Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ധര്‍മസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ഉജിറെയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ധര്‍മസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ഉജിറെയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു


കര്‍ണാടക സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മംഗളുരുവില്‍ എത്തി. തുടര്‍ന്നു ധര്‍മസ്ഥലയിലേക്കു തിരിച്ച അദ്ദേഹം ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു.

ഉജിറെയില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് അദ്ദേഹം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്തു. അമ്മഭൂമിയെ സംരക്ഷിക്കുക, അടുത്ത തലമുറയ്ക്കായി കൈമാറുക പദ്ധതിയുടെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നിര്‍വഹിച്ചു.

ആള്‍ക്കൂട്ടത്തെ അഭിസംബോധനചെയ്യവേ മഞ്ജുനാഥഭഗവാനെ പ്രാര്‍ഥിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.

ഈ നൂറ്റാണ്ട് നൈപുണ്യവികസനത്തിന്റേതാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ യുവത്വമാര്‍ന്ന രാഷ്ട്രമാണെന്നും അതിനാല്‍ത്തന്നെ നമുക്കുള്ള ജനസംഖ്യാവിഹിതത്തെ നേട്ടമാക്കിത്തീര്‍ക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സന്ന്യാസിമാരും മഹര്‍ഷിമാരും സമൂഹത്തിനു നൂറ്റാണ്ടുകളോളം സഹായം ചെയ്ത സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും നല്ല രീതിയില്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

വനിതാ സ്വയംസഹായസംഘങ്ങള്‍ക്കും റൂപേ കാര്‍ഡ് കൈമാറാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചു പരാമര്‍ശിക്കവേ ഡിജിറ്റല്‍ ഇടപാടുകളോടു ജനങ്ങള്‍ക്കുള്ള താല്‍പര്യം ആവേശം ജനിപ്പിക്കുന്നു എന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ഭീം ആപ് ഉപയോഗപ്പെടുത്തി ക്യാഷ്‌ലെസ് ഇടപാടുകള്‍ നടത്താന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്തു. ഇതു സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും കാലമാണെന്നും വ്യവസ്ഥിതിയെ ചതിക്കുന്നവര്‍ക്ക് ഇവിടെ ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ രുപയും അതുപോലെ, ഇന്ത്യാ ഗവണ്‍മെന്റിന്റെ ഓരോ വിഭവവും ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതിക്ക് ഇടംകൊടുക്കാതെ, വികസനത്തിന്റെ നേട്ടം മുഴുവന്‍ ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നുണ്ട് എന്നു നാം ഉറപ്പുവരുത്തുന്നുണ്ട്.

ഈ കാലഘട്ടത്തില്‍ നാം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണു ജലസംരക്ഷണമെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനു പ്രാധാന്യം നല്‍കാനും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ശ്രമിക്കാതിരിക്കാനും നമുക്കു സാധിക്കണമെന്നു ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിനായി തുള്ളിനന പോലുള്ള രീതികളിലേക്കു മാറണമെന്ന് കര്‍ണാടകയിലെ കര്‍ഷകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.