Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്തംബർ 21നു ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവർ പങ്കെടുത്തു.

ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും ആഗോളനന്മയ്ക്കുള്ള ശക്തിയായി ക്വാഡിനു കരുത്തുപകരാനുള്ള വ്യക്തിപരമായ പ്രതിബദ്ധതയ്ക്കും പ്രസിഡന്റ് ബൈഡന്, പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും വലയുന്ന കാലത്ത്, ജനാധിപത്യ ധർമചിന്തകളാലും മൂല്യങ്ങളാലും ക്വാഡ് പങ്കാളികൾ ഒത്തുചേരുന്നതു മാനവികതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചു. നിയമവാഴ്ചയോടും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത എന്നിവയ‌ിലധിഷ്ഠിതമായ അന്താരാഷ്ട്രക്രമം ഉയർത്തിപ്പിടിക്കാനാണ് ഈ കൂട്ടായ്മ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും തുറന്നതും സമഗ്രവും സമൃദ്ധവുമായ ഇൻഡോ-പസഫിക് എന്നതു ക്വാഡ് പങ്കാളികളുടെ പൊതുലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോ-പസഫിക് രാജ്യങ്ങളുടെ പ്രയത്നങ്ങൾക്കൊപ്പം നിൽക്കാനും സഹായിക്കാനും പങ്കാളികളാകാനും നിറവേറ്റാനും ക്വാഡ് ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്വാഡ് “ആഗോളനന്മയ്ക്കുള്ള ശക്തിയായി” തുടരുമെന്ന് ആവർത്തിച്ച നേതാക്കൾ, ഇൻഡോ-പസഫിക് മേഖലയുടെയും ആഗോളസമൂഹത്തിന്റെയും മൊത്തത്തിലുള്ള വികസനമുൻഗണനകളെ അഭിസംബോധന ചെയ്യുന്നതിനായി ഇനിപ്പറയുന്ന പ്രഖ്യാപനങ്ങൾ നടത്തി:

·     “ക്വാഡ് ക്യാൻസർ മൂൺഷോട്ട്” സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിച്ച് ഇൻഡോ-പസഫിക് മേഖലയിൽ ജീവൻ രക്ഷിക്കാനുള്ള നൂതന പങ്കാളിത്തം.

·     IPMDA-യിലൂടെയും മറ്റു ക്വാഡ് സംരംഭങ്ങളിലൂടെയും നൽകുന്ന സങ്കേതങ്ങൾ പരമാവധി വർധിപ്പിക്കാൻ ഇൻഡോ-പസഫിക് പങ്കാളികളെ പ്രാപ്തമാക്കുന്നതിന് “ഇൻഡോ-പസഫിക്കിൽ പരിശീലനത്തിനായുള്ള സമുദ്രസംരംഭം (മാരിടൈം ഇനിഷ്യേറ്റീവ് ഫോർ ട്രെയിനിങ് ഇൻ ദി ഇൻഡോ-പസഫിക്-മൈത്രി” .

· പരസ്പരപ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി 2025ൽ ആദ്യത്തെ “ക്വാഡ്-അറ്റ്-സീ സമുദ്രയാന നിരീക്ഷണ ദൗത്യം”.

·     ഇന്തോ-പസഫിക്കിലുടനീളം സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ തുറമുഖ അടിസ്ഥാനസൗകര്യവികസനത്തെ പിന്തുണയ്ക്കുന്നതിനു ക്വാഡിന്റെ കൂട്ടായ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന “ഭാവിപങ്കാളിത്തത്തിന്റെ ക്വാഡ് തുറമുഖങ്ങൾ”.

·     ഈ മേഖലയിലും പുറത്തും “ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും വിന്യാസത്തിനുമുള്ള ക്വാഡ് തത്വങ്ങൾ”.

·     ക്വാഡിന്റെ സെമികണ്ടക്ടർ വിതരണശൃംഖലകളുടെ പുനരുജ്ജീവനം വർധിപ്പിക്കുന്നതിനുള്ള “സെമികണ്ടക്ടർ വിതരണശൃംഖലകളുടെ ആകസ്മിക ശൃംഖല സഹകരണപത്രം”.

·     ഇൻഡോ-പസഫിക് മേഖലയിൽ ഉയർന്ന കാര്യക്ഷമതയുള്ള താങ്ങാനാകുന്ന ശീതീകരണ സംവിധാനങ്ങളുടെ വിന്യാസവും നിർമാണവും ഉൾപ്പെടെ ഊർജകാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള കൂട്ടായ ക്വാഡ് ശ്രമം.

·     തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെയും കാലാവസ്ഥാ ആഘാതത്തിന്റെയും ബഹിരാകാശാധിഷ്ഠിത നിരീക്ഷണത്തിനായി വിശാലമായ ശാസ്ത്രമേഖല എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിന്, മൗറീഷ്യസിനായി ഇന്ത്യയുടെ ബഹിരാകാശാധിഷ്ഠിത വെബ് പോർട്ടൽ.

·     ഇൻഡോ-പസഫിക് മേഖലയിലെ വിദ്യാർഥികൾക്ക്, ഇന്ത്യാഗവൺമെന്റിന്റെ ധനസഹായമുള്ള സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽ നാലുവർഷത്തെ ബാച്ചിലേഴ്സ് ലെവൽ എൻജിനിയറിങ് പ്രോഗ്രാമിന് ഇന്ത്യ പ്രഖ്യാപിച്ച ക്വാഡ് STEM ഫെലോഷിപ്പിനു കീഴിൽ പുതിയ ഉപവിഭാഗം.

ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് 2025ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന‌തിനെ നേതാക്കൾ സ്വാഗതം ചെയ്തു. ക്വാഡ് കാര്യപരിപാടി മുന്നോട്ടു കൊണ്ടുപോകാൻ ക്വാഡ് വിൽമിങ്ടൺ പ്രഖ്യാപനം നേതാക്കൾ അംഗീകരിച്ചു.

****