Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി തായ്‌ലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തായ്‌ലൻഡിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബാങ്കോക്കിൽ തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ പ്രധാനമന്ത്രി ഷിനവാത് വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. ഇത് അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. നേരത്തെ, 2024 ഒക്ടോബറിൽ വിയന്റിയാനിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ഉഭയകക്ഷിസഹകരണത്തിന്റെ ശ്രേണിയാകെ ഇരുനേതാക്കളും അവലോകനം ചെയ്തു. രാഷ്ട്രീയ വിനിമയങ്ങൾ, പ്രതിരോധ-സുരക്ഷ പങ്കാളിത്തം, തന്ത്രപരമായ ഇടപെടൽ, വ്യാപാരവും നിക്ഷേപവും, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കു കൂടുതൽ കരുത്തേകുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്തു. അതിലൂടെ, സമ്പർക്കസൗകര്യം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, സ്റ്റാർട്ട്-അപ്പ്, നവീകരണം, ഡിജിറ്റൽ ​മേഖല, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരസഹകരണം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ അടിവരയിട്ടു. മനുഷ്യക്കടത്ത്, മയക്കുമരുന്നു കടത്ത്, സൈബർ തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും അവർ ചർച്ച ചെയ്തു. ആഗോള വിഷയങ്ങളിൽ ഇരുപ്രധാനമന്ത്രിമാരും കാഴ്ചപ്പാടുകൾ പങ്കുവച്ചു. ബിംസ്റ്റെക്, ആസിയാൻ, മെകോങ് ഗംഗ സഹകരണം എന്നിവയുൾപ്പെടെ ഉപമേഖല-പ്രാദേശിക-ബഹുമുഖ വേദികളിൽ വളരെയടുത്ത സഹകരണം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

ഇന്ത്യ-തായ്‌ലൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്തപ്രഖ്യാപനത്തിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. കൈത്തറി-കരകൗശല വസ്തുക്കൾ; ഡിജിറ്റൽ സാങ്കേതികവിദ്യകൾ; സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇകൾ); സമുദ്ര പൈതൃകം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും അവർ സാക്ഷ്യംവഹിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുന്ന ഇന്ത്യ-തായ്‌ലൻഡ് കോൺസുലാർ സംഭാഷണം സ്ഥാപിക്കുന്നതിനെയും നേതാക്കൾ സ്വാഗതം ചെയ്തു. പരിണതഫലങ്ങളുടെ പട്ടിക ഇവിടെ കാണാം.

സൗഹൃദപ്രകടനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തായ്‌ലൻഡ് ഗവണ്മെന്റ് 18-ാം നൂറ്റാണ്ടിലെ രാമായണ ചുവർചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വളരെയടുത്ത സാംസ്കാരികവും മതപരവുമായ ബന്ധങ്ങൾ അടിവരയിട്ട്, പ്രധാനമന്ത്രി ഷിനവാത് പാലി ഭാഷയിലുള്ള ബുദ്ധമത പുണ്യഗ്രന്ഥമായ ടി-പിടാകയുടെ പ്രത്യേക പതിപ്പു പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചു. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള വളരെയടുത്ത നാഗരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ ഭാഗമായി, ഗുജറാത്തിൽനിന്നു ഖനനംചെയ്ത ബുദ്ധന്റെ തിരുശേഷിപ്പുകൾ ജനങ്ങൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനു തായ്‌ലൻഡിലേക്ക് അയയ്ക്കാമെന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കഴിഞ്ഞ വർഷം, ശ്രീബുദ്ധന്റെയും അദ്ദേഹത്തിന്റെ രണ്ടു ശിഷ്യരുടെയും തിരുശേഷിപ്പുകൾ ഇന്ത്യയിൽനിന്നു തായ്‌ലൻഡിലേക്ക് അയച്ചിരുന്നു. അതിൽ നാലുദശലക്ഷത്തിലധികം പേർ ശ്രദ്ധാഞ്ജലിയർപ്പിച്ചു.

രാമായണം, ബുദ്ധമതം എന്നിവയുൾപ്പെടെ സാംസ്കാരിക-ഭാഷ-മതപര ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ നാഗരിക ബന്ധങ്ങളുള്ള സമുദ്ര അയൽക്കാരാണ് ഇന്ത്യയും തായ്‌ലൻഡും. തായ്‌ലൻഡുമായുള്ള ഇന്ത്യയുടെ ബന്ധം നമ്മുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെയും, ആസിയാനുമായുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും, മഹാസാഗർ കാഴ്ചപ്പാടിന്റെയും, ഇൻഡോ-പസഫിക് കാഴ്ചപ്പാടിന്റെയും അവിഭാജ്യ ഘടകമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ ഇടപെടലുകൾ കാലങ്ങളായുള്ള ബന്ധങ്ങളെയും പൊതുവായ താൽപ്പര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള കരുത്തുറ്റതും ബഹുമുഖവുമായ ബന്ധത്തിലേക്കു നയിച്ചു.

***

SK