Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അ‌ദ്ദേഹം ​​ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, ​​വൈകിട്ട് ആറിനു ‘ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025’ പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ ‘അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി മധ്യപ്രദേശിൽ

ഛത്തർപുർ ജില്ലയിലെ ഗഢാ ഗ്രാമത്തിൽ ബാഗേശ്വർ ധാം ​വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. നാനാതുറകളിലുമുള്ളവർക്കു മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്ന 200 കോടി രൂപയിലധികം വിലമതിക്കുന്ന അ‌ർബുദ ആശുപത്രി, അ‌ർബുദബാധിതരായ പാവപ്പെട്ടവർക്കു സൗജന്യ ചികിത്സ നൽകും. അത്യാധുനിക യന്ത്രങ്ങളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ഇവിടെയുണ്ടാകും.

ഭോപ്പാലിൽ രണ്ടു ദിവസത്തെ ‘ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശിനെ ആഗോള നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള പ്രധാന വേദിയായി വർത്തിക്കുന്ന ജിഐഎസിൽ വകുപ്പുതല ഉച്ചകോടികളും ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ്, വ്യവസായം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, എംഎസ്എംഇകൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉൾപ്പെടും. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സമ്മേളനം, ലാറ്റിൻ അമേരിക്ക-കരീബിയൻ സെഷൻ തുടങ്ങിയ അന്താരാഷ്ട്ര സെഷനുകളും പങ്കാളികളാകുന്ന പ്രധാന രാജ്യങ്ങൾക്കായുള്ള പ്രത്യേക സെഷനുകളും ഇതിൽ ഉൾപ്പെടും.

ഉച്ചകോടിയിൽ മൂന്നു പ്രധാന വ്യാവസായിക പ്രദർശനങ്ങൾ നടക്കും. ഓട്ടോ ​ഷോ മധ്യപ്രദേശിന്റെ ഓട്ടോമോട്ടീവ് കഴിവുകളും ഭാവിയിലെ ചലനക്ഷമതാപ്രതിവിധികളും പ്രദർശിപ്പിക്കും. പരമ്പരാഗതവും ആധുനികവുമായ തുണിത്തര നിർമാണത്തിൽ സംസ്ഥാനത്തിന്റെ വൈദഗ്ദ്ധ്യം ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ എക്സ്പോ ഉയറർത്തിക്കാട്ടും. “ഒരു ജില്ല-ഒരു ഉൽപ്പന്നം” (ODOP) ഗ്രാമം സംസ്ഥാനത്തിന്റെ തനതു കരകൗശല വൈദഗ്ധ്യവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കും.

അ‌റുപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഇന്ത്യയിൽനിന്നുള്ള 300-ലധികം പ്രമുഖ വ്യവസായ നേതാക്കൾ, നയആസൂത്രകർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി ബിഹാറിൽ

കർഷകക്ഷേമം ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണ്. ഇതോടനുബന്ധിച്ച്, നിരവധി പ്രധാന സംരംഭങ്ങൾക്കു ഭാഗൽപുരിൽ അദ്ദേഹം നേതൃത്വം നൽകും. പിഎം കിസാന്റെ 19-ാം ഗഡു ഭാഗൽപുരിൽ അദ്ദേഹം വിതരണം ചെയ്യും. ഇതിലൂടെ രാജ്യത്തുടനീളമുള്ള 9.7 കോടിയിലധികം കർഷകർക്ക് 21,500 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധ. ഇതു മനസ്സിൽവച്ച്, 2020 ഫെബ്രുവരി 29ന്, കർഷകരെ കാർഷിക ഉൽപ്പന്നങ്ങൾ കൂട്ടായി വിപണനം ചെയ്യാനും ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്ന 10,000 കർഷക ഉൽപ്പാദക സംഘടനകളുടെ (FPO) രൂപവൽക്കരണത്തിനും പ്രോത്സാഹനത്തിനുമുള്ള കേന്ദ്രമേഖലാപദ്ധതിക്ക് അദ്ദേഹം തുടക്കംകുറിച്ചു. അഞ്ചുവർഷത്തിനുള്ളിൽ, കർഷകരോടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രതിജ്ഞാബദ്ധത നിറവേറ്റപ്പെട്ടു. പരിപാടിയുടെ സമയത്ത് രാജ്യത്ത് 10,000-ാമത് എഫ്പിഒയുടെ രൂപീകരണമെന്ന നാഴികക്കല്ല് അദ്ദേഹം അടയാളപ്പെടുത്തും.

