പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ മുംബൈ സന്ദര്ശിക്കും.
ബാന്ദ്ര കുര്ള കോംപ്ലക്സിലെ എം.എം.ആര്.ഡി.എ. ഗ്രൗണ്ട്സില് മെയ്ക്ക് ഇന് ഇന്ത്യ സെന്റര് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സ്വീഡന് പ്രധാനമന്ത്രി, ഫിന്ലന്ഡ് പ്രധാനമന്ത്രി, ഇന്ത്യയിലെ വിശിഷ്ട വ്യക്തികള് എന്നിവര്ക്കൊപ്പം ശ്രീ. നരേന്ദ്ര മോദി സെന്റര് നടന്നുകാണും.
മുതിര്ന്ന വിദേശ നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷിയോഗങ്ങള് നടത്തും.
വര്ളി എന്.എസ്.സി.ഐയില് മെയ്ക്ക് ഇന് ഇന്ത്യ വാരാഘോഷം പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തുടര്ന്ന്, മുതിര്ന്ന നേതാക്കളും ഇന്ത്യയില്നിന്നും വിദേശത്തുനിന്നുമുള്ള വ്യവസായികളും ഉള്പ്പെടുന്ന സദസ്സിനെ അഭിസംബോധന ചെയ്യും.
മെയ്ക്ക് ഇന് ഇന്ത്യ യജ്ഞത്തിന് ഊര്ജം പകരുന്നതിനുള്ള ശ്രദ്ധേയമായ മേളയായ മേക്ക് ഇന് ഇന്ത്യ വാരം ഉല്പാദനരംഗത്ത് രാജ്യത്തിനുണ്ടാക്കാന് സാധിച്ച നേട്ടങ്ങള് ലോകത്തിനു മുന്നില് പ്രദര്ശിപ്പിക്കാനുള്ള അവസരംകൂടിയാണ്.
അത് ഇന്ത്യയെ ലോകത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഉല്പാദനകേന്ദ്രമാക്കിത്തീര്ക്കും.
ഒരാഴ്ചക്കാലംകൊണ്ട് ഇന്ത്യയിലെയും ലോകത്തിലെയും വ്യാവസായിക പ്രമുഖര്, വിദ്യാഭ്യാസ വിചക്ഷണന്മാര് എന്നിവര് തമ്മിലും, കേന്ദ്ര- സംസ്ഥാന ഭരണങ്ങള് തമ്മിലു ഉള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും യോജിച്ചു പ്രവര്ത്തിക്കുന്നതിനുമുള്ള അവസരവും ഉള്ക്കാഴ്ചയും ലഭിക്കും.
നാളെ രാവിലെ മുംബൈയിലെത്തുന്ന പ്രധാനമന്ത്രി ബോംബെ ആര്ട്ട് സൊസൈറ്റിയുടെ പുതിയ കെട്ടിടം, ഫലകം പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും.
തുടര്ന്ന് അദ്ദേഹം അവിടെ പ്രസംഗിക്കും.