പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നും 18നും ഗുജറാത്തിലെ സൂറത്തും ഉത്തർപ്രദേശിലെ വാരാണസിയും സന്ദർശിക്കും. ഡിസംബർ 17നു രാവിലെ 10.45നു സൂറത്ത് വിമാനത്താവളത്തിലെ പുതിയ ഏകീകൃത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11.15നു സൂറത്ത് ഡയമണ്ട് ബോസ് (വജ്ര നിക്ഷേപ-വിനിമയകേന്ദ്രം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നു വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് 3.30നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുക്കും. വൈകിട്ട് 5.15നു നമോഘാട്ടിൽ ‘കാശി തമിഴ് സംഗമം 2023’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.
ഡിസംബർ 18നു രാവിലെ 10.45നു പ്രധാനമന്ത്രി സ്വർവേദ് മഹാമന്ദിർ സന്ദർശിക്കും. തുടർന്ന് 11.30നു നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നിനു ‘വിക്സിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്കു 2.15നു നടക്കുന്ന പൊതുചടങ്ങിൽ 19,150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
പ്രധാനമന്ത്രി സൂറത്തിൽ
സൂറത്ത് വിമാനത്താവളത്തിന്റെ പുതിയ ഏകീകൃത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരക്കുള്ള സമയങ്ങളിൽ 1200 ആഭ്യന്തര യാത്രക്കാരെയും 600 അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള സംവിധാനം ടെർമിനൽ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, തിരക്കേറിയ മണിക്കൂറുകളിൽ 3000 യാത്രക്കാരെന്ന നിലയിൽ ശേഷി വർധിപ്പിക്കാനും വാർഷിക കൈകാര്യം ചെയ്യൽ ശേഷി 55 ലക്ഷമായി ഉയർത്താനും സൗകര്യമുണ്ട്. സൂറത്ത് നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ടെർമിനൽ കെട്ടിടം പ്രാദേശിക സംസ്കാരവും പൈതൃകവും ഉൾക്കൊണ്ടാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതു നഗരത്തിന്റെ സത്തയുടെ പ്രതിഫലനം ഉറപ്പാക്കുന്നു. ഇത് ഈ പ്രദേശത്തെക്കുറിച്ചുള്ള അവബോധം സന്ദർശകരിൽ സൃഷ്ടിക്കും. നവീകരിച്ച ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം സൂറത്ത് നഗരത്തിലെ ‘റാന്ദേർ’ മേഖലയിലെ പഴയ വീടുകളുടെ സമ്പന്നവും പരമ്പരാഗതവുമായ മരപ്പണികൊണ്ടു യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിടുന്നു. ഇരട്ട ആവരണമുള്ള മേൽക്കൂര സംവിധാനം, ഊർജസംരക്ഷണത്തിനുള്ള മേലാപ്പുകൾ, ചൂടു കുറയ്ക്കാൻ സഹായിക്കുന്ന ഇരട്ട കണ്ണാടിപ്പാളികളുടെ ക്രമീകരണം, മഴവെള്ള സംഭരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലശുദ്ധീകരണ പ്ലാന്റ്, ഭൂപ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കാനായി പുനഃചംക്രമണം നടത്തിയ വെള്ളത്തിന്റെ ഉപയോഗം, സൗരോർജനിലയം തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകൾ ‘ഗൃഹ 4’ (GRIHA IV) മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര വജ്ര – ആഭരണ വ്യവസായത്തിനായുള്ള ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായിരിക്കും ഇത്. പരുക്കനായതും മിനുക്കിയെടുത്തതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി ഇതു മാറും. ഇറക്കുമതിക്കും കയറ്റുമതിക്കുമായുള്ള അത്യാധുനിക ‘കസ്റ്റംസ് ക്ലിയറൻസ് ഹൗസ്’ കേന്ദ്രത്തിലുണ്ടാകും. ആഭരണങ്ങളുടെ ചില്ലറവിപണനത്തിനായുള്ള ജ്വല്ലറി മാൾ, അന്താരാഷ്ട്ര ബാങ്കിങ് സൗകര്യം, സുരക്ഷിത നിലവറകൾ എന്നിവയും ഇവിടെ സജ്ജമാക്കും.
