Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബെൽജിയത്തിലെ ആസ്ട്രിഡ് രാജകുമാരിയുമായി കൂടിക്കാഴ്ച നടത്തി. 2025 മാർച്ച് ഒന്നുമുതൽ എട്ടുവരെ ഇന്ത്യയിലേക്കുള്ള ഉന്നതതല ബെൽജിയൻ സാമ്പത്തികദൗത്യസംഘത്തിനു നേതൃത്വം നൽകുകയാണ് ആസ്ട്രിഡ് രാജകുമാരി.

രാജകുമാരിയെ ഇന്ത്യയിലേക്കു സ്വാഗതംചെയ്ത പ്രധാനമ​ന്ത്രി, വ്യവസായപ്രമുഖർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ എന്നിവരുൾപ്പെടെ 300-ലധികം അംഗങ്ങളുള്ള വലിയ പ്രതിനിധിസംഘവുമായി ഇന്ത്യയിലേക്കു വരാൻ മുൻകൈയെടുത്തതിനെ ഗാഢമായി അഭിനന്ദിക്കുകയും ചെയ്തു.

ഇതു രണ്ടാം തവണയാണ് ആസ്ട്രിഡ് രാജകുമാരി ഇന്ത്യയിലേക്കുള്ള സാമ്പത്തിക ദൗത്യസംഘത്തിനു നേതൃത്വം നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ സാമ്പത്തിക ബന്ധങ്ങളുടെ പ്രാധാന്യത്തിനാണ് ഇത് അടിവരയിടുന്നത്.

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, നൂതനാശയങ്ങൾ, സംശുദ്ധ ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, കൃഷി, നൈപുണ്യവികസനം, വിദ്യാഭ്യാസ വിനിമയം, സാംസ്കാരികബന്ധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ പ്രധാനമന്ത്രിയും ആസ്ട്രിഡ് രാജകുമാരിയും തമ്മിൽ ചർച്ച നടത്തി.

സാമ്പത്തിക പുനരുജ്ജീവനത്തിനു കരുത്തേകുന്നതിനും നൂതനാശയങ്ങൾ നയിക്കുന്ന വളർച്ച പരിപോഷിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കു പ്രയോജനപ്പെടുന്നതിനായി ഉഭയകക്ഷിസഹകരണം ആഴത്തിലാക്കുന്നതിനും സഹായിക്കുന്ന, വളർന്നുവരുന്നതും ഉയർന്ന സ്വാധീനം ചെലുത്തുന്നതുമായ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ പാതകൾ കണ്ടെത്താൻ വളരെയടുത്തു പ്രവർത്തിക്കാൻ ഇരുപക്ഷവും ധാരണയായി.

***

NK