പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെ 2019 ഫെബ്രുവരി 19ന് ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം നിരവധി വികസനപദ്ധതികള്‍ അനാച്ഛാദനം ചെയ്യും.
ഡീസലില്‍നിന്ന് ഇലക്ട്രിക്കലിലേക്ക് രൂപമാറ്റം വരുത്തിയ രാജ്യത്തെ ആദ്യത്തെ തീവണ്ടി എന്‍ജിന്‍ വാരണാസിയിലെ ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. അദ്ദേഹം തീവണ്ടി എഞ്ചിന്‍ പരിശോധിക്കുകയും പ്രദര്‍ശനം സന്ദര്‍ശിക്കുകയും ചെയ്യും.
ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്‌സ് രണ്ട് ഡബ്ല്യു.ഡി.ജി.3എ ഡീസല്‍ തീവണ്ടി എഞ്ചിനുകളെ 10,000 കുതിരശക്തിയുള്ള ഇരട്ട ഡബ്ല്യു.എ.ജി.സി.3 തീവണ്ടി എഞ്ചിനുകളായി രൂപമാറ്റം വരുത്തിയിരുന്നു. ഇതു പൂര്‍ണ്ണമായും ഒരു മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭമാണ്. ലോകത്തിന് മുഴുവനുമുള്ള ഇന്ത്യന്‍ ഗവേഷണ വികസന നൂതനാശയമാണ് ഈ രൂപമാറ്റം. മാറ്റം വരുത്തിയ ഈ തീവണ്ടി എഞ്ചിനുകള്‍, ഹരിതഗൃഹ വാതക വികിരണം കുറയ്ക്കുന്നതിനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കൂടുതല്‍ കാര്യശേഷിയുള്ള തീവണ്ടി എഞ്ചിനികള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും.
ശ്രീ ഗോവര്‍ദ്ധനപുരത്ത് ശ്രീ ഗുരു രവിദാസ് ജന്മസ്ഥാന്‍ ക്ഷേത്രത്തില്‍ ഗുരു രവിദാസ് ജന്മസ്ഥാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഗുരു രവിദാസിന്റെ പ്രതിമയില്‍ അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിക്കും. അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധനചെയ്യുന്നുമുണ്ട്.
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പുതുതായി നിര്‍മ്മിച്ച മദന്‍ മോഹന്‍ മാളവ്യ കാന്‍സര്‍ സെന്ററും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യു.പി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും നേപ്പാള്‍ പോലുള്ള അയല്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ സമഗ്ര കാന്‍സര്‍ പരിരക്ഷ ലഭിക്കുന്ന മറ്റൊരു ആശുപത്രിയി ആയിരിക്കും ഇത്.
ലെഹറത്രയിലെ ഹോമി ബാബാ കാന്‍സര്‍ ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടു കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനത്തോടെ കാന്‍സറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭിക്കുന്ന സുപ്രധാനമായ ഒരു കേന്ദ്രമായി വാരണാസി മാറും.
സൂക്ഷ്മ സാങ്കേതിവിദ്യ(മള്‍ട്ടി ലീഫ് കോളിമേറ്റര്‍)യുള്ള ആദ്യത്തെ പുതിയ ബാബാത്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
ഭൂവില്‍ അദ്ദേഹം പണ്ഡിറ്റ് മദനമോഹന മാളവ്യയുടെ പ്രതിമയും വാരണാസി ഘട്ടുകളുടെ ചുമര്‍ചിത്രങ്ങളും അനാച്ഛാദനം ചെയ്യും. ഭൂവില്‍ അദ്ദേഹം പി.എം-ജെ.എ.വൈ. ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
അതിന് ശേഷം വാരണാസിയിലെ ഓറേ ഗ്രാമത്തില്‍ വാരണാസിയിലെയും സമീപപ്രദേശങ്ങളിലെയും ആരോഗ്യവും മറ്റ് മേഖലകളുടെയും വികസനം ലക്ഷ്യമാക്കിയുളള നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ പദ്ധതികളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ദിവ്യാംഗര്‍ക്ക് സഹായക ഉപകരണങ്ങളും അദ്ദേഹം വിതരണം ചെയ്യും. അതിന് ശേഷം പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.