പ്രധാനമന്ത്രി വാരാണസിയിൽ
ഡിസംബർ 17നു വാരാണസിയിലെ കട്ടിങ് സ്മാരക വിദ്യാലയ മൈതാനത്തു നടക്കുന്ന ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പ്രധാനമന്ത്രി പങ്കെടുക്കും. പിഎം ആവാസ്, പിഎം സ്വനിധി, പിഎം ഉജ്വല തുടങ്ങിയ വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന കാഴ്ചപ്പാടിനനുസൃതമായി, നമോഘാട്ടിൽ ‘കാശി തമിഴ് സംഗമം 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കന്യാകുമാരി-വാരാണസി തമിഴ് സംഗമം ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ഡിസംബർ 18നു വാരാണസിയിലെ ഉമർഹയിൽ പുതുതായി പണികഴിപ്പിച്ച സ്വർവേദ് മഹാമന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മഹാമന്ദിരത്തിലെ ഭക്തരെയും അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്നു പ്രധാനമന്ത്രി തന്റെ മണ്ഡലത്തിലെ ഗ്രാമീണമേഖലയായ സേവാപുരിയിൽ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുക്കും. ‘കാശി സൻസദ് ഖേൽ പ്രതിയോഗിത 2023’ൽ കായികതാരങ്ങളുടെ പ്രകടനവും അദ്ദേഹം തത്സമയം വീക്ഷിക്കും. മത്സരവിജയികളുമായി അദ്ദേഹം സംവദിക്കും. വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിക്കും.
കഴിഞ്ഞ ഒമ്പതു വർഷമായി, വാരാണസിയുടെ ഭൂപ്രകൃതി പരിവർത്തനം ചെയ്യുന്നതിനും വാരാണസിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശയിൽ മറ്റൊരു ചുവടുവയ്പായി, 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഏകദേശം 10,900 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗർ-ന്യൂ ഭാവുപുർ സമർപ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ബലിയ-ഗാസീപുർ സിറ്റി റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി, ഇന്ദാര-ദോഹ്രീഘാട്ട് റെയിൽപ്പാത ഗേജ് പരിവർത്തനപദ്ധതി എന്നിവ ഉൾപ്പെടെയുള്ള മറ്റു റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
പുതുതായി ഉദ്ഘാടനം ചെയ്യുന്ന സമർപ്പിത ചരക്ക് ഇടനാഴിയിൽ വാരാണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ദോഹ്രീഘാട്ട്-മവു മെമു ട്രെയിനും രണ്ട് ദീർഘദൂര ചരക്കുട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ബനാറസ് ലോക്കോമോട്ടീവ് വർക്സ് നിർമിച്ച 10,000-ാമത് ലോക്കോമോട്ടീവും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതു വാരാണസി നഗരത്തിന്റെ വടക്കും തെക്കും ഭാഗങ്ങൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കുകയും സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളിൽപ്പെടുന്നു.
കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സ്മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകീകൃത പാസ് സംയോജിത ക്യൂആർ കോഡ് സേവനങ്ങളിലൂടെ ശ്രീ കാശി വിശ്വനാഥ് ധാം, ഗംഗാ ക്രൂയിസ്, സാരാനാഥിന്റെ ദൃശ്യ-ശ്രവ്യ പ്രദർശനം എന്നിവയ്ക്കായി ഒറ്റയിടത്തുനിന്നുള്ള ടിക്കറ്റ് ബുക്കിങ് പ്രദാനം ചെയ്യും.
6500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പുനരുപയോഗിക്കാനാകാത്ത ഊർജസ്രോതസുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ചിത്രകൂട് ജില്ലയിൽ 4000 കോടി രൂപ ചെലവിൽ 800 മെഗാവാട്ട് സൗര പാർക്കിനു പ്രധാനമന്ത്രി തറക്കല്ലിടും. പെട്രോളിയം വിതരണശൃംഖല വർധിപ്പിക്കുന്നതിനായി മിർസാപുരിൽ 1050 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പെട്രോളിയം ഓയിൽ ടെർമിനലിന്റെ നിർമാണത്തിന് അദ്ദേഹം തറക്കല്ലിടും.
900 കോടിയിലധികം രൂപ ചെലവിൽ വാരാണസി-ഭദോഹി എൻഎച്ച് 731 ബി (പാക്കേജ്-2) വീതികൂട്ടൽ; ജൽ ജീവൻ ദൗത്യത്തിനു കീഴിൽ 280 കോടി രൂപ ചെലവിൽ 69 ഗ്രാമീണ കുടിവെള്ള പദ്ധതികൾ; BHU ട്രോമ സെന്ററിൽ 150 കിടക്കകളുള്ള സങ്കീര്ണ രോഗപരിചരണ യൂണിറ്റിന്റെ നിർമാണം; 8 ഗംഗാഘാട്ടുകളുടെ പുനർവികസനപ്രവർത്തനങ്ങൾ, ദിവ്യാംഗ് റെസിഡൻഷ്യൽ സെക്കൻഡറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ പ്രധാനമന്ത്രി തറക്കല്ലിടുന്ന മറ്റു പദ്ധതികളിൽപ്പെടുന്നു.
–SK–