മോത്തിഹാരിയിൽ രാഷ്ട്രീയ ഗോകുൽ ദൗത്യത്തിനു കീഴിൽ നിർമ്മിച്ച തദ്ദേശീയ ഇനങ്ങൾക്കായുള്ള മികവിന്റെ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതനമായ ഐവിഎഫ് സാങ്കേതികവിദ്യ പരിചയപ്പെടുത്തൽ, കൂടുതൽ പ്രജനനത്തിനായി തദ്ദേശീയ ഇനങ്ങളിലെ ഉയർന്ന നിലവാരമുള്ള മൃഗങ്ങളുടെ ഉൽപ്പാദനം, ആധുനിക പ്രത്യുൽപ്പാദന സാങ്കേതികവിദ്യയിൽ കർഷകർക്കും പ്രൊഫഷണലുകൾക്കും പരിശീലനം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. മൂന്നു ലക്ഷം പാൽ ഉൽപ്പാദകർക്ക് സംഘടിത വിപണി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ബറൗനിയിലെ പാൽ ഉൽപ്പന്ന പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കണക്റ്റിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 526 കോടിയിലധികം രൂപ ചെലവുവരുന്ന വാരിസലിഗഞ്ജ് – നവാദ – തിലയ്യ റെയിൽപ്പാത ഇരട്ടിപ്പിക്കൽ, ഇസ്മായിൽപുർ – റാഫിഗഞ്ജ് റോഡ് മേൽപ്പാലം എന്നിവയും  പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.

പ്രധാനമന്ത്രി അസമിൽ

8000 കലാകാരന്മാർ പങ്കെടുക്കുന്ന ‘ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025’ എന്ന സവിശേഷമായ സാംസ്കാരിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അസമിലെ തേയില ഗോത്ര സമൂഹങ്ങളുടെ നാടോടി നൃത്തമാണു ഝുമോയിർ നൃത്തം. ഇത് ഉൾക്കൊള്ളൽ, ഐക്യം, സാംസ്കാരിക അഭിമാനം എന്നിവയുടെ മനോഭാവം പ്രതിഫലിപ്പിക്കുകയും അസമിന്റെ സമന്വയം പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക ​വൈവിധ്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. മെഗാ ഝുമോയിർ പരിപാടി തേയിലവ്യവസായത്തിന്റെ 200 വർഷത്തെയും അസമിലെ വ്യവസായവൽക്കരണത്തിന്റെ 200 വർഷത്തെയും പ്രതീകപ്പെടുത്തുന്നു.

ഫെബ്രുവരി 25 മുതൽ 26 വരെ ഗുവാഹാട്ടിയിൽ നടക്കുന്ന ‘അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ ഉദ്ഘാടന സെഷൻ, ഏഴ് മന്ത്രിതല സെഷനുകൾ, 14 പ്രമേയാധിഷ്ഠിത സെഷനുകൾ എന്നിവ ഉൾപ്പെടും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപ്രകൃതി ചിത്രീകരിക്കുന്ന സമഗ്ര പ്രദർശനവും ഇതിൽ ഉൾപ്പെടും. വ്യാവസായിക പരിണാമം, ആഗോള വ്യാപാര പങ്കാളിത്തങ്ങൾ, വളർന്നുവരുന്ന വ്യവസായങ്ങൾ, ഊർജസ്വലമായ എംഎസ്എംഇ മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രദർശനത്തിൽ 240-ലധികം പ്രദർശകർ പങ്കെടുക്കും.

വിവിധ അന്താരാഷ്ട്ര സംഘടനകൾ, ആഗോള നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.

-SK-