Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിക്ക് സബര്‍മതി ആശ്രമത്തില്‍ പ്രണാമം അര്‍പ്പിച്ചു, ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പുറത്തിറക്കി ; കുട്ടികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍ ഇന്ന് 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെയും, വെള്ളി നാണയത്തിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശുചിത്വ ഭാരത പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നേരത്തെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മഗന്‍ നിവാസ് (ചര്‍ക്ക ഗ്യാലറി)  സന്ദര്‍ശിച്ച അദ്ദേഹം കുട്ടികളുമായി ആശയവിനമയവും നടത്തി.
ശുചിത്വ ഭാരത ദിവസ് പരിപാടിയുടെ ഭാഗമായി ഗ്രാമമുഖ്യന്‍മാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യവെ, മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ലോകമെങ്ങും ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഗാന്ധിജിയെ കുറിച്ചുള്ള തപാല്‍ സ്റ്റാമ്പ് ഐക്യരാഷ്ട്ര സഭ ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയത് ഈ പരിപാടി കൂടുതല്‍ അവിസ്മരണിയമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ തനിക്ക് പലതവണ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പ്രാവശ്യത്തെയും പോലെ ഇന്നും അവിടെ നിന്ന് പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന് പറഞ്ഞു.
രാജ്യത്തെ ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന മുക്തമായി സ്വയം പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഓരോ നാട്ടുകാരനെയും പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ, ഗ്രാമമുഖ്യന്‍മാരെ എന്നുവേണ്ട ഇതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. പ്രായമോ, സാമൂഹിക സാമ്പത്തിക സ്ഥിതിയോ ഭേദമില്ലാതെ ഏവരും ശുചിത്വത്തിന്റെയും, അന്തസ്സിന്റെയും, ബഹുമാനത്തിന്റെയും ഈ പ്രതിജ്ഞയ്ക്കായി സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ വിജയം കണ്ട് ലോകം ഇന്ന് നമുക്ക് പാരിദോഷികം നല്‍കുകയാണ്. 11 കോടിയിലേറെ ശൗചാലയങ്ങള്‍ 60 മാസം കൊണ്ട് നിര്‍മ്മിച്ച് 60 കോടിയിലധികം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യം ഇന്ത്യ ലഭ്യമാക്കിയതില്‍ ലോകം മൊത്തം ആശ്ചര്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹുജന  പങ്കാളിത്തവും, സ്വയം സന്നദ്ധതയുമാണ് ശുചിത്വ ഭാരത യജ്ഞത്തിന്റെ മുഖമുദ്രയും, അതിന്റെ വിജയത്തിന്റെ കാരണവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് പൂര്‍ണ്ണമനസ്സോടെ നല്‍കിയ പിന്‍തുണയ്ക്ക് അദ്ദേഹം രാജ്യത്തിന് മൊത്തം നന്ദി പറഞ്ഞു. ബഹുജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, 2022 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാര്‍ജ്ജനത്തിനും, ജല്‍ ജീവന്‍ ദൗത്യം പോലുള്ള ഗവണ്‍മെന്റിന്റെ ഉദ്യമങ്ങളുടെ വിജയത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മഹാത്മാ ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയത്വം, ആയാസ രഹിതമായ ജീവിതം, ഏറ്റവും വിദൂരസ്ഥ പ്രദേശത്തും വികസനമെത്തിക്കല്‍ മുതലായവ ഉറപ്പ് വരുത്താനുള്ള ഗവണ്‍മെന്റിന്റെ ഉദ്യമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രം അഭിവൃദ്ധിപ്പെടണമെന്ന ഒരു പ്രതിജ്ഞയെടുക്കാനും അത് വിജയിപ്പാക്കാനായി കഠിന പ്രയത്‌നം നടത്താനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അത്തരത്തിലുള്ള 130 കോടി പ്രതിജ്ഞകള്‍ക്ക് ബൃഹത്തായ പരിവര്‍ത്തനം കൊണ്ടുവരാനാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.