പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമായുള്ള വിവരസാങ്കേതികവിദ്യാ, ആശയവിനിമയ സാങ്കേതികവിദ്യാ അധിഷ്ഠിത വിവിധതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ 18-ാമത് ആശയവിനിമയ പരിപാടി നടന്നു.
റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതും പരിഹരിക്കുന്നതും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഒട്ടേറെ പരാതികള്‍ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ചാണെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തില്‍, അഴിമതിക്കാരായ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത നടപടി കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അപകടങ്ങള്‍ സംഭവിക്കുമ്പോഴുള്ള ഹെല്‍പ് ലൈനിന് ഉള്‍പ്പെടെ എല്ലാ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു ഏകീകൃത ടെലിഫോണ്‍ നമ്പര്‍ എന്ന സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയില്‍വേ, റോഡ്, ഊര്‍ജം തുടങ്ങിയ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പാക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
മുംബൈ മെട്രോ, തിരുപ്പതി-ചെന്നൈ ഹൈവേ, യു.പി., ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഏറെക്കാലമായി നടപ്പാകാതെ കിടക്കുന്ന റോഡ് പദ്ധതികള്‍, ജമ്മു-കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലയിലെയും പ്രധാന ഊര്‍ജവിതരണ ലൈനുകള്‍ എന്നിവ ഇന്നു വിലയിരുത്തപ്പെട്ട പദ്ധതികളില്‍പ്പെടും.
കുട്ടികളുടെ സമ്പൂര്‍ണ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രധനുഷ് പദ്ധതി വിലയിരുത്തവേ, പ്രവര്‍ത്തനം ഏറ്റവും മോശമായ 100 ജില്ലകളില്‍ സമയബന്ധിതമായി മുന്‍കൂട്ടി ലക്ഷ്യം നിര്‍ണയിച്ചു പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു കുട്ടിക്കുപോലും രോഗപ്രതിരോധ പദ്ധതിയുടെ നേട്ടം ലഭിക്കാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്താനായി എന്‍.സി.സി., നെഹ്രു യുവ കേന്ദ്ര തുടങ്ങിയ സംഘടനകളുടെ സഹായം തേടണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വച്ഛത കര്‍മപദ്ധതികള്‍ വിലയിരുത്തലിനു വിധേയമാക്കിയപ്പോള്‍ സ്വച്ഛത ദ്വൈവാരങ്ങള്‍ പോലുള്ള പദ്ധതികള്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന മുന്നേറ്റങ്ങളായി മാറ്റിയെടുക്കാന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മികവ് എല്ലാവരാലും അംഗീകരിക്കപ്പെടുന്നതിനായി എല്‍.ഇ.ഡി. ബള്‍ബുകള്‍ പോലുള്ള അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതു വഴി ഉണ്ടാകുന്ന നേട്ടങ്ങളുടെ കണക്ക് ഉദ്യോഗസ്ഥര്‍ തയ്യറാക്കണമെന്നാണ്.
2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാമതു വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും മാറ്റം സാധ്യമാക്കുന്നതിനായുള്ള വ്യക്തമായ പദ്ധതികളും ലക്ഷ്യങ്ങളുമായി മുന്നോട്ടുവരാന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരോടും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ശുചിത്വത്തെക്കുറിച്ചു പരാമര്‍ശിക്കവേ, മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം 2019ല്‍ ആഘോഷിക്കുന്നതിനു മുമ്പായി പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും ആവശ്യപ്പെടുകയും ചെയ്തു.