Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

ജനാധിപത്യം, നിയമവാഴ്ച, ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയുടെ പൊതുവായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തില്‍ പ്രസിഡന്റ് ബൈഡന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഉഭയകക്ഷി ബന്ധങ്ങളിലെ ഗണ്യമായ പുരോഗതി നേതാക്കള്‍ അവലോകനം ചെയ്തു. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും മനുഷ്യരാശിക്കാകെയും പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു

പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ കൈമാറി.

യുക്രൈയ്‌നിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യവേ തന്റെ സമീപകാല യുക്രൈയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ബൈഡനോട് വിശദീകരിച്ചു

സംഭാഷണത്തിനും നയതന്ത്രത്തിനും അനുകൂലമായ ഇന്ത്യയുടെ സ്ഥിരമായ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.

ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ഇരു നേതാക്കളും പൊതുവായ ആശങ്ക പങ്കുവച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ, സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവര്‍ ഊന്നല്‍ നല്‍കി.

ക്വാഡ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

അടുത്ത ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.
***
NS