പദ്ധതിയിലൂടെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും.

പാട്‌ലിപുത്ര-പഹ്‌ലേസ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, ബന്ധുവയ്ക്കും പൈമാര്‍ക്കും ഇടയില്‍ 26 കിലോമീറ്റര്‍ നീളമുള്ള പുതിയ റെയില്‍ പാത; ഗയയിലെ ഒരു മെമു ഷെഡ് എന്നിവ ഉള്‍പ്പെടെ ബിഹാറിലെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അരാ ബൈ പാസ് റെയില്‍ പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ റെയില്‍ പദ്ധതികള്‍ മികച്ച റെയില്‍ ബന്ധിപ്പിക്കലും ട്രെയിനുകളുടെ ലൈന്‍ കപ്പാസിറ്റിയും ചലനക്ഷമതയും മെച്ചപ്പെടുത്തുകയും മേഖലയിലെ വ്യാവസായിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

center>

SK-NK