പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ‘വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ്’ പരിപാടിയെ അഭിസംബോധന ചെയ്യും. പരിപാടിയില്‍ പ്രധാനമന്ത്രി 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതികള്‍.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-1 (2×800 MW) രാജ്യത്തിന് സമര്‍പ്പിക്കുകയും എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-II (2×800 MW) ന്റെ ശിലാസ്ഥാപനം ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ നിര്‍വഹിക്കുകയും ചെയ്യും. ഏകദേശം 15,800 കോടി രൂപ മുതല്‍മുടക്കിലാണ് സ്റ്റേഷന്റെ സ്റ്റേജ്-1 നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം, 15,530 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റേജ്-1 ന്റെ പരിസരത്ത് ലഭ്യമായ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ വിപുലീകരണത്തിന് അധിക ഭൂമി ആവശ്യമില്ല. ഘട്ടം 1നായി വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും, ഘട്ടം-IIനായി അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഈ പദ്ധതി, കുറഞ്ഞ നിര്‍ദ്ദിഷ്ട കല്‍ക്കരി ഉപഭോഗവും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലും ഉറപ്പാക്കും. ഘട്ടം-1, II എന്നിവയില്‍ നിന്നുള്ള 50% വൈദ്യുതി ഛത്തീസ്ഗഢ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുമ്പോള്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ദാമന്‍ & ദിയു, ദാദ്ര, നാഗര്‍ ഹവേലി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതി സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.
600 കോടിയിലധികം രൂപ ചെലവിലുള്ള സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ മൂന്ന് പ്രധാന ഫസ്റ്റ് മൈല്‍ കണക്റ്റിവിറ്റി (എഫ്എംസി) പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കല്‍ക്കരി വേഗത്തിലും പരിസ്ഥിതി സൗഹൃദമായും കാര്യക്ഷമമായും യന്ത്രവല്‍കൃതമായി ശേഖരിക്കുന്നതിന് അവ സഹായിക്കും. SECL-ന്റെ ദിപ്ക ഏരിയയിലെ ദിപ്ക OCP കല്‍ക്കരി ഹാന്‍ഡ്ലിംഗ് പ്ലാന്റ്, SECL-ന്റെ റായ്ഗഡ് ഏരിയയിലെ ഛാല്‍, ബറൂദ് OCP കല്‍ക്കരി കൈകാര്യം ചെയ്യുന്ന പ്ലാന്റ് എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കണ്‍വെയര്‍ ബെല്‍റ്റുകള്‍ വഴിയുള്ള സിലോസ്, ബങ്കറുകള്‍, റാപ്പിഡ് ലോഡിംഗ് സംവിധാനങ്ങള്‍ എന്നിവയുള്ള കല്‍ക്കരി കൈകാര്യം ചെയ്യുന്ന പ്ലാന്റുകളിലേക്ക് പിറ്റ്ഹെഡില്‍ നിന്ന് കല്‍ക്കരിയുടെ യന്ത്രവല്‍കൃത കൈമാറ്റം FMC പ്രോജക്ടുകള്‍ ഉറപ്പാക്കുന്നു. റോഡ് വഴിയുള്ള കല്‍ക്കരി ഗതാഗതം കുറയ്ക്കുന്നതിലൂടെ, ഗതാഗതക്കുരുക്ക്, റോഡപകടങ്ങള്‍, കല്‍ക്കരി ഖനികള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതിയിലും ആരോഗ്യത്തിലും ഉണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ കല്‍ക്കരി ഖനികള്‍ക്ക് ചുറ്റുമുള്ള ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ലഘൂകരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കും. കുഴിയില്‍ നിന്ന് റെയില്‍വേ സൈഡിംഗുകളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്ന ട്രക്കുകളുടെ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഗതാഗത ചെലവ് ലാഭിക്കാനും ഇത് ഇടയാക്കുന്നു.
മേഖലയിലെ പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്നന്ദ്ഗാവില്‍ ഏകദേശം 900 കോടി രൂപ ചെലവില്‍ നിര്‍മിച്ച സോളാര്‍ പിവി പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. പദ്ധതി പ്രതിവര്‍ഷം 243.53 ദശലക്ഷം യൂണിറ്റ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും 25 വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.87 ദശലക്ഷം ടണ്‍ CO2 ഉദ്വമനം ലഘൂകരിക്കുകയും ചെയ്യും. ഏകദേശം 8.86 ദശലക്ഷം മരങ്ങള്‍ വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറക്കുന്നതിന് തുല്യമാണിത്.
മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട്, ഏകദേശം 300 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബിലാസ്പൂര്‍ – ഉസ്ലാപൂര്‍ മേല്‍പ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഇത് കനത്ത ഗതാഗതക്കുരുക്കും ബിലാസ്പൂരിലെ കത്നിയിലേക്ക് പോകുന്ന കല്‍ക്കരി ഗതാഗതം നിര്‍ത്തലും കുറയ്ക്കും. ഭിലായില്‍ 50 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഓടുന്ന ട്രെയിനുകളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കാന്‍ ഇത് സഹായിക്കും.
NH-49-ന്റെ 55.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ പുനരധിവാസവും നവീകരണവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. രണ്ട് പ്രധാന നഗരങ്ങളായ ബിലാസ്പൂരും റായ്ഗഡും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിക്കും. NH-130 ന്റെ 52.40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ പുനരധിവാസവും നവീകരണവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അംബികാപൂര്‍ നഗരത്തിന് റായ്പൂര്‍, കോര്‍ബ നഗരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും.
